എൻ്റെ പകലുകൾക്ക് വർണ്ണമേകുമീ
വശ്യസുന്ദരമാം കനലോർമ്മകളേ
ചങ്ങലക്കുള്ളിൽ ഇരുട്ടുമുറിയിൽ
എൻ്റെ യാമങ്ങൾക്ക് മങ്ങിയ വെട്ടമത്രേ
ഓർമ്മകൾ തൻ പദനിസ്വനം വീണ്ടും
പകലാം വെളിച്ചത്തെ മങ്ങലേൽപ്പിക്കുന്നു
പിന്നിൽ തിരയുവാൻ ആരുമില്ലെങ്കിലും
തിരികെ നടക്കാൻ വിഭ്രാന്തി കൂട്ടുണ്ട്
ഏകനെത്തേടി കൂട്ടിനു വന്നവളന്ന്
ഏകയായ് മൺമറഞ്ഞത് ആകസ്മികം
അടക്കപ്പെട്ടുപോയി ഞാനുമീ മുറിയിൽ
പ്രിയതമ മണ്ണോടലിഞ്ഞന്നു തന്നെ
ഇരുട്ടിലിരിക്കും എൻ്റെ ജല്പനങ്ങൾ
വട്ടുതന്നെന്നു വെളിച്ചത്തിലുള്ളവർ
ചങ്ങലകൾ പൊട്ടിച്ചു സ്വതന്ത്രനായി
ഈ മണ്ണോടു ചേരാൻ തടസ്സമെന്തേ ഇനി?
കാർമുകിൽ മൂടിയ മാനസ ചെപ്പിൽ
വ്യർത്ഥ ചോദ്യങ്ങളൊക്കെയും ഛിന്നഭിന്നം
വീണ്ടും തെളിയുന്ന പകലുകൾക്കായി
ചിത്തഭ്രമത്തിലും ഈ ഉള്ളു പിടയുന്നു
– രമ്യ വി മോഹനൻ