അമ്മ കരയുകയായിരുന്നു. ഉറ്റ ബന്ധു അവരുടെ മകളുടെ വിവാഹത്തിന് ക്ഷണിക്കാത്തതിനാൽ മനസ്സിൽ സംജാതമായ ആണവ പരീക്ഷണത്തിൻ്റെ ഫിനീഷിങ്ങ് പോയിന്റ്. മൂന്ന് വർഷം മുമ്പ് പെങ്ങളുടെ കല്ല്യാണത്തിന് ക്ഷണിച്ചതാണ്. മറ്റുള്ളവരുടെ മംഗള കർമ്മങ്ങളിൽ തടസ്സം നിൽക്കുന്ന പതിവ് ജന്മസിദ്ധമായി ലഭിച്ചതിനാൽ അവര് വന്നില്ല. മറ്റുള്ളവർ കല്ല്യാണ പന്തലിൽ അവരെ അന്വേഷിച്ചപ്പോൾ അഭിമാനം വ്രണപ്പെടുകയായിരുന്നു. അന്ന് അപ്പൻ പറഞ്ഞു:
അവരുടെ മകളുടെ വിവാഹം ഉടനെയുണ്ടാകും. ക്ഷണിച്ചാൽ ഞങ്ങൾ പോകും പക വീട്ടാനൊന്നും ഞാനില്ല.
ഇപ്പോൾ അവരുടെ മകളുടെ കല്ല്യാണത്തിന് ക്ഷണിക്കാതിരുന്നപ്പോൾ അമ്മയ്ക്ക് മാത്രമല്ല അപ്പനും പെങ്ങൾക്കും വേദനയുടെ സാഗരം.
ബന്ധുവിന് 916 പരിശുദ്ധിയുടെ അംഗീകാരം നൽകി പത്രപ്രവർത്തകരുടെ ഉത്തരവാദിത്ത്വത്തോടെ അപ്പനോട് നാട്ടുകാർ ചോദ്യശരങ്ങളെയ്തു.
“എന്തേ കല്ല്യാണത്തിന് പോയില്ലേ?”
“അവര് വിവാഹത്തിന് ക്ഷണിച്ചിലാ”
രഹസ്യമായ സത്യത്തിൻ്റെ ഷട്ടർ തുറന്ന് വെളിച്ചം വീശിയിട്ടും അന്ധന്റേയും ചെകിടന്റേയും റോൾ അഭിനയിച്ച് നാട്ടുകാർ പ്രതികരിച്ചു.
കള്ളം പറയുന്നുവോ. അവർ പറഞ്ഞത് നിങ്ങളെ വിവാഹത്തിന് ക്ഷണിച്ചിട്ട് ചെന്നില്ലായെന്നാണല്ലോ
സച്ചിൻ ബൗണ്ടറിയിലേക്ക് പന്ത് പറത്തുന്നതു പോലെ പ്രഗൽഭമായി ചെയ്ത വാക്ക് ബാറ്റിങ്ങിന് മുൻപിൽ അപ്പനെന്ന ബൗളർ തളരുകയായിരുന്നു.
വായുവിലൂടെ മനസ്സിലേയ്ക്ക് തറച്ച വെടിയുണ്ടകളുടെ നീറുന്ന വേദനയാൽ ആ നിമിഷം ഒരു ആടുതോമയോ, കീരിക്കാടൻ ജോസോ, ഉസ്താദോ ആകാത്ത അപ്പൻ കരയുകയായിരുന്നു.
– ആന്റോ കവലക്കാട്ട്