റാഫേൽ ഫ്രീക്കനാണെങ്കിലും 25 നോമ്പിൽ അവൻ ചെയ്തത് ഇങ്ങനെയൊക്കെയാണ്
രക്തദാനത്തിനും നേത്രദാനത്തിനും വേണ്ടി ആളെ കൂട്ടുകയും പ്രളയബാധിത പ്രദേശത്ത് ബുദ്ധിമുട്ടുന്നവർക്ക് സഹായങ്ങൾ നൽകുകയും, ഹർത്താൽ ദിവസം അലയുന്നവരെ ബൈക്കിൽ ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയും, ക്യാൻസർ രോഗികൾക്ക് ചികിത്സാ സഹായത്തിനായ് പണം കണ്ടെത്തുകയും ചെയ്യുന്നു.
അത്തരം നന്മ പ്രവ്യത്തികളുമായ് മുന്നോട്ട് പോകുന്ന അവസരത്തിൽ വഴി അരികിൽ അപകട അവസ്ഥയിൽപ്പെട്ട് കിടക്കുന്ന ഒരു യുവാവിനെ കണ്ടു.
അയാളേയും കൊണ്ട് റാഫേൽ ആശുപത്രിയിലെത്തിച്ചു. അയാളുടെ ജീവന് അപായമില്ലെന്ന് ഉറപ്പ് വരുത്തി വീട്ടിലെത്തി.
വീട്ടിലുള്ളവർ ബന്ധുവിൻ്റെ കല്യാണത്തിന് പോയിരിക്കുകയാണ്. ഭയങ്കര വിശപ്പ്.
ഉടനെ മൊബൈൽ എടുത്ത് ubereats ആപ്പീലൂടെ ഫുഡിന് ഓർഡർ കൊടുത്തു.
ആ നിമിഷം കോളിംഗ് ബെൽ ശബ്ദിച്ചു.
ഡോർ തുറന്നപ്പോൾ ആരേയും കണ്ടില്ല. പെട്ടെന്ന് റാഫേലിൻ്റെ തലയിൽ ആരോ അടിച്ചു. തൽക്ഷണം ബോധരഹിതനായി .
റാഫേലിന് ബോധം വന്നപ്പോൾ ആശുപത്രിയിലാണ്. ഫുഡുമായി വന്ന Ubereats ലെ ആൾ ആശുപത്രിയിലെത്തിച്ചതെന്നും നന്മ നിറഞ്ഞ റാഫേലിൻ്റെ പ്രവർത്തനങ്ങൾക്ക് അസൂയ പൂണ്ട ചിലരാണ് അവനെ ആക്രമിച്ചതെന്ന് പോലീസിൻ്റെ നിഗമനം നേഴ്സ് സ്വകാര്യമെന്നോണം പറഞ്ഞു.
ഒരു ചെകിടത്ത് അടിച്ചവന് മറ്റേ ചെകിടുകൂടി കാണിച്ച് കൊടുക്കണമെന്ന യേശുവിൻ്റെ വചനങ്ങൾ പാലിച്ച് അക്രമികളെ നേരിടുമെന്ന് മനസ്സിൽ ദൃഡ പ്രതിജ്ഞയെടുത്തു.
ക്രിസ്തുമസ്സിൻ്റെ പാതിര കുർബ്ബാന ആരംഭിക്കാറായി.
“വരാന്തയിലേയ്ക്ക് കൊണ്ടാക്കണോ ”
നെഴ്സ് ചോദിച്ചു
” ഉം”
റാഫേൽ മൂളി
തിരുവോസ്തി കൊടുക്കുവാൻ അച്ചൻ വരുന്നു.
റാഫേൽ ഇരുകരങ്ങളും കൂപ്പി ഫ്രാർത്ഥിച്ചു.
“എൻ്റെ മൂല്യങ്ങൾ മുറുകെ പിടിച്ച് ക്രിസ്തുവിൻ്റെ അനുയായിയായി കൃസ്ത്യാനിയായി നീ ജീവിച്ചു. എന്നോട് ഐക്യപ്പെട്ടിരിക്കുന്നവർക്ക് ശിക്ഷാവിധിയില്ല. എന്നിലുള്ള ജീവൻ്റെ നിയമം നിന്നെ പാപത്തിന്റേയും മരണത്തിന്റേയും നിയമത്തിൽ നിന്ന് സ്വതന്ത്രനാക്കിയിരിക്കുന്നു.ഇത് ഞാനം നീയും തമ്മിലുള്ള കരാറാണ് അതായത് റാഫേലും ദൈവവുമായുള്ള കരാർ.
റാഫേൽ കരാർ ”
റാഫേലിൻ്റെ അന്തരംഗം മന്ത്രിച്ചു.
ഒരു വെളിപാട് പോലെ ഫ്രീക്കൻ റാഫേൽ ഓസ്‌തിയിൽ നോക്കി പുഞ്ചിരി തൂകുന്നതു കണ്ടപ്പോൾ അച്ചൻ അവനെ ഒന്ന് തട്ടിയുണർത്തി.
അവൻ്റെ നാവിൽ ഓസ്തി നൽകി.
ആ നിമിഷം മഞ്ഞു പെയ്യുന്ന തണുപ്പിൽ റാഫേലിൻ്റെ ഹ്യദയത്തിൽ യേശു പിറന്നു.
ഒരു ഉണ്ണിയായ്.
– ആന്റോ കവലക്കാട്ട്