അതുവരെയും മുറ്റത്ത് കൂട്ടം കൂടി നിൽക്കുകയായിരുന്നവരെല്ലാം കൂട്ടമായിതന്നെ വഴിയിലേക്കിറങ്ങിയതിനു ശേഷം പള്ളി ലക്ഷ്യമാക്കി നടക്കാൻ തുടങ്ങി. ഉപ്പയെ എടുത്തുകിടത്തിയിരുന്ന മയ്യത്ത്കട്ടിൽ നാലുപേർ ചേർന്ന് ചുമലിലേറ്റിക്കൊണ്ടു പോകുന്നതു കണ്ടപ്പോൾ ഞങ്ങളും അവരോടൊപ്പം കൂടി.
നാലടി മുന്നോട്ടു വെച്ചപ്പോഴേക്കും വീടിനകത്തുനിന്നും അസാധാരണ ശബ്ദം കേട്ടു. ആദ്യമൊന്നമ്പരന്നെങ്കിലും പിന്നീട് ഞാൻ പൊട്ടിച്ചിരിച്ചു. ആ സമയം ജമീലയുടെ കാര്യമെന്താണറിയാതെയുള്ള അന്തംവിട്ട നിൽ പ്പുകണ്ടപ്പോൾ എനിക്ക് പേടിയായി. ഒരിക്കൽകൂടി അകത്തുനിന്നും ആശബ്ദം ആവർത്തിച്ചു.
മയ്യത്ത് കൊണ്ടുപോകും പോൾ ഇങ്ങനെയുള്ള ഒച്ചണ്ടാക്കാൻ പാടില്ലാന്നറിയാത്ത ആരാണ് അകത്തുള്ളത്.?
ചോദ്യം അൽപം ഗൗരവത്തിലായിരുന്നതു കൊണ്ട് ചോദ്യം കേട്ട ഭാഗത്തേക്ക് ഞങ്ങൾ തിരിഞ്ഞുനോക്കിയെങ്കിലും വെളിച്ചത്തിൻ്റെ കുറവുകാരണം അതാരാണെന്ന് ഞങ്ങൾക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല.
ഉടനെത്തന്നെ ഞങ്ങൾ അകത്തേക്ക് കയറിച്ചെന്നു. ഇരുട്ടുമുറിയിൽ നിന്നും ആരെല്ലാമോ എന്തൊക്കെയോ അടക്കം പറയുന്നത് ഞങ്ങളുടെ ശ്രദ്ധയിൽ പതിഞ്ഞു. പറയുന്നതെന്താണെന്നറിയാനുള്ള ആകാംക്ഷയിൽ ഞങ്ങളവിടെത്തന്നെ നിന്നു.
ഓളങ്ങനെ നെലോൾച്ച്ണ കൂട്ടത്തിലൊന്നുമല്ല. ഒന്ന് രണ്ട് കൊല്ലായിട്ട് ഓൾക്കെല്ലാ കാര്യങ്ങളുമറിയാം. അന്നൊന്നും പുറത്ത് കാട്ടാത്ത കണ്ണീരും സങ്കടവും ഇപ്പളായിട്ട് ഓള് പൊറത്ത് കാട്ടിയതൊന്നുമല്ല. അല്ലെങ്കിലും അതൊരു നെലോളിയായിരുന്നില്ലല്ലോ, ഉള്ളാക്കല്ലേ. താങ്ങാൻ കയ്യാത്ത സങ്കടണ്ടാകുമ്പോളാണത് പുറത്ത് വരാറുള്ളത്.
അതല്ലാതെ ഉമ്മറാക്ക ചോദിച്ചത് പോലെ പാടില്ലാന്ന് അറിഞ്ഞിട്ടും ചെയ്തതൊന്നുമല്ല. അടക്കിപ്പിടിച്ചിട്ടും അറിയാതെ പുറത്തു ചാടിയതാണ്.
പറയുന്നത് വല്ല്യുമ്മയാണെന്നും പറഞ്ഞത് ഉമ്മയെക്കുറിച്ചാണെന്നും ഞങ്ങൾ മനസ്സിലാക്കി.
ഉടനെ ഞങ്ങളവിടെ നിന്നും പുറത്തേക്കിറങ്ങി.
അപ്പോഴേക്കും പെട്രോൾ മാക്സിൻ്റെ വെളിച്ചം മുറ്റത്തു നിന്നും പാടെ മാഞ്ഞു പോയിട്ടുണ്ടായിരുന്നു.
ഉപ്പാൻ്റെ അടുത്തെത്താൻ നമ്മളിനി എന്താ ചെയ്യാ..
ജമീലയോട് ഞാൻ ചോദിച്ചു. അതു കേട്ട പാടെ അവൾ വല്ല്യുമ്മയുടെ (അയൽപക്കത്തെ) അടുത്തേക്ക് ഓടിച്ചെന്നു.
ഇങ്ങള് ഞങ്ങളെ രണ്ടാളെയും ഞങ്ങളെ ഉപ്പാൻ്റെ അടുത്തേക്കൊന്ന് ആക്കിത്തരോ വല്ല്യുമ്മാ.?
പടച്ച തമ്പുരാനേ.. എന്ത് ചോദ്യാണ് ഈ കുട്ടിന്നോട് ചോയ്ക്ണത്. ഇപ്പം നേരം എത്ര ആയീന്നാണ് ങ്ങളെ രണ്ടാളിം വിചാരം. ഈ നേരത്ത് ഇങ്ങള് ബാപ്പാൻ്റൊപ്പം പോകാനൊന്നും മെനക്കടണ്ട. അതൊന്നും ശരിയാകൂല.
അതെന്താ ശരിയാകാത്തത്.?
നേരം അന്തിയായാൽ പിന്നെ കുട്ട്യേള് പള്ളിക്കാട്ട്ൽക് പോകാൻ പാടില്ല, അതന്നെ.
വയസ്സായവരൊക്കെ പോകുന്നുണ്ടല്ലോ, പിന്നെന്താ കുട്ടികൾക്ക് പോയാൽ.?
അതൊക്കെ നാളെ നേരം വെളുത്തതിന് ശേഷം പറഞ്ഞു തരാം. ഏതായാലും ഈ നേരത്ത് പള്ളീൽക്ക് പോകണ്ട. മയ്യത്ത് നിസ്ക്കാരം കൈഞ്ഞാൽ പിന്നെ എല്ലാരും ഖബറിൻ്റെ അടുക്കലേക്കാവും പോവുക. അപ്പോൾ നിങ്ങൾക്കും അവരോടൊപ്പം പോകണമെന്നു തോന്നും. പള്ളിക്കാട്ട്ന്ന് നിങ്ങളെങ്ങാനും എന്തെങ്കിലും കണ്ടോ കേട്ടോ പേടിച്ചു പോയാൽ പിന്നെ ജീവൻ പോകുന്നതുവരെയും പിരാന്തൻമാരായി നടക്കേണ്ടിവരും.
പള്ളിക്കാട്ട്ല് ആരാണ് ഒച്ചണ്ടാക്കാൻ ഉണ്ടാവുക.?
ഖബറാളികൾ. അല്ലാതാരാ.
അവരതു പറഞ്ഞുകഴിഞ്ഞപ്പോഴേക്കും പെട്രോമാക്സിൻ്റെ പ്രകാശം പൂർണ്ണമായും ഇരുട്ടിന് വഴിമാറിക്കഴിഞ്ഞിരുന്നു.
എന്നിട്ടെന്തായി, നിങ്ങൾ രണ്ടാളും പള്ളിയിലേക്ക് പോകണ്ടാന്ന് തീരുമാനിച്ചോ, അതോ..?
ഖബറാളികൾ എന്ന് പറയുന്നതു കേട്ടാൽതന്നെ ഇന്നത്തെ കാലത്തുപോലും പേടി തോന്നാത്ത ഏതെങ്കിലും കുട്ടികളുണ്ടാകുമോ സക്കീനാ. അപ്പോൾ പിന്നെ അന്നത്തെ കാലത്തെ കഥ പറയാതിരിക്കുന്നതല്ലേ നല്ലത്. അന്തിനേരത്തായതുകൊണ്ട് പ്രത്യേകിച്ചും. ആ പേടി കാരണം ഞങ്ങൾപോയില്ല.
ഖബറാളികൾ എന്നുപറഞ്ഞാൽ ആരാ.. പള്ളിക്കാട്ടിൽ അങ്ങനെയും ഒരു കൂട്ടരുണ്ടെന്ന് നിങ്ങളോട് ആരാണ് പറഞ്ഞത്. അഥവാ ഇനി അങ്ങനെ ഒരു കൂട്ടർ ഉണ്ടെങ്കിൽ തന്നെ അവരെന്തിനാണ് ഒച്ചയുണ്ടാക്കുന്നത്.?
നീയിപ്പോൾ ഇങ്ങനെയെല്ലാം ചോദിച്ചാൽ കൃത്യമായ ഉത്തരം പറയാൻകഴിയുമെന്ന് എനിയ്ക്ക് തോന്നുന്നില്ല. ഒന്നാമത്തെ കാര്യം ഞാൻ വായിച്ചു കഴിഞ്ഞ പുസ്തകങ്ങളിലൊന്നും അങ്ങനെയൊരു കൂട്ടരെക്കുറിച്ചുള്ള പരാമർശം പോലും കണ്ടിട്ടില്ല. രണ്ടാമത്തെ കാര്യം അന്നു മുതൽ ഇന്നുവരെയും രാത്രി സമയത്ത് അസാധാരണമായ ഒരു ഒച്ചപ്പാടും ഞാൻ പള്ളിക്കാട്ടിൽ നിന്ന് കേട്ടിട്ടുമില്ല. അതുകൊണ്ട് അങ്ങനെയൊരു കൂട്ടരുണ്ടോ, അഥവാഉണ്ടെങ്കിൽതന്നെ എന്തിനാണവർ ഒച്ചപ്പാടുണ്ടാക്കുന്നത് എന്ന ചോദ്യങ്ങൾക്കൊന്നും ആധികാരികതയോടെയുള്ള മറുപടി തരാൻ തൽക്കാലം സാധ്യമല്ല.
എന്നു വച്ചാൽ അന്നുമുതൽ ഇന്നുവരെയും രാത്രി സമയത്ത് പള്ളിക്കാട്ടിലേക്ക് നിങ്ങൾ കാലെടുത്തു വെയ്ക്കാതിരുന്നത് ആരെയും പേടിയുള്ളതുകൊണ്ടല്ലന്നർത്ഥം. എന്താ.. ഞാൻ പറഞ്ഞത് ശരിയല്ലേ.?
ശരിയല്ലേ എന്നു ചോദിച്ചാൽ അവരതു പറഞ്ഞതിനുശേഷമുള്ള കുറച്ചു വർഷം രാത്രിയിൽ മാത്രമല്ല പകൽസമയത്തു പോലും പള്ളിക്കാടെന്ന് കേൾക്കുന്നതുതന്നെ
എനിയ്ക്ക് നല്ലപേടിയുള്ള കാര്യമായിരുന്നു.
അപ്പോൾ ഖബറാളികൾ എന്നൊരു കൂട്ടരുണ്ടെന്ന് ആദ്യമൊക്കെ നിങ്ങളും വിശ്വസിച്ചിരുന്നു എന്ന് സാരം.
അങ്ങനെ പറയുന്നതിൽ തെറ്റൊന്നുമില്ല. തന്നെയുമല്ല അക്കാലത്ത് പള്ളിക്കാടും ഖബറുമൊക്കെ എല്ലാർക്കും പേടിതോന്നുന്ന കാര്യങ്ങൾ തന്നെയായിരുന്നു. അടുത്ത കാലം തൊട്ടാണ് അതിലൊരു മാറ്റം വന്നുതുടങ്ങിയത്. താനേ ഉണ്ടായ മാറ്റമല്ലത്. അതിനും ചിലകാരണങ്ങളുണ്ടെന്നാണ് പൊതുവെ പറയാറുള്ളത്.
പൊതുവെ പറയുന്നതൊക്കെ അവിടെ നിൽക്കട്ടെ.
നിങ്ങളതിന് കണ്ടെത്തിയ കാരണമെന്താണ്.?
മത പ്രഭാഷണങ്ങളിൽ വന്ന മാറ്റം തന്നെയാണ് പ്രധാന കാരണം.
എന്തു മാറ്റം. അന്നും ഇന്നും ഒരേ കാര്യത്തെക്കുറിച്ചു തന്നെയല്ലേ പറയാറുള്ളത്.?
അല്ല, അന്നത്തേത് വയളായിരുന്നെങ്കിൽ ഇന്നത്തേത് മതപ്രഭാഷണങ്ങളാണ്.
അന്നതിന് അറബിവാക്കാണ് ഉപയോഗിച്ചിരുന്നതെങ്കിൽ ഇന്നതിന് മലയാളത്തിലുള്ള വാക്കാണ് ഉപയോഗിക്കുന്നത് എന്നതൊഴിച്ചാൽ രണ്ടും ഒന്നു തന്നെയല്ലേ.?
എന്ത് വർത്തമാനമാണ് സക്കീനാ നീ പറയുന്നത്. നീ ഈലോകത്തൊന്നുമല്ലേ. വാക്കിൽമാത്രമാണോ മാറ്റം വന്നത്, പറയുന്ന രീതിലും സംഘാടനത്തിലും ആസ്വാദനത്തിലും ഉൾകൊള്ളുന്നതിലുമെല്ലാം പ്രകടമായ മാറ്റം ഉണ്ടായിട്ടില്ലേ. എൻ്റെ അത്രയും വയസ്സില്ലെങ്കിലും അക്കാലത്തെ വയളുകൾ കുറേയൊക്കെ നീയും കേട്ടതല്ലേ.?
ഞാൻ നിങ്ങളെപ്പോലെ എൻ്റെ കുട്ടിക്കാലത്ത് വയള് കേൾക്കാനൊന്നും പോയിട്ടില്ല. അതുകൊണ്ട് എനിയ്ക്കതിനെക്കുറിച്ചൊന്നും നിങ്ങൾക്കുളളതു പോലെയുള്ള യാതൊരു അറിവും ഇല്ല. പള്ളിക്കാടെന്നു കേൾക്കുമ്പോഴേക്കും നിങ്ങളെപ്പോലെ പേടിച്ച് വിറച്ചിട്ടുമില്ല.
എന്നാൽ അക്കാലത്തെ വയളും ഇക്കാലത്തെ പ്രഭാഷണവും തമ്മിലുള്ള വ്യത്യാസം ചുരുക്കത്തിൽ നിനക്കു ഞാൻ പറഞ്ഞു തരാം. കേൾക്കാൻ റെഡിയാകുന്നതിനു മുൻപായി
ആ ഫ്ലാസ്ക്കിൽ നിന്ന് അരഗ്ലാസ്സ് കട്ടൻ ചായ ഇങ്ങോട്ടെടുത്തോ. ഞാൻ മിനിയാന്ന് വാങ്ങിക്കൊണ്ടുവന്ന മിക്സ്ച്ചർ തള്ളയും മക്കളും കൂടി തിന്നു തീർത്തിട്ടില്ലെങ്കിൽ ഒരു പാത്രത്തിൽ അതും കുറച്ചെടുത്തോ അപ്പോഴേക്കും ഞാനൊന്ന് മൂത്രമൊഴിച്ചു വരാം.
(തുടരും…)
– K.M സലീം പത്തനാപുരം