തലപൊക്കി നോക്കുന്നുണ്ട് വീട്
നേരം പുലർന്നോയെന്ന്
കുണ്ടനിടവഴിയുടെയപ്പുറം
വെള്ളകീറിയോയെന്ന്
കുറുക്കൻ ഓരിയിടുന്നതു കേട്ട
നായ കുരയ്ക്കുവാൻ തുടങ്ങി
പൂച്ചയുടെ പള്ളയിൽ തലവെച്ചു –
റങ്ങിയ എലി തട്ടിപ്പിടഞ്ഞെഴുന്നേറ്റ്
തട്ടിൻ പുറത്തേക്ക് ചാടി
രോമവില്ലു കുലച്ച പൂച്ച
ഉറയിലെ ഉടവാൾ നഖമുയർത്തി
കീയോകിയോക്കിടയിലൂടെ
ഒരു കൊക്കരക്കോ ഓടക്കുഴലൂതി
വരിയിട്ടു വരുന്ന ഉറുമ്പുകളോട്
അണ്ണാൻ കുശലം ചൊല്ലി
അങ്ങിങ്ങു കീറിയ വെള്ളയിലൂടെ
കണ്ണീരൊലിപ്പിച്ചു നിൽക്കുന്ന
മരച്ചാർത്തുകൾ കണ്ടു
മരിച്ച രാത്രിയുടെ ശവം
വലിച്ചുകൊണ്ടു പോകുന്നു
ഉറുമ്പുകൾ
– രാജു കാഞ്ഞിരങ്ങാട്