അത്തം തുടങ്ങി പത്താം നാൾ പൊന്നോണം. അതുപോലെ ഫെബ്രുവരി 7 മുതൽ 14 വരെയാണ് വാലന്റൈൻ വീക്ക്. റോസ് ഡേ, പ്രൊപ്പോസ് ഡേ,ചോക്ലേറ്റ് ഡേ, പ്രോമിസ് ഡേ , ഹഗ് ഡേ, കിസ്സ് ഡേ…. അവസാനം വാലൻറ്റൈൻസ് ഡേ. ഇതാണ് ഒരാഴ്ചയോളം നീളുന്ന ആഘോഷപരിപാടികൾ. ഓണക്കാല വിനോദങ്ങളിൽ ഏറ്റവും പഴക്കമേറിയ ഒരു ഇനമാണ് ഓണത്തല്ല്. അതു പോലെ അടുത്ത വർഷം മുതൽ ഇങ്ങനെയൊരു ദിവസം കൂടി വരാൻ സാധ്യതയുണ്ട്. വാലന്റൈൻ സ്റ്റണ്ട് ഡേ.
പരസ്പരം സ്നേഹിക്കുന്ന കമിതാക്കൾക്കും ഭാര്യാ ഭർത്താക്കന്മാർക്കും ആഘോഷിക്കാനുള്ള ഒരു ദിനമാണ് വാലൻറ്റൈൻസ് ഡേ. തങ്ങളുടെ ഇഷ്ടം സമ്മാനമായി തൻറെ കമിതാവിന് കൊടുക്കുന്ന ദിനം.
മൂന്നു വർഷത്തെ പ്രണയത്തിനുശേഷം രാഹുലും അർച്ചനയും 15 വർഷം മുമ്പ് ഓഫീസിൽ ഉള്ളവരുടെ മാത്രം അനുഗ്രഹത്തോടെയും ആശീർവാദത്തോടെയും രജിസ്റ്റർ ഓഫീസിൽ വിവാഹിതരായ കമിതാക്കൾ ആയിരുന്നു. ജാതിയുടെയും മതത്തിൻ്റെയും പേരു പറഞ്ഞു ആദ്യമൊക്കെ ഇരുകൂട്ടരുടെയും ബന്ധുക്കളും സഹകരിച്ചിരുന്നില്ലെങ്കിലും രണ്ടു കുഞ്ഞുങ്ങൾ ജനിച്ചതോടെ എല്ലാം മറന്ന് അവർ സഹായത്തിനെത്തി. രാഹുലിൻ്റെ അച്ഛനും അർച്ചനയുടെ അമ്മയും മരിച്ചതോടെ സാഹചര്യങ്ങളുടെ സമ്മർദ്ദം കൊണ്ട് എല്ലാവരും കൂടി ഒരു വീട്ടിലായി താമസം.
രാഹുലും അർച്ചനയും രാവിലെ ഓഫീസിൽ പോയാൽ രാത്രിയാണ് തിരികെ എത്തുക. കുട്ടികളുടെ കാര്യങ്ങളും അടുക്കള ജോലികളും രാഹുലിൻ്റെ അമ്മയുടെ കയ്യിൽ ഭദ്രം. അതുപോലെ അർച്ചനയുടെ അച്ഛൻ പുറം ജോലികളിലെല്ലാം സഹായിക്കും. വലിയ കുഴപ്പമില്ലാതെ കുടുംബം മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുമ്പോഴാണ് വാലൻറ്റൈൻസ് സ്റ്റണ്ട് ഡേ രൂപത്തിൽ കുടുംബത്തിൽ ഒരു പൊട്ടിത്തെറി ഉണ്ടാകുന്നത്.
കുട്ടികളുടെ അസുഖവും ആശുപത്രിവാസവും ഒക്കെയായി കുടുംബ ബഡ്ജറ്റ് ആകെ താളം തെറ്റി നിൽക്കുമ്പോഴാണ് ഈ സംഭവം. ഒരാഴ്ചയായി മുഖത്തോടുമുഖം നോക്കിയാൽ അർച്ചനയും രാഹുലും വഴക്കാണ്. രണ്ടു പേരും പരസ്പരം ‘എനിക്ക് അവധി എടുക്കാൻ പറ്റില്ല’, എൻറെ ലീവ് തീർന്നു. ഇന്ന് മീറ്റിംഗ് ഉണ്ട്, എനിക്ക് പോയേ പറ്റൂ. എന്നൊക്കെയുള്ള പതിവ് തർക്കങ്ങൾ മൂത്തു മൂത്ത് കയ്യാങ്കളി വരെയായി.
എല്ലാവരുടെയും അസുഖം ഭേദമായി കുട്ടികൾ പതിവുപോലെ സ്കൂളിൽ പോയി തുടങ്ങി. അപ്പോഴാണ് ഫെബ്രുവരി 14ൻ്റെ കടന്നുവരവ്. അർച്ചന ഓൺലൈൻ ആയി ഒരു ഫ്ലവർഷോപ്പിൽ നിന്ന് ഒരു കൂട റോസാപ്പൂ രാഹുലിൻ്റെ ഓഫീസ് അഡ്രസ്സിൽ അയയ്ക്കാൻ ഓർഡർ കൊടുത്തു. അത് കണ്ടു രാഹുൽ സർപ്രൈസ് ആകുമെന്നും അങ്ങനെ പിണക്കം മാറി എല്ലാവരും കൂടി വൈകുന്നേരം വാലൻടൈൻ ഡേ ആഘോഷിക്കാൻ കുഴിമന്തിയും അൽഫാമും കഴിക്കാൻ പോകും എന്നൊക്കെയായിരുന്നു അർച്ചനയുടെ പ്രതീക്ഷ. റോസാപ്പൂകൂട കിട്ടേണ്ട സമയം കഴിഞ്ഞിട്ടും പ്രണയാർദ്രമായ രാഹുലിൻ്റെ ഫോണൊന്നും കാണാത്തതുകൊണ്ട് അർച്ചന രാഹുലിനെ ഫോണിൽ ബന്ധപ്പെട്ട് ‘ഇന്നത്തെ ദിവസം എന്താണെന്ന് ഓർമ്മയുണ്ടോ? 15 വർഷം മുമ്പ് എനിക്ക് തന്ന സമ്മാനം ഞാൻ ഇപ്പോഴും ഓർക്കുന്നു’ എന്നൊക്കെ പറഞ്ഞു നോക്കി. പെട്ടെന്ന് ഫോണിൽ ബാക്ഗ്രൗണ്ടിൽ ഒരു കുഞ്ഞിൻറെ കരച്ചിൽ. നിങ്ങളുടെ അവിടെ ഏതാ ഒരു കൊച്ചിൻ്റെ കരച്ചിൽ എന്ന് ചോദിച്ചു അർച്ചന. അപ്പോഴാണ് രാഹുലിൻ്റെ മറുപടി. “സ്കൂളിൽനിന്ന് ഓഫീസിലേക്ക് ഫോൺ വന്നു. ഇളയമകൾ ചർദിച്ചു എന്നും പറഞ്ഞു. ഞാൻ സ്കൂളിൽ വന്നു കുഞ്ഞിനേയും കൊണ്ട് വീട്ടിലിരിക്കുകയാണ്. ചെറിയ പനിയും ഉണ്ട്.”
“ അയ്യോ ! ആണോ, ഞാൻ ഒരു റോസാപ്പൂകൂട നിങ്ങൾക്കായി ഓർഡർ ചെയ്തു. അത് ഇപ്പോൾ ഓഫീസിൽ എത്തി കാണും. നിങ്ങൾ കുഞ്ഞിനെ അമ്മയെ ഏൽപ്പിച്ചു വേഗം ഓഫീസിൽ ചെന്ന് അത് വാങ്ങിക്കു.“ എന്ന് അർച്ചന.
അതൊന്നും പറ്റില്ല. ഞാൻ കുഞ്ഞിനെ ഡോക്ടറെ കാണിക്കാൻ പറ്റുമോ എന്ന് ശ്രമിക്കുകയാണ്. നീ ഒരു തള്ളയാണോടി? നിൻ്റെ ഒരു പൂവും പൂക്കൂടയും. ദേഷ്യപ്പെട്ട് രാഹുൽ ഫോൺ കട്ട് ചെയ്തു. അർച്ചന ഉടനെ ഫ്ലവർ ഷോപ്പിൽ വിളിച്ചുപറഞ്ഞു. ഒരു തെറ്റു പറ്റി. ആ ബോക്കെ എത്തിക്കേണ്ട അഡ്രസ്സ് മറ്റൊന്നാണ്. ഏകദേശം രാഹുലിൻ്റെ ഓഫീസിനടുത്ത് എത്താറായ ഡെലിവറി ബോയ് പുതിയ അഡ്രസ്സ് എഴുതിയെടുത്ത് ബൊക്കെയുമായി വീട്ടിലേക്ക് പുറപ്പെട്ടു. അപ്പോഴാണ് രാഹുലിന് ഓഫീസിൽനിന്ന് ഫോൺ വരുന്നത് എത്രയും പെട്ടെന്ന് അങ്ങോട്ട് എത്തണം എന്ന് ആവശ്യപ്പെട്ട്. ഏതായാലും വൈകുന്നേരമേ ഇനി ഡോക്ടറെ കാണാൻ പറ്റുകയുള്ളൂ എന്ന് ഇതിനോടകം മനസ്സിലാക്കിയ രാഹുൽ കുഞ്ഞിനെ അമ്മയെ ഏൽപ്പിച്ചു ഓഫീസിലേക്ക് പോയി.
സമയം വൈകുന്നേരം ഏഴു മണി. അർച്ചന ഓഫീസിൽ നിന്ന് എത്തുന്ന സമയം അമ്മായിഅമ്മ ഒരു റോസ് ബൊക്കെയും പിടിച്ചു ഭദ്രകാളിയെ പോലെ ഉറഞ്ഞു തുള്ളി നിൽക്കുന്നു. “നിനക്കെന്താ ഭ്രാന്താണോടി സാധനങ്ങൾക്ക് ഇമ്മാതിരി വിലക്കയറ്റം വന്നു ജീവിക്കാൻ തന്നെ മനുഷ്യർ പാടു പെടുമ്പോൾ പത്തറുന്നൂറു രൂപയ്ക്ക് റോസ്ബൊക്കെ വാങ്ങി കളിക്കാൻ. എൻ്റെ കൊട്ടൻ ചുക്കാദി എണ്ണയും തൈലവും തീർന്നിട്ട് മൂന്നാല് ദിവസമായി. ജീവിത ചെലവ് താങ്ങാൻ വയ്യാതെ ഇരിക്കുന്ന രാഹുലിനോട് എങ്ങനെ ഇത് പറയും എന്ന് ഓർത്ത് മിണ്ടാതെ വേദന സഹിച്ചു ഞാൻ നടക്കുമ്പോൾ അവൾ സർപ്രൈസ് ഉണ്ടാക്കാൻ റോസ്ബൊക്കെ എനിക്ക് സമ്മാനമായി കൊടുത്തു വിട്ടിരിക്കുന്നു.”
കുഞ്ഞ് അച്ചമ്മ കൊടുത്ത ചുക്കും കുരുമുളകും കരിപ്പെട്ടിയും ചേർത്ത തുളസി കാപ്പിയൊക്കെ കുടിച്ച് മിടുക്കിയായി ടിവിക്കു മുന്നിൽ ചിരിച്ചുകൊണ്ട് ഇരിപ്പുണ്ട്. ഡെലിവറിബോയ് ബൊക്കെ കൊടുത്തപ്പോൾ “ഹാപ്പി വാലൻറ്റൈൻസ് ഡേ ആൻറി” എന്ന് പറഞ്ഞാണത്രേ കൊടുത്തത്. ബോയ് റോസാ ബോക്കെ കൊടുത്ത് അമ്മയെ വളക്കാൻ നോക്കി എന്ന് പറയാത്തത് ഭാഗ്യം. ഇംഗ്ലീഷ് അറിയാത്തതുകൊണ്ട് അമ്മായി അമ്മ മിഴിച്ചു നിന്നതേയുള്ളൂ. അല്ലെങ്കിൽ അവന് മുഖമടച്ച് ഒരാട്ട് കിട്ടിയേനെ പിന്നെ യു.കെ.ജി.ക്കാരിയാണ് അച്ഛമ്മയ്ക്കു ഡീറ്റെയിൽ ആയി വാലൻറ്റൈൻസ്ഡേ യെ കുറിച്ച് ഒക്കെ പറഞ്ഞു മനസ്സിലാക്കി കൊടുത്തത്. അപ്പോൾ തൊട്ട് മരുമകളെ കാത്തിരിക്കുകയായിരുന്നു അമ്മായിഅമ്മ. അങ്ങനെ ഈ പ്രണയദിനം തല്ലുദിനമായി മാറാഞ്ഞത് ഭാഗ്യം.
അവസാനം രാഹുലിൻ്റെ അമ്മയുടെ നാക്കിൻ്റെ പ്രഹരമേറ്റ് പ്രാണൻ തിരിച്ചുകിട്ടിയതിനു നന്ദി പറഞ്ഞു അർച്ചന.
– മേരി ജോസി മലയിൽ, തിരുവനന്തപുരം.