വർഷത്തിൽ രണ്ടു പെരുന്നാളുണ്ടല്ലോ,?
രണ്ടു പെരുന്നാളിനും ഉച്ചഭക്ഷണത്തിന് അച്ഛൻ ഇവരുടെ വീട്ടിലേക്കു പോകും.
ഹൈദറിൻ്റെ ഉപ്പയും അച്ഛനും ചേർന്ന് വല്യങ്ങാടിയിൽ ചെന്നാണത്രേ
മാംസം വാങ്ങി കൊണ്ടു വന്നിരുന്നത്. നിനക്കു സംശയമുണ്ടെങ്കിൽ നിൻ്റെ ഉമ്മ ആമിനക്കുട്ടിയോടു ചോദിച്ചു നോക്ക്.
മോളേ.. നിങ്ങൾക്കെന്താണോ കഴിക്കണമെന്നു തോന്നുന്നത് അതൊക്കെ ഇവിടെവച്ചു പാകം ചെയ്തു കഴിക്കാം,
അതിൽ എനിക്കോ ഇവർക്കോ ഒരു വിരോധവുമില്ലട്ടോ.
മോനെകൃഷ്ണാ.. നീയും ഹൈദറുംകൂടെ ആ മുറിയൊക്കെയൊന്നു വൃത്തിയാക്കണം, പെരുമാറ്റമില്ലാത്തതുകൊണ്ട് കട്ടിലും മേശയുമൊക്കെ പൊടിയും മാറാലയും പറ്റിപ്പിടിച്ച്
വൃത്തികേടായി കെടക്കാകും.
തുടക്കലും തൂക്കലുമൊക്കെ ഞങ്ങൾ ചെയ്തോളാട്ടോ. നിങ്ങൾ ഭാരമുള്ളതൊക്കെ മുറ്റത്തേക്കിറക്കി വച്ച് കഴുകി വൃത്തിയാക്കിയാൽ മതി.
ഉച്ചഭക്ഷണത്തിനു ശേഷം അരമണിക്കൂർ ഉറക്കം കൃഷ്ണദാസനു പതിവുള്ളതാണെങ്കിലും ഇന്നതു വേണ്ടെന്നുവച്ചു.
അമ്മ പറഞ്ഞതു പ്രകാരം രണ്ടു പേരും ചേർന്ന് മുറിയിലെ സാധനങ്ങൾ വൃത്തിയാക്കി വച്ചതിനു ശേഷം പടിഞ്ഞാറെകരയിലേക്കു പുറപ്പെട്ടു.
വൈകുന്നേരമായപ്പോഴേക്കും പാടത്തെപണിയെല്ലാം തീർത്ത് പണിക്കാരും അവിടെയെത്തി.
ഹൈദറലി അവരുടെ അടുത്തേക്കു ചെന്നു.
ഞാറുനടൽ പൂർത്തിയായ സ്ഥിതിക്ക് ഇനി എല്ലാർക്കും കൂടെ പാടത്ത് പണിയുണ്ടാകില്ലന്നറിയാലോ, ഇനി കൊയ്യാനാകുന്നതു വരെയുള്ള
ചില്ലറ പണികൾ നിങ്ങൾ മാറി മാറി എടുക്കുന്നതാകും നല്ലത്. അങ്ങനെയാകുമ്പോൾ ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും നിങ്ങൾക്കോരോരുത്തർക്കും പണിയുണ്ടാകുമല്ലോ,?
പറമ്പിൽ പണിയെടുക്കാൻ കഴിയുന്ന വർക്ക് അതും ആവാം.
ചാക്കിൽ കെട്ടിവച്ച കൊപ്രയും അടയ്ക്കയുമെല്ലാം നാളെ തോണിയിലേക്ക് എടുത്തു വെക്കണം. മറ്റന്നാൾ വല്യങ്ങാടിയിലേക്കു കൊണ്ടു പോകാനുള്ളതാ,
അവിടെ പോയി വന്നതിനു ശേഷം എല്ലാരുടെയും കൂലിതരാം.
അത്യാവശ്യമുള്ളവരുണ്ടങ്കിൽ പറഞ്ഞാൽ നാളെ രാവിലെയും തരാട്ടോ.
ആർക്കെങ്കിലും അത്യാവശ്യമുണ്ടോ.?
നാലു ദിവസത്തേക്കു മാറ്റിവെയ്ക്കാൻ പറ്റാത്ത അത്യാവശ്യമൊന്നും ഞങ്ങൾക്കില്ല ഹൈദറേ,
പാടത്തെ പണിയൊക്കെ തുടങ്ങിയിട്ടല്ലേയുള്ളൂ.
അതു കൊണ്ട് ദാസൻ തിരുമേനിയുടെ പക്കൽ പൈസ കുറവായിരിക്കുമെന്നു മനസ്സിലാക്കാനുള്ള വകതിരിവൊക്കെ ഞങ്ങൾക്കുണ്ട്ട്ടോ.
എന്നാൽ പിന്നെ അങ്ങനെയാവാം.
പറഞ്ഞതുപോലെ നിങ്ങളിൽ ആരാന്നുവച്ചാൽ നാലാളു വന്ന് സാധനങ്ങൾ തോണിയിലേക്കു മാറ്റിക്കോളൂ,
പത്തുമണിക്കുമുമ്പേ ഞങ്ങൾ രണ്ടു പേരും കൂടെ ഇവിടെയെത്താം.
പണിക്കാർ അവിടെനിന്നും പോകുന്നതിനുമുമ്പായി തന്നെ കൃഷ്ണദാസനും ഹൈദറലിയും വീട്ടിലേക്കു പുറപ്പെട്ടു.
വീടെത്തുന്നതു വരെ അവർ സംസാരിച്ചതത്രയും അവരെ ആശ്രയിച്ചു കഴിഞ്ഞുകൂടുന്ന തൊഴിലാളികളെ കുറിച്ചു മാത്രമായിരുന്നു.
പാടത്തു കൃഷിയിറക്കാൻ തീരുമാനിച്ചതു മുതൽ തൻ്റെ ജീവിതരീതികളിൽ കാര്യമായ മാറ്റംസംഭവിക്കുന്നതായി കൃഷ്ണദാസന് അനുഭവപ്പെട്ടു.
പുലർച്ചക്കു തന്നെ ഉറക്കത്തിൽ നിന്നുണർന്നാൽ പോലും പകൽ സമയം കുറവാണെന്നു കൃഷ്ണദാസനു തോന്നിത്തുടങ്ങി.
ചെയ്തുതീർക്കാനായി ഒട്ടേറെ കാര്യങ്ങളുണ്ടായിട്ടുപോലും അതിനെ കുറിച്ചൊന്നും ചിന്തിക്കാതെ വരാന്തയിലെ ചാരുപടിയിൽ ചടഞ്ഞു കൂടിയിരുന്ന ദിവസങ്ങളെയോർത്തു പരിതപിച്ചു.
അമ്മേ.. മുറ്റത്തുനിന്നും ഹൈദറലി നീട്ടിവിളിച്ചെങ്കിലും അതിനു മറുപടിയുണ്ടായില്ല.
അവരെല്ലാം എവിടെ പോയികൃഷ്ണദാസാ,? വിളിച്ചിട്ടാരും വിളി കേൾക്കുന്നില്ലോ.?
ഇവിടെയിപ്പോ അമ്മ മാത്രമല്ലല്ലോ ഉള്ളത്.? വേറെ മൂന്നു പേരും കൂടെയില്ലേ,
അവരുടെ സംസാരത്തിടയിൽ നീയോ ഞാനോ ഇവിടെ നിന്നിങ്ങനെ പതുക്കെ ഒരു തവണ വിളിച്ചാലൊന്നും അവര് കേൾക്കില്ല.
നമ്മൾ അകത്തോട്ടു കയറുകയല്ലേ,? അവിടെ ചെന്നു വിളിച്ചു നോക്ക്, അപ്പോഴതിനു മുപടിയുണ്ടാകും.
സൂര്യൻ അസ്തമിക്കാറായെന്നു മനസ്സിലാക്കിയ ഹൈദറലി വീടിനകത്തേക്കു കയറാതെ നേരെ കിണറിനടുത്തേക്കു ചെന്നു.
അൽപസമയം കഴിഞ്ഞാൽ മഗ്‌രിബ് നിസ്കാരത്തിനുള്ള സമയമാകും.
ദേഹത്ത് അഴുക്കും ചെളിയുമൊന്നും പറ്റിയിട്ടില്ലെന്നുറപ്പുള്ളതു കൊണ്ട് കുളിക്കാനൊന്നും നിന്നില്ല.
കിണറിൽ നിന്നും വെള്ളം കോരിയെടുത്ത് അംഗശുദ്ധി വരുത്തിയതിനു ശേഷം അടുക്കള ഭാഗത്തുകൂടെ
വീടിനകത്തേക്കു പ്രവേശിച്ചു.
അടുപ്പിൽ തീ കത്തുന്നുണ്ടങ്കിലും അവിടെയാരെയും ഹൈദറലി കണ്ടില്ല.
ഉമ്മാ..,ഉമ്മാ..
എന്താമോനെ.?
ഉമ്മ വിളികേട്ടത് നടുമുറ്റത്തു നിന്നാണെന്നു തിരിച്ചറിഞ്ഞ ഹൈദറലി അങ്ങോട്ടു ചെന്നു.
ഉമ്മ മാത്രമല്ല, ഇത്രയും നേരം തന്നോടൊപ്പമുണ്ടായിരുന്ന കൃഷ്ണദാസനും, അമ്മയും, പാർവ്വതിയും, റംലയുമെല്ലാം ഇലഞ്ഞിത്തറയിൽ വട്ടമിട്ടിരിക്കുന്നുണ്ട്.
വൈകിയെത്തിയതിനാൽ ഗ്രൂപ്പ് ചർച്ചയിൽ അവസരം ലഭിക്കാത്തതു കൊണ്ട് കൃഷ്ണദാസന് ഇരിപ്പിടം ശരിയായിട്ടില്ലെന്ന് ഹൈദറലിക്കു ബോധ്യമായി.
അവരുടെ ചർച്ചയിൽ കൃഷ്ണദാസന് അവസരമുണ്ടാക്കി കൊടുക്കുകയെന്ന ഉദ്ദേശത്തോടെ ഹൈദറലി ഇടപ്പെട്ടു.
അമ്മേ, ലോകം ഇന്നത്തോടെ അവസാനിക്കുമെന്ന് നിങ്ങളോടാരെങ്കിലും പറഞ്ഞോ.?
എന്താ ഹൈദറേ നീയങ്ങനെ ചോദിക്കാൻ കാരണം.?
ഒന്നുല്ലമ്മേ, ഒരുപാടു ദിവസം കൊണ്ട് പറഞ്ഞു തീർക്കേണ്ട കാര്യങ്ങൾ ഇന്നൊരു ദിവസം കൊണ്ടു തന്നെ പറഞ്ഞു തീർക്കണമെന്നുള്ളതു പോലെയാണല്ലോ നിങ്ങൾ സംസാരിച്ചു കൊണ്ടിരിക്കുന്നത്.?
ഇതിനിടയിൽ അടുപ്പിൽ തീ കത്തുന്നുണ്ടെന്ന കാര്യം നിങ്ങൾ മറന്നില്ലേ,? കൃഷ്ണദാസൻ ഇവിടെ നിൽക്കുന്നത് നിങ്ങളാരും ശ്രദ്ധിച്ചില്ലല്ലോ.?
ലോകം എന്നവസാനിക്കുമെന്നതൊന്നും ഞങ്ങൾക്ക് വിഷയമല്ലമോനെ,
ഇന്നു പറയാനുള്ളത് ഇന്നു തന്നെ പറഞ്ഞു തീർക്കണം. നാളെപറയാൻ നാളത്തെ കാര്യങ്ങളുണ്ടാകില്ലേ.?
പിന്നെ ഈ നേരത്ത് ഇവിടെസംസാരിച്ചു നിൽക്കാനൊന്നും നിൻ്റെ കൃഷ്ണദാസനെ കിട്ടില്ല.
അവന് വരാന്തയിലെ ചാരുപടിയിലിരുന്ന് അസ്തമയ കാഴ്ചകൾകാണാനുള്ള സമയമായിട്ടുണ്ടല്ലോ,?
ഇന്നുമുതൽ നിസ്ക്കാരമൊക്കെ കഴിഞ്ഞ് നീയും അവൻ്റെ കൂടെ കൂടിക്കോ, അടുത്ത നിസ്ക്കാരത്തിന് സമയമാകുന്നതുവരെ കൃഷ്ണന് മിണ്ടാനും പറയാനും കൂട്ടിനൊരാളാകുമല്ലോ,?
ഞങ്ങൾക്കാണങ്കിൽ അടുക്കളയിലെ ജോലിയുംതീർക്കാം അതിനിടയിൽ സംസാരവുംതുടരാം.
എന്താ, ഞാൻ പറഞ്ഞതിൽ തെറ്റുണ്ടെന്നുണ്ടോ ഹൈദറേ.?
തെറ്റില്ലെന്നുമാത്രമല്ല, അമ്മ പറഞ്ഞതൊക്കയും ശരിയുമാണ്‌ട്ടോ.
വീടിനകത്തേക്കു കയറിയ ഹൈദറലി ചുമരിൽ തൂക്കിയിട്ട ഘടികാരത്തിലേക്കു നോക്കി. മഗ്‌രിബ് നമസ്കാരത്തിനുള്ള സമയമായെന്നു മനസ്സിലാക്കിയതിനുശേഷം
ഉമ്മയോടും റംലയോടുമതു പറഞ്ഞു.
അംഗശുദ്ധി വരുത്തിയതിനു ശേഷം അവരും വീടിനകത്തേക്കു പ്രവേശിച്ചു.
അപ്പോഴേക്കും ഭക്ഷണ മുറിയിലെ ഒരുവശത്ത് പായയിട്ട് മൂന്നുപേർക്കും ഒരുമിച്ചുനിന്ന് നമസ്കരിക്കുന്നതിനുള്ള സൗകര്യം ഹൈദറലി ചെയ്തുകഴിഞ്ഞിരുന്നു.
നമസ്കാരം കഴിഞ്ഞ ഉടനെ ഹൈദറലി കൃഷ്ണദാസൻ്റെ അടുത്തേക്കും, ഉമ്മയും റംലയും അടുക്കളയിലേക്കും എഴുന്നേറ്റു പോയി.
അല്ല ആമ്യേ,
നിനക്ക് നിസ്കരിക്കാനൊക്കെ സാധിക്കുന്നുണ്ടോ.?
നിൻ്റെ ഊരവേദനയൊക്കെ പൂർണ്ണമായിട്ടും മാറിയോ.?
വേദനമുഴുവാനായും മാറിയിട്ടൊന്നുമില്ല പാർവ്വത്യേ, വയസ്സ് കുറേ ആയില്ലേ.? ഇനിയത് എന്നെ വിട്ടു പോകുമെന്നെനിക്ക് തോന്നുന്നില്ല.
ആട്ടെ, നാളെ മുതൽ അവിടെ വച്ചുള്ള നിങ്ങടെ നിസ്കാരം ഒഴിവാക്കണട്ടോ,
നിങ്ങളുടെ കിടപ്പുമുറിയുടെ എതിർവശത്തുള്ള മുറിയൊന്നു തുടച്ചു വൃത്തിയാക്കിയാൽ
നിങ്ങൾക്കത് നിസ്കാര മുറിയായി ഉപയോഗിക്കാലോ,?
നമ്മുടെ ഭക്ഷണമുറി എപ്പോഴും തുറന്നിടുന്നതായതുകൊണ്ട് വൃത്തിയുണ്ടാകുമെങ്കിലും വേണ്ടത്ര ശുദ്ധിയുണ്ടാകുമെന്നു കരുതാൻ പറ്റില്ലല്ലോ,?
എന്താ മോൾക്കെന്തെങ്കിലും പറയാനുണ്ടോ.?
അമ്മ പറഞ്ഞതാണു ശരി. അവിടെയാകുമ്പോൾ അടുക്കളയിലെ ശബ്ദവും സംസാരവുമൊന്നും നമസ്ക്കാരത്തിനിടയിൽ അവർക്കൊരു ബുദ്ധിമുട്ടാവുകയുമില്ല.
ഞാനും റംലയും കൂടി നാളെ തന്നെ അവിടെ തുടച്ചു വൃത്തിയാക്കിക്കോളാം.
വരാന്തയിലെ ചർച്ച അവസാനിപ്പിച്ച് കൃഷ്ണദാസനും ഹൈദറലിയും അടുക്കളയിലെത്തി.
അമ്മയും ദേവകിയും ചേർന്ന് ഭക്ഷണം മേശപ്പുറത്തേക്കെടുത്തുവച്ചു.
മേശയ്ക്കു ചുറ്റും ഒരുമിച്ചിരുന്നവർ ഭക്ഷണംകഴിച്ചുകൊണ്ടിരിക്കെ നേരം പുലർന്നതിനുശേഷം ചെയ്യാനുള്ള കാര്യങ്ങളെക്കുറിച്ചും ചർച്ച ചെയ്തു.
അമ്മേ, വല്യങ്ങാടിയിലേക്കുകൊണ്ട് പോകാനുള്ള കൊപ്രയും അടയ്ക്കയും നാളെ രാവിലെ തന്നെ തോണിയിലേക്കെടുത്തുവയ്ക്കാൻ പണിക്കാരോടു പറഞ്ഞേൽപിച്ചിട്ടുണ്ട്.
അവരവിടെ എത്തുമ്പോഴേക്കും കൃഷ്ണദാസൻ്റെ കൂടെ ദേവകിയും അവിടെ എത്തണം.
അതെന്തിനാ മോനെ ദേവകിയങ്ങോട്ടു പോകുന്നത്, നീയുണ്ടാകില്ലേ.?
കൊപ്രയും അടയ്ക്കയും തൂക്കിനോക്കിയതിനു ശേഷമാണ് തോണിയിലേക്കു മാറ്റേണ്ടത്. ഓരോതൂക്കവും ശ്രദ്ധയോടെഎഴുതണം. പിന്നീടത് കൂട്ടിനോക്കണം,
കണക്കെഴുത്തും, കൂട്ടലും കിഴിക്കലുമൊന്നും എന്നെക്കൊണ്ടു പറ്റില്ലമ്മേ,
കൃഷ്ണദാസനാണെങ്കിൽ ആ വക കാര്യങ്ങളിലൊന്നും താൽപര്യവുമില്ല. തന്നെയുമല്ല എനിക്കു നാളെ തോണിക്കാരൻ ഉമ്മറാക്കയെ ചെന്നു കണ്ട് കാര്യങ്ങൾ ഏർപ്പാടാക്കുകയും വേണം.
അതു കഴിഞ്ഞേ ഞാനങ്ങോട്ടെത്തൂ.
ദേവകിയ്ക്കാണങ്കിൽ എഴുതാനും കണക്കു കൂട്ടാനുമെല്ലാം നല്ലപോലെ അറിയുന്നതുമാണല്ലോ,?
ഈ വക കാര്യങ്ങളൊക്കെ മനസ്സിലാക്കുന്നതും നല്ലതല്ലേ, ?
ഉമ്മയും റംലയും കൂടെയുള്ളതുകൊണ്ട് അമ്മയിവിടെ ഒറ്റയ്ക്കാവുകയൊന്നുമില്ലല്ലോ.?
അച്ഛൻ്റെ കൂടെ നടന്ന് എന്തൊക്കെ, എങ്ങനെയൊക്കെ ചെയ്യണമെന്ന്
നീ നല്ലപോലെ മനസ്സിലാക്കിയിട്ടുണ്ടെന്ന് എനിക്കറിയാലോ മോനെ,?
കൃഷ്ണനാവക കാര്യങ്ങളിലൊന്നും താൽപര്യമില്ലന്നും എനിക്കറിയാം.
ദേവകിയ്ക്കു വിരോധമില്ലങ്കിൽ മോൻ പറഞ്ഞതുപോലെ ആവാം. എനിക്കതിൽ സന്തോഷമേയുള്ളു.
എന്നുവച്ച് ഭാരമുള്ള പണിയൊന്നും മേളെക്കൊണ്ട് ചെയ്യിപ്പിക്കാൻ ഞാൻ സമ്മതിക്കില്ലട്ടോ.
അതിനൊക്കെ നിങ്ങൾ വേറെ ആരെയെങ്കിലും ഏർപ്പാടാക്കിക്കോളണം.
അങ്ങനെയൊന്നും ഉണ്ടാകില്ലമ്മേ, നമ്മുടെ സാധനങ്ങൾ മറ്റുള്ളവർക്കു കൊടുക്കുമ്പോഴും, മറ്റുള്ളവരിൽ നിന്ന് നമ്മൾ വാങ്ങുമ്പോഴും, കൊടുത്തതിനും വാങ്ങിയതിനും കണക്കില്ലാതിരുന്നാൽ നമ്മളെക്കൊണ്ടിതൊന്നും മുന്നോട്ടു കൊണ്ടുപോകാൻ പറ്റില്ലമ്മേ.
ദേവകിയ്ക്കതൊരു പ്രയാസമാവില്ലെന്നാണെനിക്കു തോന്നുന്നത്.
ആ, അതൊക്കെ നിങ്ങളുടെ ഇഷ്ടം പോലെആവാം. എനിക്കു പറയാനുള്ളത് ഞാൻ പറഞ്ഞെന്നേയുള്ളൂ.
അച്ഛൻ ഈ വക കാര്യങ്ങൾ ആർക്കും ഒരു പരാതിയും ഇല്ലാത്ത വിധമാണ് ചെയ്തിരുന്നത്,
നിങ്ങൾ ചെയ്യുന്നതും അങ്ങനെ തന്നെയാവണം. മറ്റുള്ളവർക്ക് മുഷിപ്പുണ്ടാകാൻ ഇടവരുത്തരുത്.
ഞാൻ നേരത്തെ പറഞ്ഞതു പോലെ നിങ്ങള് വല്യങ്ങാടീന്ന് തിരിച്ചുപോരുമ്പോൾ ഉപ്പും മല്ലിയും മുളകുമെല്ലാം കുറച്ചധികം വാങ്ങാൻ മറക്കരുത്.
പണിക്കാരുടെ എണ്ണം കൂടുന്നതിനനുസരിച്ച് സാധനത്തിൻ്റെ ചെലവും കൂടുമെന്നറിയാലോ,?
വാങ്ങേണ്ടതെന്തൊക്കെയാന്നു വച്ചാൽ അതൊരു കുറിപ്പാക്കിയാൽ മതിയമ്മേ,
കൃഷ്ണദാസനെ പോലെ തന്നെ എനിക്കും അതൊന്നും അത്ര നിശ്ചയല്ലാത്തതാണെന്ന് അമ്മയ്ക്കറിയാലോ. ?
മറ്റന്നാളല്ലേ നിങ്ങള് പോണത്.? എന്തൊക്കെയാ ആവശ്യമുള്ളതെന്ന് അപ്പോഴേക്കും ഒരു കടലാസിൽ എഴുതിത്തരാം.
അങ്ങനെയാകുമ്പോൾ രണ്ടാൾക്കും മറന്നു പോകുമെന്ന പേടിയുണ്ടാകില്ലല്ലോ.
അല്ല ആമ്യേ,
നിനക്ക് തനിച്ചു കിടന്നാലെ ഉറക്കം നേരെയാകൂ എന്നുണ്ടോ.?
അതെന്താ നിനക്കങ്ങനെ ചോദിക്കാൻ തോന്നാനുള്ളകാരണം.?
പ്രത്യേകിച്ചൊന്നുമില്ല, നിനക്കു വിരോധമില്ലെങ്കിൽ എൻ്റെ മുറിയിൽ കിടക്കാം.
എനിക്കെന്ത് വിരോധമാ പാർവ്വത്യേ,? കൊല്ലം ഏറെആയില്ലേ ഞാൻ ഒറ്റയ്ക്കു കിടന്നുറങ്ങാൻ തുടങ്ങീട്ട്. ഇനിയിപ്പോ അധിക കാലമൊന്നും ഉറങ്ങാനുണ്ടാകില്ലെന്ന് ഏതാണ്ടൊക്കെ ഉറപ്പായിക്കഴിഞ്ഞിട്ടുമുണ്ട്.
നിൻ്റെ ഇഷ്ടം അതാണെങ്കിൽ നിൻ്റെ കൂടെ കിടക്കുന്നതിൽ എനിക്ക് സന്തോഷമേയുള്ളു പാർവ്വത്യേ, ഉറക്കം വരുന്നതുവരെ പഴയ കാര്യങ്ങരോന്നു പറഞ്ഞു കൊണ്ടിരിക്കാലോ.
അതു തന്നെയാ ആമ്യേ ഞാനും ഉദ്ദേശിച്ചത്, പഴയതോരോന്നും ഓർക്കുമ്പോ തടിയുടെ ആരോഗ്യക്കുറവൊന്നും വക വെയ്ക്കാതെ മനസ്സ് ബാല്യമാകുന്നതു പോലെയൊരു തോന്നലുണ്ടാകും. ആ കാലമൊന്നൂടെ തിരിച്ചു കിട്ടിയെങ്കിലെന്ന മോഹവും.
നേരാ പാർവ്വത്യേ, എനിക്കും അങ്ങനെയൊക്കെ തോന്നാറുണ്ട്.
അതൊക്കെ ഒരു തോന്നൽ മാത്രമല്ലേ.?
പോയ കാലം മാത്രമല്ല, ബാല്യവും കൗമാരവും ആയുസ്സും ആരോഗ്യവും സമയവുമെല്ലാം കഴിഞ്ഞു പോയാൽ പോയതുതന്നെയാ,
അതിനിയൊരിക്കലും ആരു വിചാരിച്ചാലും തിരിച്ചു കിട്ടില്ലല്ലോ.?
മനുഷ്യൻമാർക്ക് ആകപ്പാടെ ചെയ്യാൻ പറ്റുന്നത് പോയകാലത്തെ ഒത്തൊരുമയും പരസ്പര വിശ്വാസവും വകതിരിവും കാത്തു സൂക്ഷിക്കുക എന്നകാര്യം മാത്രമാണല്ലോ, ?
പടച്ചോൻ്റെ കൃപകൊണ്ട് നമ്മുടെ നാട്ടിൽ അതൊക്കെ നല്ലനിലക്കു തന്നെയാണല്ലോ, അതിനു പറ്റാതാകുമ്പോഴാ നാടുംവീടും തകരുന്നതും, മനുഷ്യർ തമ്മിൽ തല്ലു കൂടുന്നതും, പട്ടിണി കിടന്നു മരിക്കേണ്ടിവരുന്നതുമെല്ലാം.
എത്രയെത്രസ്ഥലങ്ങളിലാ അങ്ങനെ ഉണ്ടായിട്ടുള്ളത്, ?
കാലം മാറുന്നതിനനുസരിച്ച് നമ്മളെയീ നാട്ടിലും അങ്ങനെയൊരു മാറ്റം വരില്ലെന്നാർക്കറിയാം.
നേരാ ആമ്യേ, പല നാട്ടിലും ജാതിയുടെയും മതത്തിൻ്റെയും പണത്തിൻ്റെയും അധികാരത്തിൻ്റെയുമെല്ലാം പേരിൽ മനുഷ്യർ തമ്മിൽ തല്ലും കൊലയുമെല്ലാം നടന്നു എന്നു കേൾക്കുമ്പോഴെല്ലാം മനസ്സിലൊരു പേടിതോന്നാറുണ്ട്,
അപ്പോഴൊക്കെയും ഈ നാട്ടിലെങ്കിലും അങ്ങനെ സംഭവിക്കാൻ ഇടവരുത്തരുതേയെന്ന് ദൈവത്തോടു ഞാൻ കണ്ണടച്ചിരുന്നു പ്രാർത്ഥിക്കാറുമുണ്ട്. നമ്മളെക്കൊണ്ട് അതല്ലേ പറ്റൂ ആമ്യേ.?
(തുടരും…)
– K.M സലീം പത്തനാപുരം