അന്തേവാസികളായ കാവൽ ഭടൻമാർക്കുള്ള ഭക്ഷണവുമെടുത്ത് നായക്കൂടിനടുത്തുള്ള മൺപാത്രത്തിനരികിലെത്തി.
തൻ്റെ വരവും പ്രതീക്ഷിച്ചിരിക്കുകയായിരുന്ന അമ്മിണിപ്പൂച്ചയും കുട്ടൻ നായയും പരിഭവ പ്രകടനമേതുമില്ലാതെ പതിവു ഭക്ഷണം കഴിക്കാൻ തുടങ്ങിയതോടെ കൃഷ്ണദാസൻ അടുക്കളയിലേക്ക് തിരിച്ചെത്തി ഊൺമേശക്കരികിലിരുന്നു.
അപ്പോഴേക്കും കുത്തരിക്കഞ്ഞിയും പച്ചക്കായ ഉപ്പേരിയും മേശപ്പുറത്തു തയ്യാറായിക്കഴിഞ്ഞിരുന്നു.
ഭക്ഷണം കഴിക്കാൻ സൗകര്യപ്രദമായമുറിയും ആ മുറിയിൽ പത്തുപേർക്ക് ഒരുമിച്ചിരുന്നുണ്ണാൻ പാകത്തിലുള്ള വട്ടമേശയും കസേരയുമെല്ലാമുണ്ടെങ്കിലും അമ്മയും കൃഷ്ണദാസനും ഭാര്യയുമടങ്ങുന്ന മൂന്നംഗ സംഘം അടുക്കളയിലെ ചെറിയ വട്ടമേശക്കു ചുറ്റും ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിക്കാറുള്ളത്.
അമ്മേ, ഞാൻനാളെ ഹൈദറലിയുടെ വീടു വരെയൊന്നു പോയി വന്നാലോ,? അവൻ്റെ കല്ല്യാണത്തിനു കൂടിയതാണ്, അതിനുശേഷം ഞാനങ്ങോട്ടുപോയിട്ടില്ല, അവനിങ്ങോട്ടും വന്നിട്ടില്ല. വല്ല വയ്യായ്കയുമുണ്ടോ എന്ന് നമുക്കറിയില്ലല്ലോ.?
വേണ്ടമോനെ, മോൻപോവണ്ട.
അവൻ്റെ ഉമ്മ ഇങ്ങോട്ടൊന്നുവന്നിട്ട് മാസം രണ്ടു കഴിഞ്ഞില്ലേ,? ഞാനവൻ്റെ ഉമ്മയെ ഒന്നു കാണമെന്നു വിചാരിച്ചിട്ട് ദിവസം കുറേയായി. ഞാൻ നാളെയങ്ങോട്ടു പോകുന്നുണ്ട്.
നീ നാളെ നമ്മുടെപാടത്തു കൂടെയെല്ലാമൊന്നുപോയിവരണം. ദേവകിയെയും കൂടെകൂട്ടിക്കോ. ഒരു കാര്യം പ്രത്യേകം പറയാം. ദേവകിയുടെ വയറ്റിനകത്തൊരു
കുഞ്ഞ് വളരുന്നുണ്ടെന്ന കാര്യം നിനക്ക് ഓർമ്മ വേണം. എന്നു വെച്ചാൽ ധൃതിപിടിച്ചുള്ള നടത്തവും ചാട്ടവുമൊന്നും വേണ്ട എന്നർത്ഥം.
നിന്നെപ്പോലെ തന്നെ മാവിൽ പഴുത്ത മാങ്ങ കണ്ടാൽ ഉടനെ കല്ലെടുത്തെറിഞ്ഞ് താഴെ വീഴ്ത്തുന്ന സ്വഭാവം ദേവകിയ്ക്കുമുണ്ട്. കുറച്ചു മാസത്തേക്ക് അതൊക്കെയൊന്ന് ഒഴിച്ചു നിർത്തണം.
ദിവസവും രാവിലെയും വൈകുന്നേരവും രണ്ടു നാഴിക ദൂരം നടക്കണമെന്നേ വേലായുധൻ വൈദ്യർ പറഞ്ഞിട്ടുള്ളൂ. ഓടാനും ചാടാനും പറഞ്ഞിട്ടില്ല.
അതുകൊണ്ട് സാവധാനത്തിൽ നടന്നാൽ മതി. ക്ഷീണം തോന്നിയാൽ വെള്ളം കുടിയ്ക്കാനും ശ്രദ്ധിക്കണം.
എന്തിനാണമ്മേ ഏട്ടൻ പാടത്തേക്കു പോകുമ്പോൾ എന്നെയും കൂടെ കൂട്ടണമെന്നു പറഞ്ഞത്.?
കൃഷ്ണദാസൻ ചോദിക്കാൻ തുടങ്ങുന്നതിനുമുമ്പായി ദേവകിയാണങ്ങനെ ചോദിച്ചത്.
മോളെ, നമ്മുടെ പാടത്ത് ഇപ്പോൾ നെല്ലില്ലെന്നു നിനക്കറിയാലോ,? പാടം മുഴുവനും പുല്ലും പാഴ്ചെടിയും വളർന്ന് കാടുപോലെ ആയിട്ടുണ്ടാകും.
ഇത്രയുംകാലം അവിടെപണിയെടുത്തവരെല്ലാം അതിൻ്റെ ചുറ്റുവട്ടത്തുള്ളവരാണ് അവർക്കു പലതും ചോദിക്കണമെന്നുണ്ടാകും.
ദാസനോട് അവർക്കൊന്നും ചോദിച്ചോ പറഞ്ഞോ ശീലമില്ലാത്തതു കൊണ്ട് അവരൊന്നും ചോദിക്കില്ല. അഥവാ അവരെന്തെങ്കിലും ചോദിച്ചാൽ തന്നെ പാടത്തെ കാര്യങ്ങളെകുറിച്ച് അവനൊന്നും പറയുകയുമില്ല.
പഠിച്ചെങ്കിലല്ലേ മോളെ പറയാനറിയൂ. അവൻ്റെ കൂടെ നിന്നെ അവർകണ്ടാൽ അവർക്കു പറയാനുള്ളതെല്ലാം നിന്നോടവർപറയും, ചോദിക്കാനുള്ളതൊക്കെയും ചോദിക്കുകയും ചെയ്യും.
അവർ പറയുന്നതൊക്കെയും മോള് ശ്രദ്ധയോടെ കേൾക്കണം. അറിയുന്ന കാര്യങ്ങൾക്കെല്ലാം മറുപടിയും പറയണം. ഒരു കാര്യം മാത്രമേ ശ്രദ്ധിക്കേണ്ടതുള്ളു.
അതെന്താണമ്മേ?
മോള് പറയുന്നതൊന്നും അവരെ സങ്കടത്തിലാക്കാൻ ഇടവരുത്തുന്ന തരത്തിലാവരുത്. അഥവാ അവരാരെങ്കിലും നിങ്ങളോടൊപ്പം കൂടാൻ ആഗ്രഹിക്കുന്നതായി തോന്നിയാൽ അവരെ കൂടെ കൂട്ടാനും മറക്കരുത്.
അവർ ചെയ്യുന്നതും പറയുന്നതും അവർക്കു വേണ്ടി മാത്രമല്ല, നമുക്കും കൂടെ വേണ്ടിയാണെന്നതും ഓർക്കണം.
കിടക്കാൻ വൈകിയാൽ എഴുന്നേൽക്കാനും വൈകുമെന്നാ പണ്ടുള്ളോർ പറയാറുള്ളത്. അതുകൊണ്ട് ഇനിവർത്തമാനം പറഞ്ഞ് സമയം പാഴാക്കണ്ട. ബാക്കി കാര്യങ്ങളൊക്കെ നാളെയുംപറയാലോ.?
എട്ടാ..അമ്മപറഞ്ഞതൊക്കെ ഓർമ്മയുണ്ടല്ലോ അല്ലേ,? എന്നത്തേയുംപോലെ നാളെയും പത്തുമണിവരെ ഉറങ്ങരുത് കെട്ടോ, നേരത്തെ എഴുന്നേറ്റാൽ വെയിലിൻ്റെ
ചൂടുകൂടുന്നതിനുമുമ്പേ നമുക്ക് പാടത്തേക്കുപോയി തിരിച്ചു വരാം.
അമ്മ അങ്ങനെയൊക്കെ പറയും, നീയതൊന്നും കാര്യമാക്കണ്ട ദേവകീ, എന്നു വെച്ച് അമ്മ പറഞ്ഞതുപോലെ ചെയ്യാതിരിക്കുകയും വേണ്ട.
എന്നുവച്ചാൽ.?
എന്നുവച്ചാൽ പാടത്തേക്കൊന്നു പോകണം, ഇപ്പോഴത്തെ സ്ഥിതിയെന്താണെന്നു നോക്കണം, അത്രയല്ലേയുള്ളൂ,?
അതിനുവേണ്ടി പാടം മുഴുവൻ നടന്നു കാണണമെന്നുണ്ടോ,? ചെല്ലുന്നിടത്തു നിന്നു നോക്കിയാൽതന്നെ പാടം മുഴുവനായും കാണാലോ,?
പത്തു മണിക്കെഴുന്നേറ്റാലും അതൊക്കെ ചെയ്യാലോ ദേവകീ.
അതൊക്കെ നാളത്തെ കാര്യമല്ലേ, ഇപ്പോഴത്തെകാര്യം സമാധാനത്തോടെ ഉറങ്ങലാണ്, നാളത്തെ കാര്യം പറഞ്ഞ് ഇന്നത്തെ സമാധാനം കളയാതെ
നീയൊന്നു മിണ്ടാതെ കിടന്നുറങ്ങാൻ നോക്ക് ദേവകീ.
നിങ്ങളിപ്പോൾ പറഞ്ഞതു ശരിയാണ്,
നാളെ ചെയ്യാനുള്ള കാര്യങ്ങളോർത്ത് ഇന്നത്തെ സമാധാനവും ഉറക്കവും കളയണ്ടതില്ലല്ലേ.? എന്നാൽ പിന്നെ ഞാനൊന്നും പറയുന്നില്ല. എന്നുവച്ച് പതിവുപോലെ നാളെയും പത്തുമണി വരെ ഉറങ്ങാമെന്ന് സമാധാനിക്കേം വേണ്ട.
അതിരാവിലെതന്നെ ഞാൻ വിളിച്ചുണർത്തും. ആ നേരത്ത് പാടത്തെ വരമ്പിലൂടെയുള്ള നടത്തം ഒരു വല്ലാത്ത സുഖം തന്നെയാണ്.
കുട്ടിക്കാലത്ത് അച്ഛൻ്റെ കയ്യുംപിടിച്ച് ഞാനങ്ങനെ എത്രയോ നടന്നിട്ടുള്ളതാ, അതൊക്കെ ഓർക്കുമ്പോൾതന്നെ മനസ്സിനൊരു കുളിരും ഉന്മേഷവുമാണ്.
നിങ്ങൾക്കതൊന്നും ശീലമില്ലാത്തതു കൊണ്ടാ, അല്ലായിരുന്നെങ്കിൽ അമ്മയ്ക്കീവക കാര്യങ്ങളൊന്നും കുട്ടികളോടു പറയുന്നതു പോലെ നിങ്ങളോടു പറയേണ്ടി വരുമായിരുന്നില്ലല്ലോ.?
എൻ്റെ ദേവകീ, നിനക്കിപ്പോൾ എന്താണു വേണ്ടത്.? ഞാൻ നാളെ അതിരാവിലെതന്നെ എഴുന്നേൽക്കണം, അമ്മ പറഞ്ഞതുപോലെ നിന്നെയും കൂട്ടി പാടത്തും പറമ്പിലും പോയി
വെയിലിൻ്റെ ചൂടുകൂടുന്നതിനു മുമ്പായി തിരിച്ചുവരണം. അത്രയല്ലേയുള്ളൂ.? ഞാനതങ്ങ് സമ്മതിച്ചിരിക്കുന്നു.
മതി, ഞാനിനിയൊന്നും പറയുന്നില്ല.
ദേവകിയതു പറഞ്ഞതോടെ കൃഷ്ണദാസൻ തലമുതൽ കാലുൾപ്പടെ പുതപ്പിനകത്താക്കി ചുമരിനോടു ചേർന്നുകിടന്നു.
മണ്ണു തേച്ചു മിനുസപ്പെടുത്തിയ ചുമരിൽ ചാരിയിരിക്കുന്നതും ചുമരിനോടു ചേർന്നു കിടക്കുന്നതുമെല്ലാം കൃഷ്ണദാസൻ്റെ കുട്ടിക്കാലം തൊട്ടുള്ള ശീലമാണ്.
ഇടയ്ക്കെല്ലാം ദേവകിയും അങ്ങനെ ചെയ്യാറുണ്ട്.
മണ്ണുതേച്ചു മിനുസപ്പെടുത്തിയ ചുമരിൽ ചാരിയിരിക്കുമ്പോൾ നട്ടെല്ലിലൂടെ തലയിലേക്കൊരു തണുപ്പുകയറുന്നതും ചുമരിനോടു ചേർന്നു കിടക്കുമ്പോഴുണ്ടാകുന്ന
നേരിയ തണുപ്പും ശരീത്തോടൊപ്പം മനസ്സിനെയും ശാന്തമാക്കുന്നതായി ദേവകിക്കും അനുഭവപ്പെട്ടിട്ടുണ്ട്.
ജനൽ പാളികൾ അടച്ചു കുറ്റിയിട്ടിട്ടുണ്ടെങ്കിലും നടുമുറ്റത്തെ ഇലഞ്ഞിമരത്തിൽ നിന്നുള്ള കിളിയൊച്ചകൾ എന്നത്തേതുപോലെ ഇന്നും മുറിക്കകത്തേക്കു കേൾക്കുന്നുണ്ടെന്ന കാര്യം പരസ്പര സംസാരം നിർത്തിയതോടെയാണ് രണ്ടുപേരുടെയും ശ്രദ്ധയിൽ പെട്ടത്.
അൽപ നേരത്തെ മൗനം അവരുടെ മനസ്സിനെ ഇലഞ്ഞിമരച്ചില്ലകളിലെ കിളിക്കൂടുകളിലെത്തിച്ചെങ്കിലും അധികം താമസിക്കാതെ ഇലഞ്ഞിപ്പൂക്കളെ തട്ടിയിളക്കിയും അതിൻ്റെ സുഗന്ധം ആവാഹിച്ചെടുത്തും ശബ്ദമേതുമില്ലാതെ ജനൽ പാളികൾക്കു മുകളിലായി നിർമിച്ച കിളിവാതിലിലൂടെ കിടപ്പു മുറിക്കകത്തേക്കു കയറിക്കൂടിയ തണുപ്പുള്ള കാറ്റ് രണ്ടു പേരെയും സുഖനിദ്രയിലേക്കു നയിച്ചിരുന്നു.
ഉറക്കത്തിൽനിന്നും ഉണർന്നാൽ അൽപനേരം നീണ്ടു നിവർന്നു കിടക്കുകയും പതുക്കെഎഴുന്നേറ്റു നടന്ന് സാവധാനത്തിൽ കിണറിനരികിലെത്തി മരക്കപ്പിയിൽ തൂക്കിയിട്ട തേക്കു കൊട്ടയിൽ നിറയെ വെള്ളം കോരിയെടുത്ത് വായയും മുഖവും കഴുകി വൃത്തിയാക്കിയതിനു ശേഷം മതിയെന്നു മനസ്സു പറയുന്നതു വരെയും വെള്ളവും കുടിച്ചതിനു ശേഷമാണ് പാർവ്വതിയമ്മ അടുക്കളജോലി തുടങ്ങാറുള്ളത്.
വെള്ളം കോരിയെടുക്കുന്നതിനിടയിൽ മരക്കപ്പിയിൽ നിന്നുണ്ടാകുന്ന ശബ്ദം കേൾക്കുമ്പോഴാണ് കിടപ്പുമുറിയിൽ നിന്നും ദേവകി പുറത്തിറങ്ങാറുള്ളത്.
കൃഷ്ണദാസൻ അപ്പോഴും പുതപ്പിനുള്ളിൽ ചുരുണ്ടുകൂടി കിടന്നുള്ള സുഖനിദ്രയിൽത്തന്നെയായിരിക്കും.
അമ്മയെപ്പോലെ തന്നെ ഉറക്കമുണർന്നാലുടൻ കിണറിനരിലെത്തി വെള്ളം കോരിയെടുത്ത് വായും മുഖവും കഴുകി വൃത്തിയാക്കിയതിനു ശേഷം പാതി വയറു നിറയുന്നതു വരെയും വെള്ളവും കുടിച്ച് അടുക്കള ജോലിയിലും മറ്റും അമ്മയോടൊപ്പം കൂടുന്നതാണ് ദേവകിയുടെയും ശീലം.
പ്രഭാത ഭക്ഷണത്തിനു മുമ്പ് വെള്ളം കുടിക്കുന്നതു കൊണ്ടുള്ള ഗുണത്തെക്കുറിച്ച് ഏറെ കേട്ടിട്ടുണ്ടങ്കിലും അതിരാവിലെ കിണറിൽ നിന്നും കോരിയെടുത്തു കുടിക്കുമ്പോഴുണ്ടാകുന്ന രുചിയും ഉൻമേഷവും പറഞ്ഞറിയിക്കാൻ കഴിയാത്തതാണെന്നാണ് ദേവകിയ്ക്കുതോന്നിയിട്ടുള്ളത്.
എന്നത്തേയും പോലെ കിണറിൽ നിന്നും വെള്ളം കോരുന്ന ശബ്ദം കാതിൽ പതിഞ്ഞതോടെ ദേവകി ഉറക്കത്തിൽ നിന്നും ഉണർന്നു. കട്ടിലിൽ നിന്നെഴുന്നേറ്റ് മേശപ്പുറത്ത് തിരി താഴ്ത്തി വച്ച ചിമ്മിണി വിളക്കിൻ്റെ തിരിയൽപം ഉയർത്തിയതിനു ശേഷം ദേഹമാകെ മൂടിപ്പുതച്ച് ചുമരിനോടു ചേർന്നു കിടന്നുറങ്ങുന്ന കൃഷ്ണദാസനെ തൊട്ടുണർത്താനായി തിരിച്ച് കട്ടിലിൽ തന്നെ ചെന്നിരുന്നു. സുഖനിദ്രയിലാണ്ടു കിടക്കുന്ന ഭർത്താവിൻ്റെ ചുമലിൽ കൈവച്ചങ്കിലും ദേവകി അദ്ദേഹത്തെ ഉണർത്തിയില്ല.
ഇരുട്ട് പൂർണ്ണമായിട്ടുമാറാൻ ഇനിയും സമയമേറെയുണ്ടല്ലോ, നേരത്തെ വിളിച്ചുണർത്തിയതു കൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ലതാനും. പിന്നെയെന്തിനു വിളിച്ചുണർത്തണമെന്നായി ദേവകിയുടെ ചിന്ത. ഭർത്താവിൻ്റെ ചുമലിൽവച്ച കൈ ദേവകി പതുക്കെ തിരിച്ചെടുത്തു. കട്ടിലിൽ നിന്ന് സാവാധാനത്തിൽഎഴുന്നേറ്റ് കെട്ടഴിഞ്ഞമുടിയൊക്കയും കെട്ടിയൊതുക്കി വച്ചു.
അടച്ചിട്ട വാതിൽ പാളിക്കു മുകളിലെ മരപ്പൂട്ട് മുകളിലേക്കു നീക്കിയതിനു ശേഷം ഇരട്ടപ്പാളിയിലൊന്നു തുറന്നിട്ടു.
മേശപ്പുറത്ത് കത്തിനിൽക്കുന്ന ചിമ്മിണി വിളക്കിൻ്റെ തിരിനാളം താഴ്ത്തി വച്ചതിനുശേഷം മുറിയിൽ നിന്നും പുറത്തേക്കു കടക്കാൻ ശ്രമിക്കവേ പിറകിൽ നിന്നും ദേവകീ.. എന്നൊരു വിളിയൊച്ചകേട്ടു.
ദേവകി പിറകിലേക്കു നോക്കി, ഏട്ടൻ നല്ല ഉറക്കത്തിലാണ്. അമ്മയാണെങ്കിൽ അടുക്കളയിലുമാണ്. പിന്നെ ആരാണെന്നെവിളിച്ചത്.? എന്നെ വിളിച്ചെന്ന് എനിക്കു തോന്നിയതാണോ.? അൽപനേരം കൊണ്ട് ദേവകിയുടെ ചിന്തകൾ പലവഴി ഏറെ ദൂരം സഞ്ചരിച്ചു.
ദേവകീ..
വീണ്ടും ആ വിളി ആവർത്തിച്ചു.
(തുടരും…)
- K.M സലീം പത്തനാപുരം