ആഘോഷങ്ങൾ ഏറെ ഉണ്ടെങ്കിലും
ഓണം ക്രിസ്മസ് എന്നീ
ആഘോഷങ്ങളോടാണ്
ശങ്കരനും സലാമിനും ഏറെ ഇഷ്ടം.
പരീക്ഷ കഴിഞ്ഞാൽ തുടർച്ചയായ പത്തുദിവസം സ്കൂളിന് അവധിയുണ്ടാകുമെന്നതാണ്
ഓണവും ക്രിസ്മസും അവർക്ക് ഇഷ്ടപ്പെട്ടതാവാനുള്ളകാരണം.
നഗരത്തിലെ രണ്ട് ഫ്ലാറ്റിലാണ് മാതാപിതാക്കളോടൊപ്പം
ഇരുവരുടെയും താമസം.
അത്താണിക്കൽ എന്ന ഗ്രാമ പ്രദേശത്തെ മായം കലരാത്ത ജീവിത സൗകര്യങ്ങളും പ്രകൃതി ദത്തമായ സുന്ദര കാഴ്ചകളും സംഗീതത്തെക്കാൾ മാധുര്യമുള്ള കുയിൽനാദവും ഓർമ വെച്ച കാലം മുതൽ അനുഭവിച്ചു കൊണ്ടിരുന്നവരാണവർ.
അണ്ണാൻ്റെ അകമ്പടിയിൽ കൂട്ടമായി പറന്നെത്തി, കാതടപ്പിക്കുന്നവിധം വർത്തമാനം പറയുകയും ചിലക്കുകയും ചെയ്യുന്ന ചിതൽകാട (കരിയിലപ്പട, പൂത്താങ്കീരി ) കളുടെ സാമീപ്യവും, പേരറിയാത്ത കുരുവിക്കൂട്ടങ്ങൾക്കിടയിൽ നിന്നുള്ള കിളിയൊച്ചകളുമെല്ലാം
നേരം പുലർന്നതുമുതൽ നേരം ഇരുട്ടുന്നതുവരെയും നിയന്ത്രണമേതുമില്ലാതെ ആസ്വദിക്കാൻ അവസരം ലഭിച്ചവരാണവർ.
ഇളം കാറ്റേറ്റു പൊഴിഞ്ഞു വീഴുന്ന ഒളർമാങ്ങയും, മഞ്ഞക്കിളികൾ കൊത്തിയെടുക്കുന്നതിനിടയിൽ
താഴേക്കു വീഴുന്ന ഞാവൽപഴവുമെല്ലാം ആർത്തിയോടെ പെറുക്കിയെടുത്ത് അതിൽ പറ്റിപ്പിടിച്ച മണ്ണും പൊടിയും ദേഹത്തണിഞ്ഞ കുപ്പായം കൊണ്ടോ, ട്രൗസറിലോ തുടച്ചു വൃത്തിയാക്കിയതിനു ശേഷം ആശങ്കയേതുമില്ലാതെ കളിക്കൂട്ടുകാർക്കൊപ്പം മതി വരുവോളം ഒരുമിച്ചിരുന്നു കഴിച്ചവരാണവർ.
കൊയ്ത്തു കഴിഞ്ഞ പാടത്ത്
ഓലപ്പന്തിൻ്റെ പിന്നാലെ
ഓടിക്കളിച്ചുകൊണ്ടിരുന്ന
തങ്ങളുടെ കളിക്കൂട്ടുകാരെകുറിച്ച് ഓർക്കുമ്പോഴൊക്കയും
അത്താണിക്കലെന്ന ഗ്രാമത്തിൽ തിരിച്ചെത്തണമെന്നവർ മോഹിക്കും.
ഓണവും ക്രിസ്മസും അടുക്കാറായെങ്കിലെന്നവർ ആഗ്രഹിക്കും.
പ്രകൃതിസുന്ദരമായ ഗ്രാമപ്രദേശവും ഗ്രാമീണരുടെ വ്യാപാര കേന്ദ്രവുമാണ്
പടിഞ്ഞാറെകരയെന്ന അത്താണിക്കൽ ഗ്രാമം.
ചെറുതും വലുതുമായ രണ്ടുപുഴകൾ ഒന്നായി മാറുന്നിടത്തെ കടവും,
പുഴയോര പുറംപോക്കു ഭൂമിയും,
കരഭൂമിയും ഉപയോഗപ്പെടുത്തി
സ്ഥലത്തെ ജൻമിയും കർഷകരും
ഒരുമിച്ചു ചേർന്നു കൊണ്ടാണ്
അത്താണിക്കൽ എന്ന ഗ്രാമത്തെ,
സമീപ പ്രദേശത്തുള്ളവർക്കും കൂടെ ഉപകാരപ്പെടത്തക്കവിധത്തിലുള്ള
വ്യാപാര കേന്ദ്രമാക്കി മാറ്റിയെടുത്തത്.
കർഷകർ പാടത്തും പറമ്പിലും
നട്ടു നനച്ചുണ്ടാക്കുന്ന
പച്ചക്കറിയും നെല്ലും വാഴക്കുലയും വൈക്കോലും മാത്രമല്ല, കുപ്പിവിളക്കുമുതൽ കുട്ടയും കയ്ലും ഉൾപ്പടെയുള്ളവയും, മൺപാത്രങ്ങളും, പണിയായുധങ്ങളും, കന്നുകാലികളും, കോഴിയും, താറാവുമെല്ലാമവിടെ വിൽപനയ്ക്കുണ്ടാകും.
ജീവിത മാർഗമെന്ന നിലയിൽ
സാധനങ്ങൾ വിൽപനക്കായി കൊണ്ടുവരുന്നവരോടോ,
വിൽപനക്കാരോടോ ഒരു കാരണത്താലും വാടകയോ മറ്റോ വാങ്ങരുതെന്ന വ്യവസ്ഥപ്രകാരം
പ്രദേശത്തെ ജൻമിയായിരുന്ന കൃഷ്ണദാസൻ നമ്പൂതിരിയാണ്
പുറംപോക്കു ഭൂമിയോടു ചേർന്നുള്ള
തൻ്റെ ഭൂമിയിൽ നിന്നും ഒരു ഏക്കർസ്ഥലം ഈ വ്യാപാര കേന്ദ്രത്തിനായി ദാനംനൽകിയത്.
ആരാലും അന്യവൽകരിക്കപ്പെടാത്ത, കൂരിരിട്ടിലും കൂസലില്ലാതെ നടന്നുകൊണ്ടിരുന്ന, കളിക്കൂട്ടുകാരാൽ സമ്പന്നമായ, കുളിരുകായാൻ കരിയിലക്കൂമ്പാരങ്ങളുള്ള, അപരിചിതത്വം അനുഭവിക്കേണ്ടി വന്നിട്ടില്ലാത്ത തങ്ങളുടെ ഗ്രാമത്തിൽ നിന്നും
മാതാപിതാക്കളെ പിരിഞ്ഞു
നിൽക്കാനാവാത്തതു കൊണ്ടു മാത്രം
തികച്ചും അപരിചിതമായ
നഗരത്തിൽ ചെന്നു താമസിക്കാൻ നിർബന്ധിതരായവരാണ്
ശങ്കരനും സലാമും.
നഗരവാസം തുടങ്ങിയതു മുതൽ
സ്കൂളും പഠനമുറിയിലെ സഹപാഠികളുമാണ് അവടെ ലോകം.
ശങ്കരനും സലാമിനും ഒരുപോലെ ഇഷ്ടമുള്ള സഹപാഠിയാണ് തോമസ്.
തോമസിൻ്റെ അച്ഛൻ വർഗീസ് മാസ്റ്റർ സ്കൂളിലെ ഹെഡ്മാസ്റ്ററും
ശങ്കരൻ്റെ അച്ഛൻ ഉണ്ണികൃഷ്ണൻ മാസ്റ്ററും, സലാമിൻ്റെ ഉപ്പ കരീം മാസ്റ്ററും ഇതേസ്കൂളിലെ അധ്യാപകരുമാണ്.
സ്കൂളിൽ നിന്നും വിളിച്ചാൽ കേൾക്കുന്ന ദൂരത്താണ് വർഗീസ്മാസ്റ്ററും ഭാര്യയും മകനുമടങ്ങുന്ന കുടുംബത്തിൻ്റെ താമസം.
അത്താണിക്കലെന്ന ഗ്രാമത്തിൽ നിന്നും ഏറെ അകലെയുള്ള നഗരത്തിലെ സ്കൂളിൽ അധ്യാപകരായ് എത്തിയ ഉണ്ണികൃഷ്ണൻ മാസ്റ്റർക്കും
കരീം മാസ്റ്റർക്കും കുടുംബസമേതം താമസിക്കുന്നതിനുള്ള വാടക കെട്ടിടം ഏർപ്പാടാക്കി കൊടുത്തതും പിന്നീട് ഫ്ലാറ്റുവാങ്ങാൻ സഹായിച്ചതുമെല്ലാം വർഗീസ്മാഷ് തന്നെയാണ്.
ഇരുവരുടെയും നിഷ്ക്കളങ്കമായ
പെരുമാറ്റവും
തുറന്ന മനസ്സോടെയുള്ള സംസാരവും അധ്യാപനത്തിലെ ആത്മാർത്ഥതയുമാണ് അവരോട് മാനസികമായി അടുക്കുന്നതിനും അവർക്കാവശ്യമായ സഹായങ്ങൾ ചെയ്തു കൊടുക്കുന്നതിനും വർഗീസ് മാഷെ പ്രേരിപ്പിച്ചത്.
പരസ്പര വിശ്വാസത്തോടെ പെരുമാറുന്ന അയൽവാസികളോ,
മനസ്സുതുറന്നു സംസാരിക്കുന്ന
സുഹൃത്തുക്കളോ, സുഖ ദുഖ:ങ്ങൾ പങ്കുവെയ്ക്കാനെത്തുന്ന ബന്ധുക്കളോ ഇല്ലാത്തതിനാൽ
വീടുവിട്ടാൽ സ്കൂളും സ്കൂൾ വിട്ടാൽ വീടും എന്നതായിരുന്നു വർഗീസ് മാസ്റ്റ്റുടെ ജീവിതരീതി.
കരീം മാസ്റ്ററും ഉണ്ണികൃഷ്ണൻ മാസ്റ്ററും സ്കൂളിൽ അധ്യാപകരായി എത്തിയതിനുശേഷമാണ്
അതിലൊരു മാറ്റം വന്നത്.
ഞായറാഴ്ച രാവിലെ തന്നെ പള്ളിയിലെത്തി കുർബാനയിൽ പങ്കെടുത്ത്
നഗരത്തിലെ വ്യത്യസ്ത കടകളിൽ
കയറിയിറങ്ങി
വീട്ടാവശ്യങ്ങൾക്കുള്ളതെല്ലാം വാങ്ങിക്കൂട്ടിയതിനു ശേഷം
ഹോട്ടലിൽ നിന്നും ഉച്ചഭക്ഷണവും കഴിച്ച് ഓട്ടോറിക്ഷയിൽ വീട്ടിൽ തിരിച്ചെത്തുന്നതാണ് വർഗീസ് മാസ്റ്ററുടെയും ഭാര്യയും മകനുമടങ്ങുന്ന കുടുംബത്തിൻ്റെയും പതിവ്.
(കാർപോർച്ചിൽ വിശ്രമിക്കുന്ന അംബാസിഡർ കാറിലേക്കു വിരൽ ചൂണ്ടി ഇതൊന്ന് റോഡിലേക്കിറക്കിക്കൂടെയെന്ന് ഭാര്യ മറിയാമ്മ ഇടയ്ക്കെല്ലാം ചോദിക്കാറുണ്ടങ്കിലും
ദീർഘദൂരയാത്രക്കല്ലാതെ വർഗീസ് മാഷത് പുറത്തേക്കിറക്കാറില്ല.)
എല്ലാ ഞായറാഴ്ചയും പതിനൊന്നു മണിയാകുമ്പോഴേക്കും ഉണ്ണികൃഷ്ണൻമാസ്റ്ററും കരീം മാസ്റ്ററും കുടുംബസമേതം വർഗീസ് മാസ്റ്ററുടെ വീട്ടിലെത്തും.
അപ്പോഴേക്കും കുർബാനയും കഴിഞ്ഞ് ആവശ്യത്തിനുള്ള സാധനങ്ങളെല്ലാം വാങ്ങി
വർഗീസ് മാസ്റ്ററും കുടുംബവും
വീട്ടിൽ തിരിച്ചെത്തിയിട്ടുണ്ടാകും.
പിന്നീടവർ മൂന്നുസംഘമായി പിരിയും. സ്ത്രീസംഘം അടുക്കളയിലും അധ്യാപകസംഘം വരാന്തയിലെ ചാരുപടിയിലും, കുട്ടികൾ വീട്ടുമുറ്റത്തെ മുത്തശ്ശി പ്ലാവിൻ്റെ ചുവട്ടിലും സ്ഥാനമുറപ്പിക്കും.
സ്ത്രീ സംഘം
സൗഹൃദസംവാദങ്ങൾക്കും സംഭാഷണങ്ങൾക്കുമിടയിൽ
ഉച്ചഭക്ഷണം പാകം ചെയ്യും. അധ്യാപക സംഘം
പോയകാലവും വർത്തമാനകാലവും മുഖ്യവിഷയമായെടുത്തു ചർച്ചചെയ്യും. ആ സമയം കുട്ടികൾ ഗ്രാമീണ കളികളിൽ മുഴുകും.
മുത്തശ്ശി പ്ലാവിൻ്റെ ശിഖരത്തിൽ ആദ്യമായൊരു ഊഞ്ഞാൽ കെട്ടിയത്
തൻ്റെ മകനോടൊപ്പം
സലാമും ശങ്കരനും
കൂട്ടുകൂടാൻ തുടങ്ങിയതിനു ശേഷമാണെന്നാണ്
വർഗീസ് മാഷ് പറയാറുള്ളത്.
കുട്ടികൾ ഗ്രാമീണകളികളിൽ മുഴുകുമ്പോൾ മുതിർന്നവരുടെചർച്ച ഗ്രാമത്തെയും, ഗ്രാമീണജീവിതത്തെയും കുറിച്ചാകും. (തുടരും…)
- K.M സലീം പത്തനാപുരം