ആർദ്രമായെന്നുമെൻ നെഞ്ചിൽകുറുകും പ്രണയമേ,
നിന്നെ ഞാൻ വാരിപ്പുണർന്നോട്ടെ…..
പോയകാലത്തിലെ മയിൽപ്പീലിതുണ്ടുകൾ മനസ്സിൽ
നിറം പകർന്നാടി തിമർക്കുന്നു…..
പറയാതെ പോയൊരാ പ്രണയത്തിൻ
നൊമ്പരക്കടലിന്നുമെന്നുള്ളിൽ സങ്കടൽ തീർക്കുന്നു…..
നാട്ടു മാഞ്ചോട്ടിലും, നാലമ്പലത്തിലും ഒരു നോക്കുകാണുവാൻ,
ഒരുവാക്കു മിണ്ടുവാൻ കാത്തിരുന്നേറെ നാൾ…..
മാമ്പൂ കൊഴിഞ്ഞിട്ടും തിരുനടയടഞ്ഞിട്ടും എന്നെ അറിയാതെ,
എന്നുള്ളം കാണാതെ എങ്ങോ മറഞ്ഞൊരെൻ പ്രിയ പ്രണയമേ……
അമ്പലപ്രാവുകൾ കുറുകുന്ന പോലെന്നും
നൊമ്പരമായെന്നിൽ കുറുകും പ്രണയമേ…..
ശ്വാസം നിലക്കും വരേയ്ക്കുമെൻ ഹൃദയത്തിൻ
സംഗീതമായി മിടിക്കും പ്രണയമേ……
ഇനി നിന്നെ ഞാനൊന്നു വാരിപ്പുണർന്നോട്ടെ…..
വ്രണിതമാം എന്നുള്ളിൽ കുളിരായി നിറയുനീ……
– സതീഷ്. കെ.സി.