അലമുറയിട്ടലഞ്ഞോരമ്മതൻ കടിഞ്ഞൂൽ പിറവിയായ്
കർക്കിടക കണ്ണീർ മഴയിലിഴഞ്ഞു വളർന്നവൻ ഞാൻ
കാലമായ്, കാലമേറെയായൊരെൻ അമ്മതൻ കനവിൽ
കാലം കാത്തിരുന്നോരവതാരാ ദേവൻ ഞാൻ
കാലഗണനത്തിനായ് പകുത്ത ചതുരക്കളങ്ങളിൽ
ശനിയപഹാര കർമ കാണ്ഡമുറഞ്ഞാടുന്നവൻ ഞാൻ
വിശക്കുന്ന പത്തായതിൽ ഒരുപിടി ധാന്യമെറിയുവാൻ
ആവനാഴിയിൽ അറിവിൻ ആയുധമില്ലാതിരതേടുന്നവൻ
മിഴികളെ ചൂഴ്ന്നു മിന്നിമറയുന്ന പൊന്നീച്ചകൾ തൻ
കനൽ ചുഴികളിൽ രൗദ്ര തെയ്യമായ് കറങ്ങി ഉഴലുന്നവൻ
ബീഡിചൂടിൽ വിളറി വരണ്ട ചുണ്ടിൻ കോണിൽ
ജന്മശാപങ്ങളെ തേനായ് ഉരുക്കി ഒഴുക്കുന്നവൻ
ഉറങ്ങാതെ ഉണരുന്ന ബോധ ക്ഷയങ്ങളിൽ
മുഴങ്ങുന്നു കാതിൽ ചിലമ്പിച്ച കാലൊച്ചകൾ
നട്ടെല്ലൂരി ഞാനൂന്നു വടിയാക്കി നടന്നു വേഗം
പുതിയ ഭൂമിക്കായ് കുതിക്കുന്നു വീണ്ടും കിതക്കുന്നു
ഊർദ്ധ്വൻ തിമർക്കുന്ന ചുവന്നിരുണ്ട ചിമിഴിൻ
ചുഴിയിൽ തലകീഴായ് കറങ്ങി വിണ്ണിൽ പതിക്കുന്നു
തളർന്നു കിടന്നു ഞാൻ ഭൂമിതൻ ഭ്രമണ പാതയിൽ
ആരും കേൾക്കാത്ത കാണാത്തൊരാത്മഹത്യക്കായ്
തുരുമ്പിച്ച ചക്രങ്ങളെൻ വിരിനെഞ്ചു പിളർക്കവെ
ചിതറിയ മൃതകവും മുതുകിലേറ്റി എന്നാത്മാവ്
ശൂന്യതയിലൂടിരവു പകലുകൾ എത്രയോ വേഗത്തിൽ
എത്രയോ പ്രകാശവർഷങ്ങൾ ആഴമായ് ഓടിയോഴുകി