സിറ്റൗട്ടിലെ കസേരയിൽ കമ്പിളി പുതച്ച് തിമിർത്തു പെയ്യുന്ന മഴ നോക്കി നാരായണൻ കയ്യിലിരുന്ന ബീഡി ആഞ്ഞു വലിച്ചു. പറമ്പിൽ പണിക്കു വരുന്ന ചെറുക്കനോട് കെഞ്ചി ചോദിച്ചപ്പോൾ അവൻ തന്നതാണ്. ബീഡി വലിക്കുന്നത് മക്കളോ കൊച്ചു മക്കളോ കണ്ടാൽ വഴക്ക് പറയും. പണ്ടൊക്കെ ഇഷ്ടം പോലെ വലിച്ചിരുന്നു. ഇപ്പോൾ ആരോടെങ്കിലും
കെഞ്ചണം ഒരെണ്ണം കിട്ടണം എങ്കിൽ. രാത്രി എല്ലാവരും ഉറങ്ങിയപ്പോൾ ഇവിടെ വന്ന് ഇരുന്നത് ആണ്. പഴയ കാര്യങ്ങൾ ഒക്കെ ആലോചിച്ചു ബീഡിയും വലിച്ചു ഇങ്ങനെ ഇരിക്കാൻ ഒരു സുഖം.
പ്രായം ആയാൽ പിന്നെ എല്ലാം അരുതുകൾ ആണ്. എല്ലാത്തിനും വിലക്കുകൾ, എവിടെ എങ്കിലും മൂലയ്ക്ക് ഇരുന്നോണം ആർക്കും ബുദ്ധിമുട്ട്
ഇണ്ടാക്കാതെ. അയാൾ ഭാര്യയെ കുറിച്ച് ഓർത്തു ഭാഗ്യവതി ആർക്കും ബുദ്ധിമുട്ട് ഉണ്ടാക്കാതെ നേരത്തെ പോയി. കട്ടൻ കാപ്പിയും കുടിച്ചു കഥകൾ പറഞ്ഞിരുന്ന് എത്ര മഴ
കണ്ടിട്ടുണ്ട്, അതൊക്കെ ഒരു കാലം. കർക്കിടകം പെയ്തിറങ്ങിയ പട്ടിണി കാലം. കാശിനു ദാരിദ്ര്യം ഉണ്ടായിരുന്ന, കപ്പയും ചേമ്പും ചേനയും, താളും തകരയും കൊണ്ടു വിശപ്പു
അടക്കിയിരുന്ന കാലം. ഇപ്പോൾ എന്നും കർക്കിടകം ആണ്. മഴയോട് മഴ. നാരായണന് വല്ലാത്ത തണുപ്പ് തോന്നി. പുതച്ചിരിക്കുന്ന കമ്പിളി വീട് വീടാന്തരം വിൽപ്പനക്ക് വരുന്ന
ഹിന്ദിക്കാരോട് ഭാര്യ വിലപേശി വാങ്ങി തന്നതാണ്. അത് പുതക്കുമ്പോൾ അവളുടെ ചൂട് കൂടെ ഉള്ളത് പോലെ.
മുറ്റത്തു എന്താണ് ഒരു അനക്കം നാരായണൻ സൂക്ഷിച്ചു നോക്കി, ഒരു പോത്ത് ആണല്ലോ ഇതിപ്പോൾ എവിടുന്നു കയറും പൊട്ടിച്ചു വന്നു. പെട്ടെന്ന് ഒരാൾ മുൻപിലേക്ക് കയറി വന്നു. നാരായണൻ ഒന്ന് ഞെട്ടി. ആരാ , ശബ്ദത്തിന് ഒരു വിറയൽ ഞാനാ നാരായണാ കാലൻ, കാലൻ നനഞ്ഞു കുളിച്ച് ഇറയത്തേക്ക് കയറി. ൻ്റെ സമയം ആയി അല്ലേ എന്നാൽ വൈകണ്ട പോകാം നാരായണൻ തിരക്ക് കൂട്ടി. നിങ്ങടെ സമയം ഒന്നും ആയിട്ടില്ല ഞാൻ വേറൊരു വഴിക്കു പോകുവാരുന്നു. ഒടുക്കത്തെ മഴ അപ്പോളാ നിങ്ങളെ കണ്ടത് ഇങ്ങോട്ട് ഒന്ന് കയറി എന്നേ ഉള്ളു, ഈ പോത്തിനെ മാറ്റി ഒരു കാർ വാങ്ങി കൂടെ? നനയണ്ടല്ലോ? ഉവ്വാ, പെട്രോൾ വിലയെ കുറിച്ച് വല്ല ധാരണയും ഉണ്ടോ, കാറ് പോയിട്ട് ഒരു റെയിൻ കോട്ട് വാങ്ങാൻ സമ്മതിക്കുന്നില്ല, പിന്നല്ലേ, പണി എടുത്തു ഞാൻ മടുത്തു. രാവ് എന്നില്ല പകലെന്നില്ല, ഇതിലും ഭേദം വല്ല കോർപറേറ്റ് കമ്പനിയിലും ജോലിക്ക് കയറുന്നതാണ്. ശമ്പളം ഒക്കെ കൃത്യമായിട്ട് തരുമോ കൂടുതൽ സമയം ജോലി ചെയ്താൽ എന്തോ കിട്ടുമല്ലോ ഇവിടെ പിള്ളേര് പറയുന്ന കേൾക്കാം ഓവർ ടൈം ആണോ? ഇത്ര നാളത്തെ കണക്ക് കൂട്ടിയാൽ സ്വർഗം തന്നെ എനിക്ക് എഴുതി തരേണ്ടി വരും സുനാമിയും വെള്ളപ്പൊക്കവും, കോറോണയും ഒക്കെ വന്നപ്പോൾ ഒരു റസ്റ്റ് ഇല്ലാതെ ഡ്യൂട്ടി അല്ലാരുന്നോ, ഇനി ആ ഡാം എങ്ങാനും പൊട്ടിയാൽ പണിയെടുത്തു ഞാൻ മരിക്കും ഡാം പൊട്ടുമോ, നാരായണൻ വേവലാതിയോടെ ചോദിച്ചു, T.V. കാണാൻ വന്നിരിക്കാറില്ല എങ്കിലും മുറിയിലിരുന്നു വാർത്തകൾ കേൾക്കാറുണ്ട് നാരായണൻ.
ഡാം പൊട്ടും എന്നും പൊട്ടില്ല എന്നും ഒക്കെയുള്ള ചാനൽ ചർച്ചകളും കേൾക്കാറുണ്ട് തൊണ്ണൂറ്റി ഒൻപതിലെ വെള്ളപ്പൊക്കത്തെ പോലും അതിജീവിച്ച വീടാണ് ഇത് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് അപ്പൻ ഒന്ന് പുതുക്കി പണിതു, ഈ വീടും,വീട്ടുകാരും എല്ലാം വെള്ളത്തിനു അടിയിൽ ആകുമല്ലോ ദൈവമേ ഡാം പൊട്ടുമോ? എന്തേലും അറിയാമോ?
ഡാം പൊട്ടിയേക്കാം, ആ ചിത്രഗുപ്തൻ ഉണ്ടല്ലോ ലിസ്റ്റ് അന്നന്നേക്ക് ഉള്ളതെ തരു. അതുകൊണ്ട് ഒന്നും അറിയാൻ പറ്റില്ല. പക്ഷെ കൂടുതൽ ആളുകളെ അക്കോമഡേറ്റ് ചെയ്യാനുള്ള
ഒരുക്കങ്ങൾ ഒക്കെ അവിടെ നടക്കുന്നുണ്ട് എല്ലാം രഹസ്യം ആണെന്നേ പിന്നെ ഒരു കണക്കിന് നന്നായി കൊറോണയും വെള്ളപ്പൊക്കവും എല്ലാം കൂടി വന്നപ്പോൾ മനുഷ്യൻ നട്ടം തിരിയുക അല്ലേ, കാശ് ഉള്ളവൻമാര് ആണെങ്കിൽ അതും കെട്ടിപ്പിടിച്ചു ഇരിക്കുന്നു. ചത്താൽ ഒന്നും കൂടെ കൊണ്ടു വരാൻ ഞാൻ സമ്മതിക്കുകയും ഇല്ല പിന്നെ എന്തിനാണോ ഈ ആക്രാന്തം. വിശന്നിട്ടാണെൽ എനിക്ക് കണ്ണ് കാണുന്നില്ല, TA, DA, ഒക്കെ പഴയ പോലെ തന്നെ ആണെന്നേ ഇപ്പോളും തരുന്നത്. സാധനങ്ങൾക്ക് ഒക്കെ തീ വില ആയതു അവിടുള്ളോർക്കു അറിയണ്ടല്ലോ, ഇവിടെ ജീവിക്കുന്നവരെ സമ്മതിക്കണം പാവപ്പെട്ടവർ ഒക്കെ എങ്ങനെ ജീവിക്കും വെറുതെ ആണോ ഇവിടെ ഇത്രയും രാഷ്ട്രീയക്കാർ പെരുകുന്നത്, മഴ കുറയുന്നില്ലല്ലോ നാരായണാ.
അപ്പോൾ ആണ് നാരായണൻ ഒരു കാര്യം ഓർത്തത്. ഒന്ന് ചോദിച്ചു നോക്കാം, അതേ എൻ്റെ ഭാര്യയെ കുറെ നാൾ മുൻപ് കൊണ്ടുപോയിരുന്നല്ലോ അവൾക്കു അവിടെ സുഖം ആണോ കാലൻ ഒന്ന് ആലോചിച്ചു, ഓ, ഞാൻ ഓർക്കുന്നു വാസന്തി എഴുപതു വയസ്സ്, സുഖം ആണോ എന്ന് അറിയണേൽ ചിത്രഗുപ്തനോട് ചോദിക്കണം. ഞാൻ ഒന്ന് വിളിച്ചു നോക്കാം കാലൻ മൊബൈൽ എടുത്തതും നാരായണേട്ടൻ പോലും ചിരിച്ചു പോയി. ഇതിനു നിങ്ങളെക്കാൾ പഴക്കം ഉണ്ടല്ലോ? കിട്ടിയ സമയത്ത് നാരായണൻ കാലനെ ഒന്ന് കളിയാക്കി. പിന്നല്ലേ ഒരു ആൻഡ്രോയ്ഡ് ഫോൺ വാങ്ങി തരാൻ എത്ര നാളായി പറയുന്നു. കേൾക്കണ്ടേ ഡ്യൂട്ടിക്ക് ഇടയിൽ ഞാൻ പബ്ജി കളിച്ചുസമയം കളയും പോലും… അസൂയ അല്ലാതെ എന്താ? എനിക്ക് ഫീൽഡ് വർക്ക് ആയതുകൊണ്ട് സുഖം ആണെന്നാ അവരുടെ വിചാരം. ഫ്രീഡം കിട്ടുമെന്ന്. ആ ബെല്ലുണ്ട്.ഹലോ…. പിന്നെ സംസാരിച്ചത് ഒന്നും നാരായണന് മനസ്സിലായില്ല. ഇത് എന്തു ഭാഷ ? കാലൻ ഫോൺ വച്ചതും നാരായണൻ ചോദിച്ചു. ഇതാണ് ഞങ്ങൾ അവിടെ സംസാരിക്കുന്നത്. സംസ്‌കൃതം, ദേവഭാഷ ആണ്. ചിത്രഗുപ്തൻ ഇത് മാത്രമേ സംസാരിക്കു. പിന്നെ നിങ്ങളുടെ ഭാര്യ നിങ്ങൾ ചെല്ലുന്നതും കാത്തു സുഖം ആയി ഇരിക്കുന്നു. നിങ്ങളോട് പറയാൻ ഒരു കാര്യം പറഞ്ഞിട്ടുണ്ട്. മരിക്കുന്ന അന്ന് കുളിക്കാൻ പോയപ്പോൾ കഴുത്തിൽ കിടന്ന അഞ്ചു പവൻ്റെ മാല ഊരി നിങ്ങളുടെ മുറിയിലെ ഭിത്തിയിലെ ഭഗവാൻ്റെ ഫോട്ടോയുടെ പുറകിൽ വച്ചിട്ടുണ്ട് എന്ന്.
മഴ കുറയുന്ന ലക്ഷണം ഇല്ല, നിന്നാൽ ശരിയാവില്ല, ഞാൻ പോട്ടെ നാരായണാ കാലൻ മുറ്റത്തു നിന്ന വാഴകൈ ഒന്ന് വെട്ടി എടുത്തു, കാലൻ്റെ പോത്തു നാവു നീട്ടിയെങ്കിലും മൈൻഡ് ചെയ്യാതെ തലക്കു മുകളിൽ ചൂടി കൈ വീശി കാലൻ യാത്ര പറഞ്ഞു.
അന്ന് ആദ്യമായി നാരായണന് ഭാര്യയോട് ദേഷ്യം തോന്നി. മൂധേവി അവള് കാരണം എന്തെല്ലാം അപമാനം സഹിച്ചു. കളിക്കൂട്ടുകാരി ആയിരുന്ന കല്യാണി ഭർത്താവ് മരിച്ചു രണ്ടു മക്കളുമായി ദുരിതം അനുഭവിക്കുന്ന കണ്ടപ്പോൾ സഹായിക്കാറുണ്ടായിരുന്നു എന്നത് നേര്. അതിനു ഈ നാട്ടുകാർ എന്തൊക്കെ അപവാദങ്ങൾ ആണ് പറഞ്ഞുണ്ടാക്കിയത്. വാസന്തി മരിച്ചു കഴിഞ്ഞു മാല കാണാതായപ്പോൾ മക്കളും മരുമക്കളും എല്ലാം പറഞ്ഞു താൻ എടുത്തു കല്യാണിക്ക് കൊടുത്തത് ആണെന്ന്. എന്നിട്ടിപ്പോ.. ഏതായാലും മരിക്കും മുൻപ് സത്യം തെളിഞ്ഞല്ലോ അത് മതി. നാരായണൻ ആശ്വസിച്ചു.
ഒരു ബീഡി കാലനും കൊടുക്കേണ്ടത് ആയിരുന്നു. അതെങ്ങനെ ആകെ രണ്ടെണ്ണം ആണ് അവൻ തന്നത്. ഒരെണ്ണം വലിച്ചു തീർത്തു. മറ്റേത് മുറിയിൽ ഒളിപ്പിച്ചു
വച്ചിരിക്കുകയാണ്. വിരൽ നീട്ടിയാൽ അറ്റ് പോകും പോലെ മഴ വെള്ളം. പേടിപ്പിക്കുന്ന ഇടി മുഴക്കവും മിന്നലും. ഇതിന് ഒരു അവസാനം ഇല്ലേ, പേടിയോടെ
അയാൾ എഴുന്നേറ്റു. ദൈവമേ ഡാം എങ്ങാനും പൊട്ടുമോ നാരായണൻ വീടിനു അകത്തേക്ക് ഓടി കയറി ഉറക്കെ വിളിച്ചു. എടാ കൃഷ്ണൻകുട്ടി, ശേഖരാ, വേഗം
എഴുന്നേൽക്കെടാ അച്ചൻ്റെ വിളിയും ഒച്ചപ്പാടും കേട്ട് മക്കൾ എല്ലാം ചാടി എഴുന്നേറ്റു എല്ലാ മുറികളിലും ലൈറ്റ് തെളിഞ്ഞു. ഉറക്കച്ചടവോടെ എല്ലാവരും ഓടി വന്നു
എന്താ അച്ചാ എന്തു പറ്റി, മക്കൾ ഒന്നിച്ചു ചോദിച്ചു, എടാ ഡാം പൊട്ടുമെന്ന്…. ആരു പറഞ്ഞു.? ഞെട്ടലോടെ ഇളയ മകൻ ചോദിച്ചു.
കാലൻ, കാലൻ പറഞ്ഞു. അച്ഛനെന്താ വട്ടായോ? വട്ടു നിൻ്റെ അപ്പന്, അത് മാത്രമല്ല നിൻ്റെ അമ്മയുടെ കാണാതെ പോയ അഞ്ചു പവൻ്റെ മാല ഇല്ലേ അത്
ഞങ്ങളുടെ മുറിയിലെ ഫോട്ടോയുടെ പുറകിൽ ഉണ്ടെന്നു പറഞ്ഞു. കേട്ട പാതി കേൾക്കാത്ത പാതി മക്കൾ അങ്ങോട്ട് പാഞ്ഞു. ഫോട്ടോയുടെ പുറകിൽ
നിന്നും മാല എടുത്ത മകൻ ഞെട്ടി അതെ ഇത് അത് തന്നെ അമ്മയുടെ മാല. അവൻ്റെ നെഞ്ചിൽ ഒരു വിങ്ങൽ ഉടക്കി. ബാക്കി ഉള്ളവരും സ്‌തംഭിച്ചു നിൽപ്പാണ്.
കാലൻ പറഞ്ഞു എന്നത് അവർക്ക് അത്ര ദഹിച്ചില്ല എങ്കിലും അച്ഛനെ കുറ്റപ്പെടുത്തിയതും അപമാനിച്ചതും ഓർത്തു അവർക്കു വിഷമം തോന്നി. മാലയുമായി എല്ലാവരും
മുറിക്കു പുറത്തു ഇറങ്ങിയപ്പോൾ ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യമേ അല്ല എന്ന മട്ടിൽ രാവിലെ കിട്ടിയ രണ്ടു ബീഡികളിൽ ഒന്ന് ഒളിപ്പിച്ചു വച്ചതു എവിടെ ആണെന്ന് ഓർമ കിട്ടാതെ നാരായണൻ തപ്പി നോക്കി കൊണ്ടിരുന്നു.
– സുജ പാറുകണ്ണിൽ