കുറച്ചുനാളായി യശോദ ജോലി ചെയ്യുന്നത് ത്രിവിക്രമൻ പിള്ളയുടെ ഫ്ലാറ്റിലാണ്. സർക്കാർ ഉദ്യോഗസ്ഥരായ ദമ്പതികൾ മാത്രം താമസിക്കുന്ന ഫ്ലാറ്റിൽ യശോദയ്ക്കു പരമസുഖം ആണ്. രാവിലെ എട്ടുമണിക്ക് എത്തിയാൽ വൈകുന്നേരം ചായയും കുടിച്ച് രാത്രിയിലേക്കുള്ള ഭക്ഷണവും പൊതിഞ്ഞുകെട്ടി വീട്ടിലേക്ക് പോകാം. നല്ല ശമ്പളവും നാലു നേരത്തെ ഭക്ഷണവും വിദേശത്തുനിന്ന് മക്കൾ വരുമ്പോൾ നല്ല ടിപ്പും കിട്ടും. അപ്പോഴാണ് എല്ലിൻ്റെ ഇടയിൽ യശോദയ്ക്കു വറ്റു കുത്തിയത്. ഞാൻ ഇല്ലെങ്കിൽ ഈ വീട് സ്തംഭിക്കും എന്ന് നന്നായി അറിയാവുന്ന യശോദ മുന്നറിയിപ്പ് ഒന്നുമില്ലാതെ ഒരു ദിവസം ഒറ്റമുങ്ങൽ. മൂന്നാല് ദിവസം യശോദയെ കാണാതാകുമ്പോൾ ദമ്പതികൾ അന്വേഷിച്ചു വരുമെന്നും അതോടെ ശമ്പളവർദ്ധനവ് ആവശ്യപ്പെടാം എന്നൊക്കെയുള്ള കണക്കുകൂട്ടലുകൾ ഒക്കെ തെറ്റിച്ച് ഒരു മാസമായിട്ടും ആരെയും കാണാത്തത് കൊണ്ട് അന്വേഷിച്ച് ഇറങ്ങിയതാണ് യശോദ.
“ഇനി നിങ്ങളുടെ സേവനം ഇവിടെ ആവശ്യമില്ല. ശമ്പള ബാക്കിയും വാങ്ങി സ്ഥലംവിട്ടോ, ഞങ്ങളെ സഹായിക്കാൻ ഇനി ആപ്പുകൾ മതി” എന്ന ത്രീവിക്രമൻ പിള്ളയുടെ ഉഗ്ര ശാസന കേട്ട് യശോദ പകച്ചുപോയി.
ത്രിവിക്രമൻ പിള്ളയും സരോജിനി അമ്മയും യഥാക്രമം മൃഗസംരക്ഷണ വകുപ്പിൽ നിന്നും കൃഷി വകുപ്പിൽ നിന്നും വിരമിച്ചു തിരുവനന്തപുരത്ത് വിശ്രമജീവിതം നയിക്കുന്ന ദമ്പതിമാരാണ്. സ്വന്തം നാട് ഇതല്ല എങ്കിലും ചെറുപ്പത്തിലെ ഇവിടെ വന്ന് സ്വന്തം നാടിനേക്കാൾ ശ്രീപത്മനാഭൻ്റെ നാടിനെ സ്നേഹിക്കുന്ന വരാണിവർ. മക്കളൊക്കെ വിദേശവാസികൾ.
അടുത്തകാലത്ത് കൂടുതൽ സുരക്ഷിതരായിരിക്കാനും മക്കൾക്ക് മനസ്സമാധാനം കൊടുക്കാനും വേണ്ടി രണ്ടു പേരും കൂടി മക്കൾ വാങ്ങിക്കൊടുത്ത ഒരു ഫ്ലാറ്റിലേക്ക് താമസം മാറ്റി. അതിരാവിലെ പ്രഭാതസവാരി, ശ്രീപത്മനാഭസ്വാമി ക്ഷേത്രദർശനം, മാസാമാസം ഉള്ള ഡോക്ടറുടെ ചെക്കപ്പ്, പത്രം വായന, സീരിയലു കാഴ്ച അങ്ങനെ യാതൊരു ടെൻഷനുമില്ലാതെ ജീവിതം സുഗമമായി മുന്നോട്ടു പോകുമ്പോഴാണ് യശോദയുടെ പിന്മാറ്റം. കെറ്റിലിൽ കട്ടൻ കാപ്പി ഉണ്ടാക്കാൻ അല്ലാതെ സരോജിനി അമ്മയ്ക്ക് പണ്ടേ അടുക്കള പണിയൊന്നും അത്ര നിശ്ചയം ഇല്ല. ഒരാഴ്ചയോളം സമയാസമയങ്ങളിൽ ഹോട്ടലിൽ പോയി ഭക്ഷണം കഴിച്ചു എങ്കിലും അതൊക്കെ വലിയ മിനക്കേട് ആയി തോന്നി പിന്നീട്.
അപ്പോഴാണ് അടുത്ത ഫ്ലാറ്റിലെ ടെക്കി പിള്ളേരുടെ ഉപദേശം കിട്ടിയത്. “അങ്കിൾ ഈ ആപ്പ് മൊബൈലിൽ ഡൗൺലോഡ് ചെയ്താൽ മതി “എന്ന്. വിദേശത്തുനിന്ന് മകൾ ഒരു സ്മാർട്ട് ഫോൺ വാങ്ങി കൊടുത്തിരുന്നു എങ്കിലും ഉപയോഗിക്കാൻ അറിഞ്ഞുകൂടാത്തത് കൊണ്ട് പാക്കറ്റ് പോലും പൊട്ടിക്കാതെ ഇരിപ്പുണ്ടായിരുന്നു. അതെടുത്ത് പൊട്ടിച്ച് പുതിയ സിം കാർഡ് ഇട്ടു. വെറ്റിലയിൽ ചുണ്ണാമ്പു തേക്കുന്നത് പോലെ ആ ഫോൺ ഉപയോഗിക്കാനും പഠിച്ചു. വാട്സാപ്പും ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും എല്ലാം ഡൗൺലോഡ് ചെയ്തു കൊടുത്തു ടെക്കി പിള്ളേര്. ‘ഊബർ ഈറ്റ്സ്’, ‘ഒല’, ‘സ്വിഗ്ഗി’ ‘സൊമാറ്റോ’, ‘ഫുഡ് പാന്റ’ ഇവരെയൊക്കെ ഒറ്റയടിക്ക് ഡൗൺലോഡ് ചെയ്തു.കട്ടൻകാപ്പി മുതൽ തിരിഞ്ഞു കടിക്കാത്ത എന്തും ഈ മൊബൈലിൽ കുത്തിയാൽ നിമിഷങ്ങൾക്കകം ഡെലിവറി ഏജന്റ്സ് ഫ്ലാറ്റിൽ എത്തിക്കും. പിസയോ, ബർഗറോ, കൊഴുക്കട്ടയോ, അടയോ അങ്ങനെ എന്തും ചൂടാറുന്നതിനു മുമ്പ് എത്തും. ഇനി എന്ത് വേണം!
അപ്പോൾ തന്നെ ലാൻഡ് ഫോൺ ക്യാൻസൽ ചെയ്തു ത്രീവിക്രമൻ പിള്ള.
തൻറെ സ്ഥാനം കൈയടക്കിയ സ്വിഗ്ഗിയെയും പാണ്ഡെയെയും പ്‌രാകി യശോദ ഫ്ലാറ്റിൻറെ മുമ്പിലുള്ള സെക്യൂരിറ്റിയോട് ചോദിച്ചു.”എന്തിര് അപ്പി ഈ ആപ്പ്? “
“വോ!!! അതൊരു മൊബീല് കളി ചാച്ചി. അഴുക്ക പയലുകള് മനുഷ്യന് ഒരു മിന്നറ്റ് സ്വസ്ഥത തരൂല. കഴുത്തില് ഒരു കയറും കെട്ടിത്തൂക്കി വായൂളിക വേടിക്കാൻ പായണ പോലെ യേത് സമയവും വരും. എനിക്കിപ്പോ രാത്രീന്നില്ല പകലെന്നില്ല യേതുനേരവും ഗേറ്റ് അടയ്ക്കക്കവും തുറക്കക്കവും തന്നെ പണി. മറ്റത് രാവിലെ ഒമ്പതുമണിയോടെ ഗേറ്റ് അടച്ചാൽ പിന്നെ സ്കൂൾ വിടുന്ന സമയം വരെ ഞാൻ ഇള്ളോളം റസ്റ്റ് എടുക്വായിരുന്നു. എനിക്ക് പണി കൂടി. ഈ മൊബീല് കാരണം എന്തിര് ചാച്ചി, ചാച്ചിയ്ക്കും എട്ടിൻ്റെ പണി കിട്ടിയാ? എന്ന്” സെക്യൂരിറ്റി.
ആപ്പുകൾ ശരിക്കും ആപ്പു വെച്ചത് ഇവർക്കൊക്കെ ആണെന്ന് തോന്നുന്നു. “ഞാനും എൻറെ ഭാര്യയും കിണർ നിറയെ കള്ളും” എന്നത് മാറി ഇപ്പോൾ “ഞാനും എൻറെ ഭാര്യയും നിറയെ ആപ്പ് ഉള്ള മൊബൈലും” എന്നായി മാറി.
– മേരി ജോസി മലയിൽ, തിരുവനന്തപുരം.