കണ്ണേട്ടാ….”കാതിൽ പതിഞ്ഞ ആ സ്വരം കേട്ട് ആ കണ്ണുകൾ ഇറുക്കിയടച്ചപ്പോൾ, ചെമ്പകവാസനയുമായി വരുന്ന കാറ്റിനൊപ്പം വന്ന രാത്രിമഴയുടെ നീർത്തുള്ളികൾ കവിളിൽ ചാലുകൾ നീർത്തൊഴുകിയ മിഴിനീരിനെ മുഖത്ത് നനച്ചു. അനുവാദമില്ലാതെ അകത്തേക്ക കടക്കുന്ന കാറ്റിന് തടയിട്ടുകൊണ്ട് ജനൽപാളികൾ ചേർത്ത് മുഖത്തിന് ഗൗരവമേകുന്ന കട്ടിക്കണ്ണട മേശമേൽ വെച്ച് അയാൾ കട്ടിലിനരികിലേക്ക് നടന്നു. കിടന്ന് കുറച്ചുനേരം കഴിഞ്ഞിട്ടും പുൽകാൻ വിസമ്മതിച്ചു നിൽക്കുന്ന നിദ്രയ്ക്ക് പകരം ഓർമ്മകൾ അതിലേക്ക് ചേക്കേറി. മനസ് പല വർഷങ്ങൾ പിന്നോട്ട് പാഞ്ഞു.
ഇരുപത്തിയഞ്ചാം വയസിലായിരുന്നു അധ്യാപകനായി നാട്ടിലെ തന്നെ വിദ്യാലയത്തിൽ പ്രവേശിച്ചത്. ആറ് തലമുറക്ക് സുഖമായി ജീവിക്കാനുള്ള സമ്പാദ്യമുള്ളപ്പോൾ എന്തിനാ തുച്ഛവരുമാനമുള്ള ഉ ദ്യോഗം പിന്നെന്തിനാ എന്ന അച്ഛൻ്റെ ചോദ്യത്തെ തടുത്താണ് താൻ ജോലിക്ക് പ്രവേശിച്ചത്. മനസിനേറെ പ്രിയപ്പെട്ട അധ്യാപനവുമായി നാളുകൾ കഴിക്കുമ്പോഴാണ് ഒരിക്കൽ.. ഹെഡ്മാസ്റ്ററിൻ്റെ മുറിക്ക് മുന്നിൽ നിൽക്കുന്ന പെൺകുട്ടിയെ കണ്ടാണ് അന്നാണെന്ന് അതുവഴി പോയ ലക്ഷ്മി ടീച്ചറോട് ചോദിച്ചത്. “ഓഹ്, അതിവിടെ തൂക്കാൻ വരുന്ന കുട്ടിയാ മാഷേ കൂലിവാങ്ങാനായി നിൽക്കാവും. ബെല്ലടിച്ചതും അത്രയും പറഞ്ഞു നിറുത്തി ടീച്ചർ ക്ലാസിലേക്ക് പോയി. പിന്നീടൊരിക്കൽ ക്ലാസ് കഴിഞ്ഞിറങ്ങിയപ്പോഴാണ് തൂത്തു കൊണ്ടിരുന്ന അവളെ കണ്ടത്. മെലിഞ്ഞുണങ്ങിയ രൂപം. ഇരുനിറം എങ്കിലും ഐശ്വര്യം നിറഞ്ഞ മുഖം. ഒറ്റനോട്ടത്തിൽ തന്നെ എന്തോ ഒന്ന് അവളിലേക്ക് ആകർഷിക്കുന്നതായി തോന്നി പെട്ടന്ന് തന്നെ കണ്ടതും മെടഞ്ഞ് ഇട്ടിരിക്കുന്ന നീണ്ട മുടി പിന്നിലേക്കിട്ട് ചൂലുമെടുത്ത് അവൾ അവിടെ നിന്നും നടന്നകന്നു.
ഏയ്, കുയിലി !” വിളികേട്ട് ആ ഭാഗത്തേക്ക് നോക്കി. ആ വിദ്യാലയത്തിൽ കുട്ടികൾക്ക് ഭക്ഷണമുണ്ടാക്കാനെത്തുന്ന രമ ചേച്ചിയായിരുന്നു. അവളെ അടുത്തേക്ക് വിളിച്ചു എന്തോ കൊടുക്കുന്നത് കണ്ടു. കുയിലി ! ചുണ്ടിൽ വിരിഞ്ഞ ചിരിയോടെ ആ പേര് ഉച്ചരിച്ചു. അവൾ അവിടെ നിന്നും പോയിക്കഴിഞ്ഞതും അങ്ങോട്ടേക്ക് നടന്നു.
അത് ഇവിടെ തൂക്കാൻ വരുന്ന കുട്ടിയല്ലേ ചേച്ചി രമചേച്ചിയോട് ചോദിച്ചു. ” അത് മാഷേ.. പള്ളിക്കൂടത്തിന് കുറച്ച് മാറി ഒരു കുടിലില്ലേ അവിടെയാ താമസം..തൻ്റെ മുഖത്തെ ആകാംക്ഷ കണ്ടിട്ടാകണം ചേച്ചി തുടർന്നു. “കുയിലീന്നാ പേര്..
ഇരുപത്തൊന്ന് വയസ്സൊള്ള പെങ്കൊച്ചാ മാഷേ പക്ഷെ കണ്ടാ പറ യോ.” തനിക്കത് അദ്ഭുതമായിരുന്നു. “ ജനിച്ചപ്പഴേ അമ്മ മരിച്ചു. അപ്പന് കള്ള് ഷാപ്പിലായിരുന്നു ജോലി കഴിഞ്ഞാഴ്ച പാമ്പ് കടിച്ച് അയാളും പോയി. ഇപ്പൊ ആ കൊച്ചും അച്ഛമ്മം മാത്രമ ഇവിടെ തൂത്ത് കിട്ടുന്ന കൂലിയില കഴിയണേ . പിന്നെ ഇവിടെ ചോർ വല്ലതും മിച്ചം വരന്നുണ്ടേൽ ഞാനങ്ങ് പൊതിഞ്ഞു കൊടുക്കും.” ചേച്ചി പറഞ്ഞ് നിർത്തി –
ഇത്രയും വേദന ഉള്ളിലൊതുക്കിയവൾ ആണ് എന്ന് കരുതിയില്ലായിരുന്നു. എന്നാൽ സഹതാ പത്തിന് അപ്പുറം അവളോടൊരിഷ്ടം തോന്നുന്നത് താനറിയുന്നുണ്ടായിരുന്നു. പിന്നെ രണ്ടാഴ്ച വിദ്യാലയത്തിലെത്താൻ കഴിഞ്ഞില്ല. ചേച്ചിയുടെ വിവാഹത്തിരക്കുകളായിരുന്നു. പിന്നീട് ചെന്നപ്പോൾ തൻ്റെ കണ്ണും ആദ്യം തേടിയ കുയിലിയെയിരുന്നു. എന്നാലവളെ കാണാത്തത് കൊണ്ടാണ് രമ ചേച്ചിയോട് ചോദിച്ചത്.
അതിൻ്റെ അച്ഛമ്മേം മരിച്ചു മാഷേ, കഴിഞ്ഞാഴ്ച ആയിരുന്നു. തങ്ങൾ കുറച്ച് പേര് ഇവിടുന്ന് നിന്നും പോയിരുന്നു. മാഷിവിടെ ഇല്ലായിരുന്നല്ലോ. താൻ ഞെട്ടി പ്പോയി . അവളുടെ അവസ്‌ഥ ഓർത്തു ഹൃദയം വിങ്ങി . അന്ന് വൈകുന്നേരം ക്ലാസ് കഴിഞ്ഞിറങ്ങിപ്പോൾ അവളുടെ കുടിലിന് മുന്നിൽ നിന്നെങ്കിലും അങ്ങോട്ടേക്ക് നടക്കുന്നതിൽനിന്ന് എന്തോ പിന്നോട്ട് വലിക്കുന്നുണ്ടായിരുന്നു. അല്ലെങ്കിലും താനെന്ത് പറഞ്ഞവൾക്ക് തന്നെ പരിചയപ്പെടുത്തും…? പിന്നെ ഈ സമയത്ത് താനവിടേക്ക് പോയാൽ കഥകൾ പറക്കാൻ അധികം സമയം വേണ്ട – കാലുകൾ മുന്നോട്ട് ചലിച്ചു.
അടുത്തദിവസം അവൾ വിദ്യാലയത്തിലേക്ക് വന്നു. ആ മിഴികളിൽ ദുഃഖം ഇരുണ്ടു കൂടിയിരുന്നു. കുയിലീന്ന് വിളിച്ച് അവൾക്കരികിലേക്ക് നടന്നപ്പോൾ അമ്പരപ്പു നിറഞ്ഞ മുഖമോടെ നോക്കുന്നുണ്ടായിരുന്നവൾ. “ഞാനിവിടെ ആറാം തരത്തിൽ പഠിപ്പിക്കുന്ന മാഷാണ്.അവൾ തലകുലുക്കി. കൂടുതലൊന്നും പറയാനില്ലാത്തത് കൊണ്ട് തന്നെ കൈയ്യിൽ കരുതിയ പൊതി അവളുടെ കൈയ്യിലേൽപിച്ചു. കുറച്ച് കാശാണ് വെച്ചോ എന്ന് മാത്രം പറഞ്ഞു. അവൾ വേണ്ടെന്ന് പറഞ്ഞാലോ എന്നു കരുതി പെട്ടെന്ന് തന്നെ തിരികെ നടന്നു.
കുറച്ച് ദിവസങ്ങൾക്ക് ശേഷം പുസ്തകശാലയിൽ പോയി തിരികെ വരുമ്പോഴായിരുന്നു വഴിയിൽ വെച്ച് രണ്ടു മൂന്നു പേര് എന്തോ പറഞ്ഞ് ചിരിക്കുന്നത് കണ്ടത്. കുറച്ച് കൂടി മുന്നിലെത്തിയപ്പോഴാണ് ഒരു വശത്തായി തലകുനിച്ച് നിൽക്കുന്ന അവളെ കണ്ടത്. പെട്ടന്ന് കൂട്ടത്തിലൊരുവൻ്റെ കൈ അവൾക്ക് നേരെ നീങ്ങിയതും പൊന്തിവന്ന ദേഷ്യത്തോടെ താനവർക്കു നേരെ പാഞ്ഞു.. “വിടെടാ അവളെ ..” തൻ്റെ ശബ്ദം കേട്ട് അവന്മാർ ഓടിയകന്നു.
നന്ദിയോടെ നോക്കുന്ന അവളുടെ കൈകളെ പിടിച്ച് കണ്ട് മുന്നോട്ട് നടന്നു. അവൾ അമ്പരന്ന് നോക്കുന്നത് കണ്ട് കൈ അയച്ചു. “എടോ ഇനിയാരെങ്കിലും ശല്ല്യപ്പെടുത്താൻ വന്നാൽ ഇത് കാണിച്ച് വിരട്ടിയേക്കണം കേട്ടോ”. കൈ വശമുണ്ടായിരുന്ന പേനാ കത്തി അവൾക്ക് നൽകി. വാങ്ങാൻ മടിച്ചു നിന്നപ്പോൾ ബലമായവളുടെ കയ്യിൽഅതേൽപ്പിച്ചു. അവൾ കുടിലിൽ കയറി വാതിലടച്ച് കഴിഞ്ഞിട്ടാണ് താൻ തിരികെ മടങ്ങിയത്.
“എന്തിനാ മാഷേ ഇതൊക്കെ ഏന് ? പിന്നൊരിക്കൽ കുറച്ച് പൈസ നൽകാൻ പോയപ്പോഴായിരുന്നു അവള് ചോദിച്ചത്. ഒരു നിമിഷം മൗനമായി നിന്നു. ” ടോ.. എനിക്ക് തന്നെ ഇഷ്ടമാണ്..ശ്വാസമെടുക്കാതെ ആണ് ഇത് പറഞ്ഞ് തീർന്നത്. പെട്ടെന്നിങ്ങനെ കേട്ടതും അവൾ വല്ലാതായി. വേണ്ട മാഷേ… ഇത്തരം ചിന്തകളൊന്നും വേണ്ട, അതും എന്നെ പോലെയൊരു പെണ്ണിനോട്.” ആ പൊതി തനിക്ക് തിരികെ നൽകി വേഗത്തിൽ തിരിഞ്ഞ് നടന്നു. “എടോ വെറുതെ പറഞ്ഞതല്ല. ഒരുപാടാലോചിച്ചെടുത്ത തീരുമാനം ആണ്. ഒരിക്കലും ഇതിൽ നിന്ന് ഞാൻ പിന്മാറില്ല. തന്നെ ഞാൻ വിവാഹം ചെയ്തിരിക്കും” ഒരുനിമിഷം അവൾ നിശ്ചലമായി പെട്ടെന്ന് തന്നെ തൻ്റെ കൺമുന്നിൽ നിന്നും ഓടി മറഞ്ഞു അവൾ.
പിന്നെ കുറച്ച് ദിവസം കടുത്ത പനി കാരണം വിദ്യാലയത്തിൽ എത്താൻ കഴിഞ്ഞില്ല. അപ്പോഴും ചിന്ത അവളെ പറ്റി തന്നെയായിരുന്നു. ഇനിയവൾ തനിക്ക് മുന്നിൽ വരില്ലേ..? എന്ന് ഭയപ്പെട്ടു. പനിയൊക്കെ ഭേദമായി വിദ്യാലത്തിലെത്തി. വൈകുന്നേരം ആയിട്ടും അവളെ താൻ കണ്ടില്ല. അന്ന് വീട്ടിലേക്ക് പോകും വഴി അവളുടെ കുടിലിലേക്ക് നോക്കി. അത് അടച്ചിട്ടിരി ക്കുകയായിരുന്നു. കണ്ണുകൾ നിറഞ്ഞ് വന്നു. “മാഷേ “വിളികേട്ട് പെട്ടെന്ന് തിരിഞ്ഞ് നോക്കി മുന്നിൽ നിൽക്കുന്ന അവളെ കണ്ട് കണ്ണുകൾ തിളങ്ങി.
“വിശ്വസിക്കാല്ലോ അല്ലേ..? ഒടുവിൽ എന്നെ പറ്റിക്കില്ലല്ലോ..”നിഷ്കളങ്കതയോടെ ചോദിക്കുന്നവളെ ചേർത്തു പിടിച്ചു. “ഇല്ലെടോ, എനിക്ക് ജീവനുള്ള നാൾ വരെ ഞാൻ തന്ന വാക്കും നിലനിൽക്കും.”
നാളുകൾ കഴിയുംതോറും ഞങ്ങൾ തമ്മിലുള്ള ബന്ധവും ദൃഢമായി വന്നു. അവൾക്ക് താൻ കണ്ണേട്ടനായി.
ഒരിക്കൽഅവളോട് സംസാരിച്ചുകൊണ്ട് നടക്കുമ്പോഴാണ് അകലെയായി തങ്ങൾ തന്നെ നോക്കി നിൽക്കുന്ന ഹെഡ് മാസ്റ്ററെ കണ്ടത്. ഒന്നിരുത്തി നോക്കിയിട്ട് അദ്ദേഹം നടന്നകന്നു. കുയിലി ഭീതിയോടെ കൈയ്യിൽ പിടിച്ചു. ഒന്നുമില്ലെന്ന് പറഞ്ഞ് താൻ കണ്ണു ചിമ്മി കാണിച്ചു. അന്ന് വീട്ടിലേക്ക് നടക്കുമ്പോൾ ഇക്കാര്യം അച്ഛൻ്റെ ചെവിയിൽ എത്തിയിട്ട് ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു. വീട്ടിലെത്തിയതും ഉമ്മറത്ത് ചാരുകസേരയിലിരിക്കുന്ന അച്ഛനെയാണ് കണ്ടത്.
കണ്ണാ നാളെ പെണ്ണ് കാണാൻ പോകണം കേട്ടോ..നമ്മുടെ മാധവൻ കൊണ്ട്വന്ന ആലോചനയാ.നല്ല കുടുംബക്കാരാ അവര് .. എന്തായാലും നാളെ നീ അവധി പറയ് കേട്ടോ..അച്ഛൻ പറഞ്ഞു നിർത്തി. ഈയൊരു കാര്യം താൻ പ്രതീക്ഷിച്ചില്ലായിരുന്നു. ആദ്യമൊന്ന് പതറിയെങ്കിലും പിന്നീട് ധൈര്യം സംഭരിച്ച് പറഞ്ഞു : “അച്ഛാ, എനിക്കൊരു പെൺകുട്ടിയെ ഇഷ്ടാണ്.
“ഓ..ആ തുപ്പുകാരി പെണ്ണിനെയിരിക്കുമല്ലേ..കേൾക്കേണ്ട താമസം അച്ഛൻ ചോദിച്ചു. “ആ കീഴ് ജാതി പെണ്ണിനെ വിവാഹം ചെയ്യാൻ നിന്നെ അനുവദിക്കുമെന്ന് തോന്നണുണ്ടോ നിനക്ക് ? ” അച്ഛൻ കസേരയിൽ നിന്നും എഴുന്നേറ്റു. “ ആഹ് ! താനവളെ മാത്രമേ വിവാഹം ചെയ്യുകയുള്ളു. ” താനുറപ്പിച്ച് പറഞ്ഞു. ” കണ്ണാ നീ ആരെയാ ധിക്കരിക്കുന്നതെന്നറിയാമോ ? ” അമ്മാവനും അവിടേക്ക് കടന്നുവന്നു. ഒന്നും മിണ്ടാതെ അകത്തേക്ക് കയറിയപ്പോൾ കുടുംബപാരമ്പര്യത്തെ കുറിച്ചും ജാതിമഹിമയെ കുറിച്ചുമുള്ള വാക്കുകൾ പിന്നിലുയർന്നു കേൾപ്പുണ്ടായിരുന്നു.
ന്നു.
മുറിയിലെത്തി കുളിച്ച് പുറത്തേക്കിറങ്ങിയപ്പോൾ മുന്നിൽ നിൽക്കുന്ന അമ്മയെയാണ് കണ്ടത്.
” കണ്ണാ, മോനേ കുട്ടിയെ അത്രയ്‌ക്കി ക്കിഷ്ടമാണോ ?” അറിയാമായിരുന്നിട്ടും അമ്മ ഒരിക്കൽ കൂടി ചോദിച്ചു. “ശരിക്കും ഇഷ്ടമായിട്ടാണമ്മേ” ” മോനേ അമ്മ പറയുന്നത് കൊണ്ടൊന്നും തോന്നരുത്.. നാളെ അച്ഛൻ പറഞ്ഞതുപോലെ ആ കുട്ടിയെ ചെന്ന് കാണ്, മറിച്ച് നിൻ്റെ യിഷ്ടം ഇവിടെ ആരെങ്കിലും അംഗീകരിക്കുമെന്ന് തോന്നുന്നുണ്ടോ..?” അമ്മയുടെ വാക്കുകളിൽ നിസഹായത കലർന്നിരുന്നു. ” ഇല്ലമ്മേ എനിക്കതിന് കഴിയില്ല” . ഈ വാക്കുകളിലൊതുക്കി അവിടെ നിന്നും പോയി.
പിറ്റേന്ന് വിദ്യാലയത്തിലേക്ക് പോകുന്ന വഴി നോക്കിയപ്പോൾ അവളുടെ കൂടിൽ അടച്ചു കിടക്കുന്നത് ആണ് കണ്ടത്. വൈകുന്നേരം തിരികെ വന്നപ്പോഴും അങ്ങനെ തന്നെ വല്ലാത്തൊരു ഭയം മനസിനെ മൂടി
ആരോടന്വേഷിക്കാനാണ് ? രമചേച്ചിയാണെങ്കിൽ അവധിയുമായിരുന്നു. രാത്രി താനുറങ്ങിയത് പോലുമില്ല.
പിറ്റേന്ന് വിദ്യാലയത്തിലെത്തിയപ്പോഴാണ് കണ്ടത്.മറ്റൊരു സ്ത്രീ തൂത്തു കൊണ്ടിരിക്കുന്നത്.. അകലെയായി രമ ചേച്ചി നിൽപ്പുണ്ടായിരുന്നു. ചേച്ചി കുയിലി വന്നില്ലേ ? താൻ ശ്വാസമെടുക്കാൻ പോലും മറന്ന് കൊണ്ട് ചോദിച്ചു. “, ആ കുട്ടിയെ അതിൻ്റെ ബന്ധുക്കാരാരോ വന്ന് കൊണ്ടോയല്ലോ… ചേച്ചി പറഞ്ഞു. തൻ്റെ കാതുകൾ കൊട്ടിക്കപ്പെടുന്നത് പോലെ തോന്നി കണ്ണുകൾ നിറഞ്ഞുവന്നു. “എന്താ , എന്താ കാര്യം ? ചേച്ചി ചോദിച്ചു. “ഏയ് ഒന്നുമില്ല.” ഇടറിയ വാക്കുകളോടെ
പറഞ്ഞ് തിരിഞ്ഞ് നടന്നു.
വല്ലാത്തൊരു മാനസികാവസ്ഥയിൽ ആയിരുന്നു താൻ. തന്നെ വിട്ട് പോകാൻ അവൾക്കെങ്ങിനെ തോന്നിയെന്ന് അറിയില്ലായിരുന്നു..അതോ, അവളെ നിർബന്ധിച്ച് കൊണ്ട് പോയതാകുമോ??മറ്റു ബന്ധുക്കൾ ഉള്ള കാര്യം അവൾ പറഞ്ഞില്ലായിരുന്നല്ലോ.. ? ചിന്തകൾ പലവഴി പാഞ്ഞു.
അവളുടെ വിടവാങ്ങലേൽപിച്ച ആഘാതത്തിൽ നിന്നും കര കയറാൻ ഏറെ നാളുകളെടുത്തു . കാരണം അത്രയേറെ ഇഷ്ടപ്പെട്ടിരുന്നു അവളെ…
വീട്ടിൽ കല്ല്യാണത്തെക്കുറിച്ച് വീണ്ടും പറയാൻ തുടങ്ങിയിരുന്നു. ഒടുവിൽ അമ്മയുടെ കണ്ണീർ കാണാൻ കഴിയാത്തതിനാൽ, അന്ന് അച്ഛൻ പറഞ്ഞ ആ പെൺകുട്ടിയെ ആ കാണാൻ പോയി. പഴയതെല്ലാം മറക്കാൻ അമ്മ പറഞ്ഞ കൊണ്ട് ആ കുട്ടിയോട് ഈ കാര്യങ്ങളെ കുറിച്ചൊന്നും പറഞ്ഞില്ല. വൈകാതെ ആ വിവാഹം നടന്നു.
വിവാഹജീവിതത്തിലും ഇടയ്ക്കിടെ മറക്കാൻ ശ്രമിക്കുന്ന കുയിലിയുടെ ഓർമ്മകൾ പൊന്തിവന്നു മനസിനെ കുത്തിനോവിച്ചു കൊണ്ടിരിക്കുന്നു..
കാലംകടന്നു പോയി. അടുത്ത തലമുറയുണ്ടായി. അച്ഛനും അമ്മയും മൺമറഞ്ഞു. കുട്ടികൾ വളർന്നു വന്നു. പെട്ടെന്നൊരിക്കൽ കാലം തൻ്റെ ഭാര്യയെ ഹൃദയാഘാതത്തിൻ്റെ രൂപത്തിൽ കൊണ്ടുപോയി. രണ്ടാൺമക്കളും ജോലി ലഭിച്ച് വിദേശത്ത് പോയി.
തങ്ങളുടെ പങ്കായി കിട്ടിയ കുടുംബവീട്ടിൽ ഏകാന്തതയിൽ കഴിയുമ്പോൾ ഒപ്പം കൂട്ടിന് പുസ്തകങ്ങൾ മാത്രം.. ഒപ്പം കുയിലിയുടെ ഓർമകളും..
അവളെവിടെയാണെന്നോ.. മറ്റാരുടെയെങ്കിലും ഭാര്യയാണെന്നോ.. ഒന്നും അറിയില്ല… എല്ലാ ഓർമ്മകളും ചിതലരിച്ചാലും അവൾ മാത്രം മനസിൽ മായാതെ നിൽക്കുന്നു…
ഓർമ്മയുടെ ചങ്ങലക്കണ്ണികൾ വേർപ്പെട്ടപ്പോൾ നിറഞ്ഞൊഴുകുന്ന കണ്ണുകൾ വാർദ്ധക്യമലങ്കരിച്ച കരത്താൽ അയാൾ തുടച്ച് മാറ്റി. പുറത്ത് മഴയുടെ ശബ്ദം കേൾക്കുന്നുണ്ട്. കണ്ണുകൾ മെല്ലെയടഞ്ഞു.
പിറ്റേന്ന്, ആ ഗൃഹത്തിന് ചുറ്റും ആളുകൾ കൂടിയിരുന്നു. ഇന്നലെ രാത്രിയായിരുന്നു. അറ്റാക്കാണെന്നാ കേൾക്കണത് ” ആരൊക്കെയോ അടക്കം പറയുന്നുണ്ടായിരുന്നു.
തെക്കേ തൊടിയിലൊരുക്കിയ ചിതയിൽആ വൃദ്ധശരീരം എരിഞ്ഞമർന്നു… ഒരു സ്വപ്നം മാത്രം ബാക്കിയാക്കി കൊണ്ട്… ഒടുവിൽ ജാതിയുടെ പേരിൽ കുയിലിനെ കൊന്ന.. തൻ്റെ അമ്മാവൻ്റെ ചതിയറിയാതെ കുയി ലിയുടെ മാഷും കാലത്തിൻ്റെ പുസ്തകത്താളിൽ ഒരോർമ്മയായി മാറിയിരുന്നു. തൻ്റെ ചിതയ്ക്കടുത്തായി ആ ചെമ്പക ചോട്ടിൽ മണ്ണിനാൽ മറയ്ക്കപ്പെട്ട് തൻ്റെ പ്രിയപ്പെട്ടവളും ഉറങ്ങുന്നുണ്ടെന്ന് അറിയാതെ ….
– പ്രാർത്ഥനാ സായി