ആദരാഞ്ജലി
ഒരു ബിസിനസിൻ്റെയോ കടയുടെയോ പ്രശസ്തി എന്നാണ് ഗുഡ് വിൽ എന്ന വാക്കിന്‍റെ അർഥം.
ഇരിങ്ങാലക്കുട ചന്തയിലെ ഏറ്റവും പഴക്കമുള്ള വാണിജ്യ മുദ്രയുടെ പേരാണ് തെക്കേത്തല കുര്യപ്പൻ റപ്പായി & സൺസ് എന്നത്. ടി.കെ. റപ്പായി എന്ന പേരിനു ലഭിച്ച പ്രശസ്തി (goodwill) നിലനിറുത്താനാണ് ടി.കെ. റപ്പായി ആൻഡ് സൺസ് എന്ന പേരു നല്കിയത്. ഈ ഇരുനില കെട്ടിടത്തിന് 80 കൊല്ലം പഴക്കമുണ്ട്.
ഈയിടെ ഇരിഞ്ഞാലക്കുട ചന്തയെകുറിച്ച് ഒരു ലേഖനം തയ്യാറാക്കാൻ ഹിസ്റ്ററി അധ്യാപകനായ ശ്രീ സിദ്ദിവ് ഷെട്ടി എന്നെ സമീപിക്കുകയുണ്ടായി. അതിനായി ഞാൻ ചെറിയൊരു ഗവേഷണം തന്നെ നടത്തി. 1900 കളിൽ ചെറിയൊരു വെള്ളിനാണയം ആയി ഇരിഞ്ഞാലക്കുട ചന്തയിലേക്ക് കച്ചവടം ചെയ്യാൻ ഇറങ്ങിയ കൗമാരക്കാരനായ സാഹസികൻ ആയിരുന്നു എൻ്റെ പിതാവ് ടി. കെ. റപ്പായി.
ചുരുക്കം ചിലരൊഴികെ 2024 ആകുമ്പോഴേക്ക് പഴയ കച്ചവടക്കാർ പലരും കച്ചവടം അവസാനിപ്പിച്ച് സ്ഥലംവിട്ടു. ആലുവ പാലം വന്നതോടെ ആണ് ഇരിഞ്ഞാലക്കുടയിൽ പ്രകടമായ മാറ്റങ്ങൾ കണ്ടു തുടങ്ങിയത്. സമരങ്ങൾ മൂലം ഇരിഞ്ഞാലക്കുടയിലെ പല ഫാക്ടറികളും അടച്ചുപൂട്ടി എങ്കിലും തെക്കേത്തല കുടുംബക്കാരുടെ പലചരക്ക് കച്ചവടത്തിന് കോട്ടം ഉണ്ടായില്ല. അരി, പഞ്ചസാര…… മൊത്ത വ്യാപാരത്തിലൂടെയും അവർ 4 തലമുറകളായി കച്ചവടം ഇന്നും അനുസ്യൂതം തുടരുന്നു. കൊറോണക്കോ പ്രളയത്തിനോ ഒന്നും അവരെ ഒന്നു നുള്ളി നോവിക്കാൻ പോലും കഴിഞ്ഞില്ല എന്നത് ഇന്നും അഭിമാനത്തോടെയും സ്നേഹത്തോടെയും ഞങ്ങളുടെ പിതാമഹാന്മാരിലൂടെയും ലഭിച്ച ദൈവാനുഗ്രഹം കൊണ്ടാണെന്ന് സന്തോഷത്തോടെ എനിക്ക് പറയാൻ കഴിയും. അഭിമാനകരമായ ഒരു ജീവിത പാരമ്പര്യവും മൂല്യങ്ങളും പകർന്നു തന്ന് 1985 ൽ എൻ്റെ പിതാവ് വിട പറഞ്ഞു.
അദ്ദേഹത്തിന്‍റെ 39 ആം ചരമ വാർഷിക ദിനമാണിന്ന്.
(2024 ഡിസംബർ 19)
സ്ഥാപകൻ: തെക്കേത്തല കുര്യപ്പൻ റപ്പായി.
കച്ചവട പിൻഗാമികൾ
1 ടി. ആർ. ആൻ്റണി( 1917-2007)
2 ടി.എ. ജോസ്
3 പോൾ ജോസ്
4 ടി.എ. റോബി
5 പോൾ തെക്കേത്തല
6 ടി. ആർ. കൊച്ചു വാറു(1922-1974)
7 ടി.കെ. റപ്പായി (Jr
8 ടി.കെ. ചെറിയാൻ
9. ടി.കെ. ആൻറു
10. ടി.എ.തമ്പി
11. ടി.എ.ടോണി
ഒരു നൂറ്റാണ്ടിലേറെയായി ഇരിഞ്ഞാലക്കുട ചന്തയിൽ വിജയകരമായി ബിസിനസ് ചെയ്യുന്ന അദ്ദേഹത്തിൻ്റെ പിൻതലമുറക്കാരുടെ വിജയഗാഥ ഇന്നും തുടരുന്നതിന് ഉള്ള വിജയ തന്ത്രങ്ങൾ ഇതൊക്കെയായിരുന്നു എന്ന് അനുമാനിക്കുന്നു. ഇത് എൻ്റെ ഒരു നിരീക്ഷണം മാത്രമാണെന്ന് പ്രത്യേകം പറയുന്നു. എതിരഭിപ്രായങ്ങൾ ഉണ്ടാകാം.
അദ്ദേഹം പറഞ്ഞതും ജീവിതത്തിലുടനീളം പ്രവർത്തിച്ചു കാണിച്ചതും ഇങ്ങനെയൊക്കെയാണ്.
കൊക്കിൽ ഒതുങ്ങുന്നതു കൊത്തിയാൽ മതി. ധനകാര്യസ്ഥാപനങ്ങളെ അധികം നമ്പരുത്. കഴിയുന്നതും എല്ലാവരെയും തൃപ്തിപ്പെടുത്തണം. പക്ഷെ സന്യസ്തർ, പോലീസ്, രാഷ്ട്രീയക്കാർ, വക്കീലന്മാർ , പത്രക്കാർ ഇവരായിട്ടു കൈയകലം പാലിക്കണം. ലക്ഷണപുത്രന്മാർക്കു ധനം കൊടുക്കേണ്ട കാര്യമില്ല. അവലക്ഷണ പുത്രന്മാർക്കു ധനം കൊടുത്തിട്ടും കാര്യമില്ല. അന്യന്‍റെ പറമ്പിലെ പുല്ലു കണ്ടു പശുവിനെ വളർത്തേണ്ട. ഒരാളേയും ഒരിക്കലും വിശ്വസിക്കേണ്ട. പക്ഷെ വിശ്വസിക്കുന്നതുപോലെ അഭിനയിക്കണം. വിശ്വാസം വേറെ; കച്ചവടം വേറെ. രണ്ടും കൂടി കലർത്തേണ്ട. വില കൂടുതൽ പറയാം; പക്ഷെ അളവിലും, തൂക്കത്തിലും വെട്ടിപ്പു വേണ്ട. മിണ്ടാപ്രാണികളോട് അലിവു വേണം. എല്ലാവരും മനുഷ്യരാണെന്ന വിചാരം എപ്പോഴും വേണം.
സാധനങ്ങൾ വാങ്ങുമ്പോൾ കച്ചവടപതിവനുസരിച്ചു ലഭിക്കുന്ന സമയത്തിനകം കണക്കുതീർത്തിരിക്കണം. ഓർമ്മപ്പെടുത്താൻ ഇടവരുത്തരുത്. ഒരാളുടെയും ഒരു ഔദാര്യവും വേണ്ട. തല ഉയർത്തി തന്നെ നടക്കാം.
തെക്കേത്തല കുടുംബക്കാരുടെ വേറെ പത്തോളം സഹോദരസ്ഥാപനങ്ങൾ ചന്ത ഭാഗത്തുണ്ട്. അവർ ഇരുമ്പായുധങ്ങൾ, ചെരിപ്പ്… തുടങ്ങിയവ കൈകാര്യം ചെയ്യുന്നു. തെക്കേത്തലബിൽഡിങ്സ് എന്നു പേരെഴുതിയ കെട്ടിടം 1950 കളിൽ പണിതപ്പോൾ ചുമർ ഭാഗത്തിൻ്റെ അസ്തിവാരത്തിൽ നിന്നു രണ്ടു വലിയ മൺചാറകൾ ലഭിച്ചിരുന്നു. പണിക്കിടയിൽ അവ പൊട്ടിപ്പോയി.
ഒരു സെൻ്റു ഭൂമിയിൽ പണിത കെട്ടിട ചുമരുകൾ സമാന്തരമല്ല. അതിന്‍റെ മേൽക്കൂര മരമുപയോഗിച്ചു പണിയുന്നത് കഴിവുപരീക്ഷിക്കപ്പെടുന്ന ബുദ്ധിമുട്ടുള്ള ജോലിയാണ്.
പിതാവിൻ്റെ പത്ത് മക്കളിൽ ഭൂമിയിൽ ഇന്ന് അവശേഷിക്കുന്ന ഈ മകൻ്റെ കൂപ്പുകൈ. 🙏
– ജോണി തെക്കേത്തല, ഇരിഞ്ഞാലക്കുട.