സാധാരണ നേരംവെളുത്തപാടെ എൻ്റെ ഫോണിലേക്കാണ് ഒന്നിനുപിറകെ മറ്റൊന്നായി കാൾ വരാറുള്ളത്. ചുരുങ്ങിയത് പത്തുപേരെങ്കിലും വിളിയ്ക്കാത്ത ദിവസവും കുറവാണ്. ഇന്നു മാത്രമാണ് ഒരാളുപോലും വിളിക്കാത്തത്.
ഇന്നത്തെദിവസം എൻ്റെ ഫോണിലേക്ക് വിളിയ്ക്കുന്നതിനു പകരം നിൻ്റെ ഫോണിലേക്ക് വിളിച്ച് കാര്യം പറയാമെന്ന് ആളുകൾ കരുതിയോ എന്തോ കുറഞ്ഞ സമയത്തിനുള്ളിൽ നാലാം തവണയാണ് നിൻ്റെഫോൺ റിംങ്ങ് ചെയ്യുന്നത്..
വേഗം ചെന്ന് ആരാണ് വിളിയ്ക്കുന്നതെന്നുനോക്ക്. ഇനിയെന്തെങ്കിലും പറയാനുണ്ടെങ്കിൽ അതിനുശേഷമാവാം.
സക്കീന അടുക്കളയിൽ എത്തിയപ്പോഴേക്കും ഫോൺ നിശബ്ദമായി. എങ്കിലും വിളിച്ചത് ആരെല്ലാമാണെന്നറിയുന്നതിനുവേണ്ടി ഫോണെടുത്തു.
ചുവന്ന അക്കത്തിൽ ഒന്നിനു താഴെ മറ്റൊന്നായി ഒരു കൂട്ടം ഫോൺ നമ്പറുകൾ കണ്ടപ്പോൾ നേരിയതോതിൽ അമ്പരപ്പുണ്ടായെങ്കിലും പിന്നീട് ആശ്ചര്യമായി തോന്നി.
മിസ് കാളുകളിലൊന്ന് ജമീലയുടേതാണ്. അവൾ രണ്ടുതവണവിളിച്ചിട്ടുണ്ട്..
മറ്റുള്ള നമ്പറുകൾ മുൻപരിചയമില്ലാത്തവ ആയതു കൊണ്ട് ജമീലയെതന്നെ ആദ്യം തിരിച്ചുവിളിച്ചു. രണ്ടാമത്തെ ബെല്ലിൽ തന്നെ അവൾ അറ്റന്റ് ചെയ്തു.
ഹലോ .. ജമീലാ ..
നീ വിളിച്ചപ്പോൾ ഞാൻ കുഞ്ഞാക്കയുമായി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. എൻ്റെ ഫോൺ വർക്ക് ഏരിയയിലെ ഷെൽഫിൽ ആയിരുന്നതുകൊണ്ട്
നീ ആദ്യം വിളിച്ചത് ഞാൻ കേട്ടിരുന്നില്ല, രണ്ടാമത് വിളിച്ചത് കേട്ടെങ്കിലും പെട്ടെന്ന് ചെന്നെടുത്ത് അറ്റന്റ് ചെയ്യാനും കഴിഞ്ഞില്ല.
നീ എന്തിനായിരുന്നു വിളിച്ചത്.?
ഇന്ന് നേരം വെളുത്തതിനുശേഷം ഞാൻ കുഞ്ഞാക്കയുടെ ഫോണിലേക്ക് നാലുപ്രാവശ്യം വിളിച്ചിരുന്നു. ഒന്നുപോലും അറ്റന്റ് ചെയ്യാത്തതുകൊണ്ടാണ് നിങ്ങളുടെ ഫോണിലേക്ക് വിളിച്ചത്. സത്യം പഞ്ഞാൽ നിങ്ങളും കൂടി ഫോൺ എടുക്കാതിരുന്നപ്പോൾ ഞാനാകെ ബേജാറിലായായി.
എന്താണ് സംഭവിച്ചത് എന്നറിയാൻവേണ്ടി നിങ്ങളുടെ അയൽ വാസിയുടെ ഫോൺനമ്പർ തിരയുന്നതിനിടയിലാണ് നിങ്ങളെന്നെ തിരിച്ചുവിളിച്ചത്. സത്യം പറഞ്ഞാൽ ഇപ്പോഴാണ് എനിയ്ക്ക് സമാധാനമായത്.
ദിവസവും വീട്ടിൽനിന്ന് പുറപ്പെടുന്നതിനു മുൻപായി ഏറ്റവും ചുരുങ്ങിയത് പത്തുപേരെങ്കിലും വിളിക്കാറുളളതാണെന്നും ഒരാൾ പോലും വിളിക്കാത്തത് ഇന്നു മാത്രമാണെന്നും പറഞ്ഞുകൊണ്ടാണ് കുഞ്ഞാക്ക എന്നെ ഫോണെടുക്കാൻ പറഞ്ഞുവിട്ടത്.
നീ വിളിച്ചിരുന്നത് കുഞ്ഞാക്കയുടെ ഫോണിലേക്കാണെങ്കിലും റിംങ്ങ് ചെയ്തത് മറ്റാരുടെയെങ്കിലും ഫോണായിരിക്കും. എന്നു വെച്ചാൽ നമ്പർ തെറ്റിപ്പോയിട്ടുണ്ടാകും. എനിയ്ക്കങ്ങനെയാണ് തോന്നുന്നത്.
ഇനിയിപ്പോൾ അതൊന്നും പറഞ്ഞിട്ട് കാര്യമില്ലല്ലോ, നിനക്ക് സംസാരിക്കേണ്ടത് കുഞ്ഞാക്കയോടല്ലേ , ഞാൻ കുഞ്ഞാക്കയുടെ കയ്യിൽതന്നെ ഫോൺ കൊടുക്കാം. പറയാനുള്ളതെന്താണെന്നു വെച്ചാൽ നേരിട്ടുതന്നെ പറഞ്ഞേക്ക്.
അവൾ വിളിച്ചത് എൻ്റെ ഫോണിലേക്കാണെങ്കിലും സംസാരിക്കാനുള്ളത് നിങ്ങളോടാണ്. ഇതാ ഫോൺ, നിങ്ങളെപ്പോലെ അവൾക്കും തിരക്കുണ്ടാകും സമയം കളയാതെ വേഗം സംസാരിച്ചോളൂ.
ആരാണ് സക്കീനാ എന്നോടു സംസാരിക്കാൻ വേണ്ടി നിൻ്റെ ഫോണിലേക്ക് വിളിച്ചത്. അവർക്കെന്താ എൻ്റെ ഫോണിലേക്കുവിളിച്ചാൽ.?
ഈ ചോദ്യം എന്നോടല്ല അവളോടുതന്നെ ചോദിക്കുന്നതാണ് നല്ലത്.
ആരോട്.?
നിങ്ങളുടെ പെങ്ങൾ ജമീലയോട്.
ഇനി ഇതിൻ്റെ പേരിൽ ചോദ്യവും മറുപടിയുമായി വെറുതെ സമയം കളയണ്ട. അവള് കാൾ കട്ട് ചെയ്തിട്ടില്ല.
ഹലോ .. ജമീലാ ..
എന്നോട് സംസാരിക്കാനാണെങ്കിൽ സക്കീനയുടെ ഫോണിലേക്ക് വിളിക്കുന്നതിനേക്കാൾ എൻ്റെ ഫോണിലേക്ക് വിളിക്കുന്നതല്ലേ സൗകര്യമാവുക. എന്നെ വിളിച്ചിട്ട് കിട്ടാതിരിക്കുമ്പോഴല്ലേ അവളുടെ ഫോണിലേക്ക് വിളിക്കേണ്ടത്. എൻ്റെ നമ്പർ നീ മറന്നുപോയോ.?
നിൻ്റെ നമ്പർ മറന്നു പോകാൻ മാത്രം എനിയ്ക്ക് നിന്നെപ്പോലെ ഓർമ്മക്കുറവൊന്നുമില്ല.
അഞ്ചു മിനിറ്റിനുള്ളിൽ നാലുതവണയാണ് നിൻ്റെ ഫോണിലേക്ക് ഞാൻ വിളിച്ചത്. റിംങ് ചെയ്യുന്നത് കേട്ടപാടെ നിനക്കെന്നല്ല ആർക്കായാലും ചിലപ്പോൾ ഫോണെടുക്കാൻ സാധിച്ചോളണമെന്നില്ല.
എന്നാലും നിനക്കൊന്ന് തിരിച്ചു വിളിക്കാമായിരുന്നില്ലേ,
നീയെന്തേ അങ്ങനെ ചെയ്യാതിരുന്നത്.
സത്യമായിട്ടും എൻ്റെ ഫോൺ റിംങ് ചെയ്തത് ഞാൻ കേട്ടിട്ടില്ല. ഇനിയിപ്പോൾ അത് സൈലന്റ് മോഡിലാണോ എന്നറിയില്ല. അഥവാ അങ്ങനെയാണെങ്കിൽ നിന്നെപ്പോലെ പലരും വിളിച്ചിട്ടുണ്ടാവാനാണ് സാധ്യത.
അതവിടെ നിൽക്കട്ടെ, നീയിപ്പോൾ എന്തിനാ വിളിച്ചത്.?
ഇന്ന് റബീഉൽ അവ്വൽ പതിനൊന്നല്ലേ. ഇന്ന് ഉമ്മയുടെ പതിനാലാമത്തെ ആണ്ട് ദിനമാണ്. കഴിഞ്ഞ കൊല്ലവും അതിൻ്റെ മുൻപത്തെ കൊല്ലവുമെല്ലാം ഞാൻ പറഞ്ഞപ്പോഴാണല്ലോ നിനക്കത് ഓർമ്മവന്നത്. ഇക്കൊല്ലവും അതൊന്ന് ഓർമപ്പെടുത്താൻവേണ്ടി വിളിച്ചതാ.
കാര്യം നീ പറഞ്ഞത് ശരിയാണ്. ഒന്നുരണ്ടു കൊല്ലമായി മറവി അൽപം കൂടുതലാണ്. ഞാൻ ഇന്നലെ ഇശാ നിസ്കരിക്കാൻ വേണ്ടി പള്ളിയിലേക്ക് കയറിയപ്പോൾ ഫോൺ സൈലന്റ്മോഡിലാക്കിയിരുന്നു. ഈ സമയംവരെയും അക്കാര്യം എൻ്റെ ഓർമയിൽ ഉണ്ടായിരുന്നില്ല.
ഉള്ളത് പറയാലോ, ഈയിടെയായി മറക്കാൻ പാടില്ലാത്ത പലതും മറ്റുള്ളവർ പറയുമ്പോഴാണ് ഓർമ വരാറുളളത്.
എൻ്റെ ഫോണിലേക്ക് ആരോ വിളിക്കുന്നുണ്ട്. ചിലപ്പോൾ നിന്നെപ്പോലെ നേരത്തെ വിളിച്ചിട്ട് കിട്ടാത്ത ആരെങ്കിലുമായിരിക്കാം. ഹോസ്പിറ്റലിലേക്ക് പുറപ്പെടാനുളള സമയം വൈകിയിട്ടില്ലെങ്കിൽ ഞാൻ അതൊന്ന് അറ്റന്റ് ചെയ്ത് കാര്യമെന്താണെന്ന് അറിഞ്ഞതിനു ശേഷം നിന്നെതിരിച്ചുവിളിയ്ക്കാം.
എനിയ്ക്ക് കൂടുതലൊന്നും പറയാനില്ല, ചെറിയൊരു കാര്യം മാത്രം അറിഞ്ഞാൽ മതി. അതുംകൂടി പറഞ്ഞു കഴിഞ്ഞാൽപ്പിന്നെ നീയെന്നെ തിരിച്ചുവിളിക്കണമെന്നില്ല.
എന്നാൽ അങ്ങനെ ആവാം. നിനക്കെന്താണ് അറിയേണ്ടതെന്നുവെച്ചാൽ ചോദിച്ചോ.
നീ എപ്പോഴാണ് ഉമ്മാൻ്റെ ഖബറ് സിയാറത്ത് ചെയ്യാൻ പോകുന്നത്.?
അതെന്താ അങ്ങനെ ചോദിക്കാൻ കാരണം.
മഗ്‌രിബിൻ്റെ മുൻപാണെങ്കിൽ നിൻ്റെ കൂടെ എനിയ്ക്കും വരാമായിരുന്നു. നേരം ഇരുട്ടായിക്കഴിഞ്ഞാൽ പിന്നെ എനിയ്ക്ക് ഖബർസ്ഥാൻ എന്നു കേൾക്കുന്നതുപോലും പേടിയാണെന്ന് നിനക്കറിയാലോ, അതു തന്നെയാണ് കാരണം.
ഇതൊരു ചെറിയ കാര്യമല്ലല്ലോ ജമീലാ, വലിയ കാര്യമല്ലേ, കുറച്ചധികം സമയം സംസാരിക്കാനുളള പ്രധാനപ്പെട്ട കാര്യം..
ഞാനാദ്യം എൻ്റെ ഫോണിലേക്ക് ആരെല്ലാമാണ് വിളിച്ചതെന്നുനോക്കട്ടെ. പരിചയക്കാരായ ആരെങ്കിലും വിളിച്ചിട്ടുണ്ടെങ്കിൽ അവരെ തിരിച്ചുവിളിച്ച് കാര്യമെന്താണെന്നറിഞ്ഞതിനുശേഷം നിന്നെവിളിയ്ക്കാം അതാണ് നല്ലത്.
അപ്പോൾ ഇന്ന് നീ ജോലിസ്ഥലത്ത് എത്തുമ്പോഴേക്കും സമയം കുറേ വൈകില്ലേ.?
നേരമിത്രയും വൈകിയ സ്ഥിതിയ്ക്ക് ഞാനിന്ന് പണിക്ക് പോകുന്നില്ല.
ജമീലയുമായുള്ള സംസാരം അവസാനിപ്പിച്ചതിനു ശേഷം മേശപ്പുറത്തു നിന്നും ഫോണെടുത്ത് തുറന്നുനോക്കി. തലേ ദിവസം രാത്രി ഒൻപതു മണിമുതൽ പലരും വിളിച്ചിട്ടുണ്ട്. സുഹൃത്തുക്കളും പരിചയക്കാരും മാത്രമല്ല ഇതിനു മുൻപ് വിളിച്ചിട്ടില്ലാത്ത – പരിചയമില്ലാത്ത നമ്പറുകളും അതിലുണ്ട്.
(തുടരും…)
– K.M സലീം പത്തനാപുരം