കാര്യമുള്ളതു കൊണ്ടാണെന്ന് കൂട്ടിക്കോ.
കുറഞ്ഞ കാലമായാൽ പോലും നിൻ്റെ ഉപ്പയും നീയും ഒരു വീട്ടിൽ തന്നെയല്ലേ താമസിച്ചിരുന്നത്. നീ ഇപ്പോൾ പറഞ്ഞ സമയക്കുറവുതന്നെയല്ലേ തമ്മിൽ കാണാനും സ്നേഹം പ്രകടിപ്പിക്കാനും ഇല്ലായ്മകൾ പറയാനുമെല്ലാമുളള നിങ്ങളുടെ അവസരങ്ങളെ നഷ്ടപ്പെടുത്തിയത്. എല്ലാ തിരക്കും കഴിഞ്ഞ് മണിക്കൂറുകളോളം നീണ്ടു നിവർന്നു കിടന്നപ്പോൾ ഉപ്പാക്കോ നിനക്കോ പരസ്പരം എന്തെങ്കിലും പറയാൻ കഴിഞ്ഞിരുന്നോ. നീ പറഞ്ഞാൽ തന്നെയും ആ സമയത്ത് ഉപ്പയത് കേൾക്കുമായിരുന്നോ.
പള്ളിക്കാട്ടിലേക്കാണല്ലോ നീ ഇപ്പോൾ പോയിക്കൊണ്ടിരിക്കുന്നത്. ഉറ്റവരുടെ വരവും പ്രതീക്ഷിച്ച് അവിടെ എത്രപേർ കിടക്കുന്നുണ്ടെന്ന് നിനക്ക് വല്ല നിശ്ചയവുമുണ്ടോ, എത്രപേർ അവരെ ചെന്നു കാണുന്നുണ്ടെന്ന് നീ പരിശോധിച്ചിട്ടുണ്ടോ. അവരിൽ പലരും നിന്നെപ്പോലെ സമയക്കുറവുള്ളവരായിരുന്നവരല്ലേ. ആ സമയക്കുറവ് തന്നെ ആയിരിക്കില്ലേ അവരുടെ ഉറ്റവരെ ആ പരിസരത്തു പോലും കാണാതിരിക്കാൻ കാരണമായിട്ടുണ്ടാവുക.
വല്ല്യുമ്മയോട് നിനക്കുള്ള സ്നേഹം തന്നെയല്ലേ ജമീലാക്കും ഉണ്ടാവുക. നീ വിളിച്ചിരുന്നതുപോലെ ഉമ്മാ എന്നു തന്നെയല്ലേ അവളും വല്ല്യുമ്മയെ വിളിച്ചിരുന്നത്. നിങ്ങളുടെ പട്ടിണി മാറ്റാൻ വേണ്ടി ആയിരുന്നില്ലേ അവർ ചോര നീരാക്കിയത്. വാർദ്ധഖ്യത്തിലും അവശത മറന്ന് കല്ലും മണ്ണും ചുമന്നത്.
അവരുടെ ചാരത്തേക്കൊന്നു കൂട്ടിക്കൊണ്ടുപോകാൻ അവൾ ഇതിനു മുൻപും നിന്നോട് ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നില്ലേ. അന്നും സമയക്കുറവു കാരണം ഒഴിഞ്ഞുമാറുകയല്ലേ നീ ചെയ്തിരുന്നത്.?
സമയത്തിൻ്റെ കാര്യത്തിൽ മാത്രം നീ നിൻ്റെ ഉപ്പയെ ഒരിക്കലും മാതൃകയാക്കരുത്.
പകരം സമയമില്ലെന്നറിയാമായിരുന്നിട്ടും നിങ്ങൾക്കുവേണ്ടി സമയം കണ്ടെത്തുകയും സമയത്തെ മാറ്റിവെയ്ക്കുകയും ചെയ്ത നിൻ്റെ വല്ല്യുമ്മയെ മാതൃകയാക്കുകയാണ് ചെയ്യേണ്ടത്.
അവൾ ആവശ്യപ്പെടുമ്പോഴെല്ലാം സമയമുണ്ടാക്കി വല്ല്യുമ്മയുടെ ഖബറിനരികിലേക്ക് അവളെയും കൂട്ടിക്കൊണ്ടു പോവുകയാണ് ചെയ്യേണ്ടത്. പറഞ്ഞതൽപ്പം കൂടിപ്പോയിട്ടുണ്ടെന്ന് എനിയ്ക്കറിയാം. ഓരോന്നിനും ഓരോ നേരമുണ്ടെന്നാണല്ലോ പറയാറുള്ളത്. ഞാനും അങ്ങനെ ചെയ്തതാണെന്ന് കണക്കാക്കിയാൽ മതി.
സലാമ് വരുന്നുണ്ട്. ഞാൻ അവൻ്റെ കയ്യിൽ ഫോൺ കൊടുക്കാം.
ഇപ്പോൾ വേണ്ട. ഇന്ന് മഗ്‌രിബിൻ്റെ മുൻപായി ജമീലയെയും കൂട്ടി ഞാൻ ഉമ്മയുടെ ഖബറിനരികിലെത്തും. അതിനു ശേഷം അവൾ അവനെ വിളിച്ചുകാര്യങ്ങൾ പറഞ്ഞോളും. അതിനു ശേഷം ഞാൻ അവനെ വിളിച്ചോളാം. അതാണ് നല്ലത്.
ഉപ്പാ..
എന്താ മോനുട്ടാ.. ഞാൻ ഇവിടെ ഉള്ള കാര്യം
നീ എങ്ങനെയാണ് അറിഞ്ഞത്. ഞാനിങ്ങോട്ട് പോരുന്നത് നീ കണ്ടിരുന്നോ.?
ഉപ്പ പള്ളിക്കാട്ടിലെ കാട് വെട്ടിക്കളയാൻ പോയിട്ടുണ്ടെന്നും പേടിയില്ലെങ്കിൽ അവിടെ ചെന്ന് ഉപ്പയെ സഹാച്ചുകൊടുത്താളാന്നും ഉമ്മ പറഞ്ഞു.
അതു കേട്ടപാടെ ഞാനിങ്ങോട്ടുപോന്നു.
മോനുട്ടാ.. നീ വിചാരിക്കുന്നത് പോലെ ഇത് വെറുമൊരു പള്ളിക്കാടല്ല, ഖബർസ്ഥാനും കൂടെയാണ്.
എണ്ണം നോക്കിയാൽ നമ്മുടെ നാട്ടിൽ ഇപ്പാൾ ജീവിച്ചിരിക്കുന്നവരുടെ അത്രതന്നെവരും ഇവിടെ കിടക്കുന്നവരുടെ എണ്ണവും.
അക്കൂട്ടത്തിൽ നീ കണ്ടിട്ടില്ലാത്ത നിൻ്റവല്ല്യുപ്പയും ഉമ്മാമയുമെല്ലാമുണ്ട്.
സാധാരണയായി ഇവിടേക്ക് കുട്ടികളൊന്നും പ്രവേശിക്കാറില്ലട്ടോ.
അതെന്താ ഉപ്പാ അങ്ങനെ. വരാൻപാടില്ലാത്തതു കൊണ്ടാണോ. അതല്ലങ്കിൽ വലിയവർ കൂടെ കൂട്ടാത്തതുകൊണ്ടോ. എന്തുകൊണ്ടാണ് കുട്ടികളിങ്ങോട്ട് വരാത്തത്.?
ഇവിടെ ഒട്ടാകെ കാടുപിടിച്ചു കിടക്കുകയല്ലേ.
ഇതിനകത്ത് പാമ്പും മറ്റുള്ളതുമൊക്കെ ഉണ്ടാവാൻ സാധ്യതയുള്ളതാണല്ലോ. കാട്ടുപൂച്ചയോ കുറുക്കനോ ശബ്ദമുണ്ടാക്കുന്നതുകേട്ട് കുട്ടികൾ പേടിച്ചു പോയാൽ പനിപിടിച്ച് കിടപ്പിലായിക്കൂടായ്കയില്ലല്ലോ.
അതുകൊണ്ടായിരിക്കാം കുട്ടികളെ ഇങ്ങോട്ടാരും പറഞ്ഞുവിടാത്തത്. മോനുട്ടന് പേടി തോന്നുന്നുണ്ടോ.?
ഉപ്പ കൂടെയുളളപ്പോൾ ഞാനെന്തിനാണ് പേടിക്കുന്നത്.
മോനുട്ടൻ പറഞ്ഞത് ശരിയാ.. ഉപ്പമാര് കൂടെ ഉണ്ടാകുമ്പോൾ ഒന്നിനെയും പേടിക്കേണ്ടതില്ല.
ഉപ്പമാർ ഇല്ലാതായിക്കഴിഞ്ഞാലാണ് പേടിക്കേണ്ടത്.
ഉപ്പാക്ക് പേടിയുണ്ടോ.?
ഉണ്ടായിരുന്നു. നിന്നെപ്പോലെ കുട്ടിയായിരുന്നകാലത്ത് ഈ പള്ളിക്കാട്ടിലേക്ക് വരാൻ ഉപ്പാക്ക് ഭയങ്കരമായ പേടിയായിരുന്നു. വലുതായപ്പോൾ ആ പേടിയൊക്കെ മാറി.
അപ്പോൾ ഉപ്പ നേരത്തെ പറഞ്ഞതോ.?
എന്ത് പറഞ്ഞെന്നാണ് മോനുട്ടൻ പറഞ്ഞത്.?
ഉപ്പമാർ കൂടെ ഉണ്ടാകുമ്പോൾ ഒന്നിനെയും പേടിക്കേണ്ടതില്ലെന്ന്. നിങ്ങൾ കുട്ടിയായിരുന്നപ്പോൾ
നിങ്ങളുടെ ഉപ്പ കൂടെ ഉണ്ടായിരുന്നില്ലേ.?
ഉണ്ടായിരുന്നില്ലേ എന്നു ചോദിച്ചാൽ ഉണ്ടായിരുന്നു. പക്ഷെ ഞാൻ മോനുട്ടനോട് സംസാരിക്കുന്നത് പോലെ സംസാരിക്കാനോ കൂടെ കൊണ്ടു നടക്കാനോ ഒന്നും എൻ്റെ ഉപ്പാക്ക് സമയം കിട്ടിയിരുന്നില്ല.
ഏതാണ്ട് സമയമൊക്കെ കിട്ടിത്തുടങ്ങിയപ്പോഴേക്കും
നിൻ്റെ വല്ല്യുപ്പ ഈ ഖബർസ്ഥാനിൽ എത്തിച്ചേരുകയും ചെയ്തു.
എവിടെയാണ് വല്ല്യുപ്പയുടെ ഖബർ. എനിക്കും അതൊന്ന് കാണിച്ചു തരുമോ.?
ഇവിടെ എവിടെയോ ഉണ്ട്. എവിടെയാണെന്നു മാത്രം എനിയ്ക്കറിയില്ല മോനുട്ടാ.
അതെന്താ അങ്ങനെ.?
അതെന്താ അങ്ങനെയെന്നതൊക്കെ ഞാൻ പിന്നീട് പറഞ്ഞു തരാം. ഇപ്പോൾ അതൊക്കെ പറയാൻ നിന്നാൽ വന്നകാര്യം പൂർത്തിയാക്കാൻ സാധിക്കാതെവരും.
ആദ്യം ഞാനിതെല്ലാം നമുക്ക് നടന്നു പോകാൻ സൗകര്യപ്പെടുന്ന വീതി കണക്കാക്കി വെട്ടിമുറിച്ചിടാം.
എൻ്റെ പിന്നാലെ നടന്ന് മോനുട്ടനതെല്ലാം രണ്ടു ഭാഗത്തേക്കും മറ്റിയിട്ടാൽമതി. അത് അവിടെക്കിടന്ന് നശിച്ചു പൊയ്ക്കോളും. എന്താ..റെഡിയല്ലേ..
റെഡിയാണ്. പക്ഷേ ഒരു കാര്യമുണ്ട്.
എന്തു കാര്യം.?
കാടൊക്കെ വെട്ടിക്കളഞ്ഞു കഴിഞ്ഞതിനു ശേഷം ഉപ്പാൻ്റെ വല്ല്യുമ്മയുടെ ഖബറ് എനിക്കും കാണിച്ചു തരണം.
അതാണോ അത്രവലിയ കാര്യം. കാണിച്ചുതരാമെന്നുമാത്രമല്ല ജമീലമ്മായിയെയും കൂട്ടി സിയാറത്ത് പെയ്യാൻ വരുമ്പോൾ മോനുട്ടനെയും കൂടെ കൂട്ടുകയുംചെയ്യാം. എന്താ..സന്തോഷമായില്ലേ.?
ഉം.
വാരിവലിച്ചു നീക്കുന്നതിനുമുൻപ് മുള്ളുണ്ടോ എന്നെല്ലാം നോക്കണട്ടോ. മുള്ളുകൊണ്ട് കൈക്ക് മുറിപ്പറ്റിയാൽ ഉമ്മയുടെ സ്വഭാവം മാറും. അറിയാലോ…
ഇങ്ങോട്ട് പറഞ്ഞയച്ചപ്പോൾ തന്നെ ഉമ്മ അതെല്ലാം എന്നോട് പറഞ്ഞിട്ടുണ്ട്. ഞാനതെല്ലാം നല്ല പോലെ ശ്രദ്ധിക്കുന്നുമുണ്ട്. ഇതുവരെയും മുള്ളു കുത്തിയിട്ടില്ല.
ഇനി കുറച്ചും കൂടെയല്ലേ ഉള്ളൂ. ഉപ്പ വേഗം വെട്ടിയിട്ടാൽമതി. ഞാൻ ശ്രദ്ധിച്ച് മാറ്റിയിട്ടോളാം..
(തുടരും…)
– K.M സലീം പത്തനാപുരം