ഞങ്ങൾ അവിടേക്ക് പോകുന്നകാര്യം നീ എങ്ങനെയാണ് അറിഞ്ഞത്. ഈ കാര്യം പറയാൻ വേണ്ടി ഇന്നലെ രാത്രി നിന്നെയവൻ ഒരുപാട് തവണ വിളിച്ചിരുന്നു. സുഹൃത്തുക്കളുടെ കൂട്ടത്തിൽ നിന്നെമാത്രമേ ഇക്കാര്യം പറയാൻ വേണ്ടി അവൻ വിളിച്ചിട്ടുള്ളൂ. ബെല്ലടിക്കുന്ന ശബ്ദം കേട്ടതല്ലാതെ ഒരു കാളുപോലും നീ അറ്റൻ്റ് ചെയ്തിരുന്നില്ല. വാട്സാപ്പിലും നിൻ്റെ വോയ്സ് കണ്ടില്ല. അതുകൊണ്ട് ചോദിച്ചതാണ്.
അത് മന:പൂർവ്വമായിരുന്നില്ല സുരേഷേ.. ഒരു അബദ്ധം പറ്റിപ്പോയതാണ്. നാട്ടുകാർക്ക് നമ്മൾ സുഹൃത്തുക്കളാണെങ്കിലും വീട്ടുകാർക്ക് നമ്മൾ സഹോദരങ്ങളല്ലേ. ഫോൺകാൾ അറ്റൻ് ചെയ്യാതിരിക്കാൻ മാത്രം അകൽച്ചയൊന്നും ഇന്നേവരെയും നമ്മൾക്കിടയിൽ ഉണ്ടായിട്ടില്ലെന്ന് നിനക്കറിഞ്ഞു കൂടേ..
എന്ത് അബദ്ധം പറ്റിയെന്നാണ് നീ പറയുന്നത്.?
സാധാരണ സംഭവിക്കാറുള്ളതുതന്നെ. സൈലൻ്റാക്കി വെച്ചതിനുശേഷം പഴയ പടിയാക്കാൻ മറന്നു പോവൽ. ഇന്നലെ മഗ്‌രിബ് മുതൽ ഇന്നു രാവിലെ എട്ടു മണി വരെയും ഫോൺ സൈലൻ്റായിരുന്നു. പോരാത്തതിന് റീചാർജ് ചെയ്യാൻ മറന്നുപോയ കാരണത്താൽ ഔട്ട്ഗോയിംങ്ങും കട്ടായിരുന്നു.
രാവിലെ സക്കീന പറഞ്ഞപ്പോഴാണ് ഇന്ന് നിങ്ങൾ ജന്നത്തുൽ ബഖിയ്യിലേക്ക് പോകുന്നുണ്ടെന്ന കാര്യം ഞാനറിഞ്ഞത്. റംലയാണത്രേ അവളോടതു പറഞ്ഞത്.
കാര്യം നീ പറഞ്ഞത് ശരിതന്നെയാകും. പക്ഷെ അവനത് അറിയില്ലല്ലോ. നിൻ്റെ മറുപടിയൊന്നും കിട്ടാതായപ്പോൾ അവനൊരു മന:പ്രയാസം തോന്നി. ഇനി ഇക്കാര്യം പറയാൻ വേണ്ടി നിന്നെ വിളിക്കേണ്ടെതില്ലെന്ന് തീരുമാനിക്കുകയും ചെയ്തു.
രാവിലെത്തന്നെ ഞങ്ങളിവിടെ എത്തി. രണ്ടുപേരുടെയും ഖബറുകൾ ഞാനവന് കാണിച്ചുകൊടുത്തു. അവരോട് കുറേ നേരം ഞാനും സംസാരിച്ചു. അവനോരോന്നു പറയുന്നത് കേട്ടപ്പോൾ എൻ്റെ മന:സ്സിലൊരു വിങ്ങൽ അനുഭവപ്പെടാൻ തുടങ്ങി. ശ്വാസതടസ്സം നേരിടുന്ന അവസ്ഥയിലെത്തിയപ്പോഴേക്കും ഞാനവിടെ നിന്നും മാറി നിന്നു. അവനിപ്പോഴും അവരോട് സംസാരിച്ചു കൊണ്ടിരിക്കുകയാണ്.
അവനെ അവിടെ നിന്നും പിടിച്ചു മാറ്റാനൊന്നും ഞാൻ മെനക്കെട്ടില്ല. മൂന്നാലുകൊല്ലത്തെ കാര്യങ്ങൾ പറയാനുണ്ടാകുമല്ലോ.
എല്ലാം പറഞ്ഞു കഴിഞ്ഞതിനു ശേഷം പുറത്തു വരുന്നതുവരെയും കാത്തിരിക്കാമെന്ന് ഞാനും കരുതി.
അവൻ്റെ ഫോൺ എന്നെ ഏൽപ്പിച്ചതുകൊണ്ടാണ് എനിയ്ക്ക് നിന്നെ വിളിക്കാൻ സാധിച്ചത്. അല്ലെങ്കിലും നമ്മുടെ കൂട്ടത്തിലെ ദുർബലഹൃദയൻ ഞാൻ മാത്രമാണെന്നാണല്ലോ നിങ്ങൾ എപ്പോഴും പറയാറുള്ളത്..
അനേകം ഖബറുകൾ ഉള്ള സ്ഥലമല്ലേ അത്. പോരാത്തതിന് നമ്മുടെ നാട്ടിൽ കാണുന്നതുപോലെ പേരും വിലാസവും കൊത്തിവച്ച മിസാൻ കല്ലുകളും ഇല്ലാത്തതാണല്ലോ, അതിന്നിടയിൽ നിന്നും അവരുടെ ഖബറുകൾ കണ്ടുപിടിക്കാൻ നിനയ്ക്ക് ഒരുപാട് സമയം ചെലവഴിക്കേണ്ടി വന്നിട്ടുണ്ടാകുമല്ലേ.?
നീ പറഞ്ഞതുപോലെ ജന്നത്തുൽ ബഖിയ്യ് എന്നത് വിശാലമായ ഒരു ഖബർസ്ഥാൻ തന്നെയാണ്.
നമ്പറുകൾ എഴുതി വെയ്ക്കുന്നതൊഴിച്ചാൽ നമ്മുടെ നാട്ടിലെ പള്ളിക്കാടുകളിൽ കാണുന്നതു പോലെയുള്ള പേരും വിലാസവും ജനന തിയ്യതിയുമൊന്നും ഇവിടത്തെ മീസാൻ കല്ലുകളിൽ കാണാൻ കഴിയില്ല. എന്നുവച്ചാൽ ഞാൻ കണ്ടിട്ടില്ലെന്നർത്ഥം.
പിന്നെ നമ്മൾ മലയാളികളുടെ ഒരുപാട് ബബറുകളും ഇതിനകത്ത് ഉള്ളതുകൊണ്ട് ഭാവിയിൽ അങ്ങനെ സംഭവിച്ചു കൂടായ്കയൊന്നുമില്ലട്ടോ.
കാര്യം അങ്ങനെയെല്ലാമാണെങ്കിലും അതിൻ്റെ ബൗണ്ടറിയിൽ നിന്ന് സൂക്ഷിച്ചുനോക്കിയാൽ തന്നെയും എനിയ്ക്കവരുടെ ഖബറുകൾ തിരിച്ചറിയാൻ കഴിയും. ഞാനും കൂടെ ചേർന്നാണല്ലോ അവരെ അവിടെ അടക്കം ചെയ്തത്. അതും മകൻ്റയും സഹോദരൻ്റെയും സ്ഥാനത്തു നിന്നുകൊണ്ടുതന്നെ.
എൻ്റ മനസ്സിൽ അത്രത്തോളം ആഴത്തിൽ ഉറച്ച സംഭവമാണത്. അയുസ്സിൻ്റെ അവസാനം വരെയും മറക്കാൻ കഴിയാത്ത അനുഭവവും കൂടെയാണത്. അതെല്ലാം നിന്നോട് ഞാനൊരുപാടു തവണ പറഞ്ഞിട്ടുള്ളതാണല്ലോ.
അതല്ല, നീ ഇന്ന് പണിസ്ഥലത്തേക്ക് പോയിട്ടില്ലെന്നു തോന്നുന്നു. പ്രത്യേകിച്ച് അസുഖമെന്തെങ്കിലും..?
അര മണിക്കൂർ ഇടവിട്ട് കട്ടൻചായയും അതിൻ്റെ കൂടെ ഓരോ സിഗററ്റും പതിവാക്കിയതുകൊണ്ട് എനിയ്ക്ക് ഒരു കാലത്തും പൊടിയരിക്കഞ്ഞിയും കുടിച്ച്
കട്ടിലിൽ കിടക്കേണ്ടിവരില്ലെന്നും അതിനുമുൻപേ കാറ്റുപോകുമെന്നുമെല്ലാം നീയൊക്കത്തന്നെയല്ലേ പറഞ്ഞുകൊണ്ടിരുന്നത്.
മേൽപ്പോട്ടുള്ള വളർച്ചയുടെ ഘട്ടം പൂർത്തിയാവുകയും കീഴ്പോട്ടുള്ള വളർച്ചക്ക് തുടക്കം കുറിക്കുകയും ചെയ്തതു മൂലമുള്ള തളർച്ചയും ക്ഷീണവും ഉണ്ടെന്നതൊഴിച്ചാൽ എനിയ്ക്ക് കാര്യമായ അസുഖങ്ങളൊന്നും തന്നെ ഇല്ല. പിന്നെ ഇന്നത്തെ അവധിക്കാര്യം. അത് മന:പൂർവ്വമല്ല. യാദൃശ്ചികമായി സംഭവിച്ചു പോയതാണ്. അതാവട്ടെ നല്ലതിനായി മാറുകയും ചെയ്തു.
എന്താകാര്യം, എനിയ്ക്കും കൂടി മനസ്സിലാകുന്ന രീതിയിൽ പറഞ്ഞാൽ എന്താ കുഴപ്പം.?
ഒരു കുഴപ്പവുമില്ല, ഇന്ന് റബീഉൽ അവ്വൽ പതിനൊന്നാണെന്ന് ഞാൻ പറയാതെ തന്നെ നിനക്കറിയാലോ. എൻ്റെ വല്ല്യുമ്മ മരിച്ച ദിവസവും കൂടെയാണിന്ന്. വൈകുന്നേരം ഖബർ സിയാറത്ത് ചെയ്യാൻ ജമീലയും കൂടെ വരുന്നുണ്ടെന്ന് പറഞ്ഞു.
കാലു കുത്താൻ സ്ഥലമില്ലാത്ത കോലത്തിൽ കാട് മൂടിനിൽക്കുന്ന നമ്മുടെ പള്ളിക്കാടിൻ്റെ അവസ്ഥയൊക്കെ നീയും കാണാറുള്ളതല്ലേ,
പള്ളിയുടെ മുറ്റം മുതൽ ഖബറുവരെയുള്ള കുറ്റിക്കാടൊന്നു വെട്ടി വെടിപ്പാക്കണം എങ്കിലേ അവളെയും കൂട്ടി ഖബറിനരികിലെത്താൻ കഴിയൂ. അത് ചെയ്യാൻ വേണ്ടി കത്തിയുമെടുത്ത് പള്ളിക്കാട്ടിലേക്കുള്ള നടത്തത്തിനിടയിലാണ് നിൻ്റെ വിളി വന്നത്. പണിസ്ഥലത്തേക്ക് പോയിരുന്നെങ്കിൽ അതൊന്നും നടക്കുമായിരുന്നില്ല.
അതുകൊണ്ടാണ് ഇന്നത്തെ അവധി നല്ലതിനായി മാറിയെന്ന് ഞാൻ പറയാൻകാരണം. മനസ്സിലായോ.?
ഇക്കാര്യവും കൂടി ഓർമ്മപ്പെടുത്താൻ വേണ്ടിയാണ് അവൻ ഇന്നലെ നിന്നെ വിളിച്ചിരുന്നത്. ഇനിയിപ്പോൾ അതൊക്കെ പറഞ്ഞിട്ടെന്താകാര്യം. ആ നേരത്ത് നിൻ്റെ ഫോൺ നീ സൈലൻ്റാക്കിപ്പോയില്ലേ.
ഏതു കാര്യത്തെക്കുറിച്ച് ഓർമ്മപ്പടുത്താൻ വേണ്ടിയെന്നാണ് നീ ഉദ്ദേശിച്ചത്. കാടുവെട്ടിത്തെളിയിക്കുന്നതോ, അതല്ല ഇന്നത്തെ ദിവസത്തെക്കുറിച്ചോ.?
രണ്ടുമല്ല.
പിന്നെന്താണ്.?
ജമീലയെ ഖബറിനടുത്തേക്ക് കൊണ്ടുപോകുന്നതിനെക്കുറിച്ച്.
അക്കാര്യം അവനെങ്ങനെയാണ് അറിഞ്ഞിട്ടുണ്ടാവുക. അവൾക്ക് അങ്ങനെയൊരു ആഗ്രഹമുണ്ടെന്ന് ആരാണ് അവനോടു പറഞ്ഞിട്ടുണ്ടാവുക.?
വേറെ ആരുമല്ല, അവൾതന്നെയാണ് അവനോടക്കാര്യം പറഞ്ഞത്. നിന്നോടു നേരിട്ടുപറഞ്ഞാൽ ഈ ജൻമത്തിലത് നടക്കാൻ പോകുന്നില്ലെന്നും ഒഴിഞ്ഞുമാറാനുള്ള കാരണം കണ്ടെത്തുന്ന കാര്യത്തിൽ നീ അതി സമർത്ഥനാണെന്നും മറ്റാരെക്കാളും കൂടുതൽ അവൾക്ക് നന്നായിട്ടറിയാവുന്നതുകൊണ്ട് നിന്നോടു പറയേണ്ടതിനു പകരം അവൾ അവനോടതു പറഞ്ഞു.അവൻ്റെ മുൻപിൽ നിൻ്റെ ന്യായങ്ങളൊന്നും നടക്കില്ലെന്ന് അവൾക്ക് ഉറപ്പുണ്ടായതു കൊണ്ടായിരിക്കാം അങ്ങനെ ചെയ്തത്.
ഇക്കാര്യത്തിലെന്നല്ല അവൾക്ക് എൻ്റെ സാന്നിദ്ധ്യം ആവശ്യമായിവരുന്ന ഒരു കാര്യത്തിലും ഞാൻ മന:പൂർവ്വം ഒഴിഞ്ഞുമാറാറില്ല സുരേഷേ.. ഒഴിവ് കിട്ടാത്തതിനാൽ സംഭവിച്ചു പോകുന്നതാണ്.
സമയത്തെ ക്കുറിച്ചും ആയുസ്സിനെക്കുറിച്ചും ബോധമില്ലാത്തവർ പറയുന്നത് പോലെയാണല്ലോ നീയും പറയുന്നത്. എന്നു മുതലാണ് നിനക്ക് സമയമില്ലെന്ന് തോന്നിത്തുടങ്ങിയത്. ഇനി എപ്പോൾ സമയമുണ്ടാകുമെന്നാണ് നീ കരുതുന്നത്. നിൻ്റെ ഉപ്പയെപ്പോലെ മരിച്ചു കിടക്കുന്ന സമയത്തോ, അതല്ലങ്കിൽ പണിസ്ഥലത്തേക്കെന്നും പറഞ്ഞ് വീട്ടിൽ നിന്നും പുറത്തിറങ്ങാനുള്ള ആരോഗ്യമില്ലാതാകുന്ന കാലത്തോ, അതുമല്ലെങ്കിൽ നാലാള് ഒത്തു കൂടുന്നിടത്തൊന്നും നിൻ്റെ സാന്നിദ്ധ്യം ആവശ്യമില്ലാതാകുന്ന കാലത്തോ, ഇതിൽ ഏതു കാലമാണ് നീ ഉദ്ദേശിക്കുന്നത്.
എന്താണ് സുരേഷേ നീ എന്നോട് ഇങ്ങനെയെല്ലാം ചോദിക്കുന്നത്.?
(തുടരും…)
– K.M സലീം പത്തനാപുരം