അരുതാത്തതൊന്നും എന്നോടാരും പറഞ്ഞിട്ടൊന്നുമില്ലമ്മേ.
പിന്നെന്താ മോനൊരു ചിന്ത.?
ഇവിടെയിങ്ങനെ ഇരുന്നപ്പോൾ എൻ്റെ മനസ്സ് അവരോടൊപ്പം ചേർന്നതാണമ്മേ.
ആരോടൊപ്പമാണ് മോൻ്റെ മനസ്സ് ചേർന്നത്.?
ദേ..അമ്മ കേൾക്കുന്നില്ലേ, ആ ഒച്ചയും ബഹളവും. അതങ്ങനെ ശ്രദ്ധിച്ചിരുന്നാൽ എൻ്റെ മാത്രമല്ല അമ്മയുടെ മനസ്സും അവരോടൊപ്പം ചേർന്നു പോകും.
അമ്മ അതിരാവിലെ പോയതായിരുന്നല്ലോ. എന്നിട്ടെന്താ അമ്മവരാൻ വൈകിയത്.?
മേനേ.. ഞാനവിടെ ചെന്ന സമയത്ത് ഹൈദറലി അവിടെ ഉണ്ടായിരുന്നില്ല, അവനും ഭാര്യയും ചേർന്ന് അവളുടെ വീട്ടിലേക്കുപോയതായിരുന്നു.
റംല എന്നാണാ കുട്ടിയുടെ പേര്, ആമിനക്കുട്ടി സുഖമില്ലാതെ കിടപ്പിലാണ്, രണ്ടാഴ്ചമുമ്പ് വെള്ളം കോരുന്നതിനിടയിൽ കിണറ്റിലേക്കു വീണതാണത്രേ, ദേഹത്തേക്ക് കല്ല് മറിഞ്ഞു വീണ് കാലിനും ഊരയ്ക്കും ചതവു പറ്റുകയും ചെയ്തിട്ടുണ്ടെന്നാ അവളെന്നോടു പറഞ്ഞത്.
കിടപ്പിലാ മോനെ, എഴുന്നേറ്റ് നടക്കാനൊന്നും അവളെക്കൊണ്ടു പറ്റില്ല.
കുറെനേരം ഞാനവളോടങ്ങനെ സംസാരിച്ചു കൊണ്ടിരിന്നു. ഹൈദറും റംലയും തിരിച്ചുവന്നതിനുശേഷമാണ് ഞാനിങ്ങോട്ടു പോന്നത്.
ആ അവസ്ഥയിൽ ആമിയെ തനിച്ചാക്കിയിട്ടു പോരാൻ എൻ്റെ മനസ്സനുവദിച്ചില്ല മോനെ.
ഇത്രയും ദിവസമായിട്ടും ഹൈദറലി എന്നോടിതൊന്നും പറയാതിരുന്നതെന്താണമ്മേ.?
അവനെ കുറ്റപ്പെടുത്തുന്നതിൽ അർത്ഥമില്ല മോനെ, ഉമ്മയെ പരിചരിക്കുന്നതിനിടയിൽ അവനിങ്ങോട്ടു വരാൻ സമയം കിട്ടിയിട്ടുണ്ടാവില്ല.
ഇത്രയും ദിവസത്തിനിടയിൽ നീ അങ്ങോട്ടും പോയിട്ടില്ലല്ലോ, അതും ഒരു പോരായ്മ തന്നെയല്ലേ മോനെ.?
ഏതായാലും നാളെയിങ്ങോട്ടൊന്നുവരാൻ ഞാനവനോടു പറഞ്ഞിട്ടുണ്ട്. വരാമെന്നവനും പറഞ്ഞിട്ടുണ്ട്.
ആട്ടേ, നീയും ദേവകിയും കൂടെ പാടത്തൊക്കെ പോയി വന്നതല്ലേ, ? എല്ലാം കണ്ടിട്ട് നിങ്ങൾക്കെന്തു തോന്നി.
പണിക്കാരാരും നിങ്ങളെ കണ്ടില്ലേ,? ആരും നിങ്ങളോടൊന്നും ചോദിക്കുകയും പറയുകയും ചെയ്തില്ലേ.?
കൃഷിയിറക്കേണ്ടേ എന്ന് എന്നോട് പലരും ചോദിച്ചു. അമ്മയോടു ചോദിക്കാൻ ഞാനവരോടു പറയുകയും ചെയ്തു. ദേവകിയോടാണ് അവർ കൂടുതലായും സംസാരിച്ചത്.
എന്താ മോളെ നിന്നോനോടവർ സംസാരിച്ചത്.?
കൃഷിയിറക്കുന്നതിനെ കുറിച്ച് അവരാരും എന്നോടൊന്നും പറഞ്ഞിട്ടില്ലമ്മേ, പറമ്പിൽ സൂക്ഷിച്ചുവച്ച വൈക്കോല് തീരാറായിട്ടുണ്ടെന്നും, കന്നുകാലികൾക്ക് കൊടുക്കാനുള്ള വൈക്കോല് പുറത്തുനിന്നും വാങ്ങേണ്ടി വരുമെന്നും പാടത്തെ പുല്ലരിഞ്ഞെടുക്കാൻ പറ്റിയാൽ ആശ്വാസമാകുമെന്നും അവരെനെന്നോടുപറഞ്ഞു.
ഏട്ടനോട് ഞാനക്കാര്യം പറഞ്ഞപ്പോൾ വിരോധമില്ലെന്നും പറഞ്ഞു. അമ്മയ്ക്കും അതിൽഎതിർപ്പുണ്ടാകില്ലെന്നു കരുതി ഞാനവരോട് അവർക്കാവശ്യമുള്ളത്ര
പുല്ല് അരിഞ്ഞെടുത്തോളാനും പറഞ്ഞു.
അതുപറഞ്ഞു കേട്ടപ്പോൾ മുതൽ അവർ വലിയ സന്തോഷത്തിലാണമ്മേ.
നീയങ്ങനെ പറഞ്ഞത് നന്നായി മോളെ, അല്ലങ്കിലും പാടം നിറയെ പുല്ലുണ്ടായിട്ട് നമുക്കെന്താകാര്യം.
അല്ലമോനെ, നീ പറഞ്ഞതു പ്രകാരം നാളെ അവരിവിടെവന്ന് പാടത്ത് കൃഷിയിറക്കണ്ടേ എന്നെന്നോടു ചോദിച്ചാൽ ഞാനവരോടെന്താ മറുപടി പറയേണ്ടത്.?
അമ്മയുടെ മനസ്സിലെന്താണോ തോന്നുന്നത് അതങ്ങ് പറഞ്ഞാൽ മതിയല്ലോ, എന്നോടെന്തിനാണമ്മേ അതൊക്കെ ചോദിക്കുന്നത്. ?
മോനെ, ഇത്രയും കാലം നിൻ്റെ അച്ഛൻ്റെ കൂടെ തന്നെ നടന്നും, പണിക്കാര് ചോദിക്കുന്നതിനൊക്കയും മറുപടി പറഞ്ഞും തന്നെയാ കഴിഞ്ഞു പോയത്.
അച്ഛൻ മരിച്ചതിൽ പിന്നെ മനസ്സിനൊരു ധൈര്യക്കുറവ് അനുഭവപ്പെട്ടു തുടങ്ങിട്ടുണ്ട് മോനെ, തന്നെയുമല്ല പ്രായവും കൂടുന്നുണ്ടല്ലോ,?
ഇനി ഈ വക കാര്യങ്ങളെല്ലാം ഞാനല്ല, നീയാണ് നോക്കി നടത്തേണ്ടത്, സഹായത്തിന് ദേവകിയും കൂടെയുണ്ടാകും.
നിങ്ങൾ ഒറ്റയ്ക്കാണെന്ന ഭയമൊന്നും വേണ്ടട്ടോ, നിങ്ങൾ പറയുന്നതും ചെയ്യുന്നതുമെല്ലാം കണ്ടും കേട്ടും നിങ്ങളോടൊപ്പം ഞാനും കൂടെയുണ്ടാകും.
എനിക്ക് ഏട്ടനെപോലെ പാടത്തെ കാര്യങ്ങളൊന്നും കണ്ടു പരിചയമില്ലമ്മേ.
അവനും അതൊന്നും കണ്ടു പരിചയമില്ലമോളെ,
വല്ലോരും സഞ്ചിയുമായി വന്നാൽ പത്തായത്തിൽ നിന്ന് നെല്ലെടുത്തു കൊടുക്കാൻ മാത്രമേ അവൻ ആകപ്പാടെ പഠിച്ചിട്ടുള്ളു.
ഒരു കണക്കിനു നോക്കിയാൽ അതും ഒരു നല്ലപണിതന്നെയാണു മോളെ.
അല്ല അമ്മേ, ഞങ്ങൾക്ക് രണ്ടാൾക്കും അറിയാത്തതിനെക്കുറിച്ച് ഞങ്ങളെങ്ങനെയാ പണിക്കാരോടു പറയുന്നത്.? ഞങ്ങളെന്താണവരോടു പറയേണ്ടത്.?
ആ കാര്യമോർത്ത് നിങ്ങൾ വിഷമിക്കണ്ട, അതെല്ലാം ചെയ്തുപരിചയമുള്ള ഒരാൾ നിങ്ങളെ കൂടെ തന്നെയുണ്ടാകും.
അതാരാണമ്മേ.?
മോൻ്റെ കൂട്ടുകാരൻ ഹൈദറലി. എൻ്റെ ആമിനക്കുട്ടിയുടെമകൻ.
നാളെ അവനിങ്ങോട്ടു വരും. അതിനെക്കുറിച്ച് സംസാരിക്കാൻ വേണ്ടിയാ ഞാനവനോടു വരാൻപറഞ്ഞത്. ഇനി അക്കാര്യമോർത്ത് ഉറക്കം കളയണ്ട.
ഇന്നലത്തെ പോലെ തന്നെ ഇന്നും നേരം പോയതറിഞ്ഞില്ലല്ലേ മോളെ.?
ബാക്കി കാര്യങ്ങളൊക്കെ നാളെ ഹൈദർ വന്നതിനു ശേഷമാവാം.
നമുക്കിനി ഊണു കഴിച്ച് കിടക്കാൻ നോക്കാം. മോൻ എഴുന്നേറ്റു പോരുമ്പോൾ ആ റാന്തലും കൂടെ എടുക്കാൻ മറക്കണ്ടട്ടോ.
നേരത്തെ ഉണരണമെന്ന ചിന്തയോടെ ഉറങ്ങാൻ കിടന്നെങ്കിലും നേരെമേറെ കഴിഞ്ഞിട്ടും കൃഷ്ണദാസന് ഉറക്കം വന്നില്ല.
മനസ്സിലെ ചിന്തകൾ മാറ്റിവെച്ച് ഉറങ്ങാൻ ശ്രമിക്കുമ്പോഴൊക്കെയും പാടത്ത് കൃഷിയിറക്കുന്നതിനെ കുറിച്ചുള്ള ചിന്തകൾ മനസ്സിലേക്ക് തള്ളിക്കയറിക്കൊണ്ടിരുന്നു.
അമ്മ പറഞ്ഞതിനെക്കുറിച്ചുള്ള ആലോചനകൾ തൻ്റെ ഉറക്കം കെടുത്തുന്നതായി കൃഷ്ണദാസന് അനുഭവപ്പെട്ടു. പിടിച്ചു നിർത്താൻ ശ്രമിക്കുമ്പോഴൊക്കെയും
കൃഷി കാര്യങ്ങളിലേക്കുള്ള മനസ്സിൻ്റെ സഞ്ചാരത്തിന് വേഗത വർദ്ധിച്ചു. ആ സഞ്ചാരത്തിനിടയിലെപ്പോഴോ കൃഷ്ണദാസൻ ഉറക്കത്തിലേക്കു പ്രവേശിച്ചു.
കൃഷ്ണൻ എഴുന്നേറ്റില്ലേ മോളേ,?
ഇനിയെല്ലാ ദിവസവും നിൻ്റെകൂടെ എഴുന്നേറ്റു വരുമെന്നാണല്ലോ അവനിന്നലെ പറഞ്ഞിരുന്നത്. വീണ്ടും പഴയപടിയായോ.?
നേരെത്തെ എഴുന്നേൽക്കണമെന്നായിരുന്നു എന്നോടും പറഞ്ഞിരുന്നത്. പതിവില്ലാതെ പാടത്തേക്കൊക്കെ നടന്നു പോയതല്ലേ, ക്ഷീണമുണ്ടാകും, അതു കൊണ്ടാകും ഉണരാതിരിക്കുന്നത്. വിളിച്ചുണർത്തണോ.?
വേണ്ടമോളെ. അവൻ എപ്പോഴാണോ ഉണരുന്നത്, അതുവരെയും ഉറങ്ങിക്കോട്ടെ.
നേരത്തെ എഴുന്നേറ്റു വന്നിട്ട് അവനിവിടെ കാര്യമായ പണിയൊന്നും ചെയ്യാനില്ലല്ലോ,?
അമ്മയും ദേവകിയും ചേർന്നു ഇലഞ്ഞിത്തറയിൽ എത്തിയതോടെ പക്ഷിക്കൂട്ടങ്ങൾ അവർക്കരികിൽ പറന്നെത്തി.
വെള്ളം കുടിച്ചും ഭക്ഷണം കൊത്തിയെടുത്തും ചിലരെല്ലാം കൂടുകളിലേക്കു പറന്നു പോയി.
അണ്ണാനും ചിതൽ കാടകളും ഇലഞ്ഞിത്തറയെ ശബ്ദമുഖരിതമാക്കി കൊണ്ടിരുന്നു. അവരോടൊപ്പം കുയിലും കുരുവിയും ചേർന്നതോടെ നടുമുറ്റത്തെ ഇളം കാറ്റിന് സംഗീത ഭാവമായി. ഇലഞ്ഞിപ്പൂമണത്തിൽ ചാലിച്ച കുയിൽനാദവും കുരുവികളുടെ പിന്നണിയും ചുമരിലെ കിളിവാതിലിലൂടെ മുറിക്കത്തേക്കു പ്രവേശിച്ചു.
തലേ ദിവസത്തെ പ്രഭാത ഓർമ്മകൾ കൃഷ്ണദാസൻ്റെ മനസ്സിനെ തൊട്ടുണർത്തി.
മൂടിപ്പുതച്ച പുതപ്പെടുത്തുമാറ്റി കൃഷ്ണദാസൻ ഇലഞ്ഞിത്തറയിലെത്തി. പ്രകൃതി സുന്ദരമായ പ്രഭാതം മനം കുളിർക്കെ ആസ്വദിച്ചതിനു ശേഷം പ്രഭാത കർമങ്ങൾക്കായി സാവധാനം കിണറിനടുത്തേക്കു നടന്നു.
എഴുന്നേറ്റു പോന്നപ്പോൾ നിനെക്കെന്നെയും വിളിച്ചുണർത്താമായിരുന്നില്ലേ ദേവകീ.?
നിന്നെ വിളിച്ചുണർത്തണോന്ന് ദേവകിയെന്നോട് ചോദിച്ചതാമോനെ. ഞാനാ അവളോടു വേണ്ടാന്നു പറഞ്ഞത്. ഇപ്പോൾ ആരും ഉണർത്താതെ തന്നെ നീ ഉണർന്നെഴുന്നേറ്റു വന്നില്ലേ.? ഇനിയതങ്ങ് ശീലമായ്ക്കോളും.
നമ്മളോരോ വഴിക്കു പോയതു കൊണ്ട് പശുക്കൾ ഇന്നലെ മുഴുവൻ തൊഴുത്തിൽ തന്നെയായിരുന്നല്ലോ മോനെ, ചാണകവും മൂത്രവുമെല്ലാം അതിൻ്റെ ദേഹത്ത് പറ്റി പിടിച്ചിട്ടുണ്ടാകും.
നീ അതിനെയെല്ലാം കിണറിൻ്റെ പിന്നാമ്പുറത്തേക്കു കൊണ്ടുവന്ന് ആ മുരിങ്ങമരത്തിൽ കെട്ടിയിട്, ഓരോന്നിൻ്റെയും ദേഹത്ത് നാലോ അഞ്ചോ തവണ വെള്ളവും
കോരി ഒഴിച്ചേക്ക്, ഉണങ്ങി പിടിച്ച ചാണകമൊക്കെ കുതിരുമ്പോഴേക്കും ഞാനങ്ങോട്ടു വരാം. അതുകഴിഞ്ഞിട്ടു വേണം പാല് കറന്നെടുക്കാൻ. തൊഴുത്തും വൃത്തിയാക്കണം.
തൊഴുത്ത് ഞാൻ വൃത്തിയാക്കിക്കോളാം.
നീ വൃത്തിയാക്കിയാലത് വൃത്തിയാകുമെന്ന് എനിക്കു തോന്നുന്നില്ല മോനെ. എന്നാലും വേണ്ടില്ല, നീയതൊന്നു ചെയ്തു നോക്ക്.
അങ്ങനെ ചെയ്തു തന്നെയാ എല്ലാം പഠിക്കുന്നത്. തൊഴുത്തിനുള്ളിൽ വഴുക്കി വീഴാതിരിക്കാൻ ശ്രദ്ധിക്കണട്ടോ.
കൃഷ്ണദാസൻ കൈക്കോട്ടെടുത്ത് ആദ്യമായി തൊഴുത്തിലേക്കു കയറി.
ചാണകത്തിൻ്റെ ദുഷിച്ചമണം മൂക്കിനുള്ളിലേക്കു തുളച്ചു കയറിയ ഉടനെ കൃഷ്ണദാസൻ തൊഴിത്തിൽ നിന്നും പുറത്തേക്കിറങ്ങി.
കിണറിനടുത്തേക്ക് തിരിച്ചു നടക്കാൻ ഒരുങ്ങവേ പിറകിൽ നിന്നാ വിളികേട്ടു.
കൃഷ്ണദാസാ.. കൃഷ്ണദാസാ…
കൃഷ്ണദാസൻ തിരിഞ്ഞുനോക്കി. ഹൈദറലി. എൻ്റെ ഹൈദറേ..എത്ര ദിവസമായി നീയിങ്ങോട്ടു വന്നിട്ട്, നിന്നെ കാണാത്തതു കൊണ്ട് ഞാനിന്നലെ അമ്മയോടൊപ്പം
അങ്ങോട്ടു വരാനൊരുങ്ങിയതായിരുന്നു. മറ്റൊരു ദിവസമാകാമെന്നു അമ്മ പറഞ്ഞതുകൊണ്ടാ ഇന്നലെ ഞാനങ്ങോട്ടു വരാതിരുന്നത്.
നീ ഇന്നിങ്ങോട്ടു വരുമെന്ന് അമ്മ പറഞ്ഞിരുന്നു. ഇത്രയും നേരെത്തെ വരുമെന്ന് ഞാൻ കരുതിയിരുന്നില്ലട്ടോ.
അല്ല കൃഷ്ണദാസാ, നീ ഈ നേരത്ത് എഴുന്നേൽക്കാനെല്ലാം തുടങ്ങിയോ.? സാധാരണ നേരം പത്തുമണി കഴിഞ്ഞല്ലേ നീ ഉണരാറുണ്ടായിരുന്നത്.
നിനക്കെന്തു പറ്റിയെൻ്റെ കൃഷ്ണദാസാ,? അമ്മ വഴക്കു പറയാൻ തുടങ്ങിയോ,? അതോ ദേവകിയുടെ ഉപദേശമോ.?
അമ്മ വഴക്കു പറഞ്ഞതോ, ദേവകിയുടെ ഉപദേശമോ ഒന്നുമല്ല ഹൈദറേ, സ്വയം തീരുമാനിച്ചതാ. രണ്ടു ദിവസമേ ആയിട്ടുള്ളു ഈ തീരുമാനമെടുത്തിട്ട്,
അതിരാവിലെ എഴുന്നേൽക്കാൻ തുടങ്ങിയപ്പോഴാണ് പകലിനു ഒരുപാടു സമയമുണ്ടെന്നു ബോധ്യായത്, മറ്റുള്ളവരെ പോലെ പണിയെടുക്കണമെന്ന ആഗ്രഹവും. ആ ആഗ്രഹത്തിൻ്റെ പുറത്താ കൈക്കോട്ടെടുത്ത് തൊഴുത്ത് വൃത്തിയാക്കാൻ കയറിയത്. ചാണകത്തിൻ്റെ മണം സഹിക്കാൻ കഴിയാത്തതു കൊണ്ട് ഞാനതു വേണ്ടെന്നു വച്ചു.
എൻ്റെ കൃഷ്ണദാസാ, ഇന്നലെ വരെ പുലർച്ച നേരത്തുണരാത്ത നീ ഇന്നലെ മുതൽ ഉണരാൻ ശീലിച്ചില്ലേ.?
തൊഴുത്തിലെ പണിയും അങ്ങനെതന്നെയാ, ഏതൊരു തൊഴിലും ചെയ്യുമ്പോഴാണ് അതിനോടുള്ള അറപ്പും മടുപ്പും ഇല്ലാതാകുന്നത്.
ഇത്രയും കാലം അമ്മയല്ലേ ഇതൊക്കെ ചെയ്യുന്നത്.? അമ്മയ്ക്കതിൽ അറപ്പോ മടുപ്പോ കുറച്ചിലോ തോന്നിയിട്ടില്ലല്ലോ.?
ഒരു തൊഴിലും ഒരു കൂട്ടർക്കു മാത്രമായി നിശ്ചയിച്ചിട്ടില്ല കൃഷ്ണദാസാ,
ചെയ്യാൻ മനസ്സുള്ളവർക്ക് ഏതു പണിയും ചെയ്യാം. നല്ല നിലക്ക് ചെയ്യാൻ പഠിക്കണമെന്നേയുള്ളൂ.
അച്ഛനും അമ്മയും അതിൻ്റെ ഉദാഹരണമല്ലേ,? അവർക്കാവശ്യമായ ഏതു പണിയാ അവർ ചെയ്യാതിരുന്നിട്ടുള്ളത്.?
കൃഷ്ണാ.. മോനെ കൃഷ്ണാ.. നീയാരോടാ മോനെ സംസാരിക്കുന്നത്.?
ഹൈദറലിയാണമ്മേ.
ഹൈദറായിരുന്നോ, നീ വന്നിട്ടധിക നേരമായോ മോനേ.?
ഇല്ലമ്മേ, ഞാനിപ്പോ എത്തിയതേയുള്ളൂ.
എന്നാൽ അവിടെ തന്നെ നിന്നു സംസാരിക്കാതെ രണ്ടാളും കൂടെ അടുക്കളയിലേക്കു വാ.
ആദ്യം വിശപ്പു മാറ്റാം. വർത്തമാനം പറച്ചിലൊക്കെ അതു കഴിഞ്ഞിട്ടാവാം.
വരാം അമ്മേ, അതിനു മുമ്പായി ഞങ്ങളീ തൊഴുത്തൊന്നു വൃത്തിയാക്കട്ടെ.
കൃഷ്ണദാസനും ഹൈദറലിയും ചേർന്ന് തൊഴുത്ത് വൃത്തിയാക്കി. അൽപനേരത്തെ അധ്വാനം കൊണ്ട് ചാണകത്തിൻ്റെ മണം അത്രതന്നെ അസഹനീയമല്ലെന്ന് കൃഷ്ണദാസനു ബോധ്യമായി.
രണ്ടു പേരും കിണറിനടുത്തു ചെന്ന് കയ്യും കാലും കഴുകി വൃത്തിയാക്കിയതിനു ശേഷം അടുക്കളയിൽചെന്നിരുന്നു.
അവർ തമ്മിൽ സംസാരിച്ചു കൊണ്ടിരിക്കേ നേരത്തെ തയാറാക്കി വച്ച പുട്ടും പപ്പടവും പഴവുമെല്ലാം ദേവകി മേശപ്പുറത്തു കൊണ്ടുവച്ചു.
ചായകുടി കഴിഞ്ഞതിനു ശേഷം രണ്ടു പേരും ചേർന്ന് വരാന്തയിലെ ചാരുപടിയിൽ ചെന്നിരുന്നു. അവർ സംസാരിച്ചുകൊണ്ടിരിക്കെ അമ്മയും ദേവകിയും അവർക്കരികിലെത്തി.
പിന്നീടുള്ള സംസാരം പാടത്തു കൃഷി ചെയ്യുന്നതിനെക്കുറിച്ചായി. അമ്മയാണതിനു തുടക്കമിട്ടത്.
മോനെ ഹൈദറേ, കൃഷ്ണനും ദേവകിയും കൂടി ഇന്നലെ നമ്മുടെ പാടത്തും പറമ്പിലും പോയി നോക്കിയിരുന്നു. പാടത്തുവച്ച് അവരെ കണ്ടവരെല്ലാം കൃഷിയിറക്കാത്തതിൽ സങ്കടപ്പെട്ടെന്നാണ് അവരെന്നോടു പറഞ്ഞത്.
നമ്മുടെ ചുറ്റുവട്ടത്തിലുള്ളവരെല്ലാം നമ്മുടെ പാടത്തും പറമ്പിലും കൃഷി ചെയ്താണ് കുടുംബം പോറ്റുന്നതെന്ന് നിനക്കറിയാലോ,
ഇനിയും അതു തരിശാക്കിയിട്ടാൽ അവരെല്ലാം പട്ടിണിയാകും.
(തുടരും…)
K.M സലീം പത്തനാപുരം