പുസ്തകത്തെക്കുറിച്ചുള്ള അഭിപ്രായം അറിയിക്കാൻ തിടുക്കമുണ്ടായിരുന്നുവെങ്കിലും ഞായറാഴ്ച ആവുന്നതുവരെയും അവർക്കതിനു കഴിഞ്ഞില്ല. റിട്ടയർമെന്റ് പേപ്പറുകൾ തയ്യാറാക്കുന്നതിനു വേണ്ടി വർഗ്ഗീസ് മാസ്റ്റർ ഒരാഴ്ച്ചത്തെ അവധിയെടുത്തതായിരുന്നു അതിനുളള കാരണം. പതിവു പോലെ ഞായറാഴ്ച പതിനൊന്നു മണിക്കു മുമ്പായി അവർ വർഗ്ഗീസ് മാസ്റ്ററുടെ വീട്ടിൽ എത്തിച്ചേർന്നു. അപ്പോഴേക്കും പതിവു പരിപാടികൾ കഴിഞ്ഞ് വർഗ്ഗീസ് മാസ്റ്ററും കുടുംബവും വീട്ടിൽ തിരിച്ചെത്തിയിട്ടുണ്ടായിരുന്നു.
പതിവിൽ നിന്നും വ്യത്യസ്തമായി ഇത്തവണ അവർക്കു സംസാരിക്കാനുണ്ടായിരുന്നത് വർഗ്ഗീസ് മാഷ് എഴുതി തയ്യാറാക്കിയ പുസ്തകത്തെക്കുറിച്ചു മാത്രമായിരുന്നു.
വർഗ്ഗീസ് മാസ്റ്ററുടെ താൽപര്യവും അതു തന്നെയായിരുന്നു.
ഉണ്ണികൃഷ്ണൻ മാസ്റ്ററാണ് സംസാരത്തിന് തുടക്കംകുറിച്ചത്. മാഷെ. ഞങ്ങൾ പറഞ്ഞുകേൾപ്പിച്ച കാര്യങ്ങൾ അതുപോലെ പകർത്തിയതു കൊണ്ട് അക്കാര്യത്തിൽ തെറ്റുകൾ കണ്ടെത്താൻ ഞങ്ങൾക്കു കഴിഞ്ഞിട്ടില്ല. നിങ്ങളുടെ ഭാവനകൾ തെറ്റാണെന്നു പറയാനും സാധ്യമല്ല. ഞങ്ങൾക്ക് നേരിട്ട് അനുഭവമില്ലാത്ത പല കാര്യങ്ങളും ഈ പുസ്തകത്തിൽ നിങ്ങൾ എഴുതിയിട്ടുണ്ടെന്നു ഞങ്ങൾക്കറിയാം. അതത്രയും ഞങ്ങളുടെ രക്ഷിതാക്കളും നാട്ടിലെ മുതിർന്നവരും പലപ്പോഴായി ഞങ്ങളോടു പറഞ്ഞിട്ടുളള കാര്യങ്ങളും അനുഭവങ്ങളുമാണ്. അതുകൊണ്ട് ഈ പുസ്തകം താങ്കൾ പേരിട്ടതുപോലെ അത്താണിക്കൽ എന്ന അനുഗ്രഹീത ഗ്രാമത്തിൻ്റെ യഥാർത്ഥ ചരിത്രം തന്നെയാണെന്നാണ് ഞങ്ങളുടെ അഭിപ്രായം.
ഈ പുസ്തകം വായിച്ചു കഴിഞ്ഞപ്പോഴാണ് ഞങ്ങൾക്കു മനസ്സിലാക്കാൻ കഴിയാതെ പോയ ഒരു പ്രധാന കാര്യത്തെക്കുറിച്ച് ഞങ്ങൾക്കു ബോധ്യമുണ്ടായത്. അക്കാര്യത്തിൽ ചില തീരുമാനവും ഞങ്ങൾ കൈകൊണ്ടിട്ടുണ്ട്. അക്കാര്യം മാഷെ അറിയിക്കുന്നതിനു വേണ്ടിയും കൂടെയാണ് ഞങ്ങളിന്ന് ഇങ്ങോട്ടു വന്നിട്ടുള്ളത്.
എന്താ മാഷെ ആ പ്രധാനകാര്യം,?
എന്താ നിങ്ങളെടുത്ത തീരുമാനം.?
മക്കൾ നാട്ടിലേക്കു തിരിച്ചു പോകാൻ വലാതെ ആഗ്രഹിക്കുന്നുണ്ടെന്നും ഞങ്ങളെ പിരിഞ്ഞു നിൽക്കാൻ കഴിയാത്തതു കൊണ്ടു മാത്രമാണ് അവർ ഞങ്ങളോടതു പറയാത്തതെന്നും ഈ പുസ്തകം വായിച്ചതോടെയാണു മാഷെ ഞങ്ങൾ തിരിച്ചറിഞ്ഞത്. നാലു മാസവും കൂടെ കഴിഞ്ഞാൽ മാഷ് റിട്ടയർ ആവുകയാണല്ലോ, ഞങ്ങളുടെ റിട്ടയർമെന്റ് കാലാവധിഎത്താൻ ഇനി രണ്ടു മൂന്നു വർഷം കൂടെയുണ്ട്. അതിനു മുമ്പായി തന്നെ ജോലിയിൽ നിന്നും സ്വയം പിരിയാനാണു മാഷെ ഞങ്ങളുടെ തീരുമാനം.
കഴിഞ്ഞു കൂടാനാവശ്യമായ വരുമാനമോ, സമയം ചെലവഴിക്കാൻ അവസരങ്ങളോ ഇല്ലാത്തതു കൊണ്ടൊന്നുമല്ല മാഷെ ഞങ്ങൾ ഇവിടെ വന്നു ജോലി ചെയ്യുന്നത്. വീട്ടുകാരുടെ നിർബന്ധം കാരണമാണ്. അധ്യാപക വൃത്തിയെക്കാൾ മഹത്വമുളള മറ്റൊന്നും തന്നെ ഇല്ലെന്നു വിശ്വസിക്കുന്നവരുടെ കൂട്ടത്തിലാണു മാഷെ ഞങ്ങളുടെ മാതാപിതാക്കൾ.
അവരുടെ ആഗ്രഹപ്രകാരമാണ് ഞങ്ങൾ അധ്യാപകരായതും ഇവിടെ എത്തിച്ചേർന്നതും.
ഇങ്ങനെയെല്ലാമാണെങ്കിലും നാട്ടിലെത്തിയാൽ തിരിച്ചു പോരുന്നതു വരെയും പൊതു കാര്യങ്ങളിൽ മുഴുകുന്നതാണ് ഞങ്ങളുടെ രീതി.
ഇത്തവണ ഓണാവധിയ്ക്ക് നാട്ടിലെത്തിയാലുള്ള സ്ഥിതിയും അങ്ങനെ തന്നെയാവും. ഓണാവധിയിൽ നിങ്ങൾ നാട്ടിലേക്കു പോയാൽ പിന്നെ തിരിച്ചെത്തുന്നതു വരെയും ഞാനും കുടുംബവും ഇവിടെ തനിച്ചാകുമല്ലോ എന്നോർക്കുമ്പോഴാണ് മാഷെ മനസ്സിലൊരു പ്രയാസം തോന്നുന്നത്.
നിങ്ങളിവിടെ തനിച്ചാകുമെന്നത് നിങ്ങളുടെ തോന്നലാണ് മാഷെ. അതിൻ്റെ പേരിൽ ഒരു പ്രയാസവും തോന്നേണ്ടതില്ല.
എന്താ ഉണ്ണിക്കൃഷ്ണൻ മാഷ് അങ്ങനെ പറയാൻ കാരണം.? ഇത്തവണത്തെ ഓണാവധിയ്ക്കു നിങ്ങൾ നാട്ടിലേക്കു പോകുന്നില്ലെന്നാണോ.?
ഒരിക്കലുമല്ല മാഷെ, ഞങ്ങൾ നാട്ടിലേക്കു പോകുന്നുണ്ടെന്നു മാത്രമല്ല കുടുംബസമേതം മാഷും ഞങ്ങളുടെ കൂടെ പോരുന്നുണ്ട്.
നിങ്ങളോടൊപ്പം വരുന്നതിൽ എനിയ്ക്കു സന്തോഷം മാത്രമേ ഉള്ളൂ മാഷെ, പക്ഷെ മറിയാമ്മയും മോനും അതിനു തയ്യാറാവുമോ എന്ന കാര്യത്തിലാണ് എനിക്കു സംശയമുള്ളത്.
അക്കാര്യത്തിലൊരു സംശയവും വേണ്ട മാഷെ, അവർ നേരത്തെ തന്നെ അതെല്ലാം തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട്. സമയമായതിനു ശേഷം പറയാമെന്നു കരുതിയതു കൊണ്ടാവും നിങ്ങളോടു പറയാതിരുന്നത്.
ഓണാവധി കഴിഞ്ഞ് നമ്മൾ ഒരുമിച്ച് ഇങ്ങോട്ടു തിരിച്ചു പോരും. അതു കഴിഞ്ഞാൽ ക്രിസ്മസ് അവധിയിൽ നമ്മൾ വീണ്ടും അങ്ങോട്ടു പോകും.
പിന്നീട് ഇങ്ങോട്ടൊരു തിരിച്ചു വരവുണ്ടാവില്ല. ഗ്രാമത്തിൻ്റെ പൊതുകാര്യങ്ങളിൽ മാഷും ഞങ്ങളുടെ കൂടെ ഉണ്ടാകണം. സ്കൂൾ പഠനത്തോടൊപ്പം ഗ്രാമത്തിൻ്റെ ഭംഗി ആസ്വദിച്ചും ഗ്രാമീണകളികളിൽ പങ്കുചേർന്നും കുട്ടിക്കാലം ചെലവഴിക്കാൻ സലാമിൻ്റെയും ശങ്കരൻ്റെയും കൂടെ തോമസും ഉണ്ടാവണം.
പതിവിൽ നിന്നും വ്യത്യസ്തമായി തോമസ് മാഷുമായി ദീർഘനേരം സംസാരിച്ചതിനു ശേഷം ഓണാവധിക്ക് കുടുംബസമേതം അത്താണിക്കൽഎന്ന അനുഗ്രഹീത ഗ്രാമത്തിലേക്കുള്ളയാത്ര തൻ്റെ അംബാസിഡർ കാറിൽ ആവാമെന്ന നിർദ്ദേശവും സ്വീകരിച്ചു കൊണ്ട് അവർ വീട്ടിലേക്കു തിരിച്ചുപോയി.
(അവസാനിച്ചു.)
– K.M സലീം പത്തനാപുരം