നിങ്ങൾ പോയ കാര്യം എന്തായി മക്കളെ.?
മമ്മദ് ഹാജിയെ കണ്ടില്ലേ.?
കണ്ടു എന്നു മാത്രമല്ല അമ്മേ, കുറച്ചധികം കാര്യങ്ങൾ സംസാരിക്കുകയും ചെയ്തു. ഇന്നത്തെ ഊണ് ഹാജിയാരോടൊപ്പം അദേഹത്തിൻ്റെ വീട്ടിൽ നിന്നായിരുന്നു.
എന്തൊക്കെയാ അദ്ദേഹം പറഞ്ഞതെന്നു വച്ചാൽ ഞങ്ങളോടും കൂടെ പറയൂ ഹൈദറേ, ഞങ്ങളും കൂടെ അറിഞ്ഞിരിക്കുന്നത് നല്ലതല്ലേ ?
എല്ലാം വിശദമായിതന്നെ പറയാം അമ്മേ, അതിനു മുമ്പ് ഞാങ്ങളൊന്നു കുളിച്ചിട്ടു വരാം.
നടുമുറ്റത്തെ ഇലഞ്ഞിത്തറയിലിരുന്ന് ഹാജിയാർ പറഞ്ഞ കാര്യങ്ങളോരോന്നും അവർ വിശദമായി പറഞ്ഞു.
നിങ്ങളെന്താണ് അദ്ദേഹത്തോടു മറുപടി പറഞ്ഞത്.?
ഞങ്ങൾക്കു മാത്രമായി തീരുമാനിക്കാൻ പറ്റുന്ന കാര്യങ്ങളായിരുന്നില്ലല്ലോ അമ്മേ ഹാജിയാര് പറഞ്ഞത്. അതുകൊണ്ട് ഞങ്ങളൊന്നിനും മറുപടി പറഞ്ഞില്ല.
നാളെ വൈകുന്നേരം ഉമ്മർക്കയോടും ഗോവിന്ദേട്ടനോടും ഇങ്ങോട്ടു വരാൻ പറയാം. നമുകൊരുമിച്ചിരുന്ന് എന്താ എങ്ങനെയാന്നുവച്ചാൽ തീരുമാനിക്കാം.
ഇതിപ്പോൾ നമ്മുടെ മാത്രം കാര്യമല്ലല്ലോ.? നാട്ടുകാരുടെയും കൂടെ കാര്യങ്ങളല്ലേ.?
അങ്ങനെയാണെങ്കിൽ അവരെ ഇങ്ങോട്ടു വിളിച്ചു വരുത്തുന്നതെന്തിനാ മോനെ.? നമുക്കെല്ലാവർക്കും കൂടെ അങ്ങോട്ടു പോകാം. പണിക്കാരോടു നേരത്തെ പണി നിർത്താൻ പറയണം. അവരുടെ അഭിപ്രായവും അറിയാമല്ലോ.?
പിറ്റേ ദിവസം ഉച്ചയോടെ ഹൈദറലി അത്താണിക്കലേക്കു പുറപ്പെട്ടു. ഉച്ചഭക്ഷണം കഴിക്കുന്നതിനു വേണ്ടി പണിക്കാരെല്ലാം അവിടെ ഒരുമിച്ചു കൂടിയിരുന്നു.
വൈകുന്നേരം അമ്മയും മറ്റും ഇങ്ങോട്ടു വരുന്നുണ്ട്. നിങ്ങളോടു ചില കാര്യങ്ങൾ ചോദിച്ചറിയുന്നതിനു വേണ്ടിയാണ് അവരിങ്ങോട്ടു വരുന്നത്. നാലു മണിയോടെ പണി നിർത്തി നിങ്ങളെല്ലാം ഇവിടെ എത്തണം.
ഞാനും ഉമ്മർക്കയും കൂടെ തെക്കേകര വരെയൊന്നു പോയിട്ടു വരാം.
ഹൈദറലിയും ഉമ്മർക്കയും ചേർന്ന് തെക്കേ കരയിലേക്കുപുറപ്പെട്ടു.
ഹാജിയാരുമായി സംസാരിച്ച കാര്യങ്ങൾ പള്ളിയുടെ കമ്മറ്റി ഭാരവാഹികളുമായി പങ്കു വച്ചു. അടുത്ത ദിവസം തന്നെ ഹാജിയാർക്ക് മറുപടി നൽകേണ്ടതുള്ളതു കൊണ്ട് ഇക്കാര്യത്തിൽ നാട്ടുകാരുടെ അഭിപ്രായം അറിയാൻവേണ്ടി വൈകുന്നേരം അത്താണിക്കൽ ഒരുമിച്ചു കൂടുന്നുണ്ടെന്നും കമ്മിറ്റി ഭാരവാഹികൾ എന്ന നിലയ്ക്ക് അവിടെ എത്തണമെന്നും ഓരോരുത്തരോടും അഭ്യർത്ഥിച്ചതിനു ശേഷം അവർതിരിച്ചു പോന്നു.
നിശ്ചയിച്ചതു പോലെ അവരെല്ലാം അത്താണിക്കൽ ഒരുമിച്ചു കൂടി.
ഉമ്മർക്ക കാര്യങ്ങൾ സംസാരിച്ചു. തുടർന്നു സംസാരിച്ചത് സ്ഥലം ഖാസിയും പള്ളികമ്മറ്റിയുടെ പ്രസിഡണ്ടുമായ ഉമ്മർ മുസ്‌ലിയാരായിരുന്നു.
സ്ക്കൂളിൻ്റെ കാര്യത്തിൽ നമുക്കൊരു തീരുമാനത്തിലെത്താൻ കഴിയുമെന്ന് എനിക്കു തോന്നുന്നില്ല.കാരണം, ഇപ്പോഴത്തെ അവസ്ഥയിൽ
സ്കൂളിൻ്റെ കാര്യങ്ങൾ തീരുമാനിക്കേണ്ടത് സർക്കാറാണ്. സർക്കാറിൻ്റെ തീരുമാനം അറിഞ്ഞതിനു ശേഷം നമുക്ക് അക്കാര്യം സംസാരിക്കാം.
പള്ളിയുടെയും അമ്പലത്തിൻ്റെയും കാര്യങ്ങൾ അങ്ങനെയല്ല, അത് നമ്മളാണ് തീരുമാനിക്കേണ്ടത്. എൻ്റെ അഭിപ്രായത്തിൽ അതുരണ്ടും അടുത്ത ദിവസം തന്നെ
ആരാധന നിർവഹിക്കാൻ തുറന്നു കൊടുക്കുകയാണ് ചെയ്യേണ്ടത്. അനന്തമായി അടച്ചിട്ടതു കൊണ്ട് ചിതലും ചിലന്തിയും കയറിക്കൂടുമെന്നല്ലാതെ പറയത്തക്ക ഗുണമൊന്നും ഉണ്ടാവാൻ പോകുന്നില്ല എന്നാണ് എനിക്കു പറയാനുള്ളത്.
.
ഉമ്മർ മുസ്‌ലിയാർക്കു ശേഷം സംസാരിച്ചവരുടെ അഭിപ്രായവും അതു തന്നെയായിരുന്നു. അടുത്ത വെള്ളിയാഴ്ച്ച ജുമുഅ നമസ്കാരത്തോടെ പള്ളിയും വൈകാതെ അമ്പലവും ഉപയോഗിച്ചു തുടങ്ങാമെന്ന ധാരണയോടെ അവർ പിരിഞ്ഞുപോയി. പടിഞ്ഞാറ് ഭാഗത്തുള്ള വനഭൂമിയോടു ചേർന്ന ഒരേക്കർ സ്ഥലം ഇരു കൂട്ടർക്കും തുല്യ അളവിൽ ശ്മശാനമായിഉപയോഗിക്കാൻ വിട്ടുതരുന്നതാണെന്ന് കൃഷണദാസൻ മുഖേന പാർവ്വതിയമ്മ ഉമ്മർ മുസ്‌ലിയാരെ അറിയിച്ചു.
പാർവ്വതിയമ്മയുടെ നിർദ്ദേശ പ്രകാരം അത്താണിക്കലോ തെക്കേ കരയിലോ യോഗ്യരായവരെ കണ്ടെത്താൻ കഴിയാത്ത കാരണത്താൽ സ്കൂളിലേക്ക് ആവശ്യമായ അധ്യാപകരെകണ്ടെത്തി നിയമിക്കുന്നതിന് അവർ മമ്മദ് ഹാജിയുടെ സഹായംതേടി.
ഏതാനും വർഷം കൊണ്ട് തെക്കേകരയിലുള്ളതിനു സമാനമായ സൗകര്യങ്ങൾ അത്താണിക്കൽ എന്ന ഗ്രാമത്തിലും സാധ്യമായി.
ഗ്രാമം വൈദ്യുതീകരിക്കപ്പെട്ടതോടെ പച്ചക്കറി ഉൽപാദനത്തിൽ ഇരട്ടി വർദ്ധനവുണ്ടായി. ജനജീവിതം കൂടുതൽ മെച്ചപ്പെട്ടുകൊണ്ടിരിന്നു.
അത്താണിക്കലെ വ്യാപാര കേന്ദ്രം ഏവർക്കും പ്രിയപ്പെട്ടതായി മാറിക്കഴിഞ്ഞു. ഗ്രാമം വളരുന്നതിനനുസരിച്ച് ഗ്രാമഭംഗിയും പ്രകൃതിവിഭവങ്ങളും നഷ്ടപ്പെടാതിരിക്കാനവർ ശ്രദ്ധിച്ചു.
ജലസ്രോതസ്സുകളായ കുളങ്ങളുടെയും തോടുകളുടെയും പരിപാലനവും സംരക്ഷണവും യുവാക്കൾ കൂട്ടം ചേർന്നു യഥാസമയം നിർവ്വഹിച്ചു.
ആഘോഷ ദിവസങ്ങളിലെല്ലാം വ്യാപാര കേന്ദ്രത്തിൻ്റെ വിശാലമായ നടുത്തളത്തിൽ അവർ ഒരുമിച്ചു കൂടി. ഓണം, ക്രിസ്മസ് എന്നീ ആഘോഷങ്ങളിൽ ഗ്രാമീണ കലാ കായിക മത്സരങ്ങൾ നടത്തപ്പെട്ടു കൊണ്ടിരുന്നു. സ്ക്കൂൾ മുറ്റം ആഘോഷങ്ങളുടെയെല്ലാം പ്രധാനവേദിയായി ഉപയോഗിക്കപ്പെട്ടുകൊണ്ടിരുന്നു.
കൊയ്ത്തു കഴിഞ്ഞതിനു ശേഷമുള്ള ഇടവേളയിൽ പാടങ്ങളത്രയും കളിസ്ഥലങ്ങളായി മാറിക്കൊണ്ടിരുന്നു. തങ്ങളുടെ മാതാപിതാക്കളോടൊപ്പം നഗര ജീവിതം തുടങ്ങിയതോടെ തങ്ങൾക്കു പരിചയമുള്ള ഗ്രാമീണകളികളും കളിക്കൂട്ടുകാരും തങ്ങൾക്കു നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതായി ശങ്കരനും സലാമും തിരിച്ചറിഞ്ഞു.
ഞായറാഴ്ച്ച തോറുമുള്ള കളികൾക്കിടയിൽ കൂട്ടുകാരനായ തോമസിനോട് അവരതു സങ്കടത്തോടെ പറയാറുണ്ടായിരുന്നു.
ആസമയത്തൊക്കെയും തങ്ങളുടെ ഗ്രാമത്തിൽതിരിച്ചെത്തണമെന്നവർ ആഗ്രഹിച്ചു. ഓണവും ക്രിസ്മസും അടുക്കാറായെങ്കിലെന്നവർ മോഹിച്ചു.
ഏറെ നാളുകളിലായി തങ്ങളുടെ ഗ്രാമത്തെക്കുറിച്ച് വർഗ്ഗീസ് മാഷുമായി പങ്കുവച്ച കാര്യങ്ങളെല്ലാം ഒരു പുസ്തകരൂപത്തിൽ തങ്ങളുടെ കൈകളിലെത്തുകയും ഒരുമിച്ചിരുന്ന് വായിക്കുകയും ചെയ്തതോടെയാണ് അത്താണിക്കലെന്ന തങ്ങളുടെ ജൻമദേശം ഇത്രയേറെ സുന്ദരമായൊരു ഗ്രാമമാണെന്ന യാഥാർത്ഥ്യം കരീം മാസ്റ്ററും ഉണ്ണികൃഷ്ണൻ മാസ്റ്ററും തിരിച്ചറിഞ്ഞത്. തങ്ങൾ ജനിച്ചു വളർന്ന, അനുഭവിച്ചറിഞ്ഞഗ്രാമത്തിൽ എത്രയും വേഗം തിരിച്ചെത്തണമെന്ന് തങ്ങളുടെ മക്കൾ അതിയായി ആഗ്രഹിക്കുന്നുണ്ടെന്നു ബോധ്യമായത്.
(തുടരും…)
– K.M സലീം പത്തനാപുരം