അത്താണിക്കൽ എന്ന തങ്ങളുടെ ഗ്രാമത്തെക്കുറിച്ച് ഉണ്ണികൃഷ്ണൻ മാസ്റ്ററും കരീം മാസ്റ്ററും പറഞ്ഞു തുടങ്ങുന്നതോടെ വർഗീസ് മാഷ് മൗനം പാലിക്കുകയും കൗതുകത്തോടെയത് കേട്ടിരിക്കുകയും ചെയ്യും.
ഒരുമിച്ചു ചേരുന്ന ദിവസങ്ങളിലൊക്കയും തുടർക്കഥ എന്ന രീതിയിലാണ് തങ്ങളുടെ ഗ്രാമത്തെക്കുറിച്ചവർ സംസാരിച്ചിരുന്നത്.
പതിവിൽ നിന്നും വ്യത്യസ്തമായി ഇന്ന് വർഗീസ് മാസ്റ്ററാണ് സംഭാഷത്തിനു തുടക്കമിട്ടത്.
നിങ്ങളുടെ ഗ്രാമത്തെക്കുറിച്ചും അവിടെയുള്ള പരസ്പരം സ്നേഹിക്കാൻ മാത്രമറിയാവുന്ന ഒരു കൂട്ടം മനുഷ്യരെകുറിച്ചും ജീവിതരീതികളെക്കുറിച്ചുമെല്ലാമാണ് നമ്മൾ ഒരുമിച്ചു കൂടിയ ദിവസങ്ങളിലൊക്കയും നിങ്ങളെന്നോടു പറഞ്ഞിട്ടുള്ളത്.
അതു മനപൂർവ്വമല്ലെന്നും മറിച്ചുള്ള കാര്യങ്ങൾ പറയാനില്ലാത്തതു കൊണ്ടല്ലന്നും എനിക്കറിയാം.
ഗ്രാമത്തെക്കുറിച്ച് നിങ്ങളെന്നോടു സംസാരിച്ചപ്പോഴെല്ലാം എൻ്റെ ശരീരം ഇവിടെയും, മനസ്സ് നിങ്ങളുടെഗ്രാമത്തിലുമായിരുന്നു.
ഞായറാഴ്ചതോറും നിങ്ങളിലൂടെ നിങ്ങളുടെ പ്രകൃതിസുന്ദരമായ അനുഗ്രഹീത ഗ്രാമത്തിലൂടെ ഞാൻ യാത്ര ചെയ്തു കൊണ്ടിരിക്കുകയായിരുന്നു.
എഴുതപ്പെടാത്ത ചരിത്രങ്ങളെല്ലാം തന്നെ ജനമനസ്സിൽ നിന്നും മാഞ്ഞു പോകാൻ എളുപ്പമാണെന്ന് നിങ്ങൾക്കറിയാം.
അനുഭവസ്ഥരിൽ നിന്നും കേട്ടുമനസ്സിലാക്കാതെ എഴുതി തയ്യാറാക്കുന്ന ചരിത്രങ്ങൾ കെട്ടു കഥയും, ഭാവനാ സൃഷ്ടിയുമായിരിക്കുമെന്നാണ് എൻ്റെ വിശ്വാസം.
ഇന്നു നിങ്ങൾജീവിച്ചിക്കെ നാളെ നിങ്ങളുടെ ഗ്രാമത്തെക്കുറിച്ചുള്ള ചരിത്രവും ചരിത്ര രചനയും അങ്ങനെ ആയിരിക്കരുതെന്നാണ്
എൻ്റെ ആഗ്രഹം.
അക്കാര്യത്തിൽ ഞാൻ എൻ്റേതായ ചുമതല നിർവ്വഹിച്ചിട്ടുണ്ട്. ഇനി അതിൻ്റെ ശരിതെറ്റുകൾ പരിശോധിച്ച് വിലയിരുത്തേണ്ടത് നിങ്ങളാണ്.
നിങ്ങൾ ഇന്ന് അസാധാരണ സംതൃപ്തിയിലാണെല്ലോ മാഷെ.? എന്താണതിൻ്റെ കാരണം.? ഞങ്ങളുടെ ഗ്രാമവുമായി ബന്ധപ്പെട്ട് മാഷ് നിർവ്വഹിച്ച ചുമതലയെന്താണ്.?
ഞാനെല്ലാം പറയാം. നിങ്ങൾ ഇവിടെ തന്നെ ഇരിക്കണം, ഞാനൊന്ന് അകത്തേക്കുചെന്നിട്ട് ഉടനെ തിരിച്ചുവരാം.
വീടിനകത്തേക്കുപോയ വർഗീസ് മാസ്റ്റർ പുസ്തകരൂപത്തിൽ തുന്നിച്ചേർത്ത ഒരു കൂട്ടം കടലാസുകെട്ടുകളുമായി തിരികെയെത്തി.
എന്താ മാഷെ ഇത്.?
പറയാം,
ഞായറാഴ്ചതോറും ഇവിടെ, ഈ ചാരുപടിയിലിരുന്നും അടുക്കളയിൽ വച്ചും നിങ്ങളും കുടുംബവും നിങ്ങടെ ഗ്രാമത്തെക്കുറിച്ച്
ഞങ്ങളോടു പറഞ്ഞ കാര്യങ്ങളും എൻ്റെ ഭാവനയുമാണ് ഇതിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
നിങ്ങൾ സംസാരിക്കുമ്പോഴെല്ലാം ഞാൻ ശ്രദ്ധയോടെ കേട്ടുകൊണ്ടിരുന്നത് ഇങ്ങനെയൊന്ന് എഴുതി തയ്യാറാക്കണമെന്ന ഉദ്ദേശത്തോടെയായിരുന്നു മാഷെ.
നിങ്ങൾ രണ്ടു പേരും ചേർന്ന് ഇതിൽ എഴുതിയിട്ടുള്ളതെല്ലാമൊന്നു ശ്രദ്ധയോടെവായിച്ചു നോക്കണം. നിങ്ങൾ പറഞ്ഞതത്രയും വാസ്തമായിരിക്കുമെന്ന് എനിക്കറിയാം. അതേ സമയം എൻ്റെ ഭാവനകൾ എത്രത്തോളം ശരിയാണെന്നു കണ്ടെത്തേണ്ടത് നിങ്ങളാണ്.
നിങ്ങൾക്കേ അതു ചെയ്യാൻപറ്റൂ.
ഇതിൽ എഴുതിയിട്ടുള്ളതു മുഴുവൻ ഇവിടെ ഇരുന്ന് വായിച്ചു നോക്കാൻ ഇന്നിനി സമയമുണ്ടാകുമെന്ന് തോന്നുന്നില്ല മാഷെ.
ഏതായാലും ഭക്ഷണം കഴിക്കുന്നതു വരെയുള്ള സമയത്തിനിടയിൽ വായിക്കാൻ പറ്റുന്ന അത്രയും ഇവിടെ വച്ചു വായിക്കാം.
ബാക്കിഭാഗം വീട്ടിലെത്തിയതിനു ശേഷവും ആവാം.
അടുത്ത ഞായറാഴ്ച്ചക്കകം വായനപൂർത്തിയാക്കി മാഷെ കയ്യിൽ തിരിച്ചേൽപ്പിക്കുകയും ചെയ്യാം,
അഭിപ്രായവും നിർദ്ദേശവും മാഷെ അറിയിക്കുകയുംചെയ്യാം.
മൂന്നുപേർക്കും കേൾക്കാൻ പറ്റുന്നവിധം ഉണ്ണികൃഷ്ണൻമാസ്റ്റർ അതിലെ ആദ്യവരികൾ വായിച്ചു.
അത്താണിക്കൽ എന്ന അനുഗ്രഹീത ഗ്രാമം,,
വർഗീസ് മാസ്റ്റർ.
ആമുഖം.
ഉണ്ണികൃഷ്ണൻ നമ്പൂതിരി എന്ന ജൻമിയും അദ്ദേഹത്തിൻ്റെ കൃഷിഭൂമിയിൽ പണിയെടുക്കുന്ന ഏതാനും കർഷകരും ഉൾകൊള്ളുന്ന വിശാലമായ പ്രദേശത്തുള്ള പുഴകടവിൻ്റെ പേര് പടിഞ്ഞാറെകര എന്നായിരുന്നു.
ഏറെ കാലത്തിനുശേഷം അദ്ദേഹത്തിൻ്റെ ഏക മകനായ കൃഷ്ണദാസൻ നമ്പൂതിരിയും കൃഷ്ണദാസൻ നമ്പൂതിരിയുടെ സുഹൃത്തായ
ഹൈദറലിയും ചേർന്നാണ് പ്രസ്തുതപുഴക്കടവിന് അത്താണിക്കൽ എന്ന് പുനർനാമകരണം ചെയ്തത്.
ഇന്ന് അത്താണിക്കൽ എന്നത് ഒരു ഗ്രാമപ്രദേശം മാത്രമല്ല, സമീപ പ്രദേശത്തുള്ളവർക്കും കൂടെ ഏറെ ഉപകാരപ്രദമായ ഒരു വ്യാപാരകേന്ദ്രവും കൂടെയാണ്.
അതോടൊപ്പം ജാതി-മത ചിന്തകൾക്കതീതമായി പരസ്പര വിശ്വാസത്തോടെയും സഹകരണത്തോടെയും സമാധാനത്തോടെയും കഴിഞ്ഞുകൂടുന്ന ഒരു കൂട്ടം നല്ല മനുഷ്യരുടെ വാസസ്ഥലവുമാണ്.
മക്കളെയുംകൂട്ടി അകത്തേക്കുവന്നോളൂ, ഊണെടുത്തുവച്ചിട്ടുണ്ട്.
മറിയാമ്മയിൽനിന്നുള്ള അറിയിപ്പു ലഭിച്ച ഉടനെ ഇനിയുള്ള വായന വീട്ടിൽ എത്തിയതിനു ശേഷമാവാമെന്നും പറഞ്ഞ് ഉണ്ണികൃഷ്ണൻ മാസ്റ്റർ വായന അവസാനിപ്പിച്ചു.
ഉച്ചഭക്ഷണം കഴിച്ച് അൽപ്പനേരം വിശ്രമിച്ചതിനു ശേഷം അവർ ഫ്ലാറ്റിലേക്കു തിരിച്ചുപോയി.
ക്ലാസിൽ കുട്ടികൾക്ക് പറഞ്ഞു കൊടുക്കാനാവശ്യമായ കുറിപ്പുകൾ തയ്യാറാക്കി വച്ചതിനു ശേഷം രണ്ടു പേരും ചേർന്ന് പുസ്തക വായനതുടർന്നു.
തെക്കും പടിഞ്ഞാറും പുഴകളാൽ അതിരു തീർത്ത, മീനമാസത്തിൽ പോലും തെളിനീരൊഴുകുന്ന, തോടുകളാലും, ചെറുകുളങ്ങളാലും അനുഗ്രഹീതമായ വിശാലമായ പ്രദേശമാണ് അത്താണിക്കൽ എന്നഗ്രാമം.
നൂറുമേനിവിളയുന്ന നെൽപാടങ്ങളും, വിഭവസമൃദ്ധമായ പച്ചക്കറി തോട്ടങ്ങളും, പരസ്പരം തിരിച്ചറിയുന്ന ഒരുപറ്റം മനുഷ്യരുമാണ് അത്താണിക്കലെന്ന ഗ്രാമത്തിൻ്റെ സവിശേഷത.
ഇവിടെയുള്ള കുടുംബങ്ങളേറെയും കർഷകരാണ്. നേരം പുലരുന്നതോടെ മുതിർന്നവർ കൃഷിസ്ഥലത്തേക്കും, കുട്ടികൾ വിദ്യാലയത്തിലേക്കും പുറപ്പെടും.
പ്രായം ചെന്നവർ കോഴി, താറാവ്, ആട് എന്നിവയെ പരിപാലിച്ച് വീട്ടിലുണ്ടാകും.
വീടിനോടു ചേർന്ന സ്ഥലത്ത് ചെറുചേമ്പും കാച്ചിലും മറ്റുകിഴങ്ങുവർഗ്ഗങ്ങളുമെല്ലാം അവർ നട്ടുവളർത്തുകയും പരിപാലിക്കുകയും ചെയ്യും.
വെയിലു കൊള്ളാതെയും വിയർപ്പു പൊടിയാതെയും വീടിനകത്തിരുന്നാൽ ശരീരത്തോടൊപ്പം മനസ്സിനെയും വാർദ്ധക്യം പിടികൂടുമെന്നും മണ്ണിൽ ചവിട്ടിയും വെയിലേറ്റും ആവുന്ന വിധത്തിലുള്ള പണികളിൽ ഏർപ്പെട്ടാൽ മരിക്കുന്നതു വരെയും പരാശ്രയമില്ലാതെ ജീവിക്കാനുള്ള അവസരമുണ്ടാകുമെന്നാണ് അവരുടെവിശ്വാസം.
കേവലമൊരു വിശ്വാസം മാത്രമല്ല, അനുഭവവും കൂടെയാണതവർക്ക്.
കണക്കില്ലാത്ത പാടവും പറമ്പും പണിയെടുക്കാൻ സന്നദ്ധരായ തൊഴിലാളികളുമെല്ലാമുണ്ടായിരുന്നെങ്കിലും ആ വക കാര്യങ്ങളിലൊന്നും കൃഷ്ണദാസൻ നമ്പൂതിരി ഇടപെടാറുണ്ടായിരുന്നില്ല.
സദാസമയവും സമാധാനത്തോടെ കഴിയാനായിരുന്നു അദ്ദേഹത്തിനു താൽപര്യം.
കുട്ടികളും മുതിർന്നവരുമെല്ലാം തൻ്റെ അച്ഛനെ വിളിക്കാനായി തെരഞ്ഞെടുത്ത തിരുമേനീ, അങ്ങുന്നേ എന്നീ ആദരസൂചക വിളികളൊന്നും അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല.
വീട്ടുകാർ കൃഷ്ണനെന്നും, നാട്ടുകാർ ദാസൻനമ്പൂതിരിയെന്നും വിളിക്കുമ്പോൾ, കൂട്ടുകാരനായ ഹൈദറലിമാത്രം കൃഷ്ണദാസാ എന്നാണ് വിളിച്ചിരുന്നത്.
കാപട്യത്തോടെയുള്ള ആദരവോ, കാര്യങ്ങൾ സാധിച്ചെടുക്കുന്നതിനു വേണ്ടിയുള്ള ബഹുമാനമോ ആവിളിയിൽ ഇല്ലാതിരുതുകൊണ്ടും,
ആ വിളി കേൾക്കുമ്പോഴൊക്കെയും തനിക്കൊരു സഹോദരനുണ്ടെന്നു തോന്നാറുള്ളതുകൊണ്ടും കൃഷ്ണദാസൻനമ്പൂതിരിക്ക്
തൻ്റെ കൂട്ടുകാരൻ്റെ കൃഷ്ണദാസാ എന്ന സ്നേഹത്തോടെയുള്ളവിളി കേൾക്കുന്നത്ഏറെ ഇഷ്ടവുമായിരുന്നു.
അച്ഛൻ മരിച്ചതിനെ തുടർന്നാണ് കൃഷ്ണദാസൻ നമ്പൂതിരി വീട്ടുകാര്യങ്ങളിലും കൃഷിയിലുമൊക്കെ ശ്രദ്ധിക്കാൻ തുടങ്ങിയത്,
വീട്ടുകാര്യങ്ങൾ നോക്കുന്നതുപോലെ അത്ര തന്നെ എളുപ്പമുള്ളകാര്യമല്ല കൃഷികാര്യങ്ങളെന്നു ബോധ്യമായതോടെ ഘട്ടം ഘട്ടമായി
അതിൽ നിന്നും പിൻമാറാനായിരുന്നു കൃഷ്ണദാസൻനമ്പൂതിരിയുടെ തീരുമാനം. ഭാര്യയോടതു പറയുകയും ചെയ്തിരുന്നു.
ആദ്യപടിയെന്ന നിലയ്ക്ക് പാടത്തെ നെൽകൃഷിയാണ് നിർത്തിവച്ചത്. വർഷമൊന്നു കഴിഞ്ഞപ്പോഴേക്കും പാടത്തൊക്കയും നെല്ലിനു പകരം പുല്ല് ഇടതൂർന്ന് മുളച്ചു പൊന്തിക്കഴിഞ്ഞിരുന്നു, പത്തായപ്പുരയിലെ നെല്ലിൻ്റെ അളവിൽ വലിയ തോതിൽ കുറവു വരികയും ചെയ്തിരുന്നു.
പാടത്തു പണിയെടുത്തും കാലികളെ പോറ്റി വളർത്തിയും ജീവിതം കഴിച്ചു കൂട്ടിയവരൊക്കയും പട്ടിണിക്കാരായി മാറാൻ തുടങ്ങിയിരുന്നു.
പാടത്ത് വിത്തിറക്കണമെന്നു പറയാൻ പലരും ആഗ്രഹിച്ചതാണ്. പക്ഷെ അക്കാര്യം കൃഷ്ണദാസൻനമ്പൂതിരിയെ നേരിട്ടു കണ്ടു പറയാൻ ആരും തയ്യാറായിരുന്നില്ല.
ഭയം കൊണ്ടായിരുന്നില്ല മറിച്ച് ഒരുതരം മടിയായിരുന്നു അതിനുളളകാരണം.
(തുടരും…)
K.M സലീം പത്തനാപുരം