ദേവക്യേ, മുൻഭാഗത്ത് ആരോവന്നു വിളിക്കുന്നുണ്ട്. അതാരാണെന്ന് ഞാനൊന്നു നോക്കിയിട്ടുവരാം.
ഉണ്ണിയെ ഞാനിവിടെകിടത്തിയിട്ടുണ്ട്, ശ്രദ്ധിക്കണട്ടോ.
കൃഷ്ണദാസൻ ചുമലിലൊരു മുണ്ടെടുത്തിട്ടതിനു ശേഷം വരാന്തയിലേക്കു ചെന്നു.
ഉമ്മർക്കയായിരുന്നോ,? മുറ്റത്തുനിൽക്കാതെ ഇങ്ങോട്ടു കയറി ഇരുന്നോളൂ.
ആട്ടെ ,എന്താ പതിവില്ലാതെ ഈനേരത്ത് ഇങ്ങോട്ടുള്ള വരവിൻ്റെ ഉദ്ദേശം.?
ഹൈദറലി ഇന്നലെ എന്നെ അന്വേഷിച്ചിരുന്നെന്ന് നാരായണിയമ്മ പറഞ്ഞു. നേരം വൈകിയതു കാരണം എനിക്ക് ഇന്നലെ ഇങ്ങോട്ടുവരാൻകഴിഞ്ഞില്ല. അതുകൊണ്ടാണ് നേരം വെളുത്ത ഉടനെ ഞാനിങ്ങോട്ടു പോന്നത്.
എന്താ മോനേ, പ്രത്യേകിച്ചുവല്ലതും.?
ഞാനല്ല ഉമ്മർക്കാ, ഹൈദറലിയാണ് നിങ്ങളെ അന്വേഷിച്ചിരുന്നത്, എനിക്ക് പ്രത്യേകിച്ചൊന്നും പറയാനില്ല.
ഹൈദറലിക്കെന്താണ് നിങ്ങളോടു പറയാനുള്ളതെന്നെനിക്കറിയില്ല. ഏതായാലും ഇവിടെവരെ വന്നതല്ലേ,
ഇനി ഹൈദറലി വന്നതിനുശേഷം നമുക്കൊരുമിച്ച് അത്താണിക്കലേക്കു പുറപ്പെടാം.
നടത്തത്തിനിടയിൽ ഹൈദറലിക്കെന്താണു പറയാനുള്ളതെന്നു വച്ചാൽ നമുക്ക് കേൾക്കുകയുംചെയ്യാം.
നോമ്പായതു കൊണ്ട് ചായയെടുക്കുന്നില്ലട്ടോ.
നിങ്ങളിവിടെ തന്നെ ഇരുന്നോളൂ, ഞാനീ വേഷമൊന്നു മാറ്റിയിട്ടു വരാം.
കൃഷ്ണദാസൻ വസ്ത്രം മാറിവന്നപ്പോഴേക്കും ഹൈദറലി അവിടെ എത്തിക്കഴിഞ്ഞിരുന്നു.
ഹൈദറലി എത്തിയല്ലോ ഉമ്മർക്കാ,
നമുക്കേതായാലും അത്താണിക്കലേക്കു പോകേണ്ടതല്ലേ, ഇനിയിവിടെയിരുന്ന് സംസാരിച്ചു നേരം പാഴാക്കണ്ട, നമുക്കങ്ങോട്ടു പുറപ്പെടാം. നേരത്തെ പറഞ്ഞതു പോലെ നടത്തത്തിനിടയിൽ എന്താ പറയാനുള്ളതെന്നു വച്ചാൽ പറയാലോ.? എന്താ ഉമ്മർക്കാ, അങ്ങനെ ആയാലോ.?
അതിലെന്താ മോനെ ഇത്ര ചോദിക്കാനുള്ളത്. ? മോൻ പറഞ്ഞതു പോലെ തന്നെ ആവാം.
അത്താണിക്കലെത്തുന്നതിനു മുമ്പായി പലകാര്യങ്ങളെക്കുറിച്ചും അവർ സംസാരിച്ചു കഴിഞ്ഞിരുന്നു.
പിന്നീട് പെരുന്നാൾ ദിവസത്തെ ഭക്ഷണത്തിനാവശ്യമായതൊക്കയും വാങ്ങുന്നതിനെക്കുറിച്ചും പാകം ചെയ്യേണ്ടതിനെക്കുറിച്ചുമെല്ലാം തീരുമാനിച്ചുറപ്പിച്ചനു ശേഷമാണ് അവർ അത്താണിക്കലിൽ നിന്നും വീട്ടിലേക്കു മടങ്ങിയത്.
മോനെ കൃഷ്ണാ,
പെരുന്നാളിന് ഇനി മൂന്നു ദിവസമല്ലേയുള്ളൂ, നിങ്ങൾ വല്യങ്ങാടിയിൽ പോയി വന്നതിനു ശേഷം
ഹൈദർ ഇങ്ങോട്ടു വന്നിട്ടില്ലല്ലോ മോനെ,? അവനെന്താ പറ്റിയെതെന്ന് അന്വേഷിക്കാമായിരുന്നില്ലേ.?
ശരിയാണമ്മേ, അമ്മപറഞ്ഞപ്പോഴാണ് ഞാനക്കാര്യം ഓർത്തത്, ഞാനവൻ്റെ വീടു വരെയൊന്നുപോയി വരാം. അതാണുമോനെ നല്ലത്.
നീ അവിടെ നിന്നും തിരിച്ചു പോരുമ്പോൾ അവൻ്റെ ഉമ്മയോടും റംലയോടും പെരുന്നാളിന് ഭക്ഷണം കഴിക്കാൻ അത്താണിക്കലേക്കെത്തണമെന്ന് പ്രത്യേകം പറയണട്ടോ,
അന്നവിടെ ഈ കരയിലുള്ളവരൊക്കയും ഒത്തുകൂടുമെന്നും പറയണം.
പെരുന്നാളിന് നമ്മളോടങ്ങോട്ടു വരണമെന്നു പറഞ്ഞാ അവരിവിടെനിന്നും പോയതെന്ന് നിനക്കറിയാലോ,
ഈ വക കാര്യങ്ങളൊക്കെ അതിനു ശേഷമാ തീരുമാനിച്ചതെന്ന് നീതന്നെ അവരോടു പറയണം. ഹൈദറലി അതെല്ലാം അവരോടു പറഞ്ഞിട്ടുണ്ടാകും.
എന്നാലും നീയും കൂടെ പറയുന്നത് നല്ലതാ.
അവർക്കതെല്ലാം അറിയാം അമ്മേ, ഹൈദറലി അവരോടതെല്ലാംപറഞ്ഞിട്ടുണ്ട്.
എന്നാലും അമ്മയുടെ സമാധാനത്തിന് ഞാനും അവരോടു പറയാം.
വെയിൽ കനക്കുന്നതിനു മുമ്പായി കൃഷ്ണദാസൻ ഹൈദറലിയുടെ വീട്ടിൽ എത്തിച്ചേർന്നു.
ഹൈദറേ.. ഹൈദറല്യേ..
മോനായിന്നോ, കൂടെ ആരുമില്ലേ മോനെ.?
ഇല്ല ഉമ്മാ, ഞാൻ തനിച്ചാണ് ഇങ്ങോട്ടുപോന്നത്.
ഹൈദറലിയെന്തേ,?
അവൻ അകത്തുണ്ട് മോനെ, തലവേദനയുണ്ടെന്നും പറഞ്ഞ് കിടന്നതാണ്, നോമ്പായതു കൊണ്ട് മരുന്നൊന്നും കഴിച്ചിട്ടില്ല.
മോൻ അകത്തോട്ടുചെല്ല്, എനിക്കിവിടെ കുറച്ചുകൂടെ പണിചെയ്തു തീർക്കാനുണ്ട്.
ഹൈദറല്യേ, ഞാനാ, കൃഷ്ണദാസൻ. നിനെക്കെപ്പോഴാണ് തലവേദന തുടങ്ങിയത്,?
വല്യങ്ങായിൽ പോയി വന്നതിനു ശേഷം തുടങ്ങിയതാണ് കൃഷ്ണാ ഈ തലവേദന, നോമ്പു നോറ്റ് കുറെയധികം കാറ്റും വെയിലും കൊണ്ടതു കാരണം നീരിറക്കമുണ്ടായതാകാനേ വഴിയുള്ളു. വൈകുന്നേരത്തോടെ അതങ്ങ് മാറിക്കിട്ടും.
മരുന്നൊന്നും കഴിക്കണ്ടെന്നെണോ.?
പ്രത്യേകിച്ച് മരുന്നിൻ്റെയൊന്നും ആവശ്യമുണ്ടെന്നെനിക്കു തോന്നുന്നില്ല.
സുഖമില്ലാതെ നീയെന്തിനാണ് നോമ്പെടുത്തത്.?
ഇതത്രവലിയ അസുഖമൊന്നുമല്ല കൃഷ്ണാ, ഒരുദിവസം വീട്ടിൽ ഒതുങ്ങിക്കൂടാൻ ഒരുകാരണം. അത്രയേഉള്ളൂ..
നളെ ഞാനങ്ങോട്ടു വരും.
ഉമ്മർക്ക അവിടെയുള്ളതുകൊണ്ട് തിരക്കുപിടിച്ച് നാളെത്തന്നെ നീയങ്ങോട്ടു വരേണ്ട കാര്യമുണ്ടെന്നെനിക്കു തോന്നുന്നില്ല,
നല്ലപോലെ സുഖമായെന്നു ബോധ്യായതിനു ശേഷം വന്നാൽ മതി,
നമ്മൾ തീരുമാനിച്ച കാര്യങ്ങൾ ഉമ്മയോടും റംലയോടും നീ തന്നെ പറഞ്ഞു ബോധ്യപ്പെടുത്തണം. പെരുന്നാളിന് നീ പള്ളിയിലേക്കുപുറപ്പെടുമ്പോൾ അവരോടങ്ങോട്ടു വരാൻ പറയണം.
നമസ്കാരം കഴിഞ്ഞ് നീയവിടെ എത്തിയതിനുശേഷം എല്ലാവർക്കും ഒരുമിച്ച് അത്താണിക്കലേക്കുപോകാം.
ഭക്ഷണവും മറ്റു കാര്യങ്ങളുമെല്ലാം തയ്യാറാക്കാനുള്ള ഏർപ്പാടുകൾ ഉമ്മർക്ക ചെയ്തിട്ടുണ്ടെന്നു പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് അക്കാര്യമോർത്ത് നീ വിഷമിക്കണ്ട.
സത്യം പറഞ്ഞാൽ അതെല്ലാം ഏർപ്പാടാക്കണമെന്നു കരുതി തന്നെയാണ് കൃഷ്ണാ നാളെ ഞാനങ്ങോട്ടു വരാമെന്ന് പറഞ്ഞത്. ഉമ്മർക്ക അതെല്ലാം ഏർപ്പാടാക്കിയിട്ടുണ്ടങ്കിൽ
പെരുന്നാൾ നിസ്കാരം കഴിഞ്ഞേ ഇനി ഞാനങ്ങോട്ടു വരുന്നുള്ളൂ. അപ്പോഴേക്കും ഈ ക്ഷീണമെല്ലാമങ്ങ് മാറിക്കിട്ടുകയും ചെയ്യും.
ഉച്ചകഴിഞ്ഞ് തിരിച്ചു പോയാൽ മതിയെങ്കിൽ കഞ്ഞിയും ഉപ്പേരിയുമുണ്ടാണ്ടാക്കാൻ റംലയോടു പറയാം. നിനക്കതാണല്ലോ ഇഷ്ടം.
ഒന്നും വേണ്ട ഹൈദറേ, നേരത്തെ അവിടെ എത്തിയാൽ ദേവകിക്കതൊരു ആശ്വാസമാകും. റംല ചെയ്തോണ്ടിരുന്നത് ഇപ്പോൾ ഞാനാണ് ചെയ്യുന്നതെന്നു നിനക്കറിഞ്ഞൂടെ.?
റംല ചെയ്തിരുന്ന എന്തു ജോലിയാണ് കൃഷ്ണാ നീയവിടെ ചെയ്യുന്നത്.?
മോനെ എടുത്തു കൊണ്ടു നടക്കുക, തൊട്ടിലിൽ കിടത്തി മൂളിപ്പാട്ടു പാടി ഉറക്കുക അല്ലാതെന്താ.?
എന്നാലിനി സംസാരിച്ചു സമയം കളയുന്നില്ല, നമുക്കിനി പെരുന്നാളിന് കാണാം.
ഉമ്മയോടും റംലയോടും യാത്രപറഞ്ഞ് കൃഷ്ണദാസൻ തിരിച്ച് വീട്ടിലേക്കു പുറപ്പെട്ടു.
വീട്ടിലെത്തിയ ഉടനെ അമ്മയോടു കാര്യങ്ങൾ സംസാരിച്ചതിനു ശേഷം അത്താണിക്കലേക്കു പുറപ്പെട്ടു.
ഉമ്മർക്കാ, പെരുന്നാൾ ദിവസം വരെയുള്ള ഇവിടത്തെ കാര്യങ്ങളെല്ലാം നിങ്ങൾ തന്നെ നോക്കേണ്ടി വരും, ഒറ്റയ്ക്കു ചെയ്യാൻ ബുദ്ധി മുട്ടാണെന്നു തോന്നിയാൽ സഹായത്തിന് ഗോവിന്ദേട്ടനെയും വിളിക്കാം, ഹൈദറലി പെരുന്നാൾ നിസ്കാരം കഴിഞ്ഞേ ഇനിയിങ്ങോട്ടു വരൂ എന്നാണ് പറഞ്ഞത്. അവനിവിടെയില്ലെന്നു കരുതി ഒന്നിലും ഒരുകുറവും ഉണ്ടാകരുത്.
അക്കാര്യത്തിലൊന്നും ഒരു ബേജാറും വേണ്ടമോനെ, വണ്ടിക്കാരനെ വിളിച്ച് വീട്ടിലുള്ള ചെമ്പും ഉരുളിയും ഇവിടെ എത്തിക്കണം,
ബാക്കി കാര്യങ്ങളെല്ലാം ഞാൻനേരത്തെ തന്നെ ഏർപ്പാടാക്കിവച്ചിട്ടുണ്ട്. നമ്മളൊരു നല്ലകാര്യമല്ലേ മോനേ ചെയ്യാൻ പോകുന്നത്. പടച്ചോന് ഇഷ്ടമുള്ള കാര്യമായതുകൊണ്ട് അതെല്ലാം സമയത്തിന് മുടക്കമില്ലാതെ നടക്കുമെന്നുപ്രതീക്ഷിക്കാം.
ഉമ്മർക്കയുമായുള്ള സംസാരത്തിനുശേഷം കൃഷ്ണദാസൻ വീട്ടിലേക്കു പുറപ്പെട്ടു.
ദേവകിയുടെ ചുമലിൽ തലചായ്ച്ചു കിടക്കുകയിരുന്ന ഉണ്ണികൃഷ്ണൻ കൃഷ്ണദാസനെ കണ്ടപാടെ തല ഉയർത്തി മുഖത്തേക്കുനോക്കി പുഞ്ചിരിച്ചെങ്കിലും അവനെയെടുത്തു താലോലിക്കാൻ നിൽക്കാതെ കൃഷ്ണദാസൻ വരാന്തയിലെ ചാരുപടിയിൽ ചെന്നിരുന്നു.
തൊട്ടു പിറകിലായി ദേവകിയും അവിടെയെത്തി.
നിങ്ങൾക്കെന്താ പറ്റിയത്.? മോനെയെടുത്താൽ പിന്നെ നിലത്തുവെയ്ക്കാതെ കൊണ്ടുനടന്നിരുന്നതാണല്ലോ,
ഇപ്പോ മോനോടൊന്നു മിണ്ടാൻ പോലും നിൽക്കാതെ ഇവിടെ വന്നിരിക്കാൻ മാത്രം എന്താണുണ്ടായേ.?
ക്യഷ്ണദാസനും ദേവകിയുമായുള്ള സംസാരം കേട്ടപാടെ അമ്മയും അവിടെയെത്തി,
എന്താമോനെ നിനക്കൊരു വല്ലായ്ക.?
ചെറിയൊരു ക്ഷീണം, അത്രയേ ഉള്ളൂ അമ്മേ,
(തുടരും…)
– K.M സലീം പത്തനാപുരം