എന്താപറ്റായ്ക, അതൊക്കെ ഞാൻ ചെയ്തോളാം ഹൈദറേ, എന്നത്തേക്കാണു വേണ്ടതെന്നുവച്ചാൽ പറഞ്ഞാൽ മതി.
ഉച്ചയ്ക്കുമുമ്പായി കൃഷ്ണദാസനും ഹൈദറലിലും വീട്ടിലേക്കു മടങ്ങി.
അൽപനേരത്തെ വിശ്രമത്തിനുശേഷം കൃഷ്ണദാസൻ ഭക്ഷണം കഴിക്കുന്നതിനായി അടുക്കളയിലേക്കും ഹൈദറലി ളുഹർ നമസ്കാരം നിർവ്വഹിക്കുന്നതിനു വേണ്ടി അകത്തേ മുറിയിലേക്കുംപോയി.
നമസ്കാരവും പ്രാർത്ഥനയുമെല്ലാം കഴിഞ്ഞ ഉടനെ നടുമുറ്റത്തേക്കിറങ്ങി ഇലഞ്ഞിത്തറയിൽ വിശ്രമിക്കുകയായിരുന്ന
ഹൈദറലിയുടെ സമീപത്തായി അമ്മയും കൃഷ്ണദാസനും ദേവകിയും വന്നിരുന്നു.
മോനെ ഹൈദറേ, നിന്നോടു ചിലത് ചോദിച്ചറിയാനുള്ളതു കൊണ്ടാണ് ഉച്ചയ്ക്കു മുമ്പേ ഇങ്ങോട്ടു തരിച്ചവരണമെന്നു ഞാൻ പറഞ്ഞിരുന്നത്.
അമ്മയ്ക്ക് എന്നോടെന്താണ് ചോദിച്ചറിയാനുള്ളതെന്നുവച്ചാൽ എപ്പോവേണമെങ്കിലും ചോദിക്കാലോ.
എനിക്കറിയുന്ന കാര്യങ്ങളാണങ്കിൽ മറുപടിയും പറയാം.
നിനക്കറിയുന്ന കാര്യങ്ങളൊക്കത്തന്നെയാണു മോനെ.
ഞങ്ങളതിനെക്കുറച്ച് ഇന്നലെ സംസാരിച്ചതാ,
നിൻ്റെ അഭിപ്രായവും കൂടെ അറിഞ്ഞതിനു ശേഷം ഒരു തീരുമാനത്തിലെത്താമെന്നു പറഞ്ഞാണ് ഞങ്ങളത് അവസാനിപ്പിച്ചത്.
എന്തിനെക്കുറിച്ചാണമ്മേ നിങ്ങളിന്നലെ സംസാരിച്ചത്.?
മോനെ, ഇവിടെ താസമിക്കുന്നവരിൽ രണ്ടുകൂട്ടരാണുള്ളതെന്ന് നിനക്കറിയാലോ,?
ആഴ്ചയിലൊരിക്കലും, മറ്റുള്ള വിശേഷദിവസങ്ങളിലും തെക്കേ കരയിലുള്ള അമ്പലത്തിലും പള്ളിയിലുമാണവർ പോയിക്കൊണ്ടിരിക്കുന്നതെന്നും മോനറിയാലോ,?
ഇവിടത്തെകുട്ടികൾ രാവിലെയും വൈകുന്നുന്നേരവുമായി രണ്ടു മണിക്കൂറിലധികം സമയം നടന്നാണ് തെക്കേകരയിലെ സ്കൂളിലും മദ്രസ്സയിലും പോയിവരുന്നതെന്നും മോനറിയാലോ.?
നിങ്ങൾ രണ്ടുപേരും ചേർന്ന് അത്താണിക്കൽ എന്നു പേരിട്ട നമ്മുടെ പടിഞ്ഞാറെ കരയിൽ അമ്പലവും പള്ളിയും പള്ളിക്കൂടവുമുണ്ടാക്കാനാവശ്യമായ
സ്ഥലം നമുക്ക് വിട്ടുകൊടുക്കാം. പള്ളിയും അമ്പലവും ഇവിടെയുള്ളവരെല്ലാം കൂടെ ചേർന്നുണ്ടാക്കണം.
കല്ലും മരവുമെല്ലാം നമ്മുടെ പറമ്പിൽനിന്നുതന്നെ എടുക്കാം.
പള്ളിക്കൂടമുണ്ടാക്കുന്നതിനുവേണ്ടിവരുന്ന മുഴുവൻ ചെലവും നമുക്കു വഹിക്കാം. ഈ ആഴ്ചയിൽതന്നെ മുഴുവനാളുകളെയും ഇവിടെ വിളിച്ചുകൂട്ടണം.
അവർ ഒരുക്കമാണെങ്കിൽ അടുത്ത നോമ്പുകാലമാകുമ്പോഴേക്കും നമുക്കതിൻ്റെയെല്ലാം പണികൾ ചെയ്തു തീർക്കാം.
ഇവിടെയൊരു പള്ളിയുണ്ടാക്കുന്നതിന് തെക്കേ കരയിലെ പള്ളിക്കമ്മിറ്റികാരുടെ അനുവാദമോ, മറ്റോ വേണ്ടതുണ്ടെങ്കിൽ മോൻതന്നെ അതിനുവേണ്ടതു ചെയ്യേണ്ടി വരും.
അതൊന്നും വേണ്ടിവരില്ലമ്മേ, അമ്മ പറഞ്ഞതു പോലെ നമുക്കാദ്യം ഇവിടെയുള്ളവരെയെല്ലാം അടുത്ത ദിവസം തന്നെ വിളിച്ചു കൂട്ടാം.
അവരുടെ അഭിപ്രായമറിഞ്ഞതിനു ശേഷം നമുക്കതിനെക്കുറിച്ച് ആലോചിച്ചാൽ മതിയല്ലോ, ?
തോണിക്കാരൻ ഉമ്മറർക്ക ഞങ്ങളോടിന്നൊരു കാര്യം ആവശ്യപ്പെട്ടിരുന്നു. അമ്മയുടെ അഭിപ്രായം അറിഞ്ഞതിനുശേഷം വേണ്ടതു ചെയ്യാമെന്ന് ഉമ്മർക്കയോടു ഞാൻ മറുപടി പറയുകയും ചെയ്തിട്ടുണ്ട്.
നിങ്ങൾക്ക് തീരുമാനിക്കാൻ പറ്റാത്ത എന്തു കാര്യമാ നിങ്ങളോട് ഉമ്മർ ആവശ്യപ്പെട്ടത്.?
വല്യങ്ങാടിയിൽ പോയി തിരിച്ചു വരുമ്പോൾ പെരുന്നാൾ ദിവസത്തേക്ക് ആവശ്യമായ അരിയും പലചരക്കു സാധനങ്ങളും വാങ്ങികൊണ്ടു വന്നാൽ തെക്കേക്കരയിൽ പോയി തിക്കിത്തിരക്കി വാങ്ങേണ്ടി വരില്ലെന്നു മാത്രമല്ല പൈസയുടെ ലാഭവുമുണ്ടാകുമെന്നാണ് ഉമ്മർക്കപറഞ്ഞത്.
എന്താ അങ്ങനെ ചെയ്യുന്നതിൽ വിരോധണ്ടോ.?
ഈ വക കാര്യങ്ങളൊക്കെ എന്നോടു ചോദിച്ചിട്ടു വേണോ മക്കളേ
നിങ്ങൾക്കു തീരുമാനിക്കാൻ.?
ആര് എന്ത് ആവശ്യപ്പെട്ടാലും നിങ്ങൾക്കു ചെയ്യാൻ പറ്റുന്നതാണെങ്കിൽ ചെയ്യാമെന്നുപറയണം, മറ്റാരോടെങ്കിലും ആലോചിച്ചു ചെയ്യേണ്ടതായാൽ മാത്രമേ അങ്ങനെ ചെയ്യാവൂ.
ചില സന്ദർഭങ്ങളിൽ നിങ്ങളെടുക്കുന്ന തീരുമാനം ഉദ്ദേശിച്ച ഫലം ചെയ്തില്ലെന്നു വന്നേക്കാം. നിങ്ങളുടെ കാര്യത്തിൽ മാത്രമല്ല, എല്ലാം തികഞ്ഞവരെന്നു നാം കരുതുന്നവരുടെ കാര്യത്തിലും അങ്ങനെയൊക്കെ സംഭവിക്കാറുണ്ട്.
അത്തരം സന്ദർഭങ്ങളിൽ നിരാശരാവാതെ എന്തുകൊണ്ടങ്ങനെ സംഭവിച്ചെന്നു പരിശോധിക്കണം. മേലിൽ ആവർത്തിക്കാതിരിക്കാൻ ശ്രദ്ദിക്കുകയും ചെയ്യണം.
ഞാനും ദേവകിയുമെല്ലാം ഇവിടത്തെ കാര്യങ്ങളിലേ ഇനിശ്രദ്ധിക്കൂ. ഞങ്ങൾക്കിവിടെ തന്നെ നൂറുകൂട്ടം പണികളുണ്ട്.
അത്താണിക്കലെയും ജോലിക്കാരുടെയും കാര്യങ്ങൾ നിങ്ങൾ തന്നെനോക്കണം. അവരുടെ ആവശ്യങ്ങൾ മുൻകൂട്ടി കണ്ടറിഞ്ഞ് സാധിച്ചു കൊടുക്കുകയും ചെയ്യണം.
ഉമ്മറ് പറഞ്ഞകാര്യത്തിലും എനിക്കതു തന്നെയാ നിങ്ങളോടു പറയാനുള്ളത്.
കൂടുതൽ പൈസയോ മറ്റോ ആവശ്യമുണ്ടങ്കിൽ പറഞ്ഞാൽ മതി.
മോനെ ഹൈദറേ, നമ്മുടെ തൊഴുത്തിൻ്റെ പിന്നാം പുറത്തെ വാഴയിൽ മൂപ്പെത്തിയ കുലയുണ്ട്.
കിളി കൊത്തുന്നതിനുമുമ്പ് അതങ്ങ് വെട്ടിയെടുത്ത് വീട്ടിലേക്കു കൊണ്ടു പൊയ്ക്കോ, അത്താഴത്തിനു ശേഷം നാലു ചെറുപഴവും കൂടെ കഴിച്ചാൽ ക്ഷീണക്കുറവുണ്ടാകുമെന്നാണ് നിൻ്റെ ഉപ്പ പറയാറുണ്ടായിരുന്നത്.
കത്തിയുമെടുത്ത് വാഴക്കരികിലേക്കു ചെന്ന ഹൈദറലി കുലവെട്ടിയെടക്കാതെ തിരിച്ചുവരാനൊരുങ്ങന്നതു കണ്ടപാടെ കാര്യമെന്തന്നന്വേഷിക്കുന്നതിനു വേണ്ടി കൃഷണദാസൻ അവിടേക്കു ചെന്നു.
നിനെക്കെന്താണതു വെട്ടിയെടുക്കാനൊരുമടി.?
മടിയല്ല കൃഷ്ണാ, നാളെയാവാമെന്നു വച്ചതാ.
അതെന്താ ഇന്നായാൽ.?
നീയങ്ങോട്ടൊന്നു നോക്ക്, നാലെണ്ണമാണ് കുലച്ചുനിൽക്കുന്നത്.
ഒന്നു വെട്ടിയാൽ തൊട്ടടുത്തു നിൽക്കുന്നതും നിലംപൊത്തും, എല്ലാം മൂപ്പെത്തിക്കഴിഞ്ഞതാണ്, ഇന്നിനി നാലുംകൂടെ വെട്ടിയെടുക്കാനുള്ള സമയമില്ല. നാളെ നമുക്ക് കുല മാത്രമല്ല, ഉണ്ണിക്കാമ്പും പൊളിച്ചെടുക്കാം.
നീയീവിവരം അമ്മയോടു പറയണട്ടോ.
ഹൈദറലി വീട്ടിലേക്കു പുറപ്പെട്ടു.
രണ്ടാഴ്ചക്കു ശേഷം ഉമ്മർക്ക ഒരു ഷീട്ടുമായി ഹൈദറലിക്കരികിലെത്തി.
പെരുന്നാൾ ദിവസത്തേക്കാവശ്യമായ ഒരു വിധം സാധനങ്ങളെല്ലാം ഇതിൽ എഴുതിയിട്ടുണ്ട്. ഓരോരുത്തർക്കും വേണ്ടത് വെവ്വേറെതന്നെ മറ്റൊരു കുറിപ്പായും എഴുതിവച്ചിട്ടുണ്ട്.
ഇപ്പോഴതിൻ്റെ ആവശ്യമില്ലെന്നെനിക്കു തോന്നിയതുകൊണ്ടാണ് ഞാനതിങ്ങോട്ടു കൊണ്ടു വരാതിരുന്നത്.
ഇതെത്ര കുടുംബത്തിനുള്ളതാണ് ഉമ്മർക്കാ.? നീ ഉൾപ്പടെ അൻപത്തൊന്നു കുടുംബത്തിന്.
അതുപോരല്ലോ ഉമ്മർക്കാ, അത്ര തന്നെ കുടുംബം ഈ കരയിൽ വേറെയുമില്ലേ,?
നോമ്പ് നോൽക്കുന്നില്ലെന്നു വച്ച് അവർക്ക് പെരുന്നാൾ ആഘോഷി ക്കാൻ പാടില്ലേ,?
മതവും വിശ്വാസവും വെവ്വേറെയാണെങ്കിലും വിശപ്പും സന്തോഷവുമെല്ലാം എല്ലാർക്കും ഒരുപോലെ തന്നെയല്ലേ ഉമ്മർക്കാ,
നേരം പുലർന്നതു മുതൽ ഇരുട്ടുന്നതു വരെയും ഒരുമിച്ചു ചേർന്നു പണിയെടുക്കുന്നവരും രണ്ടു നേരമായാൽ പോലും ഒരു പാത്രത്തിൽ പാകം ചെയ്ത ഭക്ഷണം ഒരുമിച്ചിരുന്നു കഴിക്കുന്നവരുമല്ലേ ഇവിടെയുള്ളത്.?
പെരുന്നാളിനും അങ്ങനെ തന്നെയാവാം.
പെരുന്നാൾ നിസ്കാരം കഴിഞ്ഞ് നമുക്കെല്ലാം ഇവിടെ ഒരുമിച്ചു കൂടി നെയ്ച്ചോറും പോത്തിറച്ചിയും കഴിച്ച് തിരിച്ചു പോകാം.
ഇതെൻ്റെ അഭിപ്രായമല്ലട്ടോ ഉമ്മർക്കാ, ദാസനും അമ്മയും ദേവകിയും കൂടി തീരുമാനിച്ചുറപ്പിച്ച കാര്യമാ,
നോമ്പ് ഇരുപത്തി അഞ്ചിന് നമുക്ക് വല്യങ്ങാടിയിലേക്കു പോകാം.
അപ്പോഴേക്കും കൊപ്രയൊക്കെ തൂക്കി നോക്കിയതിനു ശേഷം ചാക്കിൽ കെട്ടിവെക്കണം. ഈ വിവരം ഉമ്മർക്കതന്നെ എല്ലാവരോടും പറയണട്ടോ. ആരെയുംവിട്ടു പോകാതിരിക്കാൻ നല്ലോണം ശ്രദ്ധിക്കണം.
ഉമ്മർക്കയോട് കാര്യങ്ങൾ പറഞ്ഞേൽപ്പിച്ചാൽ പിന്നെ അക്കാര്യത്തിൽ കൂടുതലൊന്നും ആലോചിക്കേണ്ടതില്ലെന്ന അഭിപ്രായമാണ് കൃഷ്ണദാസനും ഹൈദറലിക്കുമുള്ളത്.
ഏൽപിക്കുന്ന ഏതൊരു കാര്യവും കാര്യബോധത്തോടെ ചെയ്തു തീർക്കുന്നതാണ് ഉമ്മർക്കയുടെ ശീലം. അക്കാരണത്താൽ തന്നെ നാട്ടുകാർക്കിടയിൽ കാരണവരുടെ സ്ഥാനമാണ് അദ്ദേഹത്തിനുള്ളത്.
അത്താണിക്കലെ കാര്യങ്ങളോരോന്നായി ചെയ്തുകൊണ്ടിരിക്കുന്നതിനിടയിൽ റംസാൻ അവസാന പത്തിലേക്കു പ്രവേശിച്ചത് ഹൈദറലി അറിഞ്ഞില്ല.
പതിവുപോലെ നേരത്തെ എത്തിയെങ്കിലും കൃഷ്ണദാസനുമായുള്ള ചർച്ചയിൽ അമ്മയും പാർവ്വതിയും പങ്കു ചേർന്നതോടെ നേരം വൈകിയാണ് അവർ അത്താണിക്കൽ എത്തിച്ചേർന്നത്.
ഒരു ഭാഗത്ത് കൊപ്ര ചാക്കിലേക്കു മാറ്റുന്നവരെയും, മറ്റൊരിടത്ത് അടയ്ക്ക വാരിക്കൂട്ടുന്നവരെയും കണ്ടെങ്കിലും ഉമ്മർക്കയെ അവർക്കൊപ്പം കാണാത്തതിൽ ഹൈദറലിക്ക് ആശങ്കയുണ്ടായി.
പാചകപ്പുരയിൽ ഉച്ചഭക്ഷണം തയാറാക്കി കൊണ്ടിരിക്കുന്ന നാരായണിയമ്മയോട് അന്വേഷിച്ചങ്കിലും ഉമ്മർക്ക എവിടെ പോയതാണെന്നോ, എന്തിനുവേണ്ടി പോയതാണെന്നോ, ഇന്നിനിയിങ്ങോട്ടെപ്പോഴാണ് വരികയെന്നോ അറിയില്ലെന്ന മറുപടിയാണ് കിട്ടിയത്.
ഹൈദറലി കൃഷ്ണദാസൻ്റെ അടുത്തേക്കു ചെന്നു.
ഉമ്മർക്കയെ ഇവിടെയൊന്നും കാണുന്നുമില്ല, എവിടെ പോയതാണെന്നോ, എപ്പോൾ വരുമെന്നോ ഇവിടെയാർക്കും അറിയുകയുമില്ല.
ഞാൻ പാടത്തേക്കൊന്നു പോയി നോക്കിയാലോ കൃഷ്ണദാസാ.?
അതിൻ്റെയൊന്നും ആവശ്യമുണ്ടെന്നെനിക്കു തോന്നുന്നില്ല ഹൈദറേ,
ഉമ്മർക്ക ഇവിടെ ഇല്ലങ്കിലും കാര്യങ്ങൾ ഭംഗിയായി നടക്കുന്നുണ്ടല്ലോ,? അതുപോരെ,?
മറ്റന്നാളല്ലേ വല്യങ്ങടീൽക്ക് പോകേണ്ടത്. അതിനുമുമ്പായി ഉമ്മർക്ക നമ്മളിലാരെയെങ്കിലും വന്നുകാണാതിരിക്കില്ല.
അഥവാ വന്നില്ലങ്കിൽ എന്താണുണ്ടായതെന്ന് നമുക്കന്വേഷിക്കാം.
നമ്മളിവിടെ നിന്നതു കൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ലാത്ത സ്ഥിതിക്ക് നമുക്കു വീട്ടിലേക്കു തിരിച്ചു പോകാം.
ദാസാ..മോനെ ദാസാ..
അടുക്കള ഭാഗത്ത് മോനെയുമൊടുത്തു നിൽക്കുകയായിരുന്ന കൃഷ്ണദാസൻ്റെ കാതിൽ ആ വിളിയൊച്ചകേട്ടു.
(തുടരും…)
– K.M സലീം പത്തനാപുരം