മലയാളി മനസ്സ് യുഎസ്എ പ്രസിദ്ധീകരിച്ച തിരഞ്ഞെടുത്ത കൃതികൾ
പ്രസാധകർ – ലോറം പ്രസ്സ്.
വില:₹350.
പുസ്തക ആസ്വാദനം: കവിത ബാലകൃഷ്ണപിള്ള, ഡൽഹി.
ഞാൻ ഏറെ ഇഷ്ടപ്പെടുന്ന, ആരാധിക്കുന്ന മുൻ നടി കാർത്തിക ഈ പുസ്തകത്തെക്കുറിച്ച് ഫെയ്സ്ബുക്കിൽ ഒരു വീഡിയോയിലൂടെ പറഞ്ഞുകേട്ടപ്പോൾ തന്നെ എനിക്ക് ഈ പുസ്തകം ഒന്ന് വായിക്കണം എന്ന് മോഹം തോന്നിയിരുന്നു. LOREM പ്രസിദ്ധീകരിക്കുന്ന ₹350രൂപയുള്ള ഈ പുസ്തകം ഞാൻ ഓർഡർ ചെയ്തു. അഞ്ചാറു ദിവസത്തിനുള്ളിൽ കയ്യിൽ കിട്ടിയപ്പോൾ തന്നെ ഒറ്റയിരുപ്പിന് വായിച്ചു തീർത്തു.
19 വ്യത്യസ്ത എഴുത്തുകാർ എഴുതിയ വ്യത്യസ്ത രചനകളാൽ സമ്പന്നമാണ് ഈ പുസ്തകം. കഥയും കവിതയും ലേഖനങ്ങളും യാത്രാവിവരണങ്ങളും ഉൾപ്പെടുത്തിയിട്ടുള്ള ഈ പുസ്തകം വായനാസുഖവും ആസ്വാദനരസവും നൽകി അനുവാചകരെ തൃപ്തരാക്കുമെന്നതിൽ സംശയമില്ല.
നവാഗതരായ എഴുത്തുകാരെ കണ്ടെത്തി എഴുത്തു വഴിയിൽ അവർക്ക് എല്ലാ പ്രോത്സാഹനവും കൊടുക്കുന്നതിന് പ്രഥമപരിഗണന നടത്തിയിട്ടുള്ള അമേരിക്കയിൽ നിന്ന് ഇറങ്ങുന്ന ഈ ഓൺലൈൻ പത്രത്തിൻ്റെ ആദ്യത്തെ ഉദ്യമമാണിത്. മലയാളിമനസ്സ് ഓൺലൈൻ പത്രത്തിൻ്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമായ എനിക്ക് ഈ എഴുത്തുകാരെല്ലാവരും തന്നെ സുപരിചിതരാണ്.
എല്ലാവർക്കും കയറി മേയാവുന്ന ഒരു മൈതാനമാണ് കവിത എന്നാരും തെറ്റിദ്ധരിക്കരുത്. അത് ആസ്വദിക്കാൻ സഹൃദയർക്കേ കഴിയൂ എന്ന് കാരശ്ശേരി മാഷ് പറഞ്ഞിട്ടുണ്ട്. അക്ഷര പൊട്ടുകളെ ചേർത്തുവച്ച് വാക്കുകൾകൊണ്ട് തങ്ങളുടെ ചിന്തകൾ കടലാസിലേക്ക് പകർത്തിയ ഈ കവിതകളുടെ വൃത്തവും അലങ്കാരവും ശരിയാണോ എന്നൊന്നും അറിയില്ലെങ്കിലും എനിക്ക് നന്നായി ആസ്വദിക്കാൻ കഴിഞ്ഞു എന്ന് പറയുന്നതിൽ സന്തോഷമുണ്ട്.
ശ്വസിക്കുന്ന പ്രതിമകൾ താമസിക്കുന്ന പ്രീതിയുടെ “ശബ്ദം ഉറങ്ങുന്ന വീട്” എന്ന കവിതയും ബന്ദിപ്പൂർ വനം താണ്ടി പാടങ്ങളും നീലാകാശവും ചേർന്നൊരു “മനോഹരി ഗുണ്ടൽപേട്ട്” എന്ന രാഹുലിൻ്റെ കവിതയും മേഘങ്ങളുടെ നനവിൽ മറഞ്ഞ സ്വപ്നം പോലെ ശബ്ദമില്ലാത്ത കാറ്റ് എന്നെ പുതപ്പിച്ചു എന്ന ദീപയുടെ “ഇന്നലെ” എന്ന കവിതയും വരമ്പത്തെ കൂലിക്ക് കനമേറിയപ്പോൾ നെൽകൃഷിയും കർഷകൻ എന്ന ഓമനപ്പേരും വേണ്ടെന്നുവച്ച അശോകൻ്റെ “വയലിൽ വിതയ്ക്കുമ്പോൾ” എന്ന കവിതയും ഏറെ ഭാവനാസമ്പന്നമാണ്. മദ്യം, മയക്കുമരുന്ന് കാമവെറി…..ഈ സാമൂഹ്യ വിപത്തുകളെ നേരിടാൻ ബോധവൽക്കരണം നടത്തേണ്ട ആവശ്യകതയെക്കുറിച്ച് രത്ന രാജു എഴുതിയ “ബോധം മറയുന്ന യുവത്വം” കാലികപ്രസക്തിയുള്ള ഒരു കവിതയാണ്.
സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട് പുരാണങ്ങൾ അണിയിച്ചൊരുക്കുന്ന പെൺപാവക്കൂത്ത് സാംസ്കാരിക വളർച്ചയ്ക്ക് ഉത്തമമാകുന്നതോടൊപ്പം സ്ത്രീസമത്വത്തിന് ആക്കം കൂട്ടുമെന്നുറച്ചു വിശ്വസിക്കുന്ന ജിഷാ ദിലീപിൻ്റെ “പെൺ പാവകൂത്ത്” എന്ന ലേഖനവും സ്നേഹബന്ധങ്ങൾ നിർവികാര ബന്ധങ്ങൾ ആയി മാറി പോയതിനെകുറിച്ചും സങ്കടത്തിൽ ഒരു ആശ്വാസമാകാൻ നിൽക്കാത്ത, സന്തോഷത്തിൽ മാത്രം പങ്കുചേരുന്ന സുഹൃത്ബന്ധങ്ങളെ കുറിച്ചും കുടുംബ ബന്ധങ്ങളുടെ ദൃഢത, കരുതൽ, ദയ, സഹായം, ക്ഷമ ഇവയൊന്നും പണ്ടത്തെപ്പോലെ ഹൃദ്യമായി ഇപ്പോൾ ഇല്ലെന്ന് ഓർമിപ്പിച്ചു കൊണ്ടുള്ള സൈമയുടെ “സ്നേഹ ബന്ധങ്ങളെ” ക്കുറിച്ചുള്ള ലേഖനവും ഹൃദ്യം! മനോഹരം!
“കാലത്തിൻ്റെ കാലുകൾ” എഴുതിയ രാജൻ പടുതോളിൻ്റെ ലേഖനവും വിജ്ഞാന ശേഖരണം എന്നത് പഠിക്കുന്ന കാലഘട്ടത്തിൽ മാത്രം ഒതുക്കി നിർത്തേണ്ട കാര്യമല്ല, അത് മരണം വരെ തുടരേണ്ട തപസ്യയാണ് “വായനയുടെ മഹത്വത്തെ” ക്കുറിച്ച് പി എം എൻ നമ്പൂതിരി എഴുതിയ ലേഖനവും ശ്രദ്ധേയവും വിജ്ഞാനപ്രദവും ആണ്.
മാതാപിതാക്കളുടെ കൈകളാൽ കൊല്ലപ്പെടുന്ന അനേകം കുട്ടികൾ ഏന്തി വലിഞ്ഞ് ഇനിയും വരാനുണ്ടല്ലോ എന്നോർത്ത് ദുഃഖിക്കുന്ന മാലാഖയുടെ “മൈ ചോയ്സ് “ എന്ന സുജയുടെ കഥ ഒരു കണ്ണീർ നോവായി മാറും. ആഗ്രഹങ്ങളുടെയും ദുരാഗ്രഹങ്ങളുടെയും ചപ്പും ചവറും നിറച്ച മനസ്സുമായി വരുന്നവരുടെ മുന്നിൽ മൂകസാക്ഷിയായി ഇരിക്കുന്ന ദേവിയുടെ സിസിയുടെ “ശേഷിപ്പുകൾ” എന്ന കഥയുടെ അവതരണ ഭംഗി കൊണ്ട് എഴുത്തിൽ വ്യത്യസ്ത ആകുന്നു ഈ എഴുത്തുകാരി.
ലോകത്തെ നടുക്കിയ സുനാമി ദുരന്തത്തിൻ്റെ ഓർമ്മകൾക്ക് 20 വർഷം ആകുമ്പോൾ തായ്‌ലൻഡിൽ കുടുംബമായി ക്രിസ്മസ് ആഘോഷിക്കാൻ പോയ കൂട്ടുകാരിയുടെ “ക്രിസ്മസ് നാളിലെ നടക്കുന്ന ഓർമ്മകളെ” കുറിച്ച് എഴുതിയ റിറ്റയുടെ യാത്രാവിവരണം കഥാകാരിയുടെ അറിവിൻ്റെയും വായനയുടെയും ലോകം വിശാലമാണ് എന്ന് വായനക്കാർക്ക് ബോധ്യപ്പെടുത്തി തരുന്നു.
വലിയൊരു പ്രതിസന്ധിയെ നിർമ്മിതബുദ്ധി കൊണ്ട് തരണം ചെയ്തുകൊടുത്ത ജൂലിയുടെ ഭർത്താവിൻ്റെ മേരിയുടെ “സംഗീത് വേദി” എന്ന കഥ കാലോചിതമായി. ചെന്നൈയിൽ ഇരിക്കുന്ന മുൻ സിനിമാനടി പാർവതിജയറാം കേരളത്തിലുള്ള അമ്മമാരുടെ ഉറക്കം കെടുത്തിയത് ഓർത്ത് ചിരിച്ചു പോയി.പാസ്സ്‌വേർഡ് എഴുതിവെച്ച കടലാസ് തുണ്ട് നഷ്ടപ്പെട്ടത് കൊണ്ടുമാത്രം പാളിപ്പോയ ഔസേപ്പ്മാപ്പിളയുടെയും അന്നമ്മയുടെയും ഒളിച്ചോട്ട പദ്ധതിയെക്കുറിച്ചുള്ള നർമ്മത്തിൽ ചാലിച്ചെഴുതിയ ഉണ്ണി ആവട്ടിയുടെ “സെൽഫി” എന്ന കഥ കാലോചിതവും ചിരിയുണർത്തുന്ന തുമായി.
തെറ്റിദ്ധാരണ മാറി മമ്മയെ തേടി വന്ന ജോകുട്ടൻ്റെ ഗിരിജാ വാരിയരുടെ “ഡിസംബറിൽ പൂത്ത നക്ഷത്രങ്ങൾ” എന്ന കഥ ഹാ!എന്താ പറയുക!🥰 മനസ്സിലൊരായിരം പൂത്തിരി കത്തിച്ച വായനാനുഭവം നൽകുകയുണ്ടായി.
അത്യന്തം സസ്പെൻസ് നിലനിർത്തി എഴുതിയ ബെന്നി സെബാസ്റ്റ്യൻ്റെ “കാമുകൻ “ എന്ന കഥ ഒറ്റപ്പെട്ടുപോയ ഒരു വീട്ടമ്മയുടെ ആത്മനൊമ്പരം ഭംഗിയായി വരച്ചു കാട്ടുകയുണ്ടായി. സ്നേഹം നിഷേധിക്കപ്പെട്ട അബോധമനസ്സിൽ ഒരാളെ പ്രതിഷ്ഠിച്ച് അയാളോട് സംവദിച്ച് അതിൽ സന്തോഷം കണ്ടെത്തുന്ന ആ വീട്ടമ്മയുടെ സങ്കടം നമ്മുടെ ചുറ്റിലും തന്നെ എവിടെയൊക്കെയോ കണ്ടിട്ടുണ്ടെന്ന് തോന്നി.
ആഘോഷങ്ങൾക്കൊടുവിൽ സമയമാംരഥത്തിൽ സ്വർഗ്ഗയാത്ര ചെയ്യുന്ന സ്വദേശം കാണ്മതിനായി തനിയെ പോകുന്ന വിൻസെന്റിൻ്റെ അപ്രതീക്ഷിത മരണം ജസിയയുടെ “ഡിസംബറിലെ മഞ്ഞു പൂക്കൾ” വായനക്കാർക്ക് ഒരു നോവായി മാറി. അദ്ദേഹത്തിൻ്റെ യാത്രയയപ്പ് ദിനം പൊടുന്നനെ മരണദിനം ആയി മാറിയത് വായനക്കാരെയാകെ ദുഃഖത്തിലാഴ്ത്തുക തന്നെ ചെയ്തു.
കടലിൻ്റെ അഗാധതയിൽ നൂൽപ്പാലത്തിലൂടെ സഞ്ചരിക്കുന്ന രവിയുടെ “തിരയിളക്കത്തിൽ” എന്ന കഥയും ഏറെ മനോഹരം.
സ്നോ റിമൂവൽ മെഷീൻ കൊണ്ട് തെരുവ് വൃത്തിയാക്കുന്ന എമിൽ എന്ന ചെറുപ്പക്കാരൻ്റെയും ഓട്ടോമാറ്റിക് വീൽചെയറിൽ ജീവിതം തള്ളിനീക്കുന്ന ചിത്രകാരി എമിലിൻ്റെയും പ്രണയം ഡോളിയുടെ “ സിൽവോ മയറിലെ ശിശിര സൂര്യൻ” എന്ന കഥയിൽ ഒരു കവിതപോലെ മനോഹരമായിട്ടുണ്ട്.
എഴുതാനും വായിക്കാനും അറിയാനും അറിയിക്കാനും മലയാളി മനസ്സ് USA ഇനിയും ശ്രമങ്ങൾ തുടരട്ടെ എന്നാശംസിച്ചു കൊണ്ട്. 🙏🙏🙏
– കവിത ബാലകൃഷ്ണപിള്ള, ഡൽഹി.











