സംസാരിച്ചിരുന്നു. സാവിത്രിയോടു മാത്രമല്ല സാറിൻ്റെ അഭിപ്രായം ചോദിക്കുകയും ചെയ്തിരുന്നു. രണ്ടു പേർക്കും പൂർണ സമ്മതമാണ്. അവരതിൽ സന്തോഷത്തിലുമാണ്. നാട്ടിൽ എത്തിയ ഉടനെ ഉപ്പയോടു പറഞ്ഞ് എത്രയുംവേഗം അത് നടത്തിത്തരാൻ പറയണമെന്ന് സാവിത്രിയോട് സാറ് പറയുകയും ചെയ്തിട്ടുണ്ട്.
എന്നാൽ ഞാനീ വിവരം കുട്ടനോട് ഇപ്പോൾ തന്നെ പറയുന്നുണ്ട്. അതിനുള്ള തയ്യാറെടുപ്പുകൾ അവനും നടത്തേണ്ടതുണ്ടാകുമല്ലോ. നിങ്ങൾ നാട്ടിലെത്തി നാലു ദിവസം കഴിയുമ്പോഴേക്കും ഞങ്ങളും അവിടെ എത്തും. ബാക്കി കാര്യങ്ങളെല്ലാം നേരിൽ സംസാരിക്കാം. ഒ.കെ ..
കുട്ടാ.. കുട്ടാ ..നീ വീണ്ടും ഉറങ്ങിയോ.?
നേരം വെളുത്തു വരുന്നതേയുള്ളൂ, നിനക്ക് ഉറങ്ങാൻ താൽപര്യമില്ലെന്നുവച്ച് ഞാനെന്തിന് ഉറങ്ങാതിരിക്കണം.? എട്ടു മണി കഴിഞ്ഞേ ഞാനിവിടെ നിന്നും എഴുന്നേൽക്കൂ. അതിനിടയിൽ നിനക്കെന്തെങ്കിലും ചെയ്തു തീർക്കാനുണ്ടെങ്കിൽ ശബ്ദമുണ്ടാക്കാതെ ചെയ്യണം. എന്നെശല്യപ്പെടുത്തരുത്.
നീ ഉറങ്ങുകയോ ഉറങ്ങാതിരിക്കുകയോ എന്തു വേണമെങ്കിലും ചെയ്തോ, നിന്നെ ശല്യപ്പെടുത്താതെതന്നെ ഞാനെൻ്റെ ജോലി ചെയ്തോളാം. ഉറങ്ങുന്നതിനു മുൻപായിഒരു കാര്യവും കൂടെപറയാം. അഞ്ചു മിനുറ്റ് മുൻപ് ഞാൻസഫിയ്യയെ വിളിച്ചിരുന്നു. നമ്മളിവിടെ തിരികെ എത്തിയ കാര്യം അറിയിക്കുന്നതിനു വേണ്ടിയാണ് വിളിച്ചതെങ്കിലും നീയും സാവിത്രിയും തമ്മിലുള്ള വിവാഹക്കാര്യവും സംസാരിച്ചിരുന്നു. അവൾക്കും സാറിനും അക്കാര്യത്തിൽ എതിർപ്പില്ലെന്നു മാത്രമല്ല സാറിന് ഏറെ സന്തോഷമായെന്നുമാണ് അവൾ പറഞ്ഞത്. നാട്ടിൽ എത്തിയ ഉടനെ ഉപ്പയോടുപറഞ്ഞ് കല്യാണത്തിനുള്ള ഏർപ്പാടുകൾ ചെയ്യണമെന്നും സാറ് നിർദ്ദേശിച്ചിട്ടുണ്ടത്രേ.
സത്യമാണോ നീ പറഞ്ഞത്.?
കളവ് പറയാൻ പറ്റിയ കാര്യമാണോ ഇത്. നിനക്കെന്താ കുട്ടാ വിശ്വാസംവരുന്നില്ലേ.?
എങ്കിൽ നീയെന്താണ് ഈ കാര്യം ആദ്യമേ പറയാതിരുന്നത്.?
അഞ്ചു മിനുട്ട് വൈകിയതാണോ ഇത്ര വലിയ പ്രശ്നം. സംസാരിക്കാൻ നിന്നാൽ നിൻ്റെ ഉറക്കം നഷ്ടപ്പെടും. മിണ്ടാതെ കിടന്നുറങ്ങാൻ നോക്ക്. ബാക്കികാര്യങ്ങൾ അതുകഴിഞ്ഞാവാം.
ഇനിയെന്ത് ഉറക്കം. നീ കാര്യങ്ങൾ എനിക്കും കൂടെ മനസ്സിലാകുന്ന വിധത്തിൽ തെളിച്ചുപറ.
നാട്ടിൽ ചെന്നാലുടൻ ഉപ്പയോടു സംസാരിച്ച് എത്രയും വേഗം നിങ്ങൾ തമ്മിലുള്ള വിവാഹം നടത്തണം. അത്രതന്നെ. അതിൽ കൂടുതലൊന്നും സഫിയ്യ എന്നോടു പറഞ്ഞിട്ടില്ല, എനിക്കറിയുകയുമില്ല.
ഒ.കെ. അങ്ങനെയാണെങ്കിൽ നാട്ടിൽ പോകുന്നതിനു മുൻപായി എനിക്കും ചില തീരുമാനങ്ങൾ എടുക്കാനുണ്ട്. എന്തൊക്കെയാണത്. ആ.. അതൊക്കെ പറയാം, അതിനു മുൻപ് എനിക്ക് വേറെ ചില കാര്യങ്ങൾ അറിയണമെന്നുണ്ട്.
എന്താണത്.?
മറ്റൊന്നുമല്ല, നിൻ്റെ വിവാഹക്കാര്യംതന്നെ. എന്നാണത് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. എന്തുകൊണ്ടാണത് നീയെന്നോട് നേരത്തെ പറയാതിരുന്നത്.?
നമ്മൾ കണ്ടുമുട്ടിയിട്ട് നാലു ദിവസമല്ലേ ആയിട്ടുള്ളൂ. ഇതിനിടയിൽ മറ്റു പലതും സംസാരിച്ചു കൊണ്ടിരുന്നതിനിടയിൽ ഞാനത് പറയാൻ വിട്ടു പോയതാണ്. പിന്നെ മറ്റൊരുകാര്യം എന്താണെന്നു വച്ചാൽ ഇങ്ങനെയൊരു വിവരം രണ്ടു മാസം മുൻപ് സാവിത്രി പറഞ്ഞാണ് ഞാനറിയുന്നത്.
അപ്പോൾ ഇങ്ങനെയൊരു കാര്യം നിങ്ങൾ തമ്മിൽ ഇതിനുമുൻപ് സംസാരിച്ചിരുന്നില്ലേ.?
സംസാരിച്ചിരുന്നു. പക്ഷെ അതൊരു തമാശയുടെ ഭാഗമായി പറഞ്ഞതായിരുന്നു, എന്നുവച്ചാൽ സാവിത്രിയുടെ ടെസ്റ്റ് കഴിഞ്ഞ് റിസൽട്ട് വാങ്ങിയതിനു ശേഷം നമ്മൾ സാധാരണ ചെന്നിരിക്കാറുളള റസ്റ്റോറൻ്റെിൽ ചെന്ന് കാപ്പികുടിച്ചു കൊണ്ടിരിക്കെ ഞാനാ റിസൽട്ടൊന്നു വായിച്ചുനോക്കി. റിസൽട്ട് വായിച്ചിട്ടെന്തു തോന്നുന്നു എന്ന് സാവിത്രിയെന്നോടു ചോദിച്ചു. ഭയപ്പെടാനൊന്നുമില്ലെന്നും ഇനി കല്യാണം കഴിക്കുന്നതിനെക്കുറിച്ച് ആലോചിക്കാവുന്നതാണെന്നും ഞാൻ മറുപടി പറഞ്ഞു. നിനക്ക് ഇവളെ കല്യാണം കഴിച്ചു കൂടെ എന്ന് അവളെന്നോടു ചോദിക്കുകയും ചെയ്തു. അതിന് സഫിയ്യ മാത്രം സമ്മതിച്ചാൽ പോരല്ലോ അവളുടെ ഉപ്പയും കൂടെ സമ്മതിക്കണ്ടേ എന്ന് ഞാനവളോട് തിരിച്ചു ചോദിക്കുകയും ചെയ്തു. അതൊരു തമാശയായിട്ടേ ഞാൻ കണ്ടിരുന്നുള്ളൂ. ഒരിക്കൽ സഫിയ്യയുടെ ഉപ്പ അവരെ കാണാൻ ചെന്ന സമയത്ത് സാവിത്രി ഈ കാര്യം അദ്ദേഹത്തോടു പറയുകയും സഫിയ്യയോടും എൻ്റെ ഉപ്പയോടും സംസാരിച്ച് അവർ അക്കാര്യത്തിലൊരു തീരുമാനത്തിലെത്തുകയും ചെയ്തെന്നാണ് സുമിത്ര മേഡം എന്നോടു പറഞ്ഞത്. ഏകദേശം രണ്ടു മാസം മുൻപായിരുന്നത്. അതിനു ശേഷം ഖാദർക്കയെ നേരിൽ കണ്ട് സംസാരിക്കാൻ എനിക്കു കഴിഞ്ഞിരുന്നില്ല. മറ്റു തിരക്കുകൾ ഉള്ളതു കൊണ്ട് അദ്ദേഹം ആശുപത്രിയിൽ വരാതിരുന്നതാണ് അതിനുകാരണം. അദ്ദേഹം തന്നെയാണത്രേ മേഡത്തിനോടും പ്രേമചന്ദ്രൻ സാറിനോടും അതിനെക്കുറിച്ചെല്ലാം പറഞ്ഞത്.
വിവാഹത്തിൻ്റെ ദിവസവും മറ്റും തീരുമാനിച്ചിണ്ടോ.?
ഉണ്ട്.
എന്നാണത്.?
സാവിത്രിയുടെ വിവാഹം എന്നാണോ അന്നു തന്നെയായിരിക്കും ഞങ്ങൾ തമ്മിലുളള വിവാഹവും. സഫിയ്യയുടെ നിർദ്ദേശമാണത്. ആട്ടെ നീ എങ്ങനെയാണ് ഇതെല്ലാം അറിഞ്ഞത്.?
സുമിത്രമേഡം പറഞ്ഞിട്ട്, അല്ലാതെങ്ങനെഅറിയാനാ.
നാട്ടിലേക്ക് പോകുന്നതിനു മുൻപായി നിനക്കെന്തൊക്കെയോ ചെയ്യനുണ്ടെന്നു പറഞ്ഞിരുന്നല്ലോ, എന്താണത്.?
പ്രത്യേകിച്ചൊന്നുമല്ല. രണ്ടു മാസത്തെ ലീവിന് നാട്ടിൽ പോകാമെന്നാണ് ഞാൻ ഉദ്ദേശിച്ചിരുന്നത്. ഞാൻ ആവശ്യപ്പെട്ടതും അതു തന്നെയാണ്. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയസ്ഥിതിക്ക് വിസ കാൻസൽ ചെയ്യാമെന്നുവച്ചു. ഇനി ഇങ്ങോട്ടൊരു വരവ് ഞാൻ ആഗ്രഹിക്കുന്നില്ല, സാവിത്രിയോടൊപ്പം നാട്ടിൽ കഴിഞ്ഞുകൂടാം. ആശുപത്രിയുടെ പണി പൂർത്തിയായാൽ അവളോടൊപ്പം അവിടെ ഇരുന്ന് ജോലി ചെയ്യുകയും ചെയ്യാമല്ലോ. നീ ലീവ് കഴിഞ്ഞ് ഇങ്ങോട്ടു തന്നെയല്ലേ വരാൻ ഉദ്ദേശിക്കുന്നത്.?
അല്ല.
പിന്നെ.?
ഞാനും വിസ കാൻസൽ ചെയ്തു കൊണ്ടു തന്നെയാണ് നാട്ടിൽ പോകാൻ ഉദ്ദേശിക്കുന്നത്. സാവിത്രിയുടെകൂടെ ഹോസ്പിറ്റലിൽ ജോലി ചെയ്യണമെന്നു തന്നെയാണ് എൻ്റെയും ആഗ്രഹം. ഉപ്പയുടെ ആവശ്യവും അതു തന്നെയാണ്. സഫിയ്യയും കൂടെ ഉണ്ടായാൽ ആശുപത്രി ഒരു വിധം നല്ല രീതിയിൽ നമുക്കു നടത്തിക്കൊണ്ടുപോവാൻ കഴിയുമെന്നാണ് എൻ്റെ വിശ്വാസം. സാവിത്രിയുടെ വിവാഹക്കാര്യത്തിൽ ഒരു തീരുമാനമായതു കൊണ്ട് നാളെ പ്രേമചന്ദ്രൻ സാറിനെയും സുമിത്ര മേഡത്തെയും ചെന്നുകണ്ട് വിസ കാൻസൽ ചെയ്യുന്ന കാര്യം സംസാരിച്ച് അവരുടെ സമ്മതം വാങ്ങണം. ദാസേട്ടനോടും സാറ ചേച്ചിയോടും കാര്യങ്ങൾ പറയുകയും ചെയ്യണം. എന്നോടൊപ്പം നീയും കൂടെവന്നാൽ എനിക്കതൊരു സൗകര്യമാകും. നിനക്കതൊരു പ്രയാസമാവില്ലെങ്കിൽ..
എന്തുപ്രയാസം, ഞാൻ ഇപ്പാൾ എല്ലാ നിലയിലും ഫ്രീയാണ്. നിന്നോടൊപ്പം എവിടെ വേണമെങ്കിലും വരാൻ ഞാൻ തയ്യാറാണെന്നു മാത്രമല്ല എനിക്കേറെ താൽപര്യവുമുണ്ടെന്നു കൂട്ടിക്കോ. അങ്ങനെയാണെങ്കിൽ എഴു മണിക്കു മുൻപായി നമുക്കവരെ ഫ്ലാറ്റിൽ ചെന്നു കാണാം.
ഒ.കെ.
വിസ കാൻസൽ ചെയ്യുന്നതിനോട് തുടക്കത്തിൽ പ്രേമചന്ദ്രൻ സാറിന് വിയോജിപ്പുണ്ടായിരുന്നെങ്കിലും അതൊരു നല്ല ഉദ്ദേശ്യത്തോടെയാണെന്നറിഞ്ഞപ്പോൾ സമ്മതിക്കുക്കുകയാണുണ്ടായത്. നേരത്തെ ഡൽഹിയിലേക്ക് ബുക്ക് ചെയ്തിരുന്ന ടിക്കറ്റ് കാൻസൽ ചെയ്തു കൊണ്ട് നാട്ടിലേക്കുള്ള ടിക്കറ്റ് ശരിയാക്കാൻ സാഹായിച്ചതും സാറ് തന്നെയാണ്. ഇനിയൊരു തിരിച്ചു വരവിന് സാധ്യതയില്ലാത്തതു കൊണ്ട് ആശുപത്രിയിലെ സഹപ്രവർത്തകരെയെല്ലാം നേരിൽകണ്ട് യാത്രപറഞ്ഞതിനു ശേഷമാണ് ദാസേട്ടനെയും കൂട്ടി സാറചേച്ചിയെ കാണാൻ പോയത്. അവിടെ നിന്നും ഭക്ഷണം കഴിച്ച് പുറത്തിറങ്ങിയപ്പോഴേക്കും സമയം രണ്ടു മണി കഴിഞ്ഞിട്ടുണ്ടായിരുന്നു. റൂമിൽ തിരിച്ചെത്തിയ ഉടനെ ഡ്രസ്സും മറ്റുമെല്ലാം കാറിലേക്കെടുത്തു വച്ചതിനു ശേഷം സ്വലാ മജ്ലിസിൽ ചെന്ന് നിസ്കരിച്ചു. രണ്ടു വർഷക്കാലത്തെ സേവനം ഭംഗിയായും മനസ്സമാധാനത്തോടെയും നിർവ്വിക്കാൻ അവസരം നൽകിയ ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ട് ക്യാൻ്റെീനിലേക്ക് ചെന്നു. ദാസേട്ടൻ സ്നേഹത്തോടെ നൽകിയ സുലൈമാനിയും കുടിച്ച് മദീന ലക്ഷ്യമാക്കി യാത്ര ആരംഭിച്ചു.
രണ്ടു ദിവസം അവിടെ ചെലവഴിച്ചതിനു ശേഷം വൈകുന്നേരം ഏഴുമണിയോടെ എയർപോർട്ടിലെത്തി. ഫ്ലൈറ്റിൽ കയറുന്നതിനു മുൻപായി സഫിയ്യയെയും സാവിത്രിയെയും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കി ഫ്ലൈറ്റിൽ കയറി ഇരുന്നതിനുശേഷം അവരെ വീണ്ടും ബന്ധപ്പെടാൻ ശ്രമിക്കവെ ഉപ്പയുടെ നമ്പറിൽ നിന്നും വിളിവന്നു.
ഹലോ.. മോനെ. ഉപ്പയാണ്. നിങ്ങൾ അവിടെ നിന്നും പുറപ്പെട്ടോ.?
അതെഉപ്പാ,പുറപ്പെട്ടു. ഞങ്ങളിപ്പോൾ ഫ്ലൈറ്റിലാണുളളത്. പതിനൊന്നു മണിയോടെ അവിടെ എത്താൻകഴിയും എന്നാണ് തോന്നുന്നത്.
ആയിക്കോട്ടെ. നിങ്ങളിവിടെ എത്തിയാലുടൻ മെഡിക്കൽ കോളജിലേക്കു വരണം. ഞങ്ങൾ അങ്ങോട്ടു പോവുകയാണ്.
എന്താ ഉപ്പാ പ്രശ്നം.?
സാവിത്രിമോള് ഇവിടെ എത്തിയ ദിവസം മുതൽ അൽപം ക്ഷീണത്തിലാണ്. പനിയും വിറയലുമായി കിടപ്പിലായിരുന്നു. വൈകുന്നേരം രക്തം ഛർദിക്കുകയും ചെയ്തു. സഫിയ്യ മോളാണ് മെഡിക്കൽ കോളജിലേക്കു പോകണമെന്നു പറഞ്ഞത്, അവളും കൂടെ വരുന്നുണ്ട്.
ഉപ്പയുമായുള്ള സംസാരത്തിനിടയിൽ എയർ ഹോസ്റ്റസ് വന്ന് ഫോൺ ഓഫ് ചെയ്യാൻ നിർദ്ദേശിച്ചതും ഫ്ലൈറ്റ് ഉയർന്നു തുടങ്ങിയതുമൊന്നും കബീർ ശ്രദ്ധിച്ചിട്ടുണ്ടായിരുന്നില്ല. ഉപ്പയുടെ ഫോൺകാൾ കട്ടായ ഉടനെ സഫിയ്യയുടെ കാൾ വന്നു.
സാവിത്രിക്ക് ഇത്ര പെട്ടെന്ന് ഇങ്ങനെ സംഭവിക്കാൻ പ്രത്യേക കാരണമെന്തെങ്കിലുമുണ്ടായതായി ശ്രദ്ധയിൽ പെട്ടിരുന്നോ.? നീ സാറിനെ വിളിച്ച് സംസാരിച്ചിരുന്നോ. ഇപ്പോഴത്തെ അവസ്ഥ എന്താണ്..
അതെ, ഞാൻ സാറിനോട് സംസാരിച്ചിരുന്നു. ഉടനെ മെഡിക്കൽ കോളജിലെത്തിക്കാൻ സാറ് തന്നെയാണ് പറഞ്ഞത്. അൽപം…
സംസാരം പൂർത്തിയാകുന്നതിനു മുൻപേ ടെലഫോൺ പ്രവർത്തന രഹിതമായി. തൊട്ടടുത്തിരുന്ന് സംസാരമത്രയും ആകാംക്ഷയോടെ കേട്ടിരിക്കുകയായിരുന്ന ശ്രീധരൻ്റെ മിഴികൾ നിറഞ്ഞൊഴുകി. സാവിത്രിയുടെ കാര്യത്തിൽ എന്താണ് സംഭവിച്ചതെന്നറിയാൻ കഴിയാനാവാത്തതിൽ കബീറിൻ്റെ മനസ്സ് വേദനിച്ചു. നിമിഷങ്ങൾക്കകം അതൊരു കരച്ചിലായി മാറി.
സാവിത്രിയുടെ കാര്യമറിയാനുള്ള വ്യഗ്രത മൂലം ശ്രീധരൻ ഇടയ്ക്കിടെ വാച്ചിലേക്കു നോക്കിക്കൊണ്ടിരുന്നു. അൽപസമയത്തിനകം എയർപോർട്ടിലെത്തും. അവിടെ എത്തിയാലുടൻ മെഡിക്കൽ കോളേജിലേക്ക് പോകണോ അതല്ല,വീട്ടിൽ ചെന്നതിനുശേഷം മതിയോ എന്നചിന്ത മനസ്സിൽ ഉടലെടുത്തു.
അപ്രതീക്ഷിതമായി കബീറിൻ്റെ ഫോൺ ശബ്ദിച്ചു.
ഹലോ, ഞാൻ മുജീബാണ് വിളിക്കുന്നത്. ഞാനിവിടെ എയർപോർട്ടിൻ്റെ മുൻപിലുണ്ട്. നമ്മുടെ കാറ് കണ്ടാൽ നിനക്ക് തിരിച്ചറിയാൻ കഴിയുന്നതു കൊണ്ട് നീ അതിൻ്റെ അടുത്തേക്ക് വന്നാൽ മതി. ബാക്കി കാര്യങ്ങൾ പിന്നീട് പറയാം.
ആരാവിളിച്ചത് .?
നമ്മുടെ മുജീബ്, ടിക്കറ്റ് കൺഫോമായ വിവരം അവനെ ഞാൻ അറിയിച്ചിരുന്നു. നമ്മളൾ പുറപ്പെട്ട കാര്യം ഉപ്പ അവനോടു പറഞ്ഞിട്ടുണ്ടാകും. അങ്ങനെയാവാം കൃത്യ സമയത്ത് കാറുമായി അവൻ ഇവിടെ എത്തിയത്.
നമ്മൾ എങ്ങോട്ടാണ് പോകേണ്ടത്, വീട്ടിലേക്കോ അതല്ല കോളേജിലേക്കോ.?
അതിനെക്കുറിച്ച് എനിക്കൊന്നും അറിയില്ല കുട്ടാ. ഇനിയെല്ലാം മുജീബ് പറയുന്നതു പോലെ ചെയ്യാം. കാര്യങ്ങളൊക്കെ ഉപ്പ അവനോടു പറഞ്ഞിട്ടുണ്ടാകും.
നമ്മളെങ്ങോട്ടാണ് പോകുന്നത്.?
കാറിൽകയറിയ ഉടനെ ശ്രീധരനാണതു ചോദിച്ചത്.
സാവിത്രിയുടെ അടുത്തേക്ക്. അങ്ങനെയാണ് ഉപ്പ എന്നോടു പറഞ്ഞേൽപിച്ചത്. രണ്ടു പേർക്കും മുജീബിനോട് പലതും ചോദിച്ചറിയാനുണ്ടായിരുന്നെങ്കിലും കാലം കാത്തു സൂക്ഷിച്ച സ്നേഹ ബന്ധത്തിൽ പ്രതീക്ഷയർപ്പിച്ചുകൊണ്ട് എങ്ങോട്ടെന്നറിയാതെ അവർ യാത്രതുടർന്നു….
അവസാനിച്ചു.
– K.M സലീം പത്തനാപുരം