ആ അതൊക്കെ പോട്ടെ. ഇത്രയൊക്കയല്ലേ സംഭവിച്ചിട്ടുള്ളൂ എന്ന് കരുതി സമാധാനിക്കാം. നിന്നെപ്പോലെ വേറെ നാലാൾക്കും കൂടെ വയറു വേദന ഉണ്ടായിരുന്നെങ്കിൽ എന്താകുമായിരുന്നു സ്ഥിതി. ചോറും ചാറും കൂട്ടാനും എന്നു വേണ്ട കിണറ്റിലെ വെളളമുൾപ്പടെ പരിശോധനക്ക് കൊണ്ടുപോകുമായിരുന്നില്ലേ, പോരാത്തതിന് വെച്ചവരും വിളമ്പിയവരും പോലീസ് സ്റ്റേഷനിലെ വരാന്തയിൽ കിടക്കേണ്ടിയും വരുമായിരുന്നു. എല്ലാം നല്ലതിനാണെന്നു കരുതി സമാധാനിക്കാം. പിന്നേ. അനക്ക്ള്ള കപ്പ് ഞാൻ മോളുട്ടിൻ്റെ കയ്യിൽ കൊടുത്ത് ഏൽപിച്ചിട്ടുണ്ട്. അത് വാങ്ങി അൻ്റെ അലമാരയിൽ കൊണ്ടു വെക്കാൻ മറക്കണ്ട. മോളുട്ടിക്ക് കിട്ടിയ കപ്പ് ഇവിടത്തെ അലമാരയിലല്ലേ വെക്കുന്നത്. എനിക്കുള്ളതും അതിൻ്റെ കൂടെ വച്ചാൽ മതി. മോളുട്ടിയോട് എനിയ്ക്കുണ്ടായിരുന്നതു പോലെ അവനും ഇഷ്ടമുണ്ടായിരുന്നു എന്നസത്യം അപ്പോഴാണ് ഞാനറിഞ്ഞത്. വളരുംതോറും അത് കൂടി വന്നതല്ലാതെ കുറവു വന്നിട്ടില്ലായിരുന്നു.
ചേർന്നിരുന്നു സംസാരിച്ചപ്പോഴൊന്നും ഞങ്ങൾ പേരെടുത്തു വിളിച്ചിട്ടില്ല. വാശിയോടെ തർക്കിച്ച ദിവസങ്ങളിലും തമാശ പറഞ്ഞു കൊണ്ടല്ലാതെ പിരിഞ്ഞു പോയിട്ടില്ല. കഴിഞ്ഞ നാലു വർഷത്തോളമായി ഞങ്ങൾ തമ്മിൽ ഒരു ബന്ധവുമില്ല. ഇന്ന് എൻ്റെ ഫോൺകാൾ അറ്റൻ്റെ് ചെയ്യാൻ പോലും അവന് താൽപര്യമില്ല. സാവിത്രിയാണ് അതിനെല്ലാം കാരണം. അവൻ വിവാഹം ചെയ്യാൻ താൽപര്യമറിയിച്ചകാര്യം അവൾക്കെന്നോടു പറയാമായിരുന്നതാണ്. അത് നിരസിക്കുകയോ സ്വീകരിക്കുകയോ ചെയ്യുന്നതിനു പകരം കാര്യങ്ങൾ തുറന്നു പറയാമായിരുന്നിട്ടും അക്കാര്യത്തിൽ എന്നോടു സംസാരിക്കാൻ പറയുകയാണവൾ ചെയ്തത്. ഒരു പക്ഷെ അന്ന് അവൻ അക്കാര്യം എന്നോടു സംസാരിച്ചിരുന്നുവെങ്കിൽ ചെറുപ്പം തൊട്ടുള്ള സൗഹൃദം ഇന്നും നിലനിൽക്കുമായിരുന്നു. ഇനിയൊരു വീണ്ടെടുപ്പ് അത്ര എളുപ്പമുള്ള കാര്യമല്ല. പക്ഷെ സാവിത്രി പ്രത്യേകം പറഞ്ഞേൽപ്പിച്ചതു കൊണ്ട് അവനുമായി സംസാരിച്ച് കാര്യങ്ങളുടെ സത്യാവസ്ഥ ബോധ്യപ്പെടുത്താതിരിക്കാനും പറ്റില്ല.
ഖാദർക്കയെ കണ്ടാൽ അവൻ്റെ ഫോൺനമ്പർ കിട്ടാതിരിക്കില്ല. പക്ഷെ വിളിക്കുന്നത് ഞാനാണെന്നറിഞ്ഞാൽ അവനതു കട്ടുചെയ്യുമെന്ന കാര്യത്തിൽ സംശയമില്ല. നാളെ സുമിത്രമാഡത്തെ കാണുമ്പോൾ ഇതും കൂടെ ശ്രദ്ധയിൽ പെടുത്താം. ഗൈനക്കോളജിസ്റ്റ് എന്നതിലുപരി പരിചയസമ്പന്നയായ ഒരു കൗൺസിലറും കൂടെ ആയതു കൊണ്ട് അവനെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്താൻ മാഡത്തിന് പ്രയാസമുണ്ടാകില്ല.
സമയം എട്ടുമണി ആവാൻ ഇനി അഞ്ചു മിനിറ്റുമാത്രമാണുളളത്. സാറുമായുള്ള സംസാരം അവസാനിപ്പിച്ചു കൊണ്ട് ഞാൻ എൻ്റെ ക്യാബിനിലേക്കു ചെന്നു. പതിവു പോലെ സിസ്റ്റർ ഓരോരുത്തരുടെയും പേരുവിളിച്ച് അകത്തേക്കു പ്രവേശിപിച്ചു കൊണ്ടിരുന്നു. ഉച്ചയ്ക്കു മുൻപുളള അവസ്ഥയിൽ നിന്നും വ്യത്യസ്തമായിരുന്നു ഒരു മണിക്കു ശേഷമുണ്ടായത്. ബുക്കിംങ്ങ് പ്രകാരമുള്ളവരെയെല്ലാം ഏഴു മണിയോടെ പരിശോധിച്ചു കഴിഞ്ഞിരുന്നു. അപൂർവ്വം ദിവസങ്ങളിൽ മാത്രമാണ് അങ്ങനെ ഉണ്ടാവാറുളളത്. സാധാരണ ദിവസങ്ങളിൽ ഡ്യൂട്ടി സമയം കഴിഞ്ഞേ എഴുന്നേറ്റു പോകാനാകൂ. ഇന്ന് നൈറ്റ് ഡ്യൂട്ടിയും കൂടെ ഉള്ളതുകൊണ്ടാണ് എട്ടു മണി ആവാൻ കാത്തു നിൽക്കാതെ ഭക്ഷണം കഴിക്കാൻ പോയത്. തിരിച്ചുവന്ന ഉടനെ വാർഡ് ഡ്യൂട്ടിയിൽ ഏർപ്പെടുകയും ചെയ്തു.
സമയം ഒൻപതു മണിയാവാറായപ്പോഴേക്കും അപ്രതീക്ഷിതമായി സുമിത്രമേഡം വാർഡിലേക്കു കടന്നുവന്നു. കുട്ടികളെയും പുരുഷൻമാരെയും മാത്രമാണ് വാർഡിൽ അഡ്മിറ്റ് ചെയ്യാറുള്ളത്. ഗൈനക്കോളജി വിഭാഗത്തിൽ ചികിത്സതേടി എത്തുന്നവരെയും ഡെലിവറി കഴിഞ്ഞവരെയും ലേബർ റൂമിനടുത്തുള്ള വാർഡിലാണ് അഡ്മിറ്റ് ചെയ്യാറുള്ളത്. അതുകൊണ്ടു തന്നെ സുമിത്ര മാഡത്തിന് ഈ വാർഡിൽ വരേണ്ട കാര്യമുണ്ടാകാറില്ല. മാഡം വാർഡിൽ പ്രവേശിച്ച ഉടനെതന്നെ എൻ്റെ സമീപത്തു വന്നിരുന്നു.
മറ്റന്നാൾ മുതൽക്കല്ലേ ലീവ് അനുവദിച്ചു കിട്ടിയത്.
മുഖവുര കൂടാതെയുള്ള ചോദ്യത്തിന് അതെ എന്നു ഞാൻ മറുപടി പറഞ്ഞു.
ഇന്ന് നൈറ്റ് ഉള്ളതു കൊണ്ട് നാളെ ലീവായിരിക്കുമല്ലോ, നാളെ എന്തു ചെയ്യാനാ ഉദ്ദേശം.?
മാഡത്തിനെ വീട്ടിൽ വന്നു കാണണമെന്ന് ഉദ്ദേശിച്ചിരുന്നതല്ലാതെ മറ്റൊന്നും തീരുമാനിച്ചിട്ടില്ല.
എന്നെ വീട്ടിൽ വന്നു കാണാൻ പ്രത്യേകിച്ചുവല്ലകാരണവും ഉണ്ടോ.? ഉണ്ട്. അതെന്താ, പറഞ്ഞോളൂ.
ഞാനിന്നലെ സാറുമായി സംസാരിച്ച സമയത്ത് നാട്ടിൽ പോകുന്നതിനു മുൻപായി ശ്രീധരനെ കണ്ട് സംസാരിക്കാൻ സാവിത്രി പ്രത്യേകം പറഞ്ഞിട്ടുണ്ടെന്നു പറഞ്ഞിരുന്നു. കഴിഞ്ഞ രണ്ടു വർഷത്തിലേറെയായി അവനെന്നോട് പിണക്കത്തിലാണ്. ആദ്യമൊക്കെ ഞാനവനെ കാണാൻ ശ്രമിച്ചിരുന്നെങ്കിലും അവൻ ഒഴിഞ്ഞുമാറിയതു കാരണം കാണാൻ കഴിഞ്ഞില്ല. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അതും നടന്നില്ല. ചെറിയൊരു തെറ്റിദ്ധാരണയുടെ പേരിലാണ് ഞങ്ങൾ തമ്മിലുളള ബന്ധത്തിൽ അകൽച്ചയുണ്ടായത്. മാഡത്തിനോട് അതെല്ലാം വിശദമായി സംസാരിച്ചതിനു ശേഷം അവനെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുണമെന്ന് ആവശ്യപ്പെടാൻ കൂടെയാണ് നാളെ വീട്ടിലേക്കു വരാമെന്നു തീരുമാനിച്ചത്.
ശ്രീധരനും നിങ്ങളും തമ്മിലുളളവിഷയം എന്താണെന്ന് നിങ്ങൾ പറയാതെതന്നെ എനിയ്ക്കറിയാം. സഫിയ്യ അതെല്ലാം വിശദമായി തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്. തെറ്റിദ്ധാരണ കൊണ്ടായാലും അല്ലങ്കിലും സുഹൃത്തുക്കൾ തമ്മിൽ തെറ്റിയാൽ പരസ്പരം യോജിപ്പിക്കാൻ വലിയ പാടാണ്. കുട്ടിക്കാലം മുതൽ ഒരുമിച്ചു കഴിഞ്ഞവരാകുമ്പോൾ പ്രത്യേകിച്ചും. കാലം കഴിയുന്നതിനനുസരിച്ച് സാധ്യത കുറഞ്ഞുവരികയും ചെയ്യും. നമ്മൾ തമ്മിൽ കാണാൻ തുടങ്ങിയിട്ട് വർഷം രണ്ടായില്ലേ, ഇതിനിടയിൽ എപ്പോഴെങ്കിലും നിങ്ങൾക്കിതെന്നോടു പറയാമായിരുന്നില്ലേ, സാവിത്രി ആവശ്യപ്പെട്ടില്ലായിരുന്നുവെങ്കിൽ ഇപ്പോഴുംനിങ്ങളിതെന്നോടു പറയുമായിരുന്നില്ലല്ലോ.
മാഡം, ഞാനത് …
നിങ്ങളെന്താണ് പറയാൻ ഉദ്ദേശിക്കുന്നതെന്ന് എനിയ്ക്കറിയാം. ഇക്കാര്യത്തിൽ ശ്രീധരൻ്റെ ഭാഗത്തും വീഴ്ച്ചയുണ്ടായിട്ടുണ്ടെന്നാണ് ഞാനറിഞ്ഞത്. അതുകൊണ്ട് സാവിത്രിക്കുവേണ്ടി ഞാനയാളോട് സംസാരിക്കാം. പറ്റുമെങ്കിൽ ഇന്നുതന്നെ.. അതിനുവേണ്ടി മാത്രമാണെങ്കിൽ നിങ്ങൾ നാളെയങ്ങോട്ടുവരണമെന്നില്ല..
സ്വന്തം സഹോദരനോടെന്നപോലെയാണ് അവരെന്നോടു സംസാരിച്ചത്, അതുകൊണ്ടു തന്നെ നന്ദി വാക്കുകൾക്കൊന്നും അവിടെ പ്രസക്തിയുണ്ടായിരുന്നില്ല. മനസ്സിൽ ചോദ്യ ചിഹ്നമായി കിടന്നിരുന്ന ഒരു പ്രശ്നം താൽകാലികമായെങ്കിലും പരിഹരിക്കപ്പെട്ടതു മൂലമുണ്ടായ ആശ്വാസം ചെറുതൊന്നുമായിരുന്നില്ല. കാടുകയറിയ ചിന്തകൾക്ക് മനസ്സ് കീഴടങ്ങാതിരുന്നതു കൊണ്ടാണ് ഇന്നത്തെ നൈറ്റ്ഡ്യൂട്ടിയിൽ കൂടുതൽ സമയവും വായിക്കാൻ കഴിഞ്ഞത്.
(തുടരും…)
– K.M സലീം പത്തനാപുരം