പറയാം ദാസേട്ടാ, എന്നെക്കുറിച്ച് നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്നതൊക്കയും ഞാൻ പറയാം, കൂട്ടത്തിൽ സാവിത്രിയെ കുറിച്ചും അവളെൻ്റെ ആരാണെന്നുള്ളതും പറയാം. എനിക്കതിൽ സന്തോഷമേയുള്ളൂ. പക്ഷെ ഇന്നിനി അതിനുളള സമയമുണ്ടെന്ന് എനിക്കു തോന്നുന്നില്ല. അതുകൊണ്ട് മറ്റൊരു ദിവസമാകാം. ഇതുപോലെ ഒഴിവു കിട്ടുന്ന അടുത്ത ഒരു ദിവസം. എന്താ, അങ്ങനെ പോരെ .?
മതിസാർ, സാറിൻ്റെ സൗകര്യം പോലെമതി. എന്നാലിനി നമുക്ക് ക്യാൻ്റെീനിലേക്കു തന്നെ തിരിച്ചുപോകാം.
പോകുന്നതിനു മുൻപായി രണ്ടാളും കൂടെ ഇതു കഴിച്ചില്ലേൽ ഞാനിതു പാക്ക് ചെയ്തു റൂമിലേക്കു കൊടുത്തുവിടും.
സാറയതു പറഞ്ഞപ്പോഴാണ് ഡോക്ടറുടെ പ്രഥമഭവന സന്ദർശനത്തിൻ്റെ ഭാഗമായി അദ്ദേഹത്തിൻ്റെ ഇഷ്ട വിഭവമായ കപ്പയും ബീഫും എൻ്റെ നിർദ്ദേശപ്രകാരം സാറ ഇവിടെ തയ്യാറാക്കിയിട്ടുണ്ടെന്നകാര്യം ഞാൻ ഓർത്തത്.
എവിടെ നിന്നാണ് ദാസേട്ടാ നിങ്ങളിതെല്ലാം സംഘടിപ്പിച്ചത്.?
സംഘടിപ്പിച്ചതൊന്നുമല്ല സാർ, ബീഫ് നമ്മൾ ക്യാൻ്റെീനിലെ ആവശ്യത്തിനു വേണ്ടി സ്ഥിരമായി വാങ്ങുന്നതാണല്ലോ, പിന്നെ കപ്പയുടെ കാര്യം. അത് സാറയുടെ ഒരു ബന്ധു രണ്ടാഴ്ച മുൻപ് നാട്ടിൽ നിന്നും വന്നപ്പോൾ കൊണ്ടുവന്നതാണ്. ഫ്രീസറിൽ കിടന്നതിൻ്റെ രുചി മാറ്റമൊക്കെ ഉണ്ടാവാനുളള സാധ്യതയുണ്ട്. നാട്ടിലാവുമ്പോൾ യഥേഷ്ടം കിട്ടുന്നതു കൊണ്ട് നമുക്കിതിൻ്റെയൊന്നും വിലയറിയില്ല. അതുകൊണ്ട് കിട്ടുന്നതിൽ പാതിയും നമ്മൾ വേയ്സ്റ്റാക്കും. ഇവിടെ നമുക്കെന്തു കിട്ടിയാലും വിലപ്പെട്ടതാണ്. അതുകൊണ്ട് അൽപം പോലും കളയാതെ നമ്മളത് ഉപയോഗിക്കുകയും ചെയ്യും. രുചിയില്ലെന്നു നമുക്കു തോന്നുന്നതെന്തും രചിയുള്ളതായി മാറ്റുന്നത് അതിൻ്റെ ലഭ്യത കുറയുമ്പോയാണല്ലോ..
ദാസേട്ടൻ പറഞ്ഞത് കറക്റ്റാണ്.
ഞാൻ ഡൽഹിയിൽ റൂമെടുത്തു താമസിക്കാൻ തുടങ്ങിയതോടെയാണ് ഇങ്ങനെയുളളവയോടെല്ലാം എൻ്റെ ഇഷ്ടം കൂടുതലായത്. ഡൽഹിയിൽ നിന്നും നാട്ടിലെത്തുമ്പോഴെല്ലാം ഉമ്മയോടുളള എൻ്റെ ആദ്യത്തെചോദ്യം കപ്പയും ചേമ്പും ചേനയും മുരിങ്ങ ഇലയുമെല്ലാം തീർന്നു പോയിട്ടുണ്ടോ എന്നായിരുന്നു. ദിവസവും അതിരാവിലെതന്നെ ഞാൻ എഴുന്നേൽക്കുന്നതു പോലും കടവിൽചെന്ന് തോണിക്കാരനോട് പുഴമത്സ്യം വാങ്ങിക്കണമെന്ന ഉദ്ദേശത്തോടെയാണ്.
ദാസേട്ടൻ പറഞ്ഞതു പോലെ നാടുവിട്ടതോടെയാണ് നാട്ടു വിഭവങ്ങളുടെ വില മനസ്സിലായത്.
അടുത്ത പരിപാടിയെന്താ.?
പതിവു പരിപാടിതന്നെ, റൂമിൽ ചെന്ന് വാഷ് ചെയ്യണം. അയേൺ ചെയ്യണം. ഉറക്കം വരുന്നതു വരെയും വായിക്കണം. നേരം വെളുത്താൽ ദാസേട്ടൻ ഉണ്ടാക്കിയ ഭക്ഷണം കഴിച്ച് പ്രേമചന്ദ്രൻ സാറിനെ മുഖം കാണിക്കണം.
സാറിൻ്റെ വീട്ടിൽ ആരെല്ലാമാണുള്ളത്.?
അത്രയും നേരം കാര്യമായിട്ടൊന്നും പറയാതിരുന്ന സാറചേച്ചിയാണതു ചോദിച്ചത്.
വീട്ടിൽ എൻ്റെ ഉപ്പയും ഉമ്മയും അനിയത്തിയും അവളുടെ മകനുമുണ്ട്. അനിയത്തി ഹൗസ് വൈഫാണോ സാർ. അല്ല , അവൾ നട്ടിൽ തന്നെയുള്ള ഞങ്ങളുടെ സ്കൂളിൽ ടീച്ചറാണ്. പറഞ്ഞു തുടങ്ങിയാൽ നിങ്ങൾക്കേറെ അറിയണമെന്നു തോന്നും. എനിക്കാണെങ്കിൽ പറയണമെന്നും. ഇനിയിപ്പോൾ അതിനുളള സമയമില്ല. നമ്മുടെ മുൻപിൽ ഇനിയും ദിവസങ്ങളുണ്ടല്ലോ. അതിൽ ഏതെങ്കിലുമൊരു ഒഴിവു ദിവസം നമുക്കിതു പോലെ ഇവിടെയിരുന്നു കൊണ്ടുതന്നെ അതിനെക്കുറിച്ചെല്ലാം പറയാം.
അൽപ നേരത്തെ സംസാരം കൊണ്ടുതന്നെ അവർ ഒരു നല്ല സ്വഭാവത്തിനുടമാണെന്ന് എനിയ്ക്കു മനസ്സിലാക്കാൻ കഴിഞ്ഞു. എന്തുകൊണ്ടും ദാസേട്ടൻ്റെ കൂടെ ജീവിക്കാൻ അർഹതയുളളവർ. വീണ്ടും കാണാമെന്നു പറഞ്ഞു കൊണ്ട് ഞാൻ അവിടെനിന്നും പുറത്തേക്കിറങ്ങി ക്യാൻ്റെീൻ ലക്ഷ്യമാക്കിനടന്നു, എൻ്റെ കൂടെ ദാസേട്ടനും.
ആകാശത്തിൻ്റെ പടിഞ്ഞാറുഭാഗത്ത് തെളിഞ്ഞുതുടങ്ങിയ സായാഹ്നസൂര്യൻ്റെ വർണ്ണവെളിച്ചം നയന മനോഹരമായതുകൊണ്ടായിരിക്കാം എൻ്റെ നടത്തത്തിന് വേഗതയൽപം കുറവായിരുന്നു. ക്യാൻ്റെീനിൽ തെരക്കുള്ള സമയമാവാറായതു കൊണ്ടായിരിക്കാം ദാസേട്ടൻ്റെ നടത്തം അൽപം വേഗത്തിലുമായിരുന്നു. അതുകൊണ്ടുതന്നെ ആ നടത്തത്തിനിടയിൽ ഞങ്ങൾ തമ്മിൽ യാത്ര പറയാതെ തൽക്കാലത്തേക്കു പിരിഞ്ഞു.
ആകാശത്തു കണ്ട വർണ്ണവെളിച്ചം സാവാധാനം ഇരുട്ടിന് വഴി മാറുന്നതായി ഞാനറിഞ്ഞു. അധികം താമസിയാതെ അകലെയുള്ള പള്ളി മിനാരങ്ങളിൽ നിന്നും മഗ്‌രിബ് ബാങ്കിൻ്റെ നേർത്തശബ്ദം എന്നെ സ്വലാമജ്‌ലിസിലേക്കു വേഗത്തിൽ എത്തിച്ചേരാൻ പ്രേരിപ്പിച്ചു. സംസാരത്തിനിടയിൽ ദാസേട്ടൻ എനിയ്ക്ക് അസറ് നമസ്ക്കാരം നിർവ്വഹിക്കാനുളള സൗകര്യം ചെയ്തു തന്നില്ലായിരുന്നുവെങ്കിൽ അരമണിക്കൂറു മുൻപെങ്കിലും ഞാനീ സ്വലാ മജ്‌ലിസിൽ എത്തിച്ചേരാൻ നിർബന്ധിതനനാകുമായിരുന്നു. എൻ്റെ ഇന്നത്തെസായാഹ്ന കാഴ്ചയെ അത് നിറം കെടുത്തുകയും ചെയ്യുമായിരുന്നു. മനസ്സിൽ ദാസേട്ടനും സാറചേച്ചിക്കും നന്ദി പറഞ്ഞു കൊണ്ട് ഞാൻ സ്വലാ മജ്‌ലിസിലെ അംഗ ശുദ്ധീകരണത്തിനു വേണ്ടി തയാറാക്കിയ ഭാഗത്തേക്കു പ്രവേശിച്ചു.
പതിവു സമയത്തു തന്നെ ക്യാൻ്റെീനിൽ നിന്നും ഭക്ഷണം കഴിച്ചതിനുശേഷം റൂമിൽ ചെന്ന് കിടക്കുന്നതിനു മുൻപായി ചെയ്തു തീർക്കാനുളളതെല്ലാം പൂർത്തിയാക്കി. ലാപ്ടോപ്പ് ഓൺ ചെയ്ത് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ്റെ സൈറ്റിൽ കയറിനോക്കി. മെഡിക്കൽ കോളേജിൽ പഠിക്കുന്ന സമയത്ത് മരുന്നുമായി ബന്ധപ്പെട്ട് പത്രങ്ങളിൽ വരുന്ന വാർത്തകൾ മാത്രമേ ശ്രദ്ധിക്കാറുണ്ടായിരുന്നുള്ളൂ.
രോഗികളെ ചികിത്സിച്ചു തുടങ്ങിയതു മുതൽക്കാണ് ഞാൻ അവരുടെ സൈറ്റ് സന്ദർശിച്ചു തുടങ്ങിയത്. പീഡിയാട്രിഷൻ എന്ന നിലയിൽ എൻ്റെ മുൻപിൽ ചികിത്സ തേടിയെത്തുന്നത് കുട്ടികളും അവരുടെ രോഗവിവരങ്ങൾ പറയുന്നത് രക്ഷിതാക്കളുമാണ്. രോഗം ഭേദമാകുന്നതോടൊപ്പം ഭാവിയിൽ ദോഷകരമായി മാറാനിടയില്ലെന്നു ബോധ്യമുള്ള മരുന്നുകളാണ് ഞാനവർക്ക് കുറിച്ചു നൽകാറുള്ളത്.
കാര്യം അങ്ങനെയെല്ലാമാണെങ്കിലും അത്രയും കാലം കുറിച്ചു കൊടുത്ത മരുന്നുകളിൽ പലതും അപകടകാരികളാണെന്നു ഞാൻ അറിയാറുളളത് അവയുടെ ഉപയോഗം നിരോധിച്ചു കൊണ്ടുള്ള പത്രവാർത്തയിലൂടെയാണ്. അത്തരം വാർത്തകളാവട്ടെ വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ്റെ മാസങ്ങൾക്കു മുൻപുള്ള റിപ്പോർട്ടുകളെ അടിസ്ഥാനമാക്കി കൊണ്ടുമാണ്. ഈയൊരുകാരണം ഒന്നു കൊണ്ടു മാത്രമാണ് ഞാൻ ദിവസവും അവരുടെ സൈറ്റ് സന്ദർശിച്ചു കൊണ്ടിരിക്കുന്നത്.
പുതിയ അറിയിപ്പുകളൊന്നും കാണാത്തതുകൊണ്ടാണ് സിസ്റ്റം ഓഫ് ചെയ്ത് കിടന്നുറങ്ങാൻ തീരുമാനിച്ചത്. ഉറക്കം പ്രതീക്ഷിച്ചു കൊണ്ടുളള ഓരോ കിടത്തവും ഒരുകൂട്ടം ഓർമകളാണ് എനിയ്ക്ക് സമ്മാനിക്കാറുള്ളത്. ഒഴിവു സമയത്ത് സൊറപറഞ്ഞിരിക്കുമ്പോഴെല്ലാം പലപ്പോഴായി ഞാൻ ഓർത്തെടുത്തു പറഞ്ഞ കളിതമാശകൾ കൂട്ടിച്ചേർത്ത് എഴുതിയതു കൊണ്ടാണ് സാവിത്രിയൊരു കഥാകാരിയാത്. ബാല്യവും കൗമാരവും യവ്വനവുമെല്ലാം ഇന്നുംഎൻ്റെ മനസ്സെന്ന പുസ്തകത്തിലെ നിറം മങ്ങാത്ത ഏടുകളാണ്. പോയ കാലത്തെഓർമകളെ വരവേൽക്കാൻ തയ്യാറെടുത്തു കൊണ്ടു തന്നെയാണ് ഞാനിന്നും കണ്ണടച്ചു കിടന്നതെങ്കിലും ദാസേട്ടനോടും സാറ ചേച്ചിയോടുമൊപ്പം ചെലവഴിച്ച ഏതാനും മണിക്കൂറുകളാണ് ഓർമകളുടെ രൂപത്തിൽ മനസ്സിൽ തിരിച്ചെത്തിയത്.
(തുടരും…)
– K.M സലീം പത്തനാപുരം