നിങ്ങളുടെ ഹാജിയാരെ എനിക്കൊന്നു നേരിട്ടു കാണാൻ പറ്റുമോ ദാസേട്ടാ?
അതിനെന്താ.. ഞാൻ ലീവിനു പോകുമ്പോൾ സാറും എൻ്റെ കൂടെ വന്നാൽ മതിയല്ലോ, അതല്ലങ്കിൽ സാറ് ലീവിനു നാട്ടിൽ പോകുമ്പോൾ ഞങ്ങളും കൂടെ വരാം.
അദ്ദേഹം തന്നെയാണോ ഇപ്പോഴും ആ കട നടത്തിക്കൊണ്ടുപോകുന്നത് ?
അല്ല.. ആ പലചരക്കുകട ഇപ്പോൾ നടത്തുന്നത് സാറയുടെ അച്ഛനാണ്.
അതെങ്ങനെ സംഭവിച്ചു ദാസേട്ടാ.?
അതൊക്കെ വിശദമായി പറയുക എന്നുവച്ചാൽ ഒരുപാടു പറയാനുണ്ട് ,സാറ് ചോദിച്ചതു കൊണ്ടു മാത്രം ഞാനതു ചുരുക്കി പറയാം.കഴിഞ്ഞതിൻ്റെ മുൻപത്തെ വർഷം ഞാൻ നാട്ടിൽ ചെന്ന സമയത്താണത് സംഭവിച്ചത്. ഞങ്ങൾ തമ്മിൽ നാട്ടുകാര്യങ്ങൾ സംസാരിച്ചിരിക്കെ ഇനിയും എനിക്കിവിടെയിരുന്ന് കച്ചവടം ചെയ്യാൻ താൽപര്യമില്ലെന്ന് അദ്ദേഹംഎന്നോടു പറഞ്ഞു. എന്താണാ താൽപര്യക്കുറവിനു കാരണമെന്നൊന്നും ഞാനദ്ദേഹത്തോടു ചോദിച്ചില്ല. ഒരുപാടു കാലമായതു കൊണ്ട് മടുപ്പ് തോ ന്നിത്തുടങ്ങിയിട്ടുണ്ടാകുമെന്ന് അദ്ദേഹത്തിൻ്റെ സംസാരത്തിൽ നിന്നും ഞാൻ ഊഹിച്ചു. എങ്കിലും കച്ചവടം നിർത്തുകയാണോ എന്നു ഞാനദ്ദേഹത്തോടു ചോദിച്ചു. പലചരക്കു കടകൾ വേറെയും ഉണ്ടെങ്കിലും ഹാജിയാരുടെ കടയിൽ കച്ചവടത്തിനൊരു കുറവും സംഭവിച്ചിരുന്നില്ല. അതറിയാവുന്നതു കൊണ്ടാണ് ഞാനങ്ങനെ ചോദിക്കാൻ കാരണം. കച്ചവടം നിർത്തുന്നില്ലെന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി. അപ്പോൾ കച്ചവടം ചെയ്യാൻ താൽപര്യമില്ലെന്നുപറഞ്ഞതോ എന്നായി എൻ്റെ ചോദ്യം. അത് ഞാൻ കാര്യമായിട്ടു തന്നെ പറഞ്ഞതാണെന്നായിരുന്നു ഹാജിയാരുടെ മറുപടി. ഞാനാകെ കൺഫ്യൂഷനിലായി. ആദ്യം താൽപര്യമില്ലെന്നു പറയുക, നിർത്തുകയാണോ എന്നു ചോദിച്ചപ്പോൾ അല്ലന്നു പറയുക. ഇങ്ങനെയുള്ള മറുപടി കേട്ടാൽ എൻ്റെ സ്ഥാനത്ത് സാറായിരുന്നാലും കൺഫ്യൂഷനിലാവില്ലേ. ഹാജിയാരുടെ സ്വഭാവം എനിക്ക് നേരെത്തെ അറിയാവുന്നതു കൊണ്ട് അതിനെക്കുറിച്ച് ഞാൻ പിന്നീടൊന്നും ചോദിച്ചില്ല.
അദേഹത്തിൻ്റെ സ്വഭാവത്തിനെന്താ പ്രത്യേകതയുള്ളത്.?
മനസ്സിൽ തീരുമാനിച്ചുറപ്പിച്ച കാര്യത്തെക്കുറിച്ചാണ് പറയുന്നതെങ്കിലും അത് നമുക്കു മനസ്സിലാകുന്ന രീതിയിൽ മുഴുവനും പറയില്ല. നമ്മളോടദ്ദേഹമെന്തെങ്കിലും പറഞ്ഞാൽ അതിൻ്റെ ബാക്കി നമ്മൾ ഊഹിച്ചു കണ്ടെത്തണം. അതല്ലങ്കിൽ മറ്റൊരവസരത്തിൽ ചോദിച്ചു മനസ്സിലാക്കണം. എനിക്ക് പലപ്പോഴും അതിനു കഴിയാറില്ല. അതേസമയം എൻ്റെ മനസ്സ് വായിച്ചറിയാൻ അദ്ദേഹത്തിന് അധികനേരമൊന്നും വേണ്ടി വരാറില്ല.
ആട്ടെ . പിന്നീട് എപ്പോഴാണ് ദാസേട്ടൻ്റെ കൺഫ്യൂഷൻ മാറിയത്?
അതന്ന് വൈകുന്നേരം തന്നെ മാറികിട്ടി.
അതെങ്ങനെ? ഹാജിയാര് അദ്ദേഹത്തിൻ്റെ മനസ്സിലുറപ്പിച്ച കാര്യങ്ങൾ നിങ്ങളോട് തുറന്നു പറഞ്ഞോ.?
അതെസാർ, അൽപം വിശദമായിതന്നെ അദ്ദേഹം എന്നോടതിനെക്കുറിച്ചു പറഞ്ഞു.
അതെന്തായിരുന്നു എന്നു കൂടെ പറയൂ ദാസേട്ടാ, ഇല്ലങ്കിൽ ഞാനും കൺഫ്യൂഷനിലാകും.
പറയാംസാർ, നാലു സെൻ്റെ് ഭൂമിയിലെ ഓടിട്ട കെട്ടിടത്തിലാണ് ഹാജിയാരുടെ പലചരക്കുകടയുളളത്. അതു കൂടാതെ അങ്ങാടിയിൽ അദ്ദേഹത്തിന് വേറെയും ഭൂമിയും കെട്ടിടങ്ങളുമുണ്ട്. അതിൽ ഒന്നിലാണ് അദ്ദേഹത്തിൻ്റെ ജ്വല്ലറിയുള്ളത്. അദ്ദേഹത്തിൻ്റെ അനിയൻ്റെ മകനാണത് നോക്കി നടത്തുന്നത്. ഞാൻ നാട്ടിൽ ചെല്ലുന്നതിനു മുൻപുതന്നെ അദ്ദേഹത്തിൻ്റെ പലചരക്കുകട സാറയുടെ അച്ഛന് വിൽക്കുന്നതിനെക്കുറിച്ച് അവർ തമ്മിൽ ഏകദേശ ധാരണയൊക്കെ ആയിട്ടുണ്ടായിരുന്നു. സാറയ്ക്കും അത് അറിയാമായിരുന്നു. തൽക്കാലം എന്നോടത് പറയരുതെന്ന് ഹാജിയാർ അവരോടു പറഞ്ഞതു കൊണ്ടാണ് അവർ അതിനെക്കുറിച്ചൊന്നും എന്നോടു പറയാതിരുന്നത്. അഞ്ചു സെൻ്റെു ഭൂമിയും ചെറിയ ഒരു വീടുമാണ് അവർക്കവിടെ ഉണ്ടായിരുന്നത്. അതുവിറ്റാൽ ഹാജിയാരുടെ ഭൂമിക്കുള്ള വിലയാവില്ല, ആവശ്യമായ ബാക്കി പണം സാറയുടെ അകൗണ്ടിൽ നിന്നും എടുക്കാനായിരുന്നു ഹാജിയാരുടെ നിർദ്ദേശം. എനിക്കു സമ്മതമാണെങ്കിൽ വിരോധമില്ലെന്നായിരുന്നത്രേ അച്ഛനന്ന് ഹാജിയാരോടു പറഞ്ഞിരുന്നത്. അവൻ്റെ സമ്മതമൊക്കെ സമയമാകുമ്പോൾ ഞാൻ വാങ്ങിക്കോളാമെന്നും അതുവരെയും ഇക്കാര്യം നിങ്ങളാരും അവനോടു പറയാതിരിക്കുന്നതാണ് നല്ലെതെന്നും ഹാജിയാർ അവരോടു പറഞ്ഞിരുന്നെന്നാണ് സാറയുടെ അച്ഛനും അമ്മയും എന്നോടു പറഞ്ഞത്. എൻ്റെ കാര്യത്തിൽ ഹാജിയാരെടുക്കുന്ന ഒരു തീരുമാനത്തിനും ഞാൻ എതിരു നിൽക്കുകയോ പറയുകയോ ചെയ്യാറില്ലാത്തതു പോലെ ഇക്കാര്യത്തിലും ഞാൻ എതിർപ്പൊന്നും പറഞ്ഞില്ല. ആ ഭൂമിയും കച്ചവടവും ഇപ്പോൾ സാറയുടെയും അച്ഛൻ്റെയും പേരിലാണ്. സാറയുടെ അനിയനും അച്ഛനും ചേർന്നാണ് ആ കച്ചവടം നടത്തിക്കൊണ്ടുപോകുന്നത്.
അപ്പോൾ അവരെവിടെയാണ് ദാസേട്ടാ താമസിക്കുന്നത്.?
എൻ്റെ വീട്ടിൽ. അത് ഒഴിഞ്ഞു കിടക്കുകയായിരുന്നല്ലോ, അവരവിടെ താമസം തുടങ്ങിയതിനു പിറകെ അതുവരെയും ഞങ്ങളോടൊപ്പം ഇവിടെ താമസിച്ചിരുന്ന എൻ്റെ മൂത്തമകനും അവരുടെ അടുത്തേക്കു തിരിച്ചുപോയി.
അപ്പോൾ ഹാജിയാരോ.?
വല്ലപ്പോഴും ജ്വല്ലറിയിലേക്കൊന്നുപോകും, അധിക സമയവും വീട്ടിൽ തന്നെയാണ് ചെലവഴിക്കുന്നത്. സ്കൂൾ അവധി ദിവസങ്ങളിൽ എൻ്റെ മകനാണ് ഹാജിയാരുടെകൂട്ട് എന്നറിഞ്ഞപ്പോൾ ചരിത്രം ആവർത്തിക്കുകയാണെന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു. ചില ബന്ധങ്ങൾ അങ്ങനെയാണു സാർ, നമ്മളറിയാതെ തന്നെ അടുത്ത തലമുറയിലേക്കതു പകർന്നുകൊണ്ടിരിക്കും. എൻ്റെ കുടംബ കാര്യങ്ങളിൽ ഏതാണ്ടെല്ലാം സാറിനോടു ഞാൻപറഞ്ഞു കഴിഞ്ഞു. ഇതിനിടയിൽ പലപ്പോഴും ചോദിക്കണമെന്നു കരുതിയിരുന്നെങ്കിലും അനവസരത്തിലാകുമെന്നു കരുതി ഞാൻ മാറ്റിവച്ച ഒരു കാര്യമുണ്ടായിരുന്നു.
അതെന്തു കാര്യമാണ് ദാസേട്ടാ.?
സാറിൻ്റെ കുടുംബ കാര്യം തന്നെ. സാമാന്യം തരക്കേടില്ലാത്ത അളവിൽ ഭൂമിയും സൗകര്യങ്ങളുമെല്ലാമുള്ള കുടുംബത്തിലെ അംഗമാണെന്ന് ഖാദർക്ക ഒരിക്കെലെന്നോടു പറഞ്ഞിരുന്നതാണ്. സമയം ഒത്തുവരാത്തതുകൊണ്ട് അതിൽകൂടുതലൊന്നും ചോദിച്ചറിയാൻ കഴിഞ്ഞില്ല. പിന്നീട് സാറിൻ്റെ കാര്യം പറയുന്ന കൂട്ടത്തിൽ പലപ്പോഴും സാവിത്രിയുടെ കാര്യവും പറയുന്നത് കേൾക്കാമായിരുന്നു. ആരാണ് സാർ ആ സാവിത്രി. ഭാര്യയാണോ ? സാറും എന്നെപ്പോലെ മിശ്രവിവാഹിതനാണോ.?
(തുടരും…)
– K.M സലീം പത്തനാപുരം