സാറയെ വീട്ടിൽ നിന്നും പുറത്താക്കുക എന്നതായിരുന്നു അവരുടെ ഉദ്ദേശം. നാട്ടു മദ്ധ്യസ്ഥതയിൽ വീട് വിൽക്കാനും വിറ്റു കിട്ടുന്നപണം വീതം വെയ്ക്കാനും തീരുമാനിച്ചു. അന്നത്തെ കൂടിയ വിലയ്ക്ക് ഹാജിയാരാണതു വാങ്ങിയത്. അതിനു മുൻപുതന്നെ സാറയെയും മകനെയും കൂടെ അവളുടെ വീട്ടിൽ കൊണ്ടു ചെന്നാക്കിയതിനു ശേഷം ഞാനിങ്ങോട്ടു പോന്നിരുന്നു. ഒരുവർഷം കഴിഞ്ഞ് ഞാൻ നാട്ടിൽ തിരിച്ചെത്തിയപ്പോൾ എൻ്റെതെന്നു പറഞ്ഞ് താമസിക്കാൻ സ്വന്തമായിട്ടൊരു വീടുണ്ടായിരുന്നില്ല. ക്രിസ്ത്യാനിയായ സാറയുടെ വീട്ടിൽ ഹിന്ദുവായ ഞാൻ കയറി താമസിക്കുന്നത് ആ നാട്ടിലുള്ളവർക്ക് ഇഷ്ടമായിരുന്നില്ല.
അവിടെ ചെന്ന് രണ്ടാമത്തെ ദിവസം തന്നെ ഞാൻ ഹാജിയാരെ അദ്ദേഹത്തിൻ്റെ വീട്ടിൽ ചെന്നു കണ്ട് എൻ്റെ പഴയ വീട്ടിൽ താൽക്കാലികമായി രണ്ടു മാസം താമസിക്കാനുളള അനുവാദം ചോദിച്ചു. രാഹുകാലവും ചോവ്വാ ദോഷവുമൊന്നും പ്രശ്നമല്ലങ്കിൽ വൈകുന്നേരത്തോടെ അവിടെച്ചെന്നു താമസം തുടങ്ങാനായിരുന്നു ഹാജിയാരുടെ കൽപന.
ഒരു വർഷം അടച്ചിട്ടതുകൊണ്ട് ചില്ലറ അറ്റകുറ്റപ്പണികൾ ചെയ്യേണ്ടി വന്ന തൊഴിച്ചാൽ കാര്യമായ കേടുപാടുകളൊന്നും വീടിന് സംഭവിച്ചിട്ടുണ്ടായിരുന്നില്ല. അന്നുതന്നെ ഞങ്ങളവിടെ താമസവും തുടങ്ങി. ഒരാഴ്ച കഴിഞ്ഞ് ഞാനും ജേഷ്ഠൻമാരും ചേർന്ന് വസ്തുവിൻ്റെ അവകാശം ഹാജിയാരുടെ പേരിലേക്ക് എഴുതിക്കൊടുത്തു. അമ്മയുടെ മരണശേഷം എനിക്ക് കാര്യമായ പണത്തിൻ്റെ ചെലവൊന്നുമുണ്ടായിരുന്നില്ല.
നാട്ടിൽ കിട്ടിയിരുന്നതിൻ്റെ മൂന്നിരട്ടി ശമ്പളം ഇവിടെ നിന്നും കിട്ടിയിരുന്നതു കൊണ്ട് നല്ലൊരു തുക സാറയുടെ പേരിലുള്ള ബാങ്ക് അകൗണ്ടിൽ എനിക്ക് സമ്പാദ്യവുമുണ്ടായിരുന്നു. ഞാനും സാറയുമല്ലാതെ ആ കാര്യം അറിയുന്ന ഒരേയൊരാൾ ഹാജിയാരായിരുന്നു. അമ്മ മരിച്ച് ഒരു വർഷം കഴിഞ്ഞതിനു ശേഷമാണ് ഞങ്ങളവിടെ വീണ്ടും താമസിക്കാൻ തുടങ്ങിയതെങ്കിലും അതിനകത്ത് ഞങ്ങളോടൊപ്പം നിഴലു പോലെ അമ്മയുമുള്ളതായിട്ടാണ് ഞങ്ങൾക്കനുഭവപ്പെട്ടിരുന്നത്.
രണ്ടുമാസത്തെ അവധിക്കു വന്നതായിരുന്നതു കൊണ്ട് നേരം പോക്കിനു വേണ്ടി ഹാജിയാരുടെ കടയിൽ ചെന്നിരിക്കുമെന്നല്ലാതെ കാര്യമായ പണിയിലൊന്നും ഞാൻ ഏർപ്പെട്ടിരുന്നില്ല. ഏകദേശം ഒരു മാസം കഴിഞ്ഞു കാണുമെന്നാൻ്റെ ഓർമ്മ. അന്ന് സംസാരിച്ചു പിരിയാൻ നേരത്ത് ആ വീടും സ്ഥലവും എനിക്കു തന്നു കൂടെ എന്ന് ഞാൻ ഹാജിയാരോടു ചോദിച്ചു.
നിനക്കു വേണ്ടിയല്ലാതെ മാറ്റാർക്കു വേണ്ടിയാ ഞാനത് വാങ്ങിയത് എന്നമറുചോദ്യമാണ് ആ സമയത്ത് അദ്ദേഹമെന്നോടു ചോദിച്ചത്. സത്യത്തിൽ ജീവിതത്തിലാദ്യമായി ഞാൻ എന്നെ തന്നെ മറന്നുപോയ സമയമാണത്. വീട്ടിൽ ചെന്ന് സാറയോട് ഞാനതു പറഞ്ഞപ്പോൾ അവൾക്കതു വിശ്വസിക്കാനേ കഴിഞ്ഞില്ല.
രണ്ടാഴ്ച കഴിഞ്ഞ് എൻ്റെയും അവളുടെയും പേരിൽ ആ വീടുംസ്ഥലവും ഹാജിയാർ റജിസ്റ്റർ ചെയ്തുതന്നു. വിലയെത്രയെന്ന് ഞാനദ്ദേഹത്തോടു ചോദിക്കുകയോ അദ്ദേഹമെന്നോടു പറയുകയോ ചെയ്തില്ല. ഞാനിങ്ങോട്ട് തിരിച്ചു പോരുന്നതിൻ്റെ ഒരാഴ് മുൻപായി അദ്ദേഹത്തിനൊരു ചെക്ക് ഒപ്പിട്ടു കൊടുത്തു.
പൈസ എത്രയാണെന്നൊന്നും അതിൽ എഴുതിയിരുന്നില്ലേ.?
ഇല്ല സാർ. എഴുതിയിരുന്നില്ല എന്നു മാത്രമല്ല, എത്ര രൂപ എടുത്തെന്ന് ഞാനിന്നു വരെയും നോക്കിയിട്ടില്ല, അദ്ദേഹമെന്നോടക്കാര്യം പറഞ്ഞിട്ടുമില്ല.
സത്യത്തിൽ എൻ്റെ കാര്യത്തിൽ എന്നേക്കാൾ കൂടുതൽ ശ്രദ്ധിച്ചിരുന്നത് ഹാജിയാരാണെന്ന കാര്യം വൈകിയാണു സാർ ഞാൻ തിരിച്ചറിഞ്ഞത്.
ഹാജിയാരുമായി നിങ്ങൾക്കുള്ള പരിചയം അദ്ദേഹത്തിൻ്റെ കടയിൽ നിന്നും സാധനങ്ങൾ വാങ്ങാൻ തുടങ്ങിയതിനു ശേഷം ഉണ്ടായതായിരുന്നോ.?
അങ്ങനെ ചോദിച്ചാൽ അല്ല എന്നു തന്നെ പറയേണ്ടിവരും. ഞങ്ങൾ ഒരു നാട്ടു കാരാണെന്നു മാത്രമല്ല അധികമെന്നു പറയാനില്ലാത്ത ദൂരത്ത് താമസിക്കുന്നവരുമാണ്. എൻ്റെ അച്ഛൻ ഹാജിയാരുടെ പറമ്പിൽ ഒരു പാടു കാലം കൃഷി ചെയ്തിട്ടുണ്ട്. അച്ഛന് ഹാജിയാരെക്കാൾ പത്തു വയസ്സ് കുറവായിരുന്നു. ഹാജിയാരുടെ ഇളയ മകൾ റസിയ്യയും ഞാനും ഒരുമിച്ചൊരു സ്കൂളിലാണ് പഠിച്ചത്. പണമുള്ളതിൻ്റെ തലക്കനമൊന്നും അവൾക്കുണ്ടായിരുന്നില്ല. ഞങ്ങൾ തമ്മിൽ ഒരു കുടുംബത്തിലെ കുട്ടികളെപ്പോലെയാണ് പെരുമാറിയിരുന്നത്.
ഞാൻ പത്താം തരത്തിൽ തോൽക്കുകയും അവൾ ജയിക്കുകയും ചെയ്തതിനു ശേഷമാണ് ഞങ്ങൾ രണ്ടു പേരും രണ്ടു വഴിക്കായത്. റസിയ്യയും അവളുടെ ഭർത്താവും ഉയർന്ന ശമ്പളക്കാരായ സർക്കാർ ഉദ്യോഗസ്ഥരാണ്. നാട്ടിൽ തന്നെയാണവർ വീടുണ്ടാക്കി താമസിക്കുന്നത്. ഒഴിവു സമയത്ത് വീട്ടിലുളളപ്പോൾ ഞാനവിടെ ചെല്ലാറുണ്ട്. അവർക്കു രണ്ടു പേർക്കും അത് ഇഷ്ടമുള്ള കാര്യവുമാണ്. ഉച്ചയ്ക്കു മുൻപാണ് ഞാനവിടെ ചെല്ലുന്നതെങ്കിൽ ഉച്ചഭക്ഷണത്തിനു ശേഷം വൈകുന്നേരത്തെ ചായയും കുടിച്ചതിനു ശേഷമേ അവരെന്നെ തിരിച്ചു പോരാൻ അനുവദിക്കാറുള്ളൂ. ആ ബന്ധം ഇപ്പോഴും ഞങ്ങൾ തുടരുന്നുണ്ട്. ഞാനിവിടെ നിന്നും അവധിക്ക് നാട്ടിലെത്തുമ്പോഴെല്ലാം അവരുടെ വീട്ടിൽ ചെല്ലാറുണ്ട്.
നിങ്ങൾ തമ്മിൽ ഇങ്ങനെയൊരു സൗഹൃദമുള്ള കാര്യം ഹാജിയാർക്കറിയുമായിരുന്നോ ദാസേട്ടാ.
പിന്നേ.. ഹാജിയാര് തന്നെയാണ് അവളോട് എൻ്റെ കൂടെ സ്ക്കൂളിലേക്കും തിരിച്ചും പോകാൻ ആവശ്യപ്പെട്ടത്. സ്കൂളിൽ പോയിവരുന്നതു വരെയുള്ള കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് എന്നോടു പറയാൻ വേണ്ടി അദ്ദേഹം എൻ്റെ അമ്മയോട് പ്രത്യേകം പറഞ്ഞേൽപ്പിക്കുകയും ചെയ്തിരുന്നു. അന്യകുടുംബത്തിൽ പെട്ട ആണും പെണ്ണും ഒരുമിച്ചിരുന്ന് സംസാരിക്കുന്നതു പോലും മക്കൾ വഴി തെറ്റാൻ കാരണമാണെന്നു ചിന്തിക്കുന്നവരുള്ള കാലത്താണ് നമ്മളിന്നു ജീവിക്കുന്നത്. എൻ്റെ കുട്ടിക്കാലം അങ്ങനെ ആയിരുന്നില്ല. അന്ന് വഴി തെറ്റാതിരിക്കുന്നതിനു വേണ്ടിയാണ് ഞങ്ങൾ ഒരുമിച്ചു ചേർന്ന് നടന്നിരുന്നത്.
(തുടരും…)
– K.M സലീം പത്തനാപുരം