കുളിയെല്ലാം കഴിഞ്ഞ് റൂമിൻ്റെ ഡോർ ലോക്ക് ചെയ്ത് പുറത്തിറങ്ങാൻ നേരം ഞാൻ വാച്ചിലേക്കൊന്നു നോക്കി. സമയം പന്ത്രണ്ടു മണികഴിഞ്ഞ് മുപ്പത്തിഅഞ്ചു മിനിറ്റായിട്ടുണ്ട്. ദാസേട്ടൻ്റെ അടുത്തുചെന്ന് ലഘു ഭക്ഷണം കഴിക്കണമെന്നു കരുതി ഇറങ്ങിയതാണ്. ഇനിയിപ്പോൾ പത്തു മിനുറ്റു കൂടെ കഴിഞ്ഞാൽ ളുഹ്ർ ബാങ്ക് വിളിക്കും. നിസ്ക്കാരം കഴിയുമ്പോഴേക്കും ഒരു മണിയാകും. അതിനിടയിൽ ഒരു ലഘു ഭക്ഷണത്തിന് സ്കോപ്പില്ല. സഹിക്കാവുന്നതിലധികം വിശപ്പുമില്ല. കൂടുതലൊന്നും ആലോചിക്കാതെ സാവധാനം സ്വലാമജ്‌ലിസിലേക്ക് നടന്നു. ഞാനവിടെ എത്തുന്നതിനു മുൻപായി അകലെയുള്ള പള്ളിയിൽ നിന്നുള്ള ളുഹ്റ് ബാങ്കിൻ്റെ അവ്യക്തമായ നേർത്തശബ്ദം എൻ്റെ കാതിൽപതിച്ചു. നിസ്കാരം കഴിഞ്ഞ ഉടനെ ഞാൻ ദാസേട്ടൻ്റെ അരികിലെത്തി.
ഇന്നത്തെ ദിവസം നിങ്ങൾക്ക് ഉറങ്ങാൻ വേണ്ടിയുളളതായിരുന്നില്ലേ സാർ . പിന്നെന്താ അതു വേണ്ടെന്നുവച്ച് ഇങ്ങോട്ടു പോന്നത്.?
കാര്യമൊക്കെ ശരിയാ ദാസേട്ടാ, ഉറങ്ങാൻ വേണ്ടി കിടന്നതുമാണ്. എന്തു ചെയ്യാനാ, ഉറക്കംവന്നില്ല. ചില്ലറ ജോലികളൊക്കെ ചെയ്തു തീർക്കാനുണ്ടായിരുന്നതു കൊണ്ട് വെറുതെ കണ്ണുംപൂട്ടികിടക്കാൻ മനസ്സനുവദിച്ചില്ല. എപ്പോഴായാലും അതൊക്കെ ഞാൻ തന്നെ ചെയ്തു തീർക്കേണ്ടതായതുകൊണ്ട് അതങ്ങു പൂർത്തിയാക്കി. ഇവിടെ വന്ന് ലഘു ഭക്ഷണവും കഴിച്ച് തിരിച്ചു പോകാമെന്നു കരുതിയാ റൂമിൽനിന്നും പുറത്തിറങ്ങിയത്. വാച്ചിൽ നോക്കിയപ്പോഴാണ് സമയം പന്ത്രണ്ടര കഴിഞ്ഞെന്നു മനസ്സിലായത്. സ്വലാമജ്‌ലിസിൽ പോയതിനു ശേഷം നേരെയിങ്ങോട്ടു പോന്നു. ദാസേട്ടനെപ്പോഴാ ഫ്രീയാവുക.
എന്താസാർ, പ്രത്യേകിച്ച് വല്ലതും .?
അങ്ങനെ പ്രത്യേകിച്ച് കാര്യമൊന്നുമില്ല. രാത്രി ഉറങ്ങുന്നതുവരെ എനിക്ക് പ്രത്യേകിച്ച് ജോലിയൊന്നും ചെയ്യാനില്ല. ദാസേട്ടൻ ഫ്രീയാണെങ്കിൽ നമുക്കൽപ്പം സംസാരിച്ചിരിക്കാമെന്നു കരുതി ചോദിച്ചതാണ്.
രണ്ടു മണിയോടെ ഇവിടെത്തെ തെരക്കെല്ലാം തീരും. അതു കഴിഞ്ഞ് ഇവിടെ വരുന്നവരുടെ കാര്യങ്ങൾ നോക്കാൻ ഫൈസലും സുധീറും ധാരാളമാണ്. രണ്ടു മണി കഴിഞ്ഞ് അഞ്ചു മണി വരെയുള്ള സമയത്തിനിടയിൽ നമുക്കെവിടെ വേണമെങ്കിലും ചെന്നിരുന്ന് സംസാരിച്ചിരിക്കാം. സാറിനെന്താ കഴിക്കാനെടുക്കേണ്ടത്. ബിരിയാണി വേണോ അതല്ല ചോറും ബീഫ് കറിയും എടുക്കണോ.?
ബിരിയാണി റൈസും ബീഫ് കറിയും എടുത്തോളൂ. അതു രണ്ടും നല്ല കോംപിനേഷനാദാസേട്ടാ.
സാറിൻ്റെ ഇഷ്ടം അതാണെങ്കിൽ അങ്ങനെ ചെയ്യാം. പിന്നെ ഇന്നലെ ഞാൻ സുലൈമാനി കൊണ്ടുതന്ന ഫ്ളാസ്ക് ഇങ്ങോട്ടാരും തിരിച്ചെത്തിച്ചു കണ്ടില്ല. എവിടെയാ വെച്ചിരിക്കുന്നതെന്നറിഞ്ഞാൽ സുധീറിനെ പറഞ്ഞു വിട്ട് എടുപ്പിച്ചോളാം.
സോറി ദാസേട്ടാ. ഞ്ഞാനക്കാര്യം പറയാൻ വിട്ടു പോയതാണ്. ഒബ്സർവേഷൻ വാർഡിൽ സിസ്റ്ററുടെ മേശപ്പുറത്തുണ്ടാകും. അവര് ഭക്ഷണം കഴിക്കാൻ വരുമ്പോൾ കൊണ്ടുവരാൻ സാധ്യതയുണ്ട്. ഇല്ലങ്കിൽ മാത്രം സുധീറിനെ പറഞ്ഞു വിട്ടാൽമതി. ഞാനവനോടക്കാര്യം ഇപ്പോൾ തന്നെ പറയാം. ഞാനും കൂടെ മറന്നാൽ ഇന്ന് നൈറ്റ് ഡ്യൂട്ടി ചെയ്യുന്നവർ സുലൈമാനിയില്ലാതെ നേരം വെളുപ്പിക്കേണ്ടിവരും.
ദാസേട്ടൻ അങ്ങനെയാണ്. ഏതു കാര്യവും ഗൗരവം നഷ്ടപ്പെടാത്ത വിധം തമാശ രൂപേണ കൈകാര്യം ചെയ്യാനുള്ള അദ്ദേഹത്തിൻ്റെ കഴിവ് ഏതൊരാൾക്കും അനുകരണീയമാണ്. ഭക്ഷണം കഴിച്ച് അൽപനേരം വിശ്രമിച്ചപ്പോഴേക്കും ദാസേട്ടൻ എൻ്റെ അരികിലെത്തി. സാർ. ഞാൻ ഫ്രീയാണ്. നമുക്കെവിടെയിരുന്നു സംസാരിക്കാമെന്നാണ് സാറ് ഉദ്ദേശിച്ചത്. അങ്ങനെ പ്രത്യേകിച്ചൊരു സ്ഥലമൊന്നും ഞാൻ ഉദ്ദേശിച്ചിട്ടില്ല, ദാസേട്ടന് വിരോധമില്ലങ്കിൽ നമുക്ക്എൻ്റെ റൂമിലോട്ടു പോകാം. വിരോധമുണ്ടായിട്ടല്ല, എങ്കിലും നമുക്കെൻ്റെ ഫ്ലാറ്റിലേക്കു പോയാലോ, അവിടെയാകുമ്പോൾ കൂട്ടിന് സാറയും ഉണ്ടാകും. അവൾ തയ്യാറാക്കുന്ന സ്പെഷ്യൽ കപ്പബിരിയാണിയും കഴിച്ച് തിരിച്ചു പോരുകയുംചെയ്യാം. കഥ പറച്ചിലിൻ്റെ കൂടെ കപ്പ ബിരിയാണി. അതു കൊള്ളാം ദാസേട്ടാ. എന്നാലിനി വൈകണ്ട എന്നുപറഞ്ഞു കൊണ്ട് ദാസേട്ടൻ മുൻപിൽ നടന്നു.
ദാസേട്ടൻ കാളിംങ്ങ് ബെല്ലിൻ്റെ സ്വിച്ചിൽ വിരലമർത്തിയതോടെ ഞങ്ങൾക്കു വേണ്ടി വാതിൽ തുറക്കപ്പെട്ടു. ദാസേട്ടൻ്റെ പ്രിയതമയാണ് വാതിൽ തുറന്നു തന്നതെന്നു കരുതാതിരിക്കാൻ എൻ്റെ മുന്നിൽ മറ്റുസാധ്യതകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.ലിവിംഗ് റൂമിലെ ചെയറിലിരുന്നപ്പോഴാണ് വാൾഷെൽഫിനു നടുവിലായി സ്ഥാപിച്ച, തൊട്ടുരുമ്മി നിൽക്കുന്ന രണ്ടുവ്യത്യസ്തചിത്രങ്ങൾ എൻ്റെ ശ്രദ്ധയിൽപെട്ടത്. വിവിധ സ്ഥലത്തുവച്ച് ആ രണ്ടു ചിത്രരൂപങ്ങളും ഞാനേറെ കണ്ടിട്ടുളളതാണെങ്കിലും രണ്ടുംകൂടെ ഒരുമിച്ചൊരു ഷെൽഫിൽ കാണുന്നത് ഇതാദ്യമായിട്ടാണ്. ഒന്ന് യേശുദേവൻ്റെതും മറ്റൊന്ന്ശ്രീകൃഷ്ണ ഭഗവാൻ്റെയും ചിത്രമാണ്. ഞാനാ ചിത്രത്തിലേക്ക് കണ്ണും നട്ടിരിക്കെ എൻ്റെ മനസ്സിൽ പലതരത്തിലുളള ചോദ്യങ്ങൾ ഉയർന്നു വരാൻ തുടങ്ങി. രണ്ടും രണ്ടു മത സമുഹത്തിൻ്റെ ദൈവസങ്കൽപമാണ്.
നൻമയല്ലാത്തതൊന്നും ഉപദേശിക്കുകയോ കൽപിക്കുകയോ ചെയ്തിട്ടുളളതായി അവരുടെ കാര്യത്തിൽ പറയപ്പെടുകയോ എഴുതപ്പെടുകയോ ചെയ്തിട്ടില്ല. ഞാനറിഞ്ഞ ദാസേട്ടൻ്റെ സ്വഭാവവും വിശ്വാസവും കണക്കിലെടുത്താൽ, എൻ്റെ മതത്തിലും സമാനമായൊരു ദൈവ സങ്കൽപ ചിത്രമുണ്ടായിരുന്നെങ്കിൽ ആ ചിത്രവും ഈ രണ്ടു ചിത്രങ്ങൾക്കൊപ്പം സ്ഥാനം പിടിക്കുമായിരുന്നു.
വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുതെന്ന ബൈബിൾ വചനം എത്ര അർത്ഥവത്താണെന്ന് പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുളളതാണ്. ഇതരമതസ്ഥരോട് കലഹിക്കെരുതെന്നുപറഞ്ഞ ഖ്വുർആൻ വചനത്തിൻ്റെ പൊരുൾതന്നെയാണത്. നാട്ടിൽ നടന്നുകൊണ്ടിരിക്കുന്ന കലഹങ്ങളേറെയും വിശ്വാസത്തിൻ്റെ പേരിലായതു കൊണ്ടാവാം ഈ രണ്ടു ചിത്രങ്ങളും ഒരുമിച്ചു കണ്ടപ്പോഴുണ്ടായ അതിശയത്തിനും ചിന്തയ്ക്കും കാരണമായതെന്ന് ഞാൻ സ്വയം സമാധാനിച്ചു. ഇതിനിടയിൽ ദാസേട്ടൻ എൻ്റെ അരികിൽ നിന്നും എഴുന്നേറ്റു പോയത് ഞാൻ ശ്രദ്ധിച്ചിരുന്നില്ല.
സാറിവിടെ ആദ്യമായിട്ടു വരുന്നതല്ലേ, അതുകൊണ്ട് നമുക്കൊരു നാടൻ കോഫി കുടിച്ചതിനു ശേഷം സംസാരിച്ചുതുടങ്ങാം എന്നു പറഞ്ഞു കൊണ്ടാണ് ദാസേട്ടൻ ഒരു കപ്പ് കോഫി എൻ്റെ നേരെ നീട്ടിയത്. ആ കോഫിയിൽ നിന്നും ഉയർന്നു പൊങ്ങുന്ന നീരാവിയുടെ ഗന്ധത്തിനുപോലും ഒരു പ്രത്യേകതരം ആകർഷണീയതയുണ്ടായിരുന്നതു കൊണ്ട് കോഫിയെക്കുറിച്ചു പറഞ്ഞു കൊണ്ടാണ് പിന്നീടുഞങ്ങൾ സംസാരിച്ചു തുടങ്ങിയത്.
ദാസേട്ടനെന്തുകൊണ്ടാണ് ഇതു പോലുള്ള കോഫി ക്യാൻ്റെീനിൽ ഉണ്ടാക്കാത്തത്.?
ക്യാൻ്റെീനിൽ കോഫിയുണ്ടല്ലോ. സാറ് ആവശ്യപ്പെടാത്തതു കൊണ്ട് ഞാൻ തന്നില്ലെന്നേ ഉള്ളൂ.
അങ്ങനെയാണെങ്കിൽ ഇന്നു മുതൽ ഞാനാവശ്യപ്പെടാതെ തന്നെ രാവിലെയും വൈകുന്നേരവും തന്നോളു.
പക്ഷെ ഒരു പ്രശ്നമുണ്ട് സാർ..
എന്തു പ്രശ്നം.?
ക്യാൻ്റെീനിൽ കോഫി ഉണ്ടാക്കുന്നത് നമ്മുടെ ഖഫീലിൻ്റെ കമ്പനിയിൽ നിന്നു കിട്ടുന്ന കോഫി പൗഡർ ഉപയോഗിച്ചു കൊണ്ടാണ്. ഈ കോഫി ഉണ്ടാക്കിയിട്ടുള്ളത് നാട്ടിൽ നിന്നും കൊണ്ടുവന്ന കോഫി പൗഡറും ചുക്കുപൊടിയും കരിപ്പട്ടിയും ഉപയോഗിച്ചു കൊണ്ടാണ്. രണ്ടും തമ്മിൽ രുചിയിൽ മാത്രമല്ല ഗുണത്തിലും മാറ്റമുണ്ടാകും.
ജലദോഷം, പനി എന്നെല്ലാം പറഞ്ഞ് നിങ്ങളിലാരും ആശുപത്രിയിൽ വരാത്തതിൻ്റെ രഹസ്യം ഇപ്പോഴാണെനിയ്ക്ക് പിടികിട്ടിയത് കെട്ടോ ദാസേട്ടാ.
സാറ് പറഞ്ഞത് ശരിയാ, ഞങ്ങളെ സംബന്ധിച്ചിടത്തോളം നാട്ടിലായാലും ഇവിടെ ആയാലും ഇപ്പറഞ്ഞതിനെല്ലാമുള്ള ഒറ്റമൂലി തന്നെയാണ് ഈ കോഫി.
എൻ്റെ വീട്ടിലും ഇങ്ങനെയൊക്ക തന്നെയാണ് ദാസേട്ടാ. എൻ്റെ വീട്ടിൽ അവസാനത്തെ ആശ്രയമായേ അലോപതി മരുന്ന് ഉപയോഗിക്കാറുള്ളൂ. ചേച്ചി എവിടെ പോയി ദാസേട്ടാ?
അവൾക്ക് കിച്ചണിൽ അൽപം പണിയുണ്ട്. കഴിഞ്ഞാലുടൻ ഇങ്ങോട്ടു വരും.
മിനിയാന്ന് നമ്മൾ സംസാരിച്ച കൂട്ടത്തിൽ നിങ്ങൾ പ്രതീക്ഷിക്കാതിരുന്ന എന്തോ ഒരുകാര്യം ഹാജിയാർ നിങ്ങൾക്കു വേണ്ടിചെയ്തെന്നു പറഞ്ഞിരുന്നില്ലേ, എന്തായിരുന്നു ആ അപ്രതീക്ഷിതകാര്യം.?
സംസാരിച്ചു കൊണ്ടിരുന്നപ്പോൾ പറഞ്ഞുപോയി എന്നതല്ലാതെ അതിൻ്റെ ബാക്കിയും കൂടെ പറയേണ്ടിവരുമെന്ന് ഞാൻ ചിന്തിരിച്ചിരുന്നില്ലസാർ. സാറ് അതൊന്നും മനസ്സിൽ നിന്ന് വിട്ടിട്ടില്ലേ.?
വിട്ടു കളയാൻ തോന്നിയില്ല. എന്നുവച്ച് ദാസേട്ടന് പറയാൻ ഇഷ്ടമില്ലാത്ത കാര്യമാണെങ്കിൽ വിട്ടു കളയാൻ എനിക്കു പ്രയാസവുമില്ല.
ഇഷ്ടമില്ലാത്തകാര്യമോ.? ഒരിക്കലുമല്ല, എന്നു മാത്രമല്ല ഒരിക്കലും മറക്കരുതെന്ന് ആഗ്രഹിക്കുന്ന കാര്യവുമാണത്.
(തുടരും…)
– K.M സലീം പത്തനാപുരം