ഏറ്റെടുടുത്ത ഉത്തരവാദിത്വങ്ങളിൽ നിന്നെല്ലാം പിൻമാറിയതു കാരണം ഇന്നലെ മുതൽ എൻ്റെ മനസ്സകം ശാന്തമാണ്. വർഷങ്ങൾക്കു ശേഷം ഇന്നലെയാണ് ഞാൻ സമാധാനത്തോടെ ഭക്ഷണം കഴിച്ചത്.
ചരിത്ര പ്രാധാന്യമേറെയുള്ള ഈപുണ്യ ഭൂമിയിൽ കാലെടുത്തു വച്ചിട്ട് വർഷം രണ്ടു പൂർത്തിയായെങ്കിലും ആശുപത്രിയിലെ തിരക്കു കാരണം കാണാൻ ആഗ്രഹിച്ച ചരിത്ര സ്മാരകങ്ങൾ സന്ദർശിക്കാൻ ഇന്നേവരെയുംഎനിയ്ക്ക് സമയം കിട്ടിയിരുന്നില്ല. ഇന്നു മുതൽ ഏഴു ദിവസം എനിയ്ക്കീ നാട്ടിൽ എവിടേക്കു വേണമെങ്കിലും യാത്ര ചെയ്യാം. ഏതു പുണ്യ സ്ഥലവും സന്ദർശിക്കാം. ചരിത്ര സ്മാരകങ്ങളിലേക്കു കടന്നു ചെന്ന് നൂറ്റാണ്ട് പഴക്കമുള്ള നിർമിതികൾ കൺകുളിർക്കെ കാണാം. അവിടെ നിന്നു കൊണ്ട് പുസ്തകത്താളുകളിൽ നിന്നും വായിച്ചറിഞ്ഞ ചരിത്ര കാലത്തേക്കും നായകരുടെ ഇടയിലേക്കും കടന്നു ചെല്ലാം. മനസ്സു കൊണ്ട് അവരുമായി സംവദിക്കാം.
മുപ്പതാം തിയ്യതിയോടെ ഹോസ്പിറ്റലിൽ നിന്നും ഔദ്യോഗികമായി പിരിഞ്ഞിരുന്നെങ്കിലും വിമാന ടിക്കറ്റ് കൺഫോമാകുന്നതു വരെയും ജോലിയിൽ തുടരാനായിരുന്നു മാനേജിങ് ഡയറക്ടറായ ഡോക്ടർ പ്രേമചന്ദ്രൻ സാറിൻ്റെ നിർദ്ദേശം. നിർദ്ദേശംഎന്നതിലുപരി അതൊരു അഭ്യർത്ഥനയും കൂടെ ആയിരുന്നതു കൊണ്ട് എനിക്കത് സ്വീകരിക്കാതിരിക്കാൻ നിർവാഹമില്ലായിരുന്നു.
പതിവു പോലെ പത്തു മിനുട്ട് നേരത്തെ തന്നെ ഇന്നും ഞാൻ ഹോസ്പിറ്റലിലെത്തി. ആശുപത്രിയിലെത്തിയാലുടൻ എൻ്റെ പരിശോധന മുറിയിലേക്ക് പ്രവേശിക്കുന്നതിനു മുമ്പായി മാനേജിങ് ഡയറക്ടറുടെ മുറിയിലെത്തി അവിടെ ജോലിയിൽ ഏർപ്പെട്ടു കൊണ്ടിരിക്കുന്ന ഡോക്ടർ പ്രേമചന്ദ്രൻ സാറുമായി അൽപ നേരത്തെ സംസാരം എനിയ്ക്കു പതിവുള്ളതാണ്. ജോലിയിൽ പ്രവേശിച്ചതു മുതൽ നാളിതുവരെയുള്ള ശീലമാണത്.
പ്രധാനമായും രണ്ടു കാരണങ്ങളുണ്ടതിന്. ഒന്ന് അദ്ദേഹം ഒരു മലയാളിയാണ്. രണ്ടാമത്തെ കാര്യം പരിചിതമായനാടും പരിചയക്കാരായ സുഹൃത്തുക്കളെയും വിട്ട് തികച്ചും അപരിചിതമായ നാട്ടിലെ പരിചയക്കാരെന്നു പറയാനാരുമില്ലാത്ത ഈ ആശുപത്രിയിലെത്തിയപ്പോൾ എൻ്റെ മുഖത്തു കണ്ട പരിഭവം തിരിച്ചറിഞ്ഞ് ആശുപത്രിയിലും താമസസ്ഥലത്തും ഒരുപോലെ പിന്തുടർന്ന്, ഇവിടത്തെ ചുറ്റുപാടുകളുമായി മനസ്സിനെ ഇണക്കിച്ചേർക്കാൻ സൻമനസ്സ് കാണിച്ച വ്യക്തിയാണദ്ദേഹം എന്നതാണ്.
അഞ്ചുവർഷം മുൻപാണ് പ്രേമചന്ദ്രൻ സാർ ഈ ആശുപത്രിയിൽ ചികിത്സകനായി എത്തിയത്. ആശുപത്രിയുടെ നിലവാരമൊന്നും അന്ന് അതിനുണ്ടായിരുന്നില്ല. നാലു മുറികളിലായി രണ്ടു ഡോക്ടർമാരും ഫാർമസിസ്റ്റും നാലു നെഴ്സുമാരുമുള്ള പ്രധാനമായും കുട്ടികളെ ചികിത്സിക്കുന്ന ഒരു ക്ലിനിക്കായിരുന്നത്.
പ്രധാന ടൗണിൽ നിന്നും അൽപം അകലെയുള്ള റസിഡൻഷ്യൽ ഏരിയയിലാണത് പ്രവർത്തിക്കുന്നതെന്നതു കൊണ്ട് പുറമെ നിന്നുള്ള രോഗികളൊന്നും ഇവിടെ ചികിത്സ തേടി എത്താറുണ്ടായിരുന്നില്ലത്രേ.
ഈ റസിഡൻഷ്യൽ ഏരിയയിൽ ജനവാസം തുടങ്ങിയിട്ട് പത്തുവർഷത്തോളമേ ആയിട്ടുള്ളൂ എന്ന് ഒരിക്കൽ പ്രേമചന്ദ്രൻ സാറ് എന്നോടു പറഞ്ഞിരുന്നു. രാവിലെയും വൈകുന്നേരത്തുമായി വാഹനങ്ങളിൽ അൽപം ചിലർ വന്നു പോകുന്നതൊഴിച്ചാൽ ഏതാനും വർഷം മുൻപു വരെയും ഈ പ്രദേശം തികച്ചും ശാന്തമായിരുന്നെന്ന് പ്രേമചന്ദ്രൻ സാർ എന്നോടു പറഞ്ഞ മുതൽ ഈ പ്രദേശത്തെക്കുറിച്ച് കൂടുതൽ അറിയാനുളള ആഗ്രഹമെനിക്കുണ്ടായിരുന്നു.
ആശുപത്രിയിലും ഫ്ലാറ്റിലുമായി സമയം ചെലവഴിക്കാൻ വിധിക്കപ്പെട്ട കാരണത്താൽ ഈ പ്രദേശത്തെക്കുറിച്ച് അറിയാവുന്നവരുമായൊന്നും എനിയ്ക്കു പരിചയപ്പെടാൻ സാധിച്ചിരുന്നില്ല. അതിനുള്ള അവസരം കിട്ടിയില്ല എന്നു പറയുന്നതാകും ശരി. ഈ പ്രദേശത്തെക്കുറിച്ചു മാത്രമല്ല ഈ രാജ്യത്തെക്കുറിച്ചു തന്നെ എനിക്കറിയേണ്ട പല കാര്യങ്ങളും ഞാൻ ചോദിച്ചറിഞ്ഞത് എൻ്റെ മാനേജറും സഹോദര തുല്യനുമായ ഡോക്ടർ പ്രേമചന്ദ്രൻ സാറിൽ നിന്നാണ്.
ആശുപത്രിയും ഇവിടെയുള്ള ഫ്ളാറ്റുകളും പ്രദേശവാസിയായ യുവ അറബി നിർമിച്ചതാണെന്നറിഞ്ഞതു മുതൽ അദ്ദേഹത്തെയൊന്നു നേരിട്ടു കാണണമെന്നും സംസാരിക്കണമെന്നും ഞാൻ മനസ്സിൽ ആഗ്രഹിച്ചതാണ്. പ്രേമചന്ദ്രൻ സാറിനോട് ഞാനക്കാര്യം പറഞ്ഞപ്പോഴെല്ലാം നിങ്ങളാദ്യം ഈ ആശുപത്രിയെ സംബന്ധിച്ചും ഇവിടെയുള്ള സ്റ്റാഫിനെക്കുറിച്ചും ഇവിടേക്കു വരുന്ന രോഗികളെകുറിച്ചുമെല്ലാം കൃത്യമായിട്ടൊന്ന് പഠിയ്ക്ക് എന്ന ഉപദേശമാണെനിക്കു കിട്ടിയിരുന്നത്. അതോടൊപ്പം തന്നെ നിങ്ങളിവിടെ വന്നത് ഈ നാടിൻ്റെ ചരിത്രം പഠിയ്ക്കുന്നതിനോ, ഈ നാടിക്കുറിച്ചൊരു ചരിത്ര പുസ്തകം എഴുതി തയ്യാറാക്കുന്നതിനോ അല്ലല്ലോ,രോഗികളെ ചികിത്സിക്കാനല്ലെ എന്നൊരു ചോദ്യവും സാറെന്നോടു ചോദിച്ചിരുന്നു.
അന്ന് ആ ചോദ്യമെനിയ്ക്ക് അത്രഇഷ്ടപ്പെട്ടിരുന്നില്ല. അതുകൊണ്ടുതന്നെ തുടർന്നുള്ള ദിവസങ്ങളിൽ ഞാനദ്ദേഹത്തിൻ്റെ ഓഫീസ് മുറിയിൽ ചെന്ന് സംസാരിച്ചതൊക്കയും ആശുപത്രിയുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചു മാത്രമായിരുന്നു. സാറുമായുളള പതിവു സംസാരത്തിലും പ്രധാന വിഷയം ആശുപത്രിതന്നെയായിരുന്നു. ആറുമാസം പിന്നിട്ടപ്പോഴേക്കും ആശുപത്രിയെക്കുറിച്ചു മാത്രമല്ല, സഹപ്രവർത്തകരെക്കുറിച്ചും ഇവിടെയെത്തുന്ന രോഗികളെക്കുറിച്ചും അവരുടെ കൂടെ വരുന്നവരെക്കുറിച്ചുമെല്ലാം കൃത്യമായൊരു ചിത്രം എൻ്റെ മനസ്സിൽ രൂപപ്പെട്ടു കഴിഞ്ഞിരുന്നു. ആശുപത്രിയുമായി ബന്ധപ്പെട്ട പ്രേമചന്ദ്രൻ സാറിൻ്റെ ചോദ്യങ്ങൾക്കും സംശയങ്ങക്കും കൃത്യമായി ഉത്തരം നൽകാൻ ഞാൻ പ്രാപ്തനായിട്ടുണ്ടായിരുന്നു.
(തുടരും…)
– K.M സലീം പത്തനാപുരം