ഉപ്പാ.. പള്ളിയിലേക്ക് ആൾക്കാരൊക്കെ വന്നു തുടങ്ങിയിട്ടുണ്ട്. ബാങ്ക് വിളിക്കാനായിട്ടുണ്ടാകുമോ.
നമ്മൾ ഇവിടെ പണിയെടുക്കാൻ തുടങ്ങിയിട്ട് നേരം കുറേ ആയില്ലേ. ബാങ്ക് വിളിക്കാനുള്ള സമയമൊക്കെ ആയിട്ടുണ്ടാവും. എന്താ മോനങ്ങനെ ചോദിക്കാൻ കാരണം.?
ബാങ്ക് വിളിച്ചു കഴിഞ്ഞാൽ നമ്മൾക്കും നിസ്ക്കരിക്കണ്ടേ. നമ്മളെ മേലൊക്കെ അഴുക്കായിട്ടില്ലേ. അപ്പോൾ നമ്മളെങ്ങനെയാണ് പള്ളിയിലേക്ക് കയറുക.?
വീട്ടിൽചെന്ന് കുളിച്ച് വൃത്തിയായതിനു ശേഷം അവിടെ വെച്ച് നിസ്ക്കരിക്കാലോ.
മോനുട്ടൻ ഒരു കാര്യം ചെയ്യണം.
എന്തു കാര്യം.?
ബാങ്ക് കൊടുത്ത ഉടനെ പള്ളിയുടെ അകത്തേക്ക് കയറുന്ന വാതിലിൻ്റെ മുൻപിൽ ചെന്നു നിൽക്കണം.
എന്നിട്ട് നെറ്റിയിൽ മുറിവിൻ്റെ പാടുള്ള ആരെങ്കിലും പള്ളിയിലേക്ക് കയറുന്നുണ്ടോ എന്ന് ശ്രദ്ധിച്ചുനോക്കണം. കണ്ടാൽ എന്നോടു പറയുകയും ചെയ്യണം. നിസ്ക്കാരം കഴിയുന്നതു വരെയും അവിടെതന്നെ നിൽക്കണട്ടോ. ഇടയ്ക്കു വെച്ച് ഇങ്ങോട്ടു പോന്നാൽ ചിലപ്പോൾ അയാൾ വരുന്നത് കാണാൻ കഴിഞ്ഞില്ലെന്നു വരും.
ആരാണയാൾ. നമ്മുടെ ആരെങ്കിലുമാണോ. അയാളെ മാത്രം ശ്രദ്ധിക്കണമെന്നു പറഞ്ഞത് എന്തു കൊണ്ടാണ്.?
അയാൾ നമ്മുടെ ആരുമല്ല. പക്ഷെ അയാളിങ്ങോട്ട് വരുന്നത് ഉപ്പാക്ക് വേണ്ടിയാണ്. നമ്മുടെയൊന്നും ആരുമല്ലാത്തവർ ആരൊക്കെയോ ആയി മാറുന്നതാണ് മോനുട്ടാ നമ്മുടെയൊക്കെ ഭാഗ്യം. ആ ഭാഗ്യം എല്ലാർക്കും കിട്ടിക്കോളണമെന്നില്ല.
ബാങ്ക് കൊടുത്തു. ഉപ്പ പറഞ്ഞതുപോല ഞാനവിടെ പോയിനിൽക്കാം.
ഞാൻ തിരിച്ചു വരുമ്പോഴേക്കും ഇവിടത്തെ പണിയെല്ലാം തീരുമോ.?
സാധ്യതയുണ്ട്. എന്നാലും ഞാനിവിടെത്തന്നെ ഉണ്ടാകും. വല്ല്യുമ്മാനെ നേരിട്ട് കണ്ട് വർത്താനം പറഞ്ഞിട്ട് മാസം കുറേ കഴിഞ്ഞിട്ടുണ്ട്.
അതിന് വല്ല്യുമ്മ എവിടെ.?
ഖബറിനുള്ളിൽ. ഇപ്പോൾ സ്വർഗ്ഗത്തിലെ നല്ല നല്ല കാഴ്ച്ചകളൊക്കെ സ്വപ്നംകണ്ട്
നല്ല ഉറക്കത്തിലായിരിക്കും. എന്നു കരുതി ഞാൻചെന്നു വിളിച്ചാൽ ഉണരാതിരിക്കുകയൊന്നുമില്ലട്ടോ. വിളിച്ചുണർത്തിയതിന് ദേഷ്യപ്പെടുകയും ചെയ്യില്ല.
എന്നെ വല്ല്യുമ്മാക്ക് അത്രയേറെ ഇഷ്ടമായിരുന്നു.
എന്താ മോനുട്ടാ ഇത്രവേഗം ഇങ്ങോട്ട് തിരിച്ചുപോന്നത്.?
ഉപ്പ പറഞ്ഞതുപോലെ നെറ്റിയിൽ അടയാളമുളള ഒരാള് പള്ളിയിലേക്ക് കയറിയിട്ടുണ്ട്. വെള്ളനിറത്തിലുള്ള തുണിയും കുപ്പായവുമൊക്കെയാണ് ഇട്ടിട്ടുള്ളത്.
ഞാൻ തിരിച്ച് അവിടെതന്നെ ചെന്നുനിൽക്കാം. അയാൾ പുറത്തേക്കിറങ്ങുമ്പോൾ ഞാനിങ്ങോട്ട് കൂട്ടിക്കൊണ്ടു വരാം.
അങ്ങനെയാണെങ്കിൽ മോനുട്ടൻ്റെ കൂടെ ഞാനും വരാം.
അപ്പോൾ നിങ്ങൾക്ക് വല്ല്യുമ്മാനോട് വർത്താനം പറയണ്ടേ.?
അതിനൊക്കെ ഇനിയും സമയമുണ്ടല്ലോ. ആദ്യം ഇതു നടക്കട്ടെ.
അയാളാണോ മോനുട്ടൻ പറഞ്ഞ ആള്.?
അതെ. അയാൾ തന്നെയാണ്. അയാൾ നമ്മളുടെ അടുത്തേക്ക് തന്നെയാണ് വരുന്നതെന്ന് തോന്നുന്നു.
വരട്ടെ. മോനുട്ടൻ അയാളോട് ഒന്നും പറയണ്ടട്ടോ, അയാളോട് ഞാൻ സംസാരിച്ചോളാം.
അസ്സലാമു അലൈക്കും. ഹസ്സൻകുട്ടിയല്ലേ.?
അതെ. ഹസ്സൻകുട്ടിതന്നെയാണ്. നാട്ടുകാര് ഹസ്സനെന്നാണ് വിളിക്കാറുള്ളത്.
എൻ്റെ പേര്…
എനിയ്ക്കറിയാം. പരിചയപ്പെടുത്തലിൻ്റയൊന്നും ആവശ്യമില്ല.
നിങ്ങളെ എനിയ്ക്കറിയാം. നിങ്ങൾ എഴുതിയ ഒരു പുസ്തകം ഞാൻ വായിച്ചിട്ടുണ്ട്. എൻ്റെ കൂട്ടുകാരിയുടെ ഭർത്താവ് എഴുതിയ പുസ്തകമാണെന്നും പറഞ്ഞ് ഹസീനയാണത് എനിയ്ക്ക് വായിക്കാൻ വേണ്ടിതന്നത്. അതിൽ നീളംകൂടിയ രണ്ട് കഥകളുണ്ടല്ലോ, അതിൽ ആദ്യത്തേത് എനിക്ക് നല്ലപോലെ ഇഷ്ടപ്പെട്ടു.
അന്നുമുതൽ നിങ്ങളെയൊന്ന് നേരിൽ കാണണമെന്ന് ആഗ്രഹിക്കുന്നതാണ്. ഇപ്പോഴാണതിന് അവസരം ഒത്തുവന്നതെന്നുമാത്രം.
കാര്യങ്ങളൊക്കെ ഹസീന എന്നോട് പറഞ്ഞിട്ടുണ്ട്. നമുക്ക് ഖബർസ്ഥാനിലേക്ക് നടക്കാം.
ഇന്ന് ഇവിടെ ആരെയെങ്കിലും മറവു ചെയ്തിരുന്നോ.?
ഇല്ല. എന്താ ചോദിക്കാൻ കാരണം.
മുള്ളു കുത്താതെ നടക്കാൻ പാകത്തിൽ വഴിയൊക്കെ വെട്ടിയുണ്ടാക്കിയത് കണ്ടതുകൊണ്ട് ചോദിച്ചതാണ്..
എൻ്റെവല്ല്യുമ്മയുടെ ഖബറിനടുത്തേക്ക് പോകാൻവേണ്ടി ഞാനും മോനുംകൂടെ ചെയ്തതാണിത്. ഇന്ന് റബീഉൽ അവ്വൽ പതിനൊന്നാണല്ലോ.
വല്ല്യുമ്മ മരിച്ചതും ഇങ്ങനെയൊരു പതിനൊന്നിനാണ്.
ഹസ്സനിക്ക എന്താണ് ആലോചിക്കുന്നത്.?
ആ മരം എവിടെയാണെന്നറിയാൻ വേണ്ടി ഒന്ന് കണ്ണോടിച്ചു നോക്കിയതാ.. അന്നത്തേതിൽ നിന്നും ചില്ലറ മാറ്റങ്ങളങ്ങളൊക്കെ സംഭവിച്ചിട്ടുണ്ടല്ലോ. എന്തിനും ഏതിലും ഒരു ആലോചന നല്ലതാണ്. എങ്കിലേ തെറ്റാതിരിക്കൂ.
ഏതു മരത്തെക്കുറിച്ചാണ് നിങ്ങൾ പറയുന്നത്.?
അതാ. അക്കാണുന്ന പുളിമരത്തെക്കുറിച്ചുതന്നെ. അവിടേക്കാണ് നമുക്ക് പോകേണ്ടത്. കാര്യം എന്തുതന്നെ ആയാലും ഉപ്പയും മോനും ചേർന്ന് വഴിയിലെ
കാട് വെട്ടിത്തെളിച്ചത് എന്തു കൊണ്ടും നന്നായി.
ഇത് അവസാനിക്കുന്നത് ആ മരത്തിൻ്റെ ചുവട്ടിൽ തന്നെയാണല്ലോ. നമുക്ക് അങ്ങോട്ട് നടക്കാം.
ഇതാണോ നിങ്ങളുടെവല്ല്യുമ്മയുടെ ഖബർ.?
അതെ.
എവിടെയാണ് തല ഭാഗം. ഒരു മീസാൻകല്ലുമാത്രമേ കാണുന്നുള്ളൂ, അതു കൊണ്ട് ചോദിച്ചതാണ്.
തലഭാഗത്താണ് നമ്മൾ ഇപ്പോൾ നിൽക്കുന്നത്.
അപ്പുറത്ത് കാണുന്ന ആ ബറിൻ്റെ നേരെ തന്നെയാണ് ഈ ഖബറും കുഴിച്ചിരിക്കുന്നത്. രണ്ടിൻ്റെയും മീസാൻ കല്ലുകളും ഒരേ അകലത്തിൽ തന്നെയാണ്.
ഇവിടെ ഈരണ്ടു ഖബറുകൾ മാത്രമാണ് ഉള്ളത്.
പത്തോളം ഖബറിനുള്ള സ്ഥലം ഈ രണ്ട് ഖബറിൻ്റെയും ചുറ്റുവട്ടത്ത് ഒഴിച്ചിട്ടു കൊണ്ടാണ് പിന്നീടുള്ള ഖബറുകൾ കുഴിച്ചിരിക്കുന്നത്. എന്തു കാരണത്താലാണ് അങ്ങനെ ചെയ്തതെന്നൊന്നും എന്നോട് ചോദിക്കണ്ട. അതിനെക്കുറിച്ചൊന്നും ഞാൻ ഇതുവരെയും അന്വേഷിച്ചിട്ടില്ല. അറിയുകയുമില്ല.
അതിൻ്റെ കാരണമെന്താണെന്ന് നിങ്ങൾക്ക് ഞാൻപറഞ്ഞു തരാം. അതിനു മുൻപായി എനിക്ക് വളരെ പ്രധാനപ്പെട്ട ഒരു കാര്യം അറിയേണ്ടതുണ്ട്. സംസാരത്തിടയിൽ അതിനെക്കുറിച്ചാണ് ഞാൻ അലോചിച്ചു കൊണ്ടിന്നത്.
കാര്യം എന്താണെന്നു പറഞ്ഞാൽ എനിക്ക് അറിയുന്നതാണെങ്കിൽ ഞാൻ പറഞ്ഞുതരാം. മറ്റാരോടെങ്കിലും ചോദിക്കേണ്ടതുണ്ടെങ്കിൽ അങ്ങനെയും ചെയ്യാം.
(തുടരും…)
– K.M സലീം പത്തനാപുരം