വിവാഹ വാർഷിക ആശംസകൾ ♥️💚🎊🤍🎋
ഇക്കാലത്തെ വിവാഹ തലേദിവസം ആഡംബരം നിറഞ്ഞ ആഘോഷങ്ങൾ പൊടിപൊടിക്കുമ്പോൾ ഈ പഴയ കാലം കൂടി നമുക്കൊന്ന് ഓർമിച്ച് എടുക്കാം. അര നൂറ്റാണ്ടു മുമ്പ് കൃത്യമായി പറഞ്ഞാൽ 67 വർഷം മുമ്പ് തൃശ്ശൂരിലെ ഒരു വിവാഹത്തലേന്ന് അരങ്ങേറിയ ലളിതമായ കലാരൂപത്തിൻ്റെ ചിത്രമാണിത്. “ജലതരംഗം” എന്ന ഈ കലാരൂപം അടുത്തകാലം വരെ ഉണ്ടായിരുന്നു. പാശ്ചാത്യ സംഗീത ഉപകരണങ്ങൾ നാട് കീഴടക്കിയപ്പോൾ ജലതരംഗം ഇല്ലാതായി. പല വലിപ്പമുള്ള കപ്പ് പാത്രങ്ങളിൽ പല അളവിൽ വെള്ളം വച്ച ശേഷം ചെറിയ ദണ്ഡുകൊണ്ട് ഇവയിൽ തട്ടി ഉണ്ടാക്കുന്ന ശബ്ദത്തിലെ സംഗീതമാണ് ജലതരംഗം.
1958ൽ മിഷൻ ക്വാർട്ടേഴ്സിലെ സി. പി. ഇയ്യപ്പൻ്റെ മകൾ റോസിലി ചിറയത്തിൻ്റെയും ജോണി തെക്കേത്തല യുടെയും കല്യാണത്തിൻ്റെ തലേദിവസം നടത്തിയ ചായ സൽക്കാരത്തോട് അനുബന്ധിച്ച് നടത്തിയ കലാപരിപാടിയുടെ ചിത്രമാണിത്. സെന്റ് മേരിസ് ഓർക്കസ്ട്രയിലെ കുട്ടികളാണ് അന്ന് ജല തരംഗത്തിൻ്റെ അകമ്പടിയോടെ ഇത് ഒരുക്കിയത്. ചിത്രത്തിൽ കാണുന്ന പലരും ഇന്ന് ഓർമ്മയായി.’ജോസ് ഫോട്ടോസ്’ എത്തിച്ചു തന്ന ചിത്രം ചുവടെ ചേർക്കുന്നു.
ഞാൻ ജനിക്കുന്നതിനു മുമ്പ് നടന്ന എൻ്റെ മൂത്ത ചേച്ചിയുടേയും അളിയൻ്റെയും വിവാഹത്തലേന്ന് നടന്ന സംഭവമാണിത്.
വിവാഹം കഴിഞ്ഞു വധുവരന്മാരെ എൻ്റെ വീട്ടിൽ കയറ്റി ഇരുത്തിയ ശേഷം മഞ്ഞ നിറത്തിൽ ഉള്ള മംഗളപത്രം കടലാസിൽ അച്ചടിച്ചത് എല്ലാവർക്കും വിതരണം നടത്തി. അതിൻ്റെ പകർപ്പ് ഞാൻ താഴെ കൊടുക്കുന്നു. അത് ഇപ്രകാരം ആയിരുന്നു.
വിവാഹ മംഗളാശംസ.
വരൻ
ശ്രീമാൻ തെക്കേത്തല റപ്പായി
ജോണി (Bsc. Eng)
ഇരിങ്ങാലക്കുട.
വധു
ശ്രീമതി ചിറയത്ത് ഇയ്യപ്പൻ
റോസിലി തൃശ്ശിവപേരൂർ.
വിമലവും വിലാസ വിലോലവുമായ വിണ്ടലത്തിൻ്റെ വിശാലതയിൽ തരുണക്കാൻ്റെ തങ്കകതിരുകൾ അനവദ്യവും അനുപമവും ആയ പ്രേമവായ്പ്പിൻ്റെ പൊൻകിനാക്കൾ വിരചിക്കുന്ന ഈ മനോഹര വേളയിൽ!
അനുരാഗത്തിൻ്റെ അനന്തതയും അഭികാമ്യതയും അനുനിമിഷം ആലപിച്ചു കൊണ്ടിരിക്കുന്ന ആഴിയുടെ ആവേശ തള്ളലിൽ അലിഞ്ഞു ചേരുവാൻ അലസഗമനം ചെയ്യുന്ന അരുവിപ്പെൺകൊടി മാരുടെ പേലവാധരങ്ങളിൽ, പ്രേമത്തിൻ്റെ സന്ദേശ വാഹകനായ മന്ദമാരുതൻ മന്ദാക്ഷ മനോഹരമായ മന്ദഹാസത്തിൻ്റെ മധുരിമ വിരിയിക്കുന്ന ഈ മംഗള വേളയിൽ!!
അതേ , പ്രകൃതിയിൽ പോലും പ്രണയത്തിൻ്റെ പ്രവണത പ്രഗൽഭമായി, പ്രകാമമായി, പ്രകടമായി കാണുന്ന ഈ സന്മുഹൂർത്തത്തിൽ വിവാഹത്തിൻ്റെ വിശുദ്ധ വേദിയിൽ സമാഗതമായിരിക്കുന്ന, നവദമ്പതിമാരെ നിങ്ങൾക്ക് ഞങ്ങളുടെ അകളങ്കവും ആത്മാർത്ഥവുമായ ആശംസകൾ!!
പ്രേമം അനവദ്യമാണ്,അനശ്വരവും ആണ്. അതിൻ്റെ മാദകലഹരിയിൽ മഹാ സാമ്രാജ്യങ്ങൾ പോലും സംത്യജിക്കപ്പെട്ടിട്ടുണ്ട്, അതിൻ്റെ മാസ്മരിക ശക്തിയിൽ അത്ഭുത ലോകങ്ങൾ തന്നെ ഉയർന്നുവന്നിട്ടുണ്ട്; അതിൻ്റെ അവർണ്ണനീയമായ ആകർഷണീയതയിൽ അനശ്വരങ്ങളായ സ്മാരകങ്ങൾ തന്നെ നിർമ്മിക്കപ്പെട്ടിട്ടുണ്ട്!
ഹൃദയത്തിൻ്റെ അഗാധതയിൽ നിന്ന് വിരിഞ്ഞു പൊന്തുന്ന,ഹൃദയത്തിൻ്റെ അനന്തതയിൽ ചെന്ന് അലിഞ്ഞു ചേരുന്ന, ഹൃദയ സഹസൃങ്ങളെ കോരിത്തരിപ്പിക്കുന്ന പരിമൃദുല വികാരത്തിൻ്റെ പരിപാവനത എത്ര മധുരമാണ്, എത്ര മഹത്തരമാണ്;
വരണമാല്യം അണിഞ്ഞു നിൽക്കുന്ന വധൂവരന്മാരെ,
വരിഷ്ഠ അനുരാഗത്തിൻ്റെ പൊന്നലരുകൾ നിങ്ങളുടെ വിവാഹ ജീവിതം സുരഭിലം ആക്കി തീർക്കട്ടെ!!!
തൃശ്ശൂർ
6-1-1958.
സ്റ്റാഫ് ഓഫ് ദ സി. പി സോപ്പ് വർക്സ്, തൃശ്ശൂർ.
അലൈഡ് പ്രിന്റ്റേഴ്സ്
തൃശ്ശൂർ.
കാലചക്രം ഉരുണ്ടപ്പോൾ ഈ ഓർമ്മപ്പെടുത്തൽ പുതുതലമുറക്ക് മാതൃകയും ആവേശവും പകരുന്നെങ്കിൽ അത്രയുമാകട്ടെ എന്ന് കരുതിയാണ് ഞാൻ ഇത് പങ്കു വയ്ക്കുന്നത്.
– സി.ഐ.ജോയ്, തൃശ്ശൂർ.