കാര്യം നീ പറഞ്ഞതെല്ലാം വാസ്തവം തന്നെയാണ്. പക്ഷെ നീ പറയാത്ത ചിലകാര്യങ്ങളും കൂടി കൂട്ടിച്ചേർത്തെങ്കിലേ അത് ശരിയായ അർത്ഥത്തിൽ പൂർത്തിയാവുകയുള്ളൂ.
നിനക്ക് കിട്ടുന്ന പണത്തിൻെ മൂന്നിരട്ടിയെങ്കിലും എനിയ്ക്കു കിട്ടുന്നുണ്ടെന്നകാര്യം നിനക്കറിയാമെന്നല്ലേ നീ പറഞ്ഞത്. എന്നാൽ നിൻ്റെ കയ്യിൽ നിന്നും ചെലവാകുന്നതിൻ്റെ എത്ര ഇരട്ടിയാണ് എൻ്റെ കൈയ്യിൽ നിന്നും ചെലവാകുന്നതെന്ന് നിനക്കറിയാമോ, കിട്ടുന്നത് മുഴുവൻ അനാവശ്യകാര്യങ്ങൾക്കായി ചെലവഴിക്കുന്നതുകൊണ്ടാണ് മിനിമം ബാലൻസിൽ നിന്നും പുരോഗതി ഉണ്ടാവാത്തതെന്നാണോ നീ കരുതുന്നത്.
സൂര്യൻ ഉദിച്ച് അസ്തമിക്കുമ്പോഴേക്കും ഓരോരോ കാരണങ്ങൾ കൊണ്ട് എത്ര പൈസയാണ് ചെലവായിക്കൊണ്ടിരിക്കുന്നതെന്ന് എപ്പോഴെങ്കിലും
നീ ചിന്തിച്ചു നോക്കിയിട്ടുണ്ടോ. ഉള്ളിയും തക്കാളിയുമെല്ലാം എഴുതി ഷീട്ടാക്കി മേശപ്പുറത്ത് കൊണ്ടു വെയ്ക്കുമ്പോൾ അതിൻ്റെ വിലയെ ക്കുറിച്ച് നീ അന്വേഷിച്ചു നോക്കിയിട്ടുണ്ടോ.
കറന്റ് ചാർജും വെള്ളക്കരവും ഓരോ തവണ വർദ്ധിച്ചു കൊണ്ടിരുന്നിട്ടും ഒരു ലൈറ്റെങ്കിലും അനാവശ്യമായി കത്തിച്ചു വെയ്ക്കാതിരിയ്ക്കാൻ നീ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ, ഓരോ കാരണം പറഞ്ഞു കൊണ്ട് പള്ളിയിലും മദ്രസ്സയിലും സ്കൂളിലുമെല്ലാം നടക്കുന്ന പിരിവിനെക്കുറിച്ച് നിനക്ക് വല്ല ധാരണയുമുണ്ടോ.
ഇതിനെല്ലാം പുറമെ മാസത്തിൽ ഒരു പ്രാവശ്യമെങ്കിലും ചികിത്സാ സഹായം എന്ന നിലയിൽ ഉണ്ടാവുന്ന പിരിവിനെക്കുറിച്ച് നിന്നോട് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ. ഈ വക കാര്യങ്ങൾക്കുവേണ്ടി സ്ത്രീകളെ ആരെങ്കിലും സമീപിക്കാറുണ്ടോ.
എന്തുകൊണ്ടാണ് സമീപിക്കാത്തതെന്ന് നിനക്കറിയുമോ.? ഇപ്പറഞ്ഞ കാര്യങ്ങൾക്കെല്ലാം എന്നെപ്പോലെയുള്ള പുരുഷൻമാരാണ് പണം ചെലവഴിച്ചു കൊണ്ടിരിക്കുന്നത്. അതല്ലാതെ നിന്നെപ്പോലെയുളള സ്ത്രീകളല്ല. അപ്പോൾ നിന്നെപ്പോലെ കുറഞ്ഞ ശമ്പളം കിട്ടുന്ന ഭാര്യമാരുടെ അക്കൗണ്ടിൽ പണം കൂടിക്കൂടി വന്നു കൊണ്ടിരിക്കുന്നതും എന്നെപ്പോലെയുളള ഭർത്താക്കൻമാരുടെ അക്കൗണ്ട് മിനിമം ബാലൻസിൽ നിന്ന് കരകയറാതിരിക്കുന്നതും ആരുടെയും കുറ്റമോ ആഗ്രഹമില്ലാത്തതുകൊണ്ടോ അല്ല, സാഹചര്യത്തിൻ്റെ അനന്തരഫലമാണെന്നും കൂടെ കൂട്ടിച്ചേർത്താൽ നീ പറഞ്ഞതത്രയും ശരിയാകും. അപ്പോഴാണ് പൂർണമായും ശരിയാവുക.
ഇപ്പോൾ നിനക്കെന്തുതോന്നുന്നു. ഞാൻ റീചാർജ്ജ് ചെയ്യണോ അതല്ല നീ ചെയ്യുന്നോ.?
ഞാൻ ചെയ്തോളാം.
റീചാർജ്ജ് ചെയ്യുന്നതിനു മുൻപായി അവളുടെ ഫോണിലേക്ക് ഒന്നു വിളിച്ചു നോക്ക്. പറ്റിയാൽ ഇപ്പാൾ തന്നെ ഒരു ഓട്ടോറിക്ഷ വിളിച്ച് അയാളോട് നമ്മുടെ പള്ളിക്കാട്ടിലേക്ക് വരാൻ പറഞ്ഞിട്ടുണ്ടെന്നും പറയാൻ പറഞ്ഞേക്ക്. ഇന്ന് ഉമ്മയുടെ ആണ്ടാണ്. അക്കാര്യം ഓർമ്മപ്പെടുത്താൻ വേണ്ടിയാണ് നേരത്തെ ജമീല വിളിച്ചിരുന്നത്.
അവൾ ഓർമ്മപ്പെടുത്തിയില്ലായിരുന്നെങ്കിൽ പലകാര്യങ്ങളും മറന്നു പോവാറുള്ളതുപോലെ ഇക്കാര്യവും ഞാൻ മറന്നു പോകുമായിരുന്നു.
ഖബറിൻ്റെ ചുറ്റും കാടു പിടിച്ചു കിടക്കുന്നുണ്ടാകും. അതൊക്കെയൊന്ന് വെട്ടിക്കളഞ്ഞതിനു ശേഷം ഖബറും പരിസരവുമെല്ലാമൊന്നു വൃത്തിയാക്കണം. അസറിനു ശേഷം ജമീലയെയും കൂട്ടിക്കൊണ്ടുപോയി സിയാറത്ത് ചെയ്യാനുള്ളതാണ്. നീയാ കത്തിയൊന്ന് എടുത്ത് വെയ്ക്ക്. അപ്പോഴേക്കും ഞാനൊന്ന് മൂത്രമൊഴിച്ചു വരാം.
മൂത്രമൊഴിക്കാനെന്നു പറഞ്ഞു പോയിട്ട് അരമണിക്കൂറോളമായല്ലോ. പോയപ്പോൾ ലൈറ്ററും കൂടെകൊണ്ടുപോയിരുന്നല്ലേ.. ഞാൻ കൂടുതലൊന്നും പറയുന്നില്ല.
കത്തിക്ക് മൂർച്ചം അൽപം കുറവുണ്ടുട്ടോ. ഇതു കൊണ്ട് കാടുവെട്ടാൻ കഴിയുമെന്നെനിയ്ക്ക് തോന്നുന്നില്ല.
നീയാണല്ലോ അത് ഉപയോഗിക്കാറുള്ളത്. അപ്പോൾ മൂർച്ച കുറഞ്ഞുപോയില്ലെങ്കിലേ അത്ഭുതമുള്ളൂ.
അതൊക്കെ ഞാൻ അഡ്ജസ്റ്റ് ചെയ്തോളാം.
നീ അവളെ വിളിച്ചു നോക്കിയോ.?
വിളിച്ചു. കാര്യവും പറഞ്ഞു. നിങ്ങൾ പറഞ്ഞ കാര്യം അവൾ ഹസ്സൻകുട്ടിക്കയോടും പറഞ്ഞിട്ടുണ്ട്. ളുഹറ് നിസ്ക്കാരത്തിനുള്ള സമയമാകുമ്പോഴേക്കും മൂപ്പര് പള്ളിയിൽ എത്തിക്കോളാമെന്നു പറഞ്ഞിട്ടുണ്ടത്രേ.
സാധാരണ നമ്മുടെ പള്ളിയിൽ നിസ്ക്കാര സമയത്ത് കുറേയധികം ആൾക്കാരുണ്ടാകാറുള്ളതാണ്. അവരുടെ ഇടയിൽ നിന്നും അയാളെ ഞാനെങ്ങനെ തിരിച്ചറിയും. പ്രത്യേകമായ അടയാളമോ മറ്റോ അയാൾക്കുണ്ടോ.?
അക്കാര്യത്തിൽ നിങ്ങൾ ബുദ്ധിമുട്ടേണ്ടിവരില്ല. നിങ്ങൾക്ക് അയാളെ തിരിച്ചറിയാൻ സാധിച്ചില്ലെങ്കിലും അയാൾക്ക് നിങ്ങളെ തിരിച്ചറിയാൻ കഴിയും. നിങ്ങളെ അയാൾക്ക് നേരത്തെ തന്നെ അറിയാമെന്നാണ് ഹസീന എന്നോടു പറഞ്ഞത്.
പിന്നെ അയാളെ പെട്ടെന്ന് തിരിച്ചറിയാൻ ഒരു മാർഗ്ഗമുണ്ട്.
എന്താണത്.?
അയാളുടെ നെറ്റിയിൽ നീളത്തിലുള്ള ഒരു മുറിപ്പാടുണ്ട് ഞാനയാളെ കാണാൻ തുടങ്ങിയകാലം മുതൽ ഇന്നു വരെയും അതിനൊരു മാറ്റവും ഉണ്ടായിട്ടില്ല.
എന്നാൽപ്പിന്നെ ഇക്കാര്യം ആദ്യം തന്നെ പറഞ്ഞാൽ പോരായിരുന്നോ സക്കീനാ.. ഇനിയും സംസാരിച്ചു നിന്നാൽ ചെയ്യാൻ ഉദ്ദേശിച്ച കാര്യം സമയത്തിന് ചെയ്തു തീർക്കാൻ പറ്റിയെന്നുവരില്ല. അതുകൊണ്ട് ബാക്കി കാര്യങ്ങളെല്ലാം ഞാൻ തിരിച്ചു വന്നതിനു ശേഷം പറയാം. പിന്നേയ്.. റീചാർജ് ചെയ്യാൻ മറക്കണ്ടട്ടോ. സലാമിനെയും മറ്റും വിളിയ്ക്കാനുള്ളതാണ്.
ഇപ്പോൾ തന്നെ ചെയ്തോളാം. എന്നുകരുതി ഇതൊരു ശീലമാക്കാമെന്ന ധാരണയൊന്നും വേണ്ടട്ടോ. അടുത്ത തവണയും ഞാൻ തന്നെ റീചാർജ്ജ് ചെയ്തു തരുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യണ്ട.
അടുത്ത മാസമാവാൻ ഇനിമുപ്പത് ദിവസം കഴിയണ്ടേ സക്കീനാ. അതൊക്കെ അപ്പോൾ ആലോചിച്ചാൽ പോരെ.?
ഇതൊക്കെതന്നെയാണ് നിങ്ങളുടെ കുഴപ്പം. നാളെയെക്കുറിച്ച് ഒരു ചിന്തയുമില്ല.
സമയമുണ്ടെങ്കിൽ പോകുന്നവഴിക്ക് മദ്രസ്സയിൽ ഒന്നു കയറി നോക്കുന്നത് നല്ലതാണ്. മക്കളവിടെ വെറുതെ ഇരിക്കുകയാണെങ്കിൽ അവരെയും കൂടെ കൂട്ടാലോ. ഇന്നല്ലെങ്കിൽ നാളെ അവരും അതൊക്കെ ചെയ്യേണ്ടവരാണല്ലോ.
അവർ അവിടെ നാളത്തെ പരിപാടിയുമായി എന്തെങ്കിലുമൊക്കെ ചെയ്തു കൊണ്ടിരിക്കുകയാവും. അതിനിടയിൽ ഞാനങ്ങോട്ടുകയറിച്ചെന്നാൽ അവരുടെ ചിന്ത മാറും. മറ്റൊരവസരത്തിൽ അവരെയും കൂടെ കൂട്ടാം. അതാണ് നല്ലത്.
റീചാർജ്ജ് ചെയ്തിട്ടുണ്ട്. ഹസീനയുടെ നമ്പർ വേണോ.?
എന്തിന്.
അഥവാ ഹസ്സൻകുട്ടിക്ക അവിടെ എത്തിയിട്ടില്ലങ്കിൽ വിളിച്ച് അന്വേഷിക്കാലോ.
അതിൻ്റെയൊന്നും ആവശ്യമുണ്ടെന്ന് എനിയ്ക്ക് തോന്നുന്നില്ല. ഒന്നാമത് നീ കരുതുന്നത് പോലെ അയാൾക്ക് അതിനെക്കുറിച്ചൊന്നും ഓർമയുണ്ടായിരിക്കാൻ യാതൊരു വിധ സാധ്യതയുമില്ല. ഇനി അഥവാ ഉണ്ടായാൽ തന്നെയും അതത്ര കൃത്യമായിക്കൊള്ളണമെന്നുമില്ല.
പിന്നെ ഹസീനയുടെ കൂട്ടുകാരിയുടെ ഭർത്താവിൻ്റെ കാര്യമാണല്ലോ എന്നോർത്തു കൊണ്ട് അയാളവിടെ ഓടിക്കിതച്ചെത്തുമെന്ന വിശ്വാസവും എനിയ്ക്കില്ല.
വാട്സാപ്പിൽ സലാമ് വിളിക്കുന്നുണ്ട്.
അപ്പോൾ ശരി. ഞാൻ പോയ് വരാം.
ഹലോ.. സലാമേ.. നിങ്ങൾ അവിടെ എത്തിയോ.?
സലാമല്ല, സുരേഷാണ്. എവിടെ എത്തിയ കാര്യമാണ് നീ ചോദിക്കുന്നത്.
ജന്നത്തുൽ ബഖിയ്യിൽ. സലാമിൻ്റെ ഉപ്പയുടെ അരികിൽ.
(തുടരും…)
– K.M സലീം പത്തനാപുരം