മുഴുവൻ കാര്യങ്ങളും സംസാരിച്ചു കഴിയുന്നതിനു മുൻപായി കച്ചറകൂടി പിരിയുന്നതാണല്ലോ നിങ്ങളുടെശീലം, മദ്ധ്യസ്ഥത വഹിക്കാൻ ഒരാളുണ്ടാകുന്നത് നല്ലതാണല്ലോ, അതു കൊണ്ടു പറഞ്ഞതാണ്.
സഫിയ്യാ ..
എന്താ കുട്ടാ ..
നിനക്കുള്ളത് ഞാൻ നേരിട്ടു കണ്ടതിനു ശേഷം തരാട്ടോ..
ഒ കെ. നീയെന്നാ കുഞ്ഞാപ്പുവിൻ്റെ അടുത്തെത്തിയത്.?
രണ്ടു ദിവസംമുൻപ്. ടിക്കറ്റ് കിട്ടാൻ അൽപം താമസമുണ്ടെന്നറിഞ്ഞപ്പോൾ ഇവിടെയൊന്നു ചുറ്റിക്കറങ്ങാമെന്നുകരുതി പുറപ്പെട്ടതാണ്. ഞങ്ങളിപ്പോൾ മിനായിലാണ് ഉള്ളത്. രണ്ടു മണിക്കൂർ സമയം കൂടെ ഇവിടെഉണ്ടാകും. അതു കഴിഞ്ഞാൽ റൂമിലേക്കു തിരിക്കും. എന്താ സുഖം തന്നെയല്ലേ,
സുഖം തന്നെ, പിന്നേ, ഞാനും സാവിത്രിയുംകൂടെ മറ്റന്നാൾ നാട്ടിലേക്കുപോകും.അതു പറയാൻവേണ്ടിയാണ് ഞാൻ വിളിച്ചത്. ഫോൺ കുഞ്ഞാപ്പുവിന് കൊടുക്കുമോ,
ഇത് സ്പീക്കർ മോഡിലാണ്. എങ്കിലും ഞാനവനു കൊടുക്കാം..
ഹലോസഫിയ്യാ, പറഞ്ഞോളൂ.
ഞങ്ങൾ മറ്റന്നാൾ നാട്ടിലേക്കു പോകും, ഉപ്പ ഇന്നലെവിളിച്ചിരുന്നു. മൂന്നു ദിവസം കഴിഞ്ഞ് ആശുപത്രിയുടെ കോൺക്രീറ്റ് വർക്ക് ചെയ്യാൻ നിശ്ചയിച്ചിട്ടുണ്ടത്രേ, കോൺക്രീറ്റ് ചെയ്യുന്ന ദിവസം ഞാനും സാവിത്രിയും അവിടെ ഉണ്ടാകണമെന്ന് ഉപ്പാക്കൊരു നിർബന്ധം. അതുകൊണ്ടാണ് കുഞ്ഞാപ്പു ഇങ്ങോട്ടു വരുന്നതിനു മുൻപായി ഞങ്ങളങ്ങോട്ടു പോകാൻ തീരുമാനിച്ചത്. നിങ്ങളിനി ഇങ്ങോട്ടു വരണമെന്നില്ല, വീട്ടിലേക്ക് വന്നാൽ മതിയാകും.
ഒ.കെ. അങ്ങനെ ചെയ്യാം.
ഫോൺ കട്ടാക്കല്ലേ, ഒരു പ്രധാന കാര്യംകൂടെ പറയാനുണ്ട്.
പറയൂ എന്താണാ പ്രധാനപ്പെട്ട കാര്യം.?
സാവിത്രിക്ക് ഒരു വിവാഹാലോചന വന്നിട്ടുണ്ട്, നമ്മുടെ സാറ് മുഖേനയാണതു വന്നത്. ആള് പാലക്കാട്ടുകാരനാണ്. ഗൈനക്കോളജിയിൽ നിങ്ങളുടെ സീനിയറായി കോളജിൽ ഉണ്ടായിരുന്നത്രേ. നിങ്ങളെ അറിയാമെന്നും പറഞ്ഞു. സാവിത്രിയോട് അയാൾ സംസാരിക്കുകയും ചെയ്തിട്ടുണ്ട്. അവളുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചെല്ലാം സാറ് അദ്ദേഹത്തേടു പറഞ്ഞിട്ടുണ്ടത്രേ.
എന്നിട്ട് സാവിത്രിയെന്താണ് അദ്ദേഹത്തോട് മറുപടി പറഞ്ഞത്.?
നിങ്ങൾ സമ്മതിച്ചാൽ വിരോധമില്ലന്നു പറഞ്ഞു. ബാപ്പുവിൻ്റെ നാട്ടിൽവിളിച്ചാൽ കിട്ടുന്നനമ്പർ കൊടുത്തിട്ടുമുണ്ട്. അയാൾ വിളിക്കുമായിരിക്കും. സാവിത്രിയോട് ഞാനെന്താണ് പറയേണ്ടത്.?
നാട്ടിൽ എത്തിയതിനു ശേഷം അതേക്കുറിച്ച് സംസാരിക്കാമെന്നു പറഞ്ഞിട്ടുണ്ടെന്നു പറഞ്ഞാൽ മതി. ബാക്കി കാര്യങ്ങൾ നമുക്ക് കൂട്ടായിരുന്നു സംസാരിച്ചു തീരുമാനിക്കാം. അതാണ് നല്ലത്..
എന്താ നിൻ്റെഅഭിപ്രായം, ഞാൻ പറഞ്ഞതല്ലേ ശരി.
സഫിയ്യയുമായുള്ള ഫോൺ സംഭാഷണത്തിനു ശേഷം കുട്ടൻ്റെ നേർക്ക് മുഖം തിരിച്ച് ബാപ്പുവാണത് ചോദിച്ചത്. ആ സമയം മറ്റേതോ ലോകത്തായിരുന്ന കുട്ടൻ ഒരു ഞെട്ടലോടെയാണതിനു മറുപടി പറഞ്ഞത്.
അതെ, അതാണ് നല്ലത്.
അൽപ നേരത്തെ സംസാരത്തിനു ശേഷം ഇടക്കു വച്ച് നിർത്തിയ വീഡിയോ തുടക്കം മുതൽ ശ്രദ്ധിക്കുന്നതിനു വേണ്ടി റീപ്ലേ ചെയ്തു. കൂണുപോലെ വിടർന്നുകിടക്കുന്ന തമ്പുകളുടെ നേർ ചിത്രം വ്യക്തമായി തന്നെ പതിഞ്ഞിട്ടുണ്ടെന്നു ബോധ്യമായി. യാത്ര അവസാനിപ്പിച്ചു തിരിച്ചു പോകാൻ ഒരുങ്ങവേ നിനക്ക് ജബലുറഹ്മ കാണാൻ ആഗ്രഹമുണ്ടോ എന്ന കുട്ടൻ്റെ ചോദ്യം ബാപ്പുവിനെ ഉത്സാഹഭരിതനാക്കി. ജബലുറഹ്‌മ, എന്നുവച്ചാൽ കാരുണ്യത്തിൻ്റെ പർവ്വതം. പ്രവാചകൻ ജനങ്ങളെ വിളിച്ചുകൂട്ടി അവസാനമായി പ്രസംഗിച്ച സ്ഥലമാണത്. പ്രസംഗം എന്നതിലുപരി പ്രവാചകൻ്റെ വിടവാങ്ങൽ പ്രസംഗവും കൂടെയായിരുന്നത്. ഞാൻ കാണാൻ ആഗ്രഹിച്ച സ്ഥലങ്ങളിൽ സുപ്രധാനമായിരുന്നസ്ഥലം. സഫിയ്യയുമായുള്ള ഫോൺ സംഭാഷണത്തിനിടയിൽ ശ്രദ്ധയിൽനിന്നും വിട്ടു പോയതാണ്. കുട്ടനങ്ങനെ ചോദിച്ചില്ലായിരുന്നെങ്കിൽ അവിടം സന്ദർശിക്കാനുള്ള സുവർണ്ണാവസരം എനിക്കു നഷ്ടപ്പെടുമായിരുന്നു. കുട്ടൻ തന്നെയാണ് ഈ സ്ഥലത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ പറഞ്ഞുതന്നത്. ജബലുറഹ്‌മയിലെ സന്ദർശനത്തിനത്തോടു കൂടിയാത്ര പൂർണ്ണമായി. ഇനി എൻ്റെ റൂമിലേക്കുള്ള മടക്ക യാത്രയാണ്. പോകുന്ന വഴി അവൻ ജോലി ചെയ്യുന്ന ആശുപത്രിയൊന്ന് നേരിട്ടു കാണണം. അവൻ്റെ സുഹൃത്തുക്കളെ പരിചയപ്പെടണം.
കുട്ടാ .. ഇസ്‌ലാമിക ഗ്രന്ഥങ്ങളിൽ മാത്രം കാണാൻ കഴിയുന്ന വ്യാഖ്യാനങ്ങൾ നീ എങ്ങനെയാണ് ഇത്രയും കൃത്യമായി മനസ്സിലാക്കിയത്.? പ്രത്യേകിച്ചും പ്രവാചകനുമായി ബന്ധപ്പെട്ട കാര്യങ്ങൾ.!
നിന്നെപ്പോലെയുളള ഒരു കൂട്ടുകാരനുണ്ടാവുകയും അയാൾ ഈ വക കാര്യങ്ങളിൽ അറിവുള്ളവനാവുകയും ചെയ്താൽ എനിക്കെന്നല്ല ആർക്കുവേണമെങ്കിലും അതൊക്കെ കൃത്യമായി മനസ്സിലാക്കാൻ എളുപ്പമാണ്. എൻ്റെ റൂംമേറ്റ് ഒരു പാക്കിസ്ഥാനിയാണ്. സമപ്രായക്കാരായ ഞങ്ങൾ ഒരുമിച്ചാണ് ഈ പ്രദേശങ്ങളൊക്കയും സന്ദർശിച്ചിരുന്നത്. ഓരോ സ്ഥലത്തിൻ്റെയും ചരിത്രപശ്ചാത്തലം അവൻ തന്നെയാണെനിക്കു പറഞ്ഞു തന്നത്. പോകുന്നവഴി നിനക്കവനെ പരിചയപ്പെടാം. അയാളൊരു സംസാരപ്രിയനും കൂടെയാണ്.
അതിനുമുൻപായി നിന്നോടെനിക്കൊരു കാര്യം ചോദിച്ചറിയാനുണ്ട്. ദാസേട്ടനുമായുള്ള സംസാരത്തിനിടയിൽ എൻ്റെ മനസ്സിൽ ഉയർന്നുവന്നൊരു ചോദ്യമാണത്. നിന്നെ പ്രയാസപ്പെടുത്തണ്ടെന്നു കരുതിയാണ് ഞാനതു ചോദിക്കാതിരുന്നത്.
നിനക്കെന്താണ് ചോദിക്കാനുളളതെന്നു വച്ചാൽ വളച്ചുകെട്ടാതെ ചോദിക്ക് കുട്ടാ. അതിൻ്റെ പേരിൽ എന്തു പ്രയാസമുണ്ടായാലും ഞാനതങ്ങ് സഹിച്ചോളാം.
നിനക്കു പഠിയ്ക്കാനുള്ള ചെലവ് വഹിക്കുന്നതു പോലെതന്നെ എൻ്റെയും സാവിത്രിയുടെയും പഠനചെലവുകൾ വഹിച്ചിരുന്നതും നിൻ്റെ ഉപ്പ തന്നെയാണല്ലോ, പി.ജി കഴിഞ്ഞതിനു ശേഷം മോശമല്ലാത്ത ശമ്പളംതന്നെ ആയിരുന്നില്ലേ ഡൽഹിയിൽവച്ച് നിനക്ക് കിട്ടിക്കൊണ്ടിരുന്നത്. കാര്യമായ സാമ്പത്തിക പ്രയാസങ്ങളൊന്നും തന്നെ ഇല്ലാത്ത, അഥവാ ഉണ്ടായാൽ തന്നെയും ഉപ്പയോടു പറഞ്ഞു പരിഹരിക്കാൻ പ്രയാസമില്ലാത്ത നീയെന്തിനാണ് അവരെ അവിടെ തനിച്ചാക്കി ഇങ്ങോട്ടു പോന്നത്. ഞങ്ങൾക്കൊന്നും അറിയാത്ത എന്തു പ്രശ്നമാണ് നിനക്കുള്ളത്. എന്നെക്കൊണ്ട് ചെയ്യാൻ പറ്റുന്ന ഏതു സഹായവും ചെയ്യാൻ ഞാൻ റെഡിയാണ്. അത് പണമായിട്ടായാലും. അധ്വാനപരമായിട്ടായാലും.
നീ സംശയിക്കുന്നതുപോലെ എനിക്കൊരു സാമ്പത്തിക പ്രയാസവും ഇല്ലകുട്ടാ. ഉപ്പയോടു ചോദിച്ചാൽ പണം കിട്ടാത്ത അവസ്ഥയിലുമല്ല. എങ്കിൽ പിന്നെ ഞാനെന്തിന് ഇങ്ങോട്ടു വന്നു എന്നല്ലേ നിനക്കറിയേണ്ടത്. അതൊരു സ്വകാര്യമൊന്നുമല്ല. സാവിത്രിക്കും സഫിയ്യക്കും അറിയുന്ന കാര്യം തന്നെയാണ്. സഫിയ്യ സഹായിച്ചതു കൊണ്ടു കൂടെയാണ് എനിക്കിവിടെ ജോലി കിട്ടിയത്.
ഡൽഹിയിൽ ജോലി ലഭിച്ചതോടെ യാണ് ഉപ്പ പൈസഅയച്ചുതന്നിരുന്നത് നിർത്തിയത്. ഞാൻ നിർബന്ധിച്ചു പറഞ്ഞതു കൊണ്ടാണ് ഉപ്പയങ്ങനെ ചെയ്തത്. ആദ്യമൊക്കെ എനിക്കു കിട്ടുന്ന ശമ്പളം ഞങ്ങളുടെ ചെലവുകൾക്ക് മതിയായതായിരുന്നു. ചില മാസങ്ങളിൽ മിച്ചവും ഉണ്ടാവാറുണ്ടായിരുന്നു. വളരെ പെട്ടൊന്നാണ് സാവിത്രിയുടെ ആരോഗ്യസ്ഥിതി മോശമാവാൻ തുടങ്ങിയത്. പിന്നീട് ടെസ്റ്റും മരുന്നുമായി നല്ലൊരു തുക മാസം തോറും ചെലവായിക്കൊണ്ടിരുന്നു. ശമ്പളം കൊണ്ടു മാത്രം പിടിച്ചു നിൽക്കാനാവാത്ത അവസ്ഥ വന്നു. സാറിൻ്റെ നിർദ്ദേശപ്രകാരം യു.എസ്സിൽ നിന്നും ഡോക്ടറെ എത്തിച്ച് വിദഗ്ധ പരിശോധനയും നടത്തി. അദ്ദേഹംനിർദ്ദേശിച്ച മരുന്നുകളാണ് അവളെ ഇന്നുംആരോഗ്യത്തോടെ നിർത്തുന്നത്. ഡോക്ടർക്കുള്ള ഫീസ് നൽകിയതും സാറ്തന്നെയാണ്. ആ വകയിൽ മാത്രം നല്ലൊരുസംഖ്യ സാറിന് ചെലവായിട്ടുണ്ട്. ഡൽഹിയിലെ ജോലി കൊണ്ട് അത് കൊടുത്തു വീട്ടാൻ കഴിയില്ലെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. സഫിയ്യയോടാണ് ഈ വകകാര്യങ്ങളെല്ലാം ഞാൻ തുറന്നു പറയാറുണ്ടായിരുന്നത്. അവളാണ് ഖാദർക്കയോട് സംസാരിച്ച് എനിക്കിവിടെ ജോലി ഏർപ്പാടാക്കി തന്നത്.
ഡൽഹിയിൽവച്ച് കിട്ടിയിരുന്നതിൻ്റെ നാലിരട്ടിശമ്പളം എനിക്കിവിടെ കിട്ടുന്നുണ്ട്. എനിക്കിവിടെ നിന്നും കിട്ടുന്ന ശബളം സാവിത്രിയുടെ അകൗണ്ടിലേക്കാണ് ഞാൻ അയച്ചു കൊടുത്തു കൊണ്ടിരുന്നത്.സാറിന് കൊടുക്കാനുണ്ടായിരുന്ന പണം മുഴുവനായും ഇവിടെ വന്ന് ആറു മാസത്തിനകമാണ് ഞാൻ കൊടുത്തു തീർത്തത്. ഇപ്പോൾ എല്ലാ ചെലവും കഴിച്ച് നല്ലൊരു സംഖ്യ സാവിത്രിയുടെ അകൗണ്ടിൽ ബാലൻസുണ്ട്. ലീവെടുത്താണ് ഞാൻ നാട്ടിലേക്കു പോകുന്നതെങ്കിലും തിരിച്ചുവരാനുളള സാധ്യത വളരെകുറവാണ്. കഴിയുന്നതും വേഗത്തിൽ ആശുപത്രിയുടെ പണി പൂർത്തീകരിച്ച് അവിടെ കൂടണമെന്നാണ് എൻ്റെ ആഗ്രഹം. എൻ്റെ മാത്രമല്ല ഉപ്പയുടെ ആഗ്രഹവും അതുതന്നെയാണ്.
നിൻ്റെ സംശയം തീർന്നിട്ടുണ്ടെങ്കിൽ എനിക്ക് നിന്നോടൊരു കാര്യം ചോദിക്കണമെന്നുണ്ട്. സത്യസന്ധമായി ഉത്തരം പറയണമെന്ന അഭ്യർത്ഥനയുമുണ്ട്..
നിന്നോട് ഞാൻ പലപ്പോഴും തർക്കിച്ചിട്ടുണ്ട്, തെറ്റിദ്ധാരണയുടെ പേരിൽ മിണ്ടാതിരിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ തമാശയായിട്ടു പോലും നിന്നോടു ഞാൻ കളവു പറഞ്ഞിട്ടില്ലെന്നാണ് എൻ്റെ വിശ്വാസം. അക്കാര്യത്തിൽ ഇനിയും ഞാൻ അങ്ങനെ തന്നെയായിരിക്കും. നിനെക്കെന്താണ് അറിയേണ്ടത്.?
(തുടരും…)
– K.M സലീം പത്തനാപുരം