ദുബായ് ഒരു മായാലോകം ആണ്. ഏതാണ്ട് ഇല്ലായ്മയിൽ നിന്ന് എല്ലാം ഉണ്ടാക്കുന്നു. അത്യാധുനിക ശില്പസൗന്ദര്യത്തിനും ആഡംബര വ്യാപാരത്തിനും ഉന്മേഷം തരുന്ന നിശാ മേളകൾക്കും ഇവിടം പേരു കേട്ടതാണ്. ഈ മറിമായങ്ങൾ തുടങ്ങിയിട്ട് ഏതാണ്ട് 50 വർഷങ്ങളെ ആയിട്ടുള്ളൂ. ഭൂമിയ്ക്കടിയിൽ കണ്ടുപിടിച്ച എണ്ണപ്പാടങ്ങൾ അവിടെയുള്ളവരെ അതിസമ്പന്നരാക്കി. എണ്ണ കുറഞ്ഞാലും സമ്പന്നത നിലനിർത്താൻ ടൂറിസം വികസിപ്പിച്ചു. ദുബായിയെ വലിയൊരു സിറ്റി ആക്കി. “നാം ലോകത്തിലെ ഏറ്റവും ഉന്നത സ്ഥിതിയിൽ എത്തുന്നതുവരെ പ്രവർത്തിക്കുക”. എന്നാണ് രാജ്യ സ്ഥാപകൻ ജനങ്ങളെ ആഹ്വാനം ചെയ്തത്. നാനൂറിലധികം ആകർഷക കേന്ദ്രങ്ങൾ ഉണ്ടാക്കിക്കഴിഞ്ഞു. ഈ പ്രക്രിയ തുടരുന്നു.
വിമാനത്താവളത്തിൽ 100 കമ്പനിക്കാരുടെ വിമാനങ്ങൾ മുത്തം ഇടുന്നു. മൂന്നു ലക്ഷത്തോളം ആളുകൾ അവിടെ വന്നു പോകുന്നു ഒരു ദിവസം. ഓരോ തവണ വരുമ്പോഴും പുതിയതായി എന്തെങ്കിലും ഈ രാജ്യം കാത്തു വയ്ക്കുന്നു. ഇവിടുത്തെ സൗന്ദര്യരഹസ്യം മനുഷ്യ സങ്കൽപത്തിൻ്റെയും പരിശ്രമത്തിൻ്റെയും സാക്ഷാത്കാരമാണ്. നവംബർ മുതൽ മാർച്ച് വരെയാണ് ടൂറിസ്റ്റ് സീസൺ. ജനീവ കഴിഞ്ഞാൽ ഏറ്റവും ചെലവേറിയ സ്ഥലമാണ് ദുബായിലെ ഹോട്ടലുകൾ.
അറബി സ്ത്രീകളും മറ്റ് ചിലരും പർദ്ദ ധരിച്ച് ആണ് നടക്കുന്നത്. വിദേശികളിൽ ബിക്കിനിക്കാരും ഉണ്ട്. എല്ലാവരും ഒരേ സുരക്ഷിതത്വം അനുഭവിക്കുന്നു. അർദ്ധരാത്രിയിൽ പോലും സ്ത്രീകൾക്ക് ധൈര്യത്തോടെ പുറത്തിറങ്ങാം. അവർക്ക് നേരെ ഒരു ആക്രമണവും ഉണ്ടാകുന്നില്ല. നിയമങ്ങൾ ശക്തമാണ്; ശിക്ഷകൾ കഠിനവും. തലവെട്ടും എന്ന് പറഞ്ഞാൽ, വെട്ടി ഇരിക്കും.
കേരളത്തിൽ നിന്ന് 2800 കിലോമീറ്റർ അകലത്തിലാണ്. എങ്കിലും നാലുമണിക്കൂർ കൊണ്ട് വിമാനത്തിൽ എത്താം. കടലിനടിയിലെ തുരങ്കത്തിലൂടെ അടുത്ത ദ്വീപുകളിൽ എത്താം. വളരെ വീതിയും ഉയരവും ഉണ്ട് ഈ തുരങ്കങ്ങൾക്ക്.
ഇവരുടെ പുരോഗതിക്ക് കാരണക്കാരനായ ഷെയ്ക്ക് സയ്ദിൻ്റെ ശവകുടീരം അബുദാബിയിലെ മുസ്ലിം പള്ളിയിൽ ആണ്. ഈ പള്ളിയിലേക്ക് ആർക്കും പ്രവേശിക്കാം. ദുബായ് മാൾ ആണ് മാളുകളിൽ ഏറ്റവും കേമം. 1200 കടകളുണ്ട്. സ്രാവുകൾ അടക്കം മുപ്പത്തി മുന്നായിരം കടൽ ജീവികളെ അക്വേറിയത്തിൽ ഗ്ലാസിലൂടെ കാണാം. ദുബായ് ഫൗണ്ടൻ ലോക പ്രസിദ്ധി നേടിയതാണ്. സംഗീതത്തിൻ്റെ താളത്തിനൊത്ത് വെള്ളം നൃത്തം വയ്ക്കുന്നു. ഇരുട്ടിൽ വെളിച്ചം തട്ടുമ്പോൾ ഒരു മായാജാലകാഴ്ച ഉണ്ടാകുന്നു. 6000 പ്രൊജക്ടറുകളിലൂടെ വെളിച്ചം എത്തുന്നു. വെള്ളം 450 മീറ്റർ വരെ ഉയരത്തിൽ ചാടുന്നു. അനേക നിലകളുള്ള ബുർജ് ഖലീഫയുടെ അടിവാരത്തിൽ ആണിത്.
ഏതാണ്ട് 1500 ലക്ഷം വർഷം മുമ്പ്, ജീവിച്ചിരുന്ന സസ്യഭുക്കായ ഒരു പെൺ ഡിനോസറിൻ്റെ എല്ലുകൾ, അത് കിടക്കുന്ന തരത്തിൽ ദുബായ് മാളിൻ്റെ ഒരു മുറിയിൽ കാണാം. നീളം 25 മീറ്റർ, ഉയരം 8 മീറ്റർ.
മനുഷ്യൻ നിർമ്മിച്ച ദ്വീപുകളിൽ ഏറ്റവും വലുതാണ് പാം ദ്വീപുകൾ. ഇതൊരു വട്ടത്തിനുള്ളിൽ, എണ്ണപ്പനയുടെ ആകൃതിയിലാണ്. അപ്പോൾ കൂടുതൽ നീളത്തിൽ കടൽതീരം ലഭിക്കുന്നു. 78 കിലോമീറ്റർ. അതിസമ്പന്നർ, പണം ചെലവാക്കാൻ മടിയില്ലാത്തവർക്ക് വേണ്ടി നിർമ്മിച്ച ആഡംബര ഹോട്ടലുകളും വാസസ്ഥലങ്ങളും തീം പാർക്കുകളും നീന്തൽ ശാലകളും ആണ് അവിടെ. ദീപുണ്ടാക്കാൻ കടലിനകത്തെ മണലും പാറയും മാത്രമുപയോഗിച്ചു. ഇതൊരു എൻജിനീയറിങ് വിസ്മയമാണ്. മൂന്ന് കിടപ്പുമുറികളുള്ള ഒരു അപ്പാർട്ട്മെന്റിൻ്റെ വില 21 കോടി രൂപയിൽ നിന്ന് ആരംഭിക്കുന്നു.
ലോകത്തിലെ ഏറ്റവും ചെലവേറിയ അറ്റ്ലാൻഡാ എന്ന ഹോട്ടൽ ഈ ദ്വീപിലാണ്.
പിരമിഡ് ഉണ്ടാക്കാനുള്ള ആലോചനകൾ നടക്കുന്നു. മനുഷ്യനുണ്ടാക്കിയ ഒരുപറ്റം നീർച്ചാലുകൾ വഴി ഒരു തടാകം ഉണ്ടാക്കി. അതാണ് അൽക്വന്ദ്ര ലേക്ക്. അവിടെ പുതിയ വന്യജീവികൾ എത്തുന്നു. സീബ്രാലൈൻ കടന്ന് ആളുകൾ പോകുമ്പോൾ വാഹനങ്ങൾ നിർത്തി കൊടുക്കുന്നു. റോഡുകളുടെ ഇരുവശങ്ങളിലും ചില സ്ഥലങ്ങളിൽ വൈദ്യുത വേലികൾ ഉണ്ട്. ഒട്ടകങ്ങൾ റോഡിൽ വരാതിരിക്കാനുള്ള മുൻകരുതൽ ആണിത്.
പേരക്കുട്ടിയുടെ ക്ഷണം സ്വീകരിച്ച് നാല് തലമുറകളിലെ അംഗങ്ങൾ ദുബായിയിൽ 2017ൽ ഒത്തുകൂടി. കണ്ടതിൻ്റെയും കേട്ടതിൻ്റെയും വിവരങ്ങളാണ് ഇതിൽ കൊടുക്കുന്നത്.
– ജോണി തെക്കേത്തല, ഇരിങ്ങാലക്കുട.