ചെറുപ്പം മുതലേ ഉള്ള ടോജോയുടെ ഒരു മോഹമായിരുന്നു വിദേശത്തുപോയി പഠിച്ച് അവിടെ ഒരു ജോലി നേടുക എന്നുള്ളത്. അതിനായി എന്ത് ത്യാഗം സഹിക്കാനും തയ്യാറായിരുന്നു പയ്യൻസ്. ഇടത്തരം കുടുംബാംഗമായ ടോജോ തൻറെ സ്വപ്നം പൂവണിയാൻ പത്താംക്ലാസ് കഴിഞ്ഞപ്പോഴേ അതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു.”ലൈഫ് ഓഫ് ജോസ്ക്കുട്ടി “ എന്ന ദിലീപ് സിനിമ ഈ മോഹങ്ങളുടെ ആക്കം കൂട്ടി. പ്ലസ് ടു കഴിഞ്ഞ് ഡിഗ്രിക്ക് ഒന്നാം വർഷം പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് വീടിൻറെ ആധാരം ബാങ്കിൽ പണയപ്പെടുത്തി എല്ലാവരോടും യാത്ര പറഞ്ഞ് നല്ല ഒരു നാളെ സ്വപ്നം കണ്ട് ടോജോ ന്യൂസീലൻഡിലേക്കു വിമാനം കയറുന്നത്. പാർട്ടൈം ജോലിയിലൂടെ ഉപരി പഠനത്തിന് ഉള്ള ചെലവ് താൻ തന്നെ കണ്ടെത്തി കൊള്ളാം എന്ന ടോജോയുടെ ഉറപ്പിന് മുന്നിൽ മാതാപിതാക്കൾ മുട്ടുകുത്തുകയായിരുന്നു.
വലിയൊരു ലക്ഷ്യം മനസ്സിലുറപ്പിച്ച് ദൃഢനിശ്ചയത്തോടെ വിദേശത്തേക്ക് വിമാനം കയറിയ ടോജോയുടെ അത്യുത്സാഹം കണ്ടാൽ തന്നെ അറിയാം പയ്യൻ വിചാരിച്ചത് സാധിച്ചേ അടങ്ങുവെന്ന്. വിദേശത്ത് എത്തി അധികം താമസിയാതെ ഉപരിപഠനത്തിനായി കോളേജിൽ ചേർന്നു. ആദ്യവർഷത്തെ പഠനം കഴിഞ്ഞപ്പോൾ തന്നെ സ്റ്റുഡൻറ് വിസയിൽ നിന്ന് സ്റ്റഡി വർക്ക് പെർമിറ്റ് ലഭിച്ചു. അവിടെ നിസ്സാര ജോലികൾ ചെയ്ത് ഫീസിനുള്ള പണം കണ്ടെത്താൻ സാധിക്കും എന്ന് അറിഞ്ഞിട്ട് രണ്ടു മൂന്നു വീടുകളിൽ ജോലിക്ക് അപേക്ഷിച്ചു. ഡ്രൈവിംഗ് നാട്ടിൽ നിന്ന് തന്നെ പഠിച്ച് ലൈസൻസ് എടുത്തിരുന്നതുകൊണ്ട് അവിടത്തെ ടെസ്റ്റ് പാസ്സാകേണ്ട താമസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. തന്നേക്കാൾ സമ്പന്നരായ കൂട്ടുകാരൊക്കെ അവിടുത്തെ അടുക്കള ജോലി വരെ ചെയ്യാൻ തയ്യാറായി നിൽക്കുമ്പോൾ ടോജോയ്ക്ക് അതിൽ യാതൊരു ജാള്യതയും തോന്നിയില്ല. എങ്ങനെയും കഷ്ടപ്പെട്ട് നല്ലൊരു നിലയിൽ എത്തണമെന്ന് വാശിയുള്ള ടോജോയ്ക്ക് അതൊന്നും ഒരു പ്രശ്നമായിരുന്നില്ല. ആഴ്ചയിൽ മൂന്നു ദിവസം മാത്രമാണ് ക്ലാസ്സ് ഉള്ളത്. ബാക്കി നാല് ദിവസം ടോജോ മൂന്നു വീടുകളിൽ അവർ ഏൽപ്പിക്കുന്ന എന്ത് ജോലിയും ചെയ്യാൻ സന്നദ്ധനായിരുന്നു.
മൂന്നുവർഷത്തെ പഠനവും ഉപരിപഠനവും കഴിഞ്ഞാൽ തനിക്കും ഇവരെപ്പോലെ തന്നെ ജീവിക്കാൻ ആകും എന്ന് സ്വപ്നം കണ്ട് എന്തിനും തയ്യാറായി നിൽക്കുന്ന ടോജോയുടെ സ്വപ്നങ്ങൾക്ക്മേൽ കത്തി വെക്കാൻ ഇതാ ഒരാൾ എത്തിയിരിക്കുന്നു. മറ്റാരുമല്ല ടോജോ ജോലിചെയ്യുന്ന മലയാളി ഡോക്ടർ ദമ്പതികളുടെ മകളാണ് ആ വില്ലത്തി.16 വയസ്സ് മാത്രം പ്രായമുള്ള അവരുടെ ഏക മകൾക്ക് സുന്ദരനും സുമുഖനും അത്യുൽസാഹിയും ആയ ടോജോയോട് പ്രണയം. പെൺകുട്ടിയുടെ അസാധാരണ രീതിയിലുള്ള പെരുമാറ്റം കണ്ട് ടോജോ അവിടത്തെ ജോലി ഉപേക്ഷിച്ച് ആദ്യം ഓടി പോയി. പക്ഷേ നിരന്തരമുള്ള ഡോക്ടർ ദമ്പതികളുടെ വിളി കാരണം ടോജോ പിന്നെയും അവിടെയെത്തി. ഏജൻസിയിൽ ഈ പതിനാറുകാരിയെ പേടിച്ച് ഓടുകയാണ് താൻ എന്ന് പറയാനും വയ്യ! പറയാതിരിക്കാനും വയ്യ! ടോജോയുടെ ജോലിയിലുള്ള ആത്മാർത്ഥതയും കൃത്യതയും കൊണ്ട് ഡോക്ടർ ദമ്പതികൾക്ക് ടോജോയെ തന്നെ മതി എന്ന് നിർബന്ധം പറയാൻ തുടങ്ങിയപ്പോൾ കാര്യം കൂടുതൽ വഷളായി.
പ്രേമിക്കാനും വിവാഹവാഗ്ദാനം കിട്ടിയാൽ ഉടനെ പീഡിപ്പിക്കാനും തക്കം നോക്കി നടക്കുന്ന ആളല്ല നമ്മുടെ കഥാനായകൻ. വലിയൊരു സ്വപ്നം സാക്ഷാത്കരിക്കാൻ കേരളത്തിൽ നിന്ന് വിമാനം കയറിയതാണ്. ഇലക്കും മുള്ളിനും കേടില്ലാതെ ഈ പ്രശ്നം എങ്ങനെ തരണം ചെയ്യാം? തന്നിലുള്ള വിശ്വാസം ഒന്നുകൊണ്ടുമാത്രം വീടിൻ്റെ ആധാരം ബാങ്കിൽ ഈടു വയ്ക്കാൻ തന്ന തൻ്റെ മാതാപിതാക്കളുടെ മുഖം ഓർമ്മ വന്നപ്പോൾ ടോജോയ്ക്ക് ഉറക്കം തന്നെ നഷ്ടപ്പെട്ടു. ഇത് ആരോട് പറയും? സുഹൃത്തുക്കളോട് ഷെയർ ചെയ്യാൻ പറ്റുന്ന വിഷയമാണോ? അതി സമ്പന്നനായ ആ ഡോക്ടറുടെ മകളുടെ പേര് ചീത്തയാകില്ലേ? ടോജോയ്ക്ക് ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടിയില്ല.ചില സുഹൃത്തുക്കളോട് പറഞ്ഞാൽ ചിലപ്പോൾ അവർ തന്നെ മിസ്ഗൈഡ് ചെയ്യാനും മതി. നിൻറെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ അപ്പോഴേ അതിനെ പ്രേമിച്ച്കെട്ടി ഡോക്ടറുടെ മരുമകനായി ശിഷ്ടകാലം ഇവിടെ സുഖമായി ജീവിച്ചേനെ എന്നൊക്കെ പറയുമോ? ഡോക്ടർ ഇതറിഞ്ഞാൽ വെറുതെയിരിക്കുമോ? തന്നെ അപായപ്പെടുത്താനും അതുവഴി തന്നെയും തൻറെ കുടുംബത്തിന്റയും മുഴുവൻ പ്രതീക്ഷകളും സ്വപ്നങ്ങളും തകിടം മറിക്കാനും ഈ ഒറ്റക്കാരണം മതിയാകും. ഊണും ഉറക്കവും നഷ്ടപ്പെട്ട ടോജോ മുട്ടുകുത്തി കൈ വിരിച്ചു പിടിച്ച് പള്ളിയിൽ ചെന്ന് ദൈവത്തോട് അപേക്ഷിച്ചു. താക്കോൽ ഇല്ലാതെ പൂട്ടുകൾ ഒരിക്കലും നിർമ്മിക്കപ്പെടുന്നില്ല. അതുപോലെ ദൈവം ഒരിക്കലും പരിഹാരമില്ലാത്ത പ്രശ്നങ്ങൾ നമുക്ക് തരില്ല. അവ തുറക്കാൻ നമ്മൾ ക്ഷമയോടെ കാത്തിരുന്നേ മതിയാകൂ. അവസാനം ടോജോയുടെ മുമ്പിൽ ഒരു പോംവഴി തെളിഞ്ഞുവന്നു. ഡോക്ടർ ആദ്യം പരിചയപ്പെട്ടപ്പോൾ ടോജോയുടെ നാട്ടിലുള്ള ഒരു ബന്ധുവിനെ അറിയാമെന്ന് പറഞ്ഞിരുന്നു. ആ ആൻറിയെ വിളിച്ച് തൻറെ ധർമ്മസങ്കടം അറിയിച്ചു. “ നീ ഒന്നുകൊണ്ടും വിഷമിക്കേണ്ട, ഞാൻ ഈ പ്രശ്നം കൈകാര്യം ചെയ്തു തരാമെന്ന്” പറഞ്ഞപ്പോൾ ടോജോക്ക് ആശ്വാസമായി. സാധാരണ നാട്ടിൻപുറത്തു കാണുന്ന പരദൂഷണ കമ്മിറ്റിയുടെ സംസ്ഥാന പ്രസിഡൻറ് ഒന്നും അല്ലാത്തതുകൊണ്ട് ആൻറി ഇലക്കും മുള്ളിനും കേടില്ലാതെ പ്രശ്നം പുല്ലുപോലെ പരിഹരിച്ചു.
അടുത്ത ആഴ്ച തന്നെ ഡോക്ടർ ദമ്പതികൾ ടോജോയെ ഒരു ഡിന്നറിന് ആയി ഹോട്ടലിലേക്ക് ക്ഷണിച്ചു.വലിയ ഭയാശങ്കകളോടെയാണ് ഹോട്ടലിലെത്തിയത്. പക്ഷേ വിവരം അറിഞ്ഞ് ഡോക്ടർ ദമ്പതികൾ ടോജോയെ കെട്ടിപ്പിടിച്ചാണ് സ്വീകരിച്ചത്. അവരുടെ ചെല്ലകുട്ടിക്ക് 16വയസ്സായി എന്ന് അന്നാണ് അവർക്ക് ബോധ്യo വന്നത്. ഇത്രയും നല്ലൊരു പയ്യനെ അവർ കേരളത്തിൽ നിന്ന് പ്രതീക്ഷിച്ചതേയില്ല എന്ന് പറഞ്ഞാണ് ആശ്വസിപ്പിച്ചത്. ഡിന്നർ കഴിഞ്ഞ് അതിനേക്കാൾ ശമ്പളം കിട്ടാവുന്ന രണ്ടുമൂന്നു വീടുകളിലേക്ക് ശുപാർശചെയ്തു ഡോക്ടർ ദമ്പതികൾ. പതിനാറുകാരിയുടെ infactuation നിൽ (കൗമാര ചാപല്യങ്ങൾ) തട്ടിതകർന്ന് ഒരു ദുരന്തനായകൻ ആകുമായിരുന്ന ടോജോ തൻറെ ലക്ഷ്യത്തിനായി പ്രയത്നിച്ചു കൊണ്ടേയിരുന്നു……….
ദിവസങ്ങളും മാസങ്ങളും വർഷങ്ങളും കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ നീങ്ങി. പഠനത്തിനായി ന്യൂസിലൻഡിൽ എത്തിയ 18കാരൻ ഇന്ന് അവിടെ ഒരു സൂപ്പർ മാർക്കററ്റിൻ്റെ സെയിൽസ് ഹെഡ് ആണ്. 24 വയസ്സായ ടോജോ ഇന്ന് അവിടത്തെ സ്ഥിരതാമസത്തിനുള്ള വിസ വരെ സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ്.
മാതാപിതാക്കൾക്ക് കൊടുത്ത വാക്ക് പാലിച്ചു. വീടിൻറെ ആധാരം ഒരു വർഷത്തിനുള്ളിൽ തന്നെ ബാങ്കിൽ നിന്ന് എടുത്ത് വീട് പുതുക്കിപ്പണിതു. നാട്ടിൽ അവർക്ക് വേണ്ട എല്ലാ സൗകര്യവും ചെയ്തു കൊടുത്തു.
ഒരു ദിവസം അവിചാരിതമായി ആ 16കാരിയെ ഡോക്ടറായ ഭർത്താവിനോടും മകളോടും ഒപ്പം സൂപ്പർ മാർക്കറ്റിൽ വെച്ച് കണ്ടിരുന്നു. കാലം പലപ്പോഴും ഇങ്ങനെയാണ്. നമ്മൾ ചെയ്യുന്ന ചെറിയ നന്മകൾ നൽകുന്ന വലിയ സന്തോഷങ്ങൾ
അന്തസ്സും ആദരവും വിശ്വാസവും നഷ്ടപ്പെടുത്താൻ ഒരു നിമിഷത്തെ അശ്രദ്ധയോ അവിവേകമോ മതി. പക്ഷേ ശ്രദ്ധയോടെ, കരുതലോടെ ഓരോ കാൽവയ്പ്പും സൂക്ഷിച്ചുവച്ച് നീങ്ങിയ ടോജോയ്ക്കു ജീവിതത്തിൽ ഇന്ന് അഭിമാനിക്കാൻ ഏറെ കാര്യങ്ങൾ ഉണ്ട്. കുറുക്കു വഴിയിലൂടെ കാര്യങ്ങൾ നേടിയെടുക്കാൻ ശ്രമിക്കാതെ തൻറെ കഠിനാധ്വാനം ഒന്നുകൊണ്ട് മാത്രം താൻ സ്വപ്നം കണ്ട ജീവിതം കൈപ്പിടിയിലൊതുക്കി ടോജോ. രണ്ടു വർഷത്തിനുള്ളിൽ അവിടെ തന്നെ ജോലിയുള്ള ഒരു പെൺകുട്ടിയുമായി ടോജോയുടെ കല്യാണം വീട്ടുകാർ പറഞ്ഞുറപ്പിച്ചു വച്ചിട്ടുണ്ട്.
- മേരി ജോസി മലയിൽ, തിരുവനന്തപുരം.